ഗൂഗിളിനെയും കടത്തിവെട്ടിയ ഇന്ത്യന് വമ്പൻ; കേന്ദ്രത്തിന്റെ യുപിഐ, ഹിറ്റായി ഫോൺപേ
Mail This Article
ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ മാർക്കറ്റ് ലീഡറായി ചുരുങ്ങിയ കാലയളവിനുള്ളിലാണ് ‘ഫോൺപേ’ വളർന്നത്. നിലവിൽ യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ്) പണമിടപാടുകൾക്കായി രാജ്യത്ത് ഒട്ടേറെപ്പേർ ഫോൺപേ ആപ്പിനെ ആശ്രയിക്കുന്നുണ്ട്. ഗൂഗിളിന്റെ ഉൾപ്പെടെ പേയ്മെന്റ് ആപ്പുകളുള്ള മേഖലയിൽ വമ്പനായി മാറാൻ ഇന്ത്യൻ നിർമിത ആപ്പായ ഫോൺപേയെ സഹായിച്ചത് എന്താണ്? ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2016 ഏപ്രിലിൽ കേന്ദ്ര സർക്കാരാണ് യുപിഐ സംവിധാനം തുടങ്ങിയത്. വെറും 4 മാസത്തിനകം, ഓഗസ്റ്റിൽ, യുപിഐ ഉപയോഗിക്കാവുന്ന ആദ്യ സ്വകാര്യ ആപ്പായി ഫോൺപേ കളത്തിലേക്കിറങ്ങി. ഈ മേഖലയിലുള്ള മറ്റ് പ്രധാന ആപ്പുകളായ ഗൂഗിൾപേയ്ക്കും പേടിഎമ്മിനും യുപിഐ സംവിധാനം ഉപയോഗപ്പെടുത്താൻ വീണ്ടും ഒരു വർഷം കൂടി വേണ്ടിവന്നു. അതിനാൽ തന്നെ, യുപിഐ പണമിടപാടുകളുടെ കാര്യത്തിൽ ഫോൺപേയ്ക്കു മുൻതൂക്കം നേടാൻ സാധിച്ചു. എന്നാൽ, പിന്നീടങ്ങോട്ട്, ഇത്തരം പണമിടപാടുകളുടെ സൗകര്യം മനസ്സിലാക്കിയ ജനം അതു കൂടുതലായി ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ മറ്റ് ആപ്പുകൾക്കും സ്വീകാര്യത ലഭിച്ചു. യുപിഐ സംവിധാനം വിജയിച്ചതോടെ മൊബൈൽ റീചാർജിങ്, ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിങ് എന്നിവയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ആപ്പുകൾക്കെല്ലാം ദിവസേന ഒട്ടേറെ പണമിടപാടുകൾ നടക്കുന്ന ഇടങ്ങളായി ഉയരാനായി. വിപണിയുടെ സാധ്യതകൾ മനസ്സിലാക്കി, അതിനെപ്പറ്റി ആഴത്തിൽ പഠിച്ച് കൃത്യമായ പ്ലാനിങ് നടത്തി, ആദ്യമേ ചുവടുവച്ചതാണ് ഫോൺപേയ്ക്ക് ഗുണകരമായത്. മാത്രവുമല്ല, കോവിഡ് വ്യാപനം തുടങ്ങിയ കാലത്ത് അന്നത്തെ ആവശ്യങ്ങൾക്കനുസരിച്ച് ആപ്പിനെ വികസിപ്പിക്കുകയും ചെയ്തു. എന്താണ് ഫോൺപേയുടെ വിജയകഥ? യുപിഐ എങ്ങനെയാണ് ഇന്ത്യയിലെ പണം കൈമാറ്റത്തിൽ വലിയ വിപ്ലവം കൊണ്ടുവന്നത്? വിശദമായി പരിശോധിക്കാം...