ADVERTISEMENT

ഐഫോണ്‍ 14ന്റെ തുടക്ക വേരിയന്റിന് 79,900 രൂപയാണ് ഇപ്പോള്‍ എംആര്‍പി. ഇതിന്റെ പ്രധാന ക്യാമറയുടെ റെസലൂഷന്‍ 12 എംപിയാണ്. പ്രോസസര്‍ എ15 ബയോണിക് ആണ്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ കാത്തിരുന്നാല്‍ ഇതേ വിലയ്ക്ക് ഐഫോണ്‍ 15 വാങ്ങാനായേക്കാം. അതിന്റെ പ്രധാന ക്യാമറയ്ക്ക് 48 എംപി റെസലൂഷൻ ഉണ്ടാകുമെന്നാണ് പ്രവചനം. കൂടാതെ, എ16 ബയോണിക് ആയിരിക്കാം പ്രോസസര്‍ എന്നും 9ടു5 മാക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാറ്റം ഐഫോണ്‍ 15പ്ലസിനും ബാധകമായിരിക്കും.

∙ എല്ലാ ഐഫോണുകള്‍ക്കും യുഎസ്ബി-സി

ഇതിനു പുറമെ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്ക് യുഎസ്ബി-സി പോര്‍ട്ടും ലഭിച്ചേക്കും. ജെഫ് പു എന്ന ഗവേഷകന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ മോഡലുകളുടെ 48 എംപി പ്രധാന ക്യാമറയ്ക്ക് ത്രീ-സ്റ്റാക്ഡ് സെന്‍സര്‍ ആര്‍ക്കിടെക്ചര്‍ ആയിരിക്കും എന്നാണ്. ഇപ്പോള്‍ വില്‍ക്കുന്ന ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ പിടിപ്പിച്ചിരിക്കുന്ന അതേ ക്യാമറാ മൊഡ്യൂള്‍ ആയിരിക്കാം ഇത്. ആപ്പിളിന് ഘടകഭാഗങ്ങള്‍ എത്തിച്ചു നല്‍കുന്ന ശൃംഖലകളെക്കുറിച്ചു നടത്തിയ ഗവേഷണങ്ങളിലെ കണ്ടെത്തലുകള്‍ പ്രകാരമാണ് ഈ പ്രവചനങ്ങള്‍.

∙ ടെലി ക്യാമറ ലഭിക്കില്ല

അതേസമയം, ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളുടെ പ്രധാന ക്യാമറയുടെ റെസലൂഷന്‍ വര്‍ധിപ്പിക്കുമെങ്കിലും അവയ്ക്ക് ടെലി ലെന്‍സ് നല്‍കിയേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെലി ലെന്‍സുകളും ലൈഡാര്‍ സെന്‍സറും പ്രോ മോഡലുകളില്‍ മാത്രമേ കാണൂ എന്നാണ് പ്രവചനം.

∙ ഐഫോണ്‍ അള്‍ട്രാ മോഡലിന് 6എക്‌സ് ടെലി ലെന്‍സ്

അതേസമയം, ഐഫോണ്‍ പ്രേമികളെ പ്രോ മോഡലുകളുടെ മോഹവലയത്തില്‍ നിർത്താനുള്ള കടുത്ത ശ്രമവും ആപ്പിള്‍ നടത്തും. അവയ്ക്ക് ടെലി ലെന്‍സുകളും ലൈഡാര്‍ സെന്‍സറും ഉണ്ടായിരിക്കുമെന്നതു കൂടാതെ 6എക്‌സ് പെരിസ്‌കോപ് ക്യാമറയും ഉള്‍ക്കൊള്ളിച്ചേക്കാം. ഇത് 3എക്‌സ് ടെലിലെന്‍സിന് പുറമെ ആയിരിക്കുമെന്നാണ് സൂചന. ഈ മാറ്റം ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ് മോഡലുകള്‍ക്ക് രണ്ടിനും ഉണ്ടായിരിക്കുമോ എന്ന് ഉറപ്പില്ല. ഐഫോണ്‍ 15 പ്രോ മാക്‌സ് എന്ന പേരില്‍ ഇറങ്ങേണ്ട ഫോണിന്റെ പേരുമാറ്റി ഇതിന് ഐഫോണ്‍ 15 അള്‍ട്രാ എന്ന പേരു നല്‍കിയേക്കാമെന്നും ചില പ്രീമിയം ഫീച്ചറുകള്‍ അതിനു മാത്രമായി ഒതുക്കിയേക്കാമെന്നും വാദമുണ്ട്. അള്‍ട്രാ മോഡലിന് ടൈറ്റാനിയം ഉപയോഗിച്ചുള്ള നിര്‍മാണം ആയിരിക്കാമെന്നും പറയുന്നു.

∙ 10,000 രൂപയ്ക്ക് എയര്‍പോഡ്‌സ് ലൈറ്റ് എത്തുമോ?

ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ബഡ്‌സ് ശ്രേണിയില്‍ പുതിയ ഒരു മോഡല്‍ കൂടി പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എയര്‍പോഡ്‌സ്, എയര്‍പോഡ്‌സ് പ്രോ എന്നിവയ്ക്കു പുറമെ എയര്‍പോഡ്‌സ് ലൈറ്റ് (AirPods Lite) എന്നൊരു മോഡല്‍ കൂടി പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിന് 99 ഡോളറായിരിക്കാം വില എന്നു പറയുന്നു. അതായത് ഏകദേശം 10,000 രൂപ ആയിരിക്കാം ഇന്ത്യയിലെ വില.

∙ മൈക്രോ - എല്‍ഇഡി ഡിസ്‌പ്ലേയുള്ള ആപ്പിള്‍ വാച്ച് അള്‍ട്രാ 2024ല്‍

ജെഫ് പുവിന്റെ മറ്റൊരു പ്രവചനം ശരിയാണെങ്കില്‍ മൈക്രോ - എല്‍ഇഡി ഡിസ്‌പ്ലേയുള്ള ആപ്പിള്‍ വാച്ച് അള്‍ട്രാ 2024ല്‍ അവതരിപ്പിക്കും. നിലവിലുള്ള അള്‍ട്രാ മോഡലിന് ഓലെഡ് സ്‌ക്രീനാണ് ഉള്ളത്. മൈക്രോ-എല്‍ഇഡി ആപ്പിള്‍ വാച്ച് അള്‍ട്രായുടെ സ്‌ക്രീന്‍വലുപ്പം 2.1 - ഇഞ്ചായി വര്‍ധിപ്പിച്ചേക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

∙ പഴയ ഐഫോണുകളടെ ബാറ്ററി മാറ്റാനുള്ള ചാര്‍ജ് വര്‍ധിപ്പിക്കും

ഐഫോണ്‍ 13 സീരീസ് മുതല്‍ പഴയ ഐഫോണുകള്‍ കൈവശമുള്ളവര്‍ക്ക് ആപ്പിള്‍ ഓതറൈസ്ഡ് സെന്ററുകള്‍ വഴി ബാറ്ററി മാറ്റാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അത് ഉടനെ ചെയ്യുന്നതായിരിക്കും ഉചിതം. താമസിയാതെ ഇതിന്റെ ചെലവ് കുറഞ്ഞത് 2,000 രൂപ വര്‍ധിപ്പിച്ചേക്കുമെന്നാണ് കേള്‍ക്കുന്നത്. ഇത് 2023 ഫെബ്രുവരി അവസാനം മുതലായിരിക്കും വര്‍ധന.

∙ മൂന്നാം തലമുറിയിലെ ഐപാഡ് മിനി 'കാലഹരണപ്പെട്ടു'

തങ്ങള്‍ ഇറക്കുന്ന ഉപകരണങ്ങള്‍ 7 വര്‍ഷം കഴിയുമ്പോള്‍ കാലഹരണപ്പെട്ടതായി (obsolete) പ്രഖ്യാപിക്കുന്ന രീതി ആപ്പിള്‍ കമ്പനിക്കുണ്ട്. മൂന്നാം തലമുറയിലെ ഐപാഡ് മിനിയാണ് ഇപ്പോള്‍ ഒബ്‌സലീറ്റ് പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ഇനി ഈ മോഡലിന് കേടുവന്നാല്‍ ആപ്പിള്‍ സര്‍വീസ് ചെയ്തു നല്‍കില്ല.

∙ നദെലയുടെ ഇന്ത്യാ സന്ദര്‍ശനം തുടങ്ങി

മൈക്രോസോഫ്റ്റ് മേധാവി സത്യാ നദെലയുടെ നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചു. ക്ലൗഡ് മേഖലയിൽ വമ്പന്‍ മാറ്റങ്ങളാണ് വന്നു തുടങ്ങിയിരിക്കുന്നതെന്ന് ഫ്യൂച്ചര്‍ റെഡി ലീഡര്‍ഷിപ് സമിറ്റില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞു.

∙ 1,338 കോടി രൂപ പിഴ : ഇന്ത്യ ഇയു വിധി കോപ്പിയടിച്ചെന്ന് ഗൂഗിള്‍

1,338 കോടി രൂപ പിഴ ചുമത്താന്‍ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) യൂറോപ്യന്‍ യൂണിയന്റെ വിധി കോപ്പിയടിച്ചു വച്ചുവെന്ന് ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍ ആരോപിച്ചു. ഇത് പിന്‍വലിക്കണമെന്നാണ് കമ്പനി ഇപ്പോള്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. സിസിഐ 2022 ഒക്ടോബറിലാണ് ഗൂഗിളിന് 16.1 കോടി ഡോളര്‍ പിഴയിട്ടത്. യൂറോപ്യന്‍ യൂണിയനാകട്ടെ ഗൂഗിളിന് പിഴയിട്ടത് 430 കോടി ഡോളറായിരുന്നു. രണ്ടു പിഴയും ആന്‍ഡ്രോയിഡിന്റെ ഉടമയായ ഗൂഗിള്‍ തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്തു എന്നാരോപിച്ചാണ്.

∙ സിസിഐയുടെ വിധി കോപ്പി

ഇയുവിന്റെ വിധിയുടെ വാക്കുകള്‍ അടക്കം സിസിഐ കോപ്പിയടിച്ചെന്നാണ് ഗൂഗിള്‍ ആരോപിച്ചിരിക്കുന്നത്. ഇത് 50 ലേറെ ഇടങ്ങളില്‍ കാണാമെന്നും ഗൂഗിള്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ സിസിഐ തയാറായില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 60 കോടി സ്മാര്‍ട് ഫോണുകളില്‍ 97 ശതമാനവും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡിലാണ്.

CCI

∙ എയ്‌സര്‍ ഹെയ്‌ലോ സ്വിങ് സ്മാര്‍ട് സ്പീക്കര്‍ വരുന്നു

ഇന്ററാക്ടിവ് എല്‍ഇഡി ഡിസ്‌പ്ലേ, ഡിറ്റിഎസ് സൗണ്ട് സപ്പോര്‍ട്ട് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് ഹെയ്‌ലോ സ്വിങ് എന്ന പേരില്‍ സ്മാര്‍ട് സ്പീക്കര്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് എയ്‌സര്‍ കമ്പനി. ഗൂഗിള്‍ അസിസ്റ്റന്റിന്റെ സേവനവും ഇതിലുണ്ട്. ബ്ലൂടൂത് 5.2 അടക്കമുള്ള ഇത് അധികം താമസിയാതെ വിപണികളിലെത്തിച്ചേക്കും. വില പുറത്തുവിട്ടിട്ടില്ല.

∙ ബ്ലാക്പങ്ക്റ്റ് എസ്ബിഡബ്ല്യു250 വയര്‍ലെസ് സൗണ്ട്ബാര്‍ വില്‍പനയ്ക്ക്

ബ്ലാക്പങ്ക്റ്റ് കമ്പനിയുടെ എസ്ബിഡബ്ല്യു250 ബ്ലൂടൂത് സൗണ്ട്ബാര്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. ബ്ലാക്പങ്ക്റ്റ് വെബ്‌സൈറ്റ് വഴിയും ആമസോണിലൂടെയുമാണ് വില്‍പന. ഇതെഴുതുന്ന സമയത്ത് ആമസോണില്‍ ഈ മോഡലിന്റെ വില 8,499 രൂപയാണ്. തങ്ങള്‍ക്ക് 100 വര്‍ഷത്തോളം ഓഡിയോ ഉല്‍പന്നങ്ങള്‍ നിർമിച്ച അനുഭവ സമ്പത്തുണ്ടെന്ന് ജര്‍മന്‍ കമ്പനിയായ ബ്ലാക്പങ്ക്റ്റ് പറഞ്ഞു. എസ്ബിഡബ്ല്യു250 സ്പീക്കറിനൊപ്പം 8 ഇഞ്ച് വൂഫറാണ് ഉള്ളത്. സോങ്, സിനിമ, ഡയലോഗ്, 3ഡി എന്നീ ഇക്വലൈസര്‍ മോഡുകളും ഇതിനുണ്ട്.

∙ ഇന്റലിന്റെ 13-ാം തലമുറ പ്രോസസറുകള്‍ അവതരിപ്പിച്ചു

പ്രമുഖ പ്രോസസര്‍ നിര്‍മാതാവായ ഇന്റല്‍ തങ്ങളുടെ 13-ാം തലമുറയിലുളള പ്രോസസറുകള്‍ പുറത്തിറക്കി. ലാപ്‌ടോപ്പുകള്‍ക്കാണ് ഇവ പ്രയോജനപ്പെടുക. ഇന്റല്‍ കോര്‍ എച്, പി-സീരീസ്, യു-സീരീസ് എന്നീ മൂന്നു വിഭാഗങ്ങളിലാണ് ഇവ ലഭ്യമാക്കുക.

English Summary: iPhone 15 and iPhone 15 Plus rumored to feature 48MP rear camera, just like Pro models

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com