വിന്‍ഡോസ് 7 സുരക്ഷിതമല്ല, ജനുവരി 10ന് സപ്പോർട്ട് നിർത്തും; അപ്ഗ്രേഡ് ചെയ്തില്ലെങ്കിലും പ്രശ്നമാകും
Mail This Article
വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയ്‌ക്കുള്ള സുരക്ഷാ അപ്‌ഡേറ്റുകളും സാങ്കേതിക പിന്തുണയും ജനുവരി 10 ന് മൈക്രോസോഫ്റ്റ് നിർത്തുമെന്ന് പ്രഖ്യാപിച്ചു. കാലഹരണപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ പിന്തുണയ്‌ക്കുന്ന അവസാന പതിപ്പായ മൈക്രോസോഫ്റ്റ് എഡ്ജ് 109 അവതരിപ്പിച്ചാണ് ഈ പ്രഖ്യാപനം. ഈ ഉപകരണങ്ങളിൽ ബ്രൗസർ തുടർന്നും പ്രവർത്തിക്കുമെങ്കിലും സുരക്ഷാ അപ്‌ഡേറ്റുകളോ പുതിയ ഫീച്ചറുകളോ നൽകില്ല. വെബ് അധിഷ്‌ഠിത ഉള്ളടക്കം അവരുടെ ആപ്പുകളിൽ ഉൾപ്പെടുത്താൻ ഡെവലപ്പർമാരെ അനുവദിക്കുന്ന ടൂളായ WebView2 നുള്ള പിന്തുണയും ജനുവരി 10 ന് നിർത്തലാക്കും.
വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവ ഉപേക്ഷിക്കുന്ന പ്രധാന ബ്രൗസർ എഡ്ജ് മാത്രമല്ല ഗൂഗിൾ ക്രോമും ഫെബ്രുവരി 7 ന് ഈ ഒഎസുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിൻഡോസ് 7 ഇപ്പോഴും ഉപയോഗിക്കുന്നവർ 2021 ലെ കണക്കുകൾ പ്രകാരം ഏകദേശം 10 കോടിയുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ സര്‍വേ പ്രകാരം 2.7 കോടി സിസ്റ്റങ്ങളിൽ വിൻഡോസ് എക്സ്പി, 7 അല്ലെങ്കിൽ 8 എന്നിവയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി.
∙ വിചിത്രമാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ചരിത്രം
വിചിത്രമാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ചരിത്രം. ചില പതിപ്പുകളെ ഉപയോക്താക്കള്‍ സ്‌നേഹം കൊണ്ടു പൊതിയും ചിലതിനെ വെറുപ്പുകൊണ്ടും. വിന്‍ഡോസ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട വേര്‍ഷനുകളിൽ ഒന്നായിരുന്നു വിന്‍ഡോസ് 7. ഈ വേര്‍ഷന്റെ ജനസമ്മതിയാണ്, തങ്ങളുടെ ഏറ്റവും പുതിയതും ആധുനികവുമായ വേര്‍ഷനായ വിന്‍ഡോസ് 11ന്റെ കുതിപ്പിനു തടയിടുന്നതെന്നാണ് മൈക്രോസോഫ്റ്റ് കരുതുന്നത്.
∙ ചരിത്രം
ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു വിന്‍ഡോസ് XP. അതീവ ലളിതവും വേണ്ടത്ര വേഗമുള്ളതുമായ ഈ ഒഎസിനെ വിട്ട്, പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ വിന്‍ഡോസ് വിസ്റ്റ എന്നൊരു വേര്‍ഷനുമായി എത്തി. ഏറ്റവും വെറുക്കപ്പെട്ട വിന്‍ഡോസ് വേര്‍ഷനുകളിലൊന്നായിരുന്നു വിസ്റ്റ. പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്തവരില്‍ മിക്കവരും തിരിച്ച് എക്‌സിപിയിലേക്കു പോയി. പിന്നീട് ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇറക്കിയ വേര്‍ഷനായിരുന്നു വിന്‍ഡോസ് 7. എക്‌സ്പിയുടെയത്ര ഉപയോഗ സുഖവും ലാളിത്യവും തോന്നിയില്ലെങ്കിലും ഉപയോക്താക്കള്‍ വിന്‍ഡോസ് 7ല്‍ എത്തി തമ്പടിച്ചു.
പിന്നീട് വിസ്റ്റ പോലെ മറ്റൊരു ദുരന്തമായി വിന്‍ഡോസ് 8 അവതരിച്ചു. ഇതിലേക്ക് അപ്‌ഗ്രേഡു ചെയ്തവരില്‍ മിക്കവരും അതിലും വേഗത്തില്‍ 7 ലേക്ക് തിരിച്ചു പോന്നു. അതിനുശേഷം വീണ്ടും വളരെ ശ്രദ്ധകൊടുത്തിറക്കിയ വേര്‍ഷനാണ് വിന്‍ഡോസ് 10. വിന്‍ഡോസ് 8 നെക്കാള്‍ ഭേദമാണെങ്കിലും വിന്‍ഡോസ് 7ന്റെ ലാളിത്യം പുതിയ വേര്‍ഷനില്ല എന്നതിനാല്‍ ഉപയോക്താക്കള്‍ 10ലേക്ക് അപ്‌ഗ്രേഡു ചെയ്യാന്‍ വിസമ്മതിച്ചു. വിന്‍ഡോസ് 10ല്‍ ഓടുന്ന പ്രധാന പ്രോഗ്രാമുകളെല്ലാം തന്നെ വിന്‍ഡോസ് 7ലും ഓടും, സ്ഥിരതയുമുണ്ട്. പിന്നെന്തിന് വലിച്ചുവാരിയിട്ടതു പോലെയുള്ള ഇന്റര്‍ഫെയ്‌സുള്ള വിന്‍ഡോസ് 10ലേക്ക് പോകണമെന്ന് പല ഉപയോക്താക്കളും ചോദിച്ചു. വിന്‍ഡോസ് 10ലേക്ക് ഫ്രീ ആയി അപ്‌ഗ്രേഡു ചെയ്‌തോളൂവെന്നു മൈക്രോസോഫ്റ്റ് പറഞ്ഞിട്ടും ആളുകള്‍ വിന്‍ഡോസ് 7നെ മുറുകെപ്പിടിച്ചു നിന്നു. വിന്‍ഡോസ് 7നുള്ള പിന്തുണ പിന്‍വലിക്കുമ്പോള്‍ പുതിയ വേർഷനായ വിന്‍ഡോസ് 11ല്‍ കൂടുതല്‍ ഉപയോക്താക്കളെ കിട്ടുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
എന്നാല്‍, വിന്‍ഡോസ് 7ന്റെ പിന്തുണ പിന്‍വലിക്കലില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഓരോ പുതിയ വേര്‍ഷന്‍ വിന്‍ഡോസിനും ഒരു നിശ്ചിത കാലാവധിയുണ്ട്. അതിനുശേഷം പിന്തുണ പിന്‍വലിക്കും. വിന്‍ഡോസ് 7ല്‍ ഇപ്പോള്‍ സുരക്ഷാ ആപ്‌ഡേറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. ഇതാണ് ഇപ്പോൾ പിന്‍വലിക്കുന്നത്.
∙ പാഠം
വിന്‍ഡോസിന്റെ ചരിത്രം ടെക്‌നോളജി പ്രേമികള്‍ക്ക് നല്ല ഒരു പാഠമാണ്. പുറമെയുള്ള പുതുക്കലുകള്‍ വലിയ മേന്മകളൊന്നും കൊണ്ടുവരുന്നില്ല. ഇന്റര്‍ഫെയ്‌സിലും മറ്റുമുള്ള മാറ്റങ്ങളെയുള്ളൂ. സ്മാര്‍ട് ഫോണ്‍ പ്രേമികളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതു മനസ്സിലാക്കിയതിന്റെ ആഘാതം ആപ്പിളടക്കമുള്ള കമ്പനികള്‍ക്ക് ഏറ്റു കഴിഞ്ഞു. പലര്‍ക്കും ആവശ്യമുള്ള ഫീച്ചറുകളല്ല ഇപ്പോള്‍ സ്മാര്‍ട് ഫോണുകളിലും എത്തുന്നത്. അതുപോലെ, വര്‍ണാഭമായ വിന്‍ഡോസ് 11 പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കുന്നവരെ ആകര്‍ഷിച്ചില്ല. എന്നാല്‍ ഒറിജിനല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അപ്‌ഗ്രേഡു ചെയ്യാതെ തരവുമില്ല.
∙ കേരളത്തില്‍
ഇവിടെ ഇപ്പോഴും പൈറേറ്റഡ് വിന്‍ഡോസ് കൃഷി നിർലോഭം നടക്കുന്നുണ്ട്. പലരും വിന്‍ഡോസ് കാശുകൊടുത്തു വാങ്ങാതെ പകരം പൈറേറ്റഡ് വേര്‍ഷനില്‍ ഒരു ആന്റിവൈറസും ഇട്ടു പ്രവർത്തിപ്പിക്കുന്ന രീതി കാണാം. സെക്യുരിറ്റി അപ്‌ഡേറ്റ് പിന്‍വലിച്ചാലും സ്വകാര്യ വ്യക്തികള്‍ പൈറേറ്റഡ് വിന്‍ഡോസ് ഉപയോഗം തുടര്‍ന്നേക്കാം. എന്നാല്‍ കമ്പനികള്‍ക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും.
English Summary: Windows 7, Windows 8.1 to Stop Receiving Security Updates, Support From January 10