ജാക് മാ ജീവനോടെയുണ്ട്!; എന്തിനാണ് ഈ മനുഷ്യനെ ചൈനയുടെ ഷി ഭയക്കുന്നത്?
Mail This Article
ചൈനീസ് സംരംഭക മികവിന്റെ പോസ്റ്റർബോയിയും 2020 കാലയളവിൽ ലോകത്ത് ഏറ്റവും മൂല്യമാർജിച്ച ബിസിനസ് സാമാജ്യമായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും സാരഥിയുമായിരുന്നു ജാക് മാ. പക്ഷേ കുറച്ചേറെ നാളുകളായി പൊതു സദസ്സുകളിലൊന്നും അദ്ദേഹത്തെ കാണാനില്ല. എവിടെപ്പോയതാകും? ലോകമെങ്ങും ചർച്ച ശക്തമായിരിക്കെയാണ്, മായും കുടുംബവും ആറുമാസമായി ടോക്കിയോയിൽ കഴിയുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നത്. അദ്ദേഹം യുഎസിലും ഇസ്രയേലിലും ഇടയ്ക്കിടെ സന്ദർശനം നടത്തുന്നതായും യുഎസ് സാമ്പത്തിക പ്രസിദ്ധീകരണമായ ഫൈനാൻഷ്യൽ ടൈംസ് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു. അദ്ദേഹ ജീവനോടെയുണ്ടെന്നതു തന്നെ ആശ്വാസം പകരുന്ന വാർത്തയാണ്. അങ്ങനെ ചിന്തിക്കാനും കാരണമുണ്ട്. വൻമതിൽക്കെട്ടിനുള്ളിലെ ജനതയെ വീർപ്പുമുട്ടിക്കുന്ന ചൈനീസ് ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടിയുടെ ശക്തി തിരിച്ചറിഞ്ഞയാളാണ് ജാക്ക് മാ. 2020ൽ ചൈനീസ് ഭരണകൂടത്തിനെതിരെ പൊതുവേദിയിൽ വിമർശനം ഉന്നയിച്ചതിനു പിന്നാലെ അപ്രത്യക്ഷനായ ജാക് മാ എവിടെയുണ്ടെന്നു പോലും ആർക്കും അറിയില്ലായിരുന്നു. അദ്ദേഹം ജീവനോടെയുണ്ടോ, ചൈനയിൽ ജയിലിലടയ്ക്കപ്പെട്ടോ എന്നൊക്കെ അഭ്യൂഹമുയർന്നു. മായുടെ ഭരണകൂടവിരുദ്ധ പ്രസംഗത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിനുമേൽ ചൈനീസ് ഭരണകൂടത്തിന്റെ ഇരുമ്പുകൂടം പതിയുന്നതുകൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. ചൈനീസ് ഇരുമ്പുമറയ്ക്കു പിന്നിൽ അരങ്ങേറുന്ന പുതിയ പ്രതിഷേധ ചലനങ്ങളുടെ തുടക്കം ജാക് മാ എന്ന കുറിയ മനുഷ്യനിൽനിന്നാണോ? അതോ ഇതൊക്കെ മുൻകൂട്ടിക്കണ്ട് ചൈനീസ് ഭരണകൂടം ആ ബിസിനസ് ജീനിയസിനെ പൂട്ടിയതാണോ?..