ADVERTISEMENT

അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ ചാറ്റ്ജിപിറ്റിയെ പോലെ ആകാന്‍ ശ്രമിക്കുകയാണ് യു.കോമും. ചാറ്റ്ജിപിറ്റിയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ വളരെവേഗം അവലോകനം ചെയ്‌ത് തിരച്ചിൽ‌ഫലം നല്‍കുന്ന മാജിക് കണ്ട്, ഉപയോഗിച്ചവരെല്ലാം അദ്ഭുതപ്പെടുകായിരുന്നു. ഗൂഗിളിനു സാധിക്കാതെ പോയതെന്താണോ അതാണ് ചാറ്റ്ജിപിറ്റി ചെയ്യുന്നത് എന്നുവരെ വാദങ്ങളുണ്ടായി. പക്ഷേ, ചാറ്റ്ജിപിറ്റിക്കും തെറ്റുപറ്റാമെന്നും അതിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലജന്‍സിന് 2021 വരെയുള്ള കാര്യങ്ങളില്‍ മാത്രമാണ് പരിശീലനം നല്‍കിയിരിക്കുന്നത് എന്നുമൊക്കെ വിമര്‍ശനങ്ങളും ഉണ്ട്.

 

വരുന്നു യു.കോം

 

ചാറ്റ്ജിപിറ്റിക്കു പിന്നാലെ ക്വോറയിലും (quora.com) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള ചോദ്യോത്തരം സാധ്യമാക്കിയിരുന്നു. അതിനും പിന്നാലെയാണ് യു.കോം (https://you.com) ഇപ്പോള്‍ എഐ ചാറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം പറഞ്ഞ രണ്ടു സേവനങ്ങള്‍ക്കും ലോഗ് ഇന്‍ വേണം. യു.കോമിന് അതു വേണ്ട. ഗൂഗിളിലോ ബിങ്ങിലോ സേര്‍ച് ചെയ്യുന്നതു പോലെ നേരിട്ട് സേര്‍ച് നടത്താം എന്ന അധിക ഗുണവും ഉണ്ട്. ഗൂഗിളിലെ പോലെ കംപ്ലീറ്റ് സേര്‍ച് പ്ലാറ്റ്‌ഫോം കിട്ടും. റിസൽറ്റുകളും സമാനമാണ്. സേര്‍ച് ബോക്‌സിനു തൊട്ടുതാഴെയായി ഓള്‍, ചാറ്റ്, ഇമേജസ്, വിഡിയോസ്, ന്യൂസ്, മാപ്‌സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളയി റിസൽറ്റ് ലഭിക്കും. യു.കോമില്‍ ‘കൊച്ചി ബിനാലെ’ എന്നു സേര്‍ച് ചെയ്തു എന്നിരിക്കട്ടെ. അവിടെ നമുക്ക് പരമ്പരാഗത സേര്‍ച് എൻജിനുകളില്‍ ലഭിക്കുന്ന രീതിയിലുള്ള ഉത്തരങ്ങളും, ഒപ്പം വലതു ഭാഗത്തായി നീല നിറത്തില്‍ ചാറ്റും ലഭിക്കും. ഇതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശക്തി പകരുന്ന യുചാറ്റ് (youChat). 

Photo Credit: zmeel/ Istockphoto
Photo Credit: zmeel/ Istockphoto

 

പുതിയ സേര്‍ച് ഒന്നു പരീക്ഷിക്കൂ!

 

ഗൂഗിളില്‍ പോയി ഒരോ ലിങ്കും തുറന്നു വായിച്ചു നോക്കുന്നതിനു പകരം യുചാറ്റ് നമുക്ക് വിഷയത്തെക്കുറിച്ചുള്ള ഒരു രത്‌നച്ചുരുക്കം നല്‍കുന്നു. മുകളിലുള്ള ബാറിലെ ചാറ്റില്‍ മാത്രമായി ക്ലിക് ചെയ്താല്‍ ചാറ്റ് മാത്രമായി കാണാം. താഴെ, നമുക്ക് ആദ്യം ചോദിച്ച ചോദ്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങളും തേടാം. ഉദാഹരണത്തിന്, ലയണല്‍ മെസ്സിയെക്കുറിച്ച് ചോദിച്ചു എന്നിരിക്കട്ടെ. കിട്ടിയ ഉത്തരത്തിനു താഴെ മെസിക്കു പകരം ‘ഹി’ എന്ന് പറഞ്ഞാലും യു.കോമിന് മനസ്സിലാകും! ഇനി മെസ്സിയെക്കുറിച്ച് ഒരു കവിതയോ കഥയോ എഴുതിത്തരണമെന്നു പറഞ്ഞാല്‍ അതും ചെയ്യും. മെസ്സിയെ വിമര്‍ശിക്കണോ, അതിനും മടിയില്ല. പുകഴ്ത്തണമെങ്കില്‍ പുകഴ്ത്തും. അങ്ങനെ പരമ്പരാഗത സേര്‍ച്ചില്‍ സാധ്യമല്ലാത്ത ബഹുവിധ സാധ്യതകളാണ് യു.കോം ഇപ്പോല്‍ തുറന്നിട്ടിരിക്കുന്നത്. ബിനാലെയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി, അത് തുടങ്ങിയവരെക്കുറിച്ച് അടക്കമുള്ള ഉത്തരം ലഭിക്കുന്നു. ഇതിനു താഴെയായി, അതു തുടങ്ങിയ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായ റിയാസ് കോമു എന്തുകൊണ്ട് ഇപ്പോള്‍ ബിനാലെക്ക് ഒപ്പമില്ല എന്നു ചോദിച്ചാല്‍ അതിനും ഉത്തരം ലഭിക്കുന്നു. ഗൂഗിളിനെ പോലെ കുറേ ലിങ്ക് കൊണ്ടുവന്നു തരികയല്ല ചെയ്യുന്നത്. 

 

മാറ്റങ്ങള്‍

 

പൊതുവായ ചോദ്യങ്ങള്‍ ചോദിക്കാം. ചില കാര്യങ്ങള്‍ക്ക് വിശദീകരണം ചോദിക്കാം, ലേഖനങ്ങളും മറ്റും എഴുതാന്‍ ആശയങ്ങള്‍ പറഞ്ഞു തരാന്‍ ആവശ്യപ്പെടാം (കൊച്ചി ബിനാലെയെക്കുറിച്ച് ലേഖനം എഴുതാന്‍ ആശയങ്ങള്‍ ചോദിച്ചപ്പോള്‍ എട്ടെണ്ണം നല്‍കി). കുറച്ചു ടെക്‌സ്റ്റ് പേസ്റ്റു ചെയ്ത് അതിന്റെ രത്‌നച്ചുരുക്കം തരാന്‍ ആവശ്യപ്പെടാം, ഇമെയില്‍ എഴുതി തരാന്‍ പറയാം, എന്തിന്, കംപ്യൂട്ടര്‍ കോഡ് എഴുതാന്‍ വരെ ആവശ്യപ്പെടാം!

google

 

പരിമിതികളും ധാരാളം

 

File Photo: BSNL logo as seen on the office's gate.
File Photo: BSNL logo as seen on the office's gate.

ചാറ്റ്ജിപിറ്റിയെയും യുചാറ്റിനെയും താരതമ്യം ചെയതവര്‍ പറയുന്നത് യുചാറ്റില്‍ ധാരാളം തെറ്റുകള്‍ കടന്നുകൂടുന്നുണ്ട് എന്നാണ്. ചില സാധാരണ ചോദ്യങ്ങള്‍ക്കു പോലും തെറ്റായ ഉത്തരങ്ങള്‍ ലഭിക്കുന്നു. പക്ഷേ, ഗൂഗിളിലും മറ്റും ലഭിക്കുന്നതു പോലെ ലിങ്കുകളും മറ്റും സേര്‍ച്ചിലെ 'ഓള്‍' വിഭാഗത്തില്‍ ലഭിക്കുന്നതിനാല്‍ സംശയമുണ്ടെങ്കില്‍ നിവാരണം ചെയ്യാനും ആയേക്കും എന്നത് ഗുണകരമാണ്. പക്ഷ, ഇത് യുചാറ്റിന്റെ ആദ്യ വേര്‍ഷന്‍ അല്ലേ, കുറച്ചു തെറ്റുകള്‍ സഹിക്കുക എന്നു വാദിക്കുന്നവരും ഉണ്ട്. അതേസമയം, ഗുണവശങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക! ചുരുക്കിപ്പറഞ്ഞാല്‍, യുചാറ്റിന്റെ മുഴുവന്‍ ഉത്തരങ്ങളും ശരിയാകണമെന്നില്ല.

 

ഗൂഗിളിന്റെ ഭാവി

 

ചാറ്റ്ജിപിറ്റിയുടെ വരവോടെ ആരെങ്കിലും ഗൂഗിളിന് ചരമഗീതം രചിച്ചെങ്കില്‍ യുചാറ്റിന്റെ ആഗമനത്തോടെ ഒരു കാര്യം സ്പഷ്ടമായി. താമസിയാതെ തങ്ങളുടെ അതിശക്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമായ ലാംഡ ഉള്‍ക്കൊള്ളിച്ച് ഗൂഗിളും യുചാറ്റിനെ പോലെ ഒരു സേര്‍ച് രീതി കൊണ്ടുവരും. യുചാറ്റിലും താമസിയാതെ മകച്ച മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് കമ്പനിയുടെ മേധാവി റിച്ചഡ് സോചര്‍ പറഞ്ഞിരിക്കുന്നത്. ഗൂഗിളിനു പകരം സേര്‍ച്ചിന് യു.കോം ഉപയോഗിക്കണോ എന്ന് സ്വയം തീരുമാനിക്കുക.

 

ഇന്ത്യയുടെ 1,337.76 കോടി രൂപ പിഴയ്‌ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കി

 

കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ചുമത്തിയ 1,337.76 കോടി രൂപ പിഴയ്‌ക്കെതിരെ ഗൂഗിള്‍, നാഷനല്‍ കംപനി ലോ അപ്‌ലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു എന്ന ്പിടിഐ. ആന്‍ഡ്രോയിഡ് മൊബൈല്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പിഴ. ആന്‍ഡ്രോയിഡിന്റെ ഉടമ എന്ന രീതിയില്‍ അധികാര ദുര്‍വിനിയോഗം നടത്തി എന്നാണ് കമ്പനിക്കെതിരെയുള്ള ആരോപണം. തങ്ങളുടെ സമീപനം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്ത് മത്സരം ഇല്ലാതാക്കുന്നതല്ല എന്ന കാര്യം ട്രൈബ്യൂണല്‍ മനസ്സിലാക്കുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.  

 

കേംബ്രിജ് അനലിറ്റിക്ക കേസ് തീര്‍ക്കാന്‍ മെറ്റാ 725 ദശലക്ഷം ഡോളര്‍ മുടക്കും 

 

കുപ്രസിദ്ധമായ കേംബ്രിജ് അനലിറ്റിക്ക വിവാദത്തിലെ കേസ് തീര്‍ക്കാന്‍ 725 ദശലക്ഷം ഡോളര്‍ മുടക്കാന്‍ തീരുമാനിച്ചിരിക്കുയാണ് മെറ്റാ കമ്പനി. ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ന്നു എന്ന കേസിലാണ് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ പണം നല്‍കുക. അമേരിക്കയിലെ ഏകദേശം 250-280 ദശലക്ഷം ഫെയ്‌സ്ബുക് ഉപയോക്താക്കള്‍ക്കായിരിക്കും പണം നല്‍കുക. ഇവരുടെ ഫെയ്‌സ്ബുക് ഡേറ്റയാണ് ചോര്‍ന്നത്. ഒരാള്‍ക്ക് എത്ര ഡോളര്‍ കിട്ടും എന്നും മറ്റുമുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. 

 

ബിഎസ്എന്‍എലിന്റെ 2,399 രൂപ പ്ലാനില്‍ 395 ദിവസത്തെ വാലിഡിറ്റി, 730 ജിബി ഡേറ്റ

 

ബിഎസ്എന്‍എല്‍ കണക്‌ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് നിലവിലുള്ള ഒരു വാര്‍ഷിക പ്രീപെയ്ഡ് പ്ലാനാണ് 2,399 രൂപയുടേത്. എതിരാളികളുമായി താരതമ്യം ചെയ്താല്‍ പണത്തിന്റെ കാര്യത്തില്‍ മെച്ചമുണ്ട് എന്നു കാണാം. ഇതിന്റെ വാലിഡിറ്റി 13 മാസം അല്ലെങ്കില്‍ ഏകദേശം 395 ദിവസമാണ്. ദിവസം 2 ജിബി ഡേറ്റ, അല്ലെങ്കില്‍ മൊത്തം 730 ജിബി ഡേറ്റയാണ് ലഭിക്കുന്നത്. ഡേറ്റ തീര്‍ന്നു കഴിഞ്ഞാല്‍ സ്പീഡ് 40കെബിപിഎസിലേക്ക് ചുരുങ്ങും. വോയിസ് കോളും പ്രതിദിനം 100എസ്എംഎസും ഉണ്ട്. 

 

ചില ഐഫോണ്‍ 14  പ്രോ, മാക്‌സുകാര്‍ക്ക് സ്‌ക്രീന്‍ പ്രശ്‌നം; തീര്‍ക്കുമെന്ന് ആപ്പിള്‍

 

ആപ്പിളിന്റെ ഏറ്റവും പുതിയ സീരിസായ ഐഫോണ്‍ 14 പ്രോ, 14 പ്രോ മാക്‌സ് ഉടമകളില്‍ ചിലര്‍ ഒരു സ്‌ക്രീന്‍ പ്രശ്‌നം നേരിടുന്നതായി 9ടു5മാക് റിപ്പോര്‍ട്ടു ചെയ്യുന്നു. തങ്ങളുടെ ഫോണ്‍ ഓണായി വരുന്ന സമയത്ത് സ്‌ക്രീനില്‍ ലംബമായ രീതിയില്‍ വരകൾ പ്രത്യക്ഷപ്പെടുന്നതായാണ് ചില ഐഫോണ്‍ 14 പ്രോ ഉടമകള്‍ പരാതിപ്പട്ടിരിക്കുന്നത്. എന്നാല്‍, ഇതൊരു ഹാര്‍ഡ്‌വെയര്‍ പ്രശ്‌നമല്ലെന്നു പറഞ്ഞ് ആപ്പിള്‍ രംഗത്തെത്തി. ഐഓഎസിലെ ഒരു ബഗ് ആണ് ഈ വരകള്‍ക്കു കാരണം എന്നും അത് പരിഹരിക്കാം എന്നുമാണ് കമ്പനി പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഈ പ്രശ്‌നം ചില മേഖലകളിലുള്ളവർ മാത്രമാണോ നേരിടുന്നത് എന്ന് കമ്പനി വ്യക്തമാക്കിയില്ല. അങ്ങനെയാണെങ്കില്‍ ആ പ്രദേശങ്ങള്‍ക്കു മാത്രമായി ആയിരിക്കും പരിഹാര പാച്ച് എത്തുക. 

 

ഐഒഎസ് 16.2 ൽ പ്രശ്‌നം

 

തങ്ങളുടെ ഐഫോണ്‍ ഓണായി വരുമ്പോള്‍ ഡിസ്‌പ്ലെയില്‍ ലംബമായ വരകള്‍ കാണുന്നു എന്നും അവ ഏതാനും സെക്കന്‍ഡ് കഴിയുമ്പോള്‍ അപ്രത്യക്ഷമാകുന്നു എന്നുമാണ് ഉപയോക്താക്കള്‍ പറയുന്നത്. ഇത് ഐഒഎസ് 16.2 ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷമാണെന്നാണ് പല ഉപയോക്താക്കളും പറഞ്ഞിരിക്കുന്നത്. വിഷയം റെഡിറ്റിലും ചര്‍ച്ച ചെയ്തിരുന്നു. ചിലര്‍ പറയുന്നത് ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലെ ഫീച്ചര്‍ ഓഫ് ചെയ്തു കഴിഞ്ഞാല്‍ പ്രശ്‌നം ഇല്ലാതാകുമെന്നാണ്. എന്തായാലും, അതൊന്നും ഇല്ലാതെ പ്രശ്‌നം ആപ്പിള്‍ തന്നെ ഹരിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com