2022ലെ മികച്ചതും മോശവുമായ ടെക്‌നോളജി: പിക്സല്‍ 6എ മുതല്‍ ട്വിറ്റര്‍ വരെ
Mail This Article
ടെക്‌നോളജി മേഖലയില്‍ 2022ലെ വിജയികളുടെ ഇടയില്‍ നാസയുടെ ജയിംസ് വെബ് ടെലസ്‌കോപ് മുതല്‍ ഗൂഗിള്‍ പിക്സല്‍ 6എ വരെ ഇടംപിടിച്ചപ്പോള്‍ പരാജിതരുടെ ഇടയില്‍ ട്വിറ്റര്‍ മുതല്‍ എഫ്ടിഎക്‌സ് വരെ ഉണ്ട്. ലോകപ്രശസ്ത ടെക്‌നോളജി വെബ്‌സൈറ്റായ എന്‍ഗ്യാജറ്റിന്റെ ലിസ്റ്റാണിത്. ട്വിറ്ററിലെയും മെറ്റായിലെയും ആമസോണിലെയും ചില ‘നാടക’ങ്ങള്‍ക്കും ഈ വര്‍ഷം ടെക് ലോകം സാക്ഷ്യംവഹിച്ചു എന്നും അവര്‍ കുറിക്കുന്നു.
∙ ജയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പും ഡാര്‍ട്ട് പ്രോജക്ടും
നമ്മുടെ സൗരയൂഥത്തിനു പുറത്തുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിന് കൂടുതല്‍ ശക്തി കൈവന്ന വര്‍ഷമാണ് 2022. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തിലാണ് ജയിംസ് വെബ് ടെലസ്‌കോപ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും അതിന്റെ പല മേഖലകളും മികവാർജിച്ചത് 2022 ല്‍ ആണ്. അകലെയുള്ള പ്രപഞ്ചത്തിന്റെ, ഇന്നേ വരെ കണ്ടിരിക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങളില്‍ പലതും പുറത്തുവിട്ടത് 2022 ജൂലൈ 12നാണ്.
∙ ഡാര്‍ട്ട്
ഭൂമിയെ ലക്ഷ്യമിട്ടു വരുന്ന ഛിന്നഗ്രഹങ്ങളെ തകര്‍ക്കാനുള്ള ഡബിൾ അസ്റ്ററോയ്ഡ് റീഡയറക്‌ഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) ടെക്‌നോളജിയാണ് 2022ലെ മറ്റൊരു ഉജ്വല ശാസ്ത്ര വിജയം.
∙ വേഡിൽ
കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ വേഡ് ഗെയിമായ വേഡിൽ ആണ് വിജയിച്ച മറ്റൊരു സംരംഭം. ഒരു ബ്രിട്ടിഷ് സോഫ്റ്റ്‌വെയര്‍ എൻജിനീയറായ ജോഷ് വാഡിൽ ആണ് ഇത് സൃഷ്ടിച്ചത്.
∙ ഗൂഗിള്‍ പിക്സല്‍ 6എ
കെട്ടിലും മട്ടിലും പ്രവര്‍ത്തനത്തിലും ലോകശ്രദ്ധ പിടിച്ചുപറ്റിയ ഫോണാണ് ഗൂഗിള്‍ പിക്സല്‍ 6എ. ഏതു ഫോണ്‍ വാങ്ങണമെന്ന് ചോദിക്കുന്നവരോട് നല്‍കുന്ന ഏക ഉത്തരം പിക്‌സല്‍ 6എ എന്നാണെന്ന് എന്‍ഗ്യാജറ്റിന്റെ ലേഖനത്തില്‍ പറയുന്നു. മികച്ച ഒരു ഫോണിന് വന്‍ തുക ചെലവിടേണ്ടതില്ല എന്നും പിക്‌സല്‍ 6എ ഇപ്പോള്‍ വാങ്ങാതിരിക്കാനുള്ള ഒരു കാരണം ഉടനെ അവതരിപ്പിച്ചേക്കുമെന്നു കരുതുന്ന പിക്‌സല്‍ 7എ ആണെന്നും എന്‍ഗ്യാജറ്റിന്റെ യുകെ ബ്യൂറോ ചീഫ് മാറ്റ് സ്മിത് പറയുന്നു.
∙ വാല്‍വ് സ്റ്റീം ഡെക്
ഹാന്‍ഡ്‌ഹെല്‍ഡ് കംപ്യൂട്ടറായ വാല്‍വ് സ്റ്റീം ഡെക് 2022ല്‍ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു ഉപകരണമാണ്. ഇതൊരു പോര്‍ട്ടബിൾ ഗെയിമിങ് ഉപകരണമാണ്.
∙ ആപ്പിള്‍ വാച്ച് അള്‍ട്രാ
നൂതന നിര്‍മാണ രീതിയും കരുത്തുറ്റ പ്രവര്‍ത്തനശേഷിയും ഉള്‍ക്കൊള്ളിച്ചിറക്കിയ ആപ്പിള്‍ വാച്ചിനെയും 2022ലെ മികച്ച വിജയങ്ങളിലൊന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.
∙ മാസ്റ്റൊഡണ്‍
പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ ട്വിറ്റര്‍ ഉപയോക്താക്കള്‍ കൂട്ടത്തോടെ ചേക്കേറിയ ആപ്പാണ് മാസ്റ്റോഡണ്‍. നേരത്തേ അവതരിപ്പിച്ചതാണെങ്കിലും ആപ്പിന്റെ രാശി തെളിഞ്ഞത് 2022ലാണ്.
പരാജയങ്ങള്‍
ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ടെസ്‌ല കമ്പനിയുടെ മേധാവി ഇലോണ്‍ മസ്‌ക് 4400 കോടി ഡോളര്‍ നല്‍കി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായ ട്വിറ്ററാണ്. ഏറ്റെടുത്ത സമയത്ത് മേധാവിയായിരുന്ന പരാഗ് അഗ്രവാളിനെ മസ്‌ക് പുറത്താക്കിയെങ്കിലും അദ്ദേഹത്തിന് 5.74 കോടി ഡോളര്‍ നല്‍കേണ്ടിവന്നുവെന്നു പറയുന്നു. ഇങ്ങനെ മുന്‍ ട്വിറ്റര്‍ ജോലിക്കാര്‍ക്ക് വാരിക്കോരി നഷ്ടപരിഹാരം നല്‍കി കമ്പനി ഒരു വഴിക്കായി എന്നതു കൂടാതെ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ കൂടുതല്‍ വിഷലിപ്തമാകുകയാണോ ചെയ്തത് എന്ന ആശങ്കയും ലേഖനം പങ്കുവയ്ക്കുന്നു. ഒരു സമൂഹ മാധ്യമം നടത്തിക്കൊണ്ടു പോകുന്നത് എത്ര വിഷമംപിടിച്ച കാര്യമാണെന്ന് മസ്‌ക് മനസ്സിലാക്കിവരിയാണത്രേ. ടംബ്ലറിനെ പോലെ ട്വിറ്ററും പരാജയത്തിന്റെ പാതയിലാണ് എന്നാണ് വിലയിരിത്തല്‍.
∙ എഫ്ടിഎക്‌സ്, ക്രിപ്‌റ്റോ
കഴിഞ്ഞ വര്‍ഷം അവസാനിക്കുമ്പോള്‍ സമാന്തര നാണയ വ്യവസ്ഥയായ ക്രിപ്‌റ്റോകറന്‍സിയെ കൂടുതല്‍ പേര്‍ ആശ്രയിച്ചേക്കുമെന്ന തോന്നാലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, 2022 ല്‍ കാര്യങ്ങള്‍ ക്രിപ്‌റ്റോ മേഖലയില്‍ തലകീഴായി മറിയുകയായിരുന്നു. ഏറ്റവും വലിയ ദുരന്തമായിരുന്നു എഫ്ടിഎക്‌സിന്റെ പതനം.
∙ ഗൂഗിള്‍ സ്റ്റേഡിയ
അതിമോഹത്തോടെ ടെക്‌നോളജി ഭീമന്‍ അവതരിപ്പിച്ച ക്ലൗഡ് ഗെയിമിങ് പ്ലാറ്റ്‌ഫോമായിരുന്നു ഗൂഗിള്‍ സ്റ്റേഡിയ. ചുരുങ്ങിയ സമയത്തേക്കെങ്കിലും സ്റ്റേഡിയ വിസ്മയിപ്പിച്ചുവെന്നും പറയുന്നു. എന്തായാലും വേണ്ടത്ര വിജയിക്കാനാകാത്തതിനാല്‍ 2022ല്‍ പൂട്ടിക്കെട്ടി.
∙ ആര്‍ത്തവ ട്രാക്കിങ് ആപ്പുകള്‍
ആര്‍ത്തവ ട്രാക്കിങ് ആപ്പുകള്‍ നടത്തിയ സ്വകാര്യതാ ചോർത്തലാണ് 2022ലെ മറ്റൊരു ടെക് ദുരന്തം.
∙ ഹോം ഫിറ്റ്‌നസ് ടെക്‌നോളജി
കോവിഡിന്റെ മൂര്‍ധന്യത്തില്‍ വീട്ടില്‍ ജിമ്മുകളും മറ്റും സ്ഥാപിക്കാന്‍ പലരും ഉത്സാഹം കാട്ടി. ആ സമയത്ത് വന്‍ കുതിപ്പു നടത്തിയ കമ്പനികളാണ് പെലോടോണ്‍, ബൗഫ്‌ളെക്‌സ് തുടങ്ങിയവ. എന്നാല്‍, 2022ല്‍ ആളുകള്‍ തിരിച്ച് ജിമ്മിലേക്കു പോയപ്പോള്‍ പെലൊടോണും മറ്റും മൂക്കുകുത്തി.
∙ ടൊയോട്ടയുടെ ഇലക്ട്രിക് വാഹന നിര്‍മാണം
ടൊയോട്ട ഇലക്ട്രിക് വാഹനങ്ങളുടെ മേഖലയില്‍ ശോഭിക്കാതെ പോയതാണ് എടുത്തു പറഞ്ഞിരിക്കുന്ന മറ്റൊരു പരാജയം.
∙ ആയിരക്കണക്കിനു പേര്‍ക്ക് ട്വിറ്റര്‍ നിലച്ചു
ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ ഉപയോഗിക്കാന്‍ സാധിച്ചില്ലെന്ന് ഡൗണ്‍ഡിറ്റെക്ടര്‍. ഇതൊരു ഗൗരവമുള്ള പ്രശ്‌നമാണെന്നു പറയുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് 10,000 ലേറെ പേരാണ് ഇത് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് അധികമായി പ്രശ്‌നം നേരിട്ടില്ലെന്നാണ് ആദ്യ സൂചന.
∙ ആമസോണ്‍ ഡ്രോണ്‍ വഴിയുള്ള എത്തിച്ചുകൊടുക്കല്‍ പുനരാരംഭിച്ചു
അമേരിക്കയില്‍ ഇകൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഡ്രോണ്‍ വഴിയുള്ള എത്തിച്ചുകൊടുക്കല്‍ പുനരാരംഭിച്ചു. കലിഫോര്‍ണിയയിലും ടെക്‌സസിലുമാണ് ഇത് തുടങ്ങിയിരിക്കുന്നത്. ഓര്‍ഡര്‍ ചെയ്ത് 1 മണിക്കൂറിനുള്ളില്‍ സാധനം ആമസോണ്‍ പ്രൈം എയര്‍ ഡ്രോണ്‍ സര്‍വീസ് വഴി എത്തിക്കുകയാണ് ചെയ്യുന്നത്.
∙ സ്‌പോര്‍ട്‌സ് കണ്ടെന്റിനായി പുതിയ ആപ് ഇറക്കാന്‍ ആമസോണ്‍
ആമസോണ്‍ പ്രൈം വിഡിയോ ഉപയോഗിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനായി കായിക മത്സരങ്ങളും മറ്റും പ്രദര്‍ശിപ്പിക്കാനുള്ള പുതിയ ഒരു ആപ്പിന്റെ പണിപ്പുരയിലാണ് ആമസോണ്‍ എന്നു ശ്രുതി. സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ലൈവായി പ്രക്ഷേപണം ചെയ്യാന്‍ കൂടുതല്‍ മുതല്‍മുടക്കു നടത്തുമെന്ന് ആമസോണ്‍ മേധാവി ആന്‍ഡി ജാസി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത്. ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട് പ്രകാരം സ്‌പോര്‍ട്‌സിനായി ആമസോണ്‍ പുതിയ ആപ് തുടങ്ങും.
English Summary: The Best and worst of tech in 2022