ADVERTISEMENT

ഇന്ത്യയില്‍ ഇനി പെട്ടെന്ന് ഒരു ഫ്ലിപ്കാര്‍ട്ടും ബൈജൂസും ഒന്നും ഉണ്ടാവില്ലേ? കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ധനബില്ലിലെ ഒരു നിര്‍ദ്ദേശമാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഇങ്കം ടാക്‌സ് ആക്ടിന്റെ സെക്ഷന്‍ 56(2) 7 ബിക്ക് (56(2) VII B) മാറ്റം വരുത്തണമെന്നുള്ള നിര്‍ദ്ദേശമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇന്ത്യന്‍ കമ്പനികളിലെ വിദേശ നിക്ഷേപകരില്‍ നിന്ന് എയ്ഞ്ചല്‍ ടാക്‌സ് ഈടാക്കണം എന്നതാണ് നിര്‍ദ്ദേശം. ഫ്ലിപ്കാര്‍ട്ട് ഉൾപ്പടെ എവിടെനിന്ന് എന്നറിയാതെ ഞൊടിയിടയില്‍ വളര്‍ന്നു പന്തലിച്ച കമ്പനികള്‍ക്കെല്ലാം പിന്നില്‍ എയ്ഞ്ചല്‍ നിക്ഷേപകര്‍ കണ്ടേക്കാം. അതേസമയം, സർക്കാർ അംഗീകൃത സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപകര്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമല്ലെന്നാണ് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത്.

 

∙ എയ്ഞ്ചല്‍ ടാക്‌സ് ഇനി വിദേശ നിക്ഷേപകര്‍ക്കും

 

ഫിനാന്‍സ് ബില്‍ 2023 പ്രകാരം വിദേശത്തുനിന്നുള്ള എയ്ഞ്ചല്‍ നിക്ഷേപകരും ഇനി നികുതി കൊടുക്കണമെന്നതാണ് പുതിയ നിര്‍ദ്ദേശം. ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ മാത്രം നികുതി അടച്ചാല്‍ മതിയായിരുന്നു. പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നാല്‍ അത് സ്റ്റാര്‍ട്ടപ്പ് മേഖലയെ നിരാശയിലാക്കിയേക്കാം. പ്രത്യേകിച്ചും 2022ല്‍ കാര്യമായി നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയാതെ സ്റ്റാര്‍ട്ടപ്പ് മേഖല വിഷമിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നത് വിഷമം വര്‍ധിപ്പിച്ചേക്കാമെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. മുൻ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ലഭിച്ച നിക്ഷേപത്തില്‍ 67 ശതമാനം ഇടിവു വന്നിരുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ( ലഭിച്ചത് 2,400 കോടി ഡോളര്‍.) അതിന്റെ ആഘാതമേറ്റു നില്‍ക്കുന്ന ഈ മേഖലയ്ക്ക് പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നാല്‍ അത് താങ്ങാനാകുമോ എന്നാണ് ഉയരുന്ന ചോദ്യം.

 

∙ പല യൂണികോണുകള്‍ക്കും പിന്നില്‍ വിദേശ നിക്ഷേപകര്‍

 

ഇന്ത്യയില്‍ ഉയര്‍ന്നു വന്ന പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്നില്‍ വിദേശ നിക്ഷേപകരും ഉണ്ട്. അത്തരത്തിലൊരു കമ്പനിയാണ് ടൈഗര്‍ ഗ്ലോബല്‍. 2009ല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ചെറിയൊരു നിക്ഷേപം നടത്തി ഇന്ത്യയിലെത്തിയതാണ് ഈ കമ്പനി. ഇന്ത്യയില്‍ യൂണികോണ്‍ ആയി മാറിയ മൂന്നിലൊന്നു കമ്പനികളിലും ടൈഗര്‍ ഗ്ലോബലിന് നിക്ഷേപം ഉണ്ട്. (ഒരു കമ്പനികക്ക് യുണികോണ്‍ എന്ന വിശേഷിപ്പിക്കല്‍ ലഭിക്കുന്നത് അതിന് 100 കോടി ഡോളര്‍ ആസ്തിയുണ്ടാകുമ്പോഴാണ്.) അതേസമയം, എയ്ഞ്ചല്‍ ടാക്‌സ് എന്നറിയപ്പെടുന്ന ഈ നികുതി സംവിധാനം 2012ല്‍ ആയിരുന്നു ആദ്യം അവതരിപ്പിച്ചത്. കള്ളപ്പണം ഇന്ത്യയില്‍ എത്താതിരിക്കാനായിരുന്നു ഇത്. കേന്ദ്രം ഇപ്പോള്‍ കള്ളപ്പണത്തിന്റെ വേരറുക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണോ ഇതെന്നും അറിയില്ല.

 

∙ രാജ്യത്തിനു പുറത്തു നിന്നുള്ള നിക്ഷേപകര്‍ക്ക് നികുതി ഇല്ലായിരുന്നു

 

ഇത്രയും കാലം രാജ്യത്തിന് പുറത്തുനിന്നുള്ളവർക്ക് ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം ഇറക്കിയാല്‍ അവരുടെ ആസ്തിക്ക് നികുതി ചുമത്തിയിരുന്നില്ല. പുതിയ നിര്‍ദ്ദേശം തെറ്റാണെന്നു കരുതുന്നതായി ജെ. സാഗര്‍ ആന്‍ഡ് അസോസിയേറ്റ്‌സിലെ പാര്‍ട്ണര്‍ ആയറിതേഷ് കുമാര്‍ പറഞ്ഞു. പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വിദേശത്തു പോയി അവ തുടങ്ങാന്‍ തീരുമാനിച്ചേക്കാം. കാരണം വിദേശ നിക്ഷേപകര്‍ നികുതി ഭാരം ഇഷ്ടപ്പെട്ടേക്കില്ലെന്നാണ് 3വണ്‍4 ക്യാപ്പിറ്റല്‍ എന്നവെഞ്ചവര്‍ ക്യാപ്പിറ്റല്‍ കമ്പനിയുടെ സ്ഥാപകനായ സിദ്ധാര്‍ഥ പൈ അഭിപ്രായപ്പെട്ടത്. ഈ നികുതി കൊണ്ടുവരുന്നത് തിരിച്ചടിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇതോടെ, ഇന്ത്യക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ കൂട്ടത്തോടെ വിദേശത്തേക്കു പോകുന്ന പരിപാടി തുടങ്ങിയേക്കാമെന്നും പറയപ്പെടുന്നു. എന്തായാലും, നിലവില്‍ ഇത് ധന ബില്ലിലെ ഒരു നിര്‍ദ്ദേശം മാത്രമാണ്. പാസാകുമോ എന്ന് കണ്ടറിയാം.  

 

∙ സർക്കാർ അംഗീകൃത സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപകര്‍ക്ക് ബാധകമല്ല

chat-gpt-3

 

അതേസമയം, സർക്കാരിന്റെ അംഗീകാരം നേടിയ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപകര്‍ എയ്ഞ്ചല്‍ നികുതിയടയ്‌ക്കേണ്ടന്ന് ഡിപിഐഐടി സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. ഡിപിഐഐടിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ പണമിറക്കുന്ന ഇന്ത്യന്‍-വിദേശ നിക്ഷേപകര്‍ക്ക് നികുതി ബാധകമായിരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയാന്‍ ഈ വകുപ്പ് ടാക്‌സ് നിയമത്തില്‍ കൊണ്ടുവന്നത് 11 വര്‍ഷം മുൻപാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 

∙ സാംസങ് ഗ്യാലക്‌സി എസ്23 സീരീസ് വില തുടങ്ങുന്നത് 74,999 രൂപ മുതല്‍

 

സാംസങ് ഗ്യാലക്‌സി എസ്23 സീരീസ് ഇന്ത്യയില്‍ വില്‍പന തുടങ്ങുന്നു. ഗ്യാലക്‌സി എസ്23 അള്‍ട്രായുടെ തുടക്ക വേരിയന്റിന്റെ വില 1,24,999 രൂപയായിരിക്കും. അതേസമയം, 1 ടിബി വേരിയന്റിന് 15,4,999 രൂപയായിരിക്കും വില. എസ്23 പ്ലസ് സീരീസിന്റെ വില തുടങ്ങുന്നത് 94,999 രൂപ മുതലാണ്. എസ്23യുടെ വില തുടങ്ങുന്നത് 74,999 രൂപ മുതലും ആയിരിക്കും.   

 

∙ ചാറ്റ്ജിപിടിക്കെതിരെ വരുന്നു ഗൂഗിളിന്റെ അപ്രന്റിസ് ബാര്‍ഡ്

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃത സേര്‍ച്ച് എൻജിനായ ചാറ്റ്ജിപിടിയുടെ പ്രകടനത്തിനു മുന്നില്‍ ലോകത്തെ ഏറ്റവും വലിയ സേര്‍ച്ച് എൻജിനായ ഗൂഗിള്‍ ഒന്നു പതറിയെന്ന് റിപ്പോര്‍ട്ട്. എന്തായാലും ചാറ്റ്ജിപിടിക്കെതിരെ പുതിയ സേര്‍ച്ച് സംവിധാനങ്ങള്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അതില്‍ പ്രധാനപ്പെട്ടത് അപ്രന്റിസ് ബാര്‍ഡ് (Apprentice Bard) ആയിരിക്കുമെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. ഗൂഗിളിന്റെ സ്വന്തം എഐ സംവിധാനമായ ലാംഡയെ കേന്ദ്രീകരിച്ചായിരിക്കും ഇത്. ഇതിന്റെ ജോലി തുടങ്ങാന്‍ ജീവനക്കാരോട് കമ്പനി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 

 

∙ അപ്രന്റിസ് ബാര്‍ഡ് മുന്നിലെത്തിയേക്കും

 

ചാറ്റ്ജിപിടിക്കു സമാനമായ രീതിയില്‍ പ്രതികരണശേഷിയുള്ളതായിരിക്കും ഗൂഗിളിന്റെ അപ്രന്റിസ് ബാര്‍ഡ്. ഗൂഗിളിന്റെ ലാംഡാ ടീമിനോട് അപ്രന്റിസ് ബാര്‍ഡിനെ പ്രവര്‍ത്തനക്ഷമമാക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് ചാറ്റ്ജിപിടിയേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തേക്കും. കാരണം ചാറ്റ്ജിപിടി ഇപ്പോള്‍ 2021 വരെയുള്ള ഡേറ്റാബെയ്‌സാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍, ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ വരെ ഉള്‍പ്പെടുത്തിയുള്ള സേര്‍ച്ച് നടത്താന്‍ അപ്രന്റിസ് ബാര്‍ഡിന് സാധിച്ചേക്കും. എന്നുവച്ച് ചാറ്റ്ജിപിടിക്ക് അത്തരം ശക്തി കൊണ്ടുവരിക എന്നത് സാധിക്കാത്ത കാര്യമല്ല. 

 

∙ ചാറ്റ്ജിപിടി കുതിപ്പു തുടരുന്നു! 10 കോടി ഉപയോക്താക്കള്‍!

 

അതിവേഗം വളരുകയാണ് വൈറല്‍ സേര്‍ച്ച് എൻജിനായ ചാറ്റ്ജിപിടിയുടെ സാന്നിധ്യം. ഓപ്പണ്‍എഐ എന്ന കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിടിക്ക് ഇപ്പോള്‍ 10 കോടി പ്രതിമാസ ഉപയോക്താക്കളായെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. കേവലം രണ്ടു മാസത്തിനുള്ളിലാണ് ചാറ്റ്ജിപിടി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അടുത്ത കാലത്തെ ഏറ്റവും വലിയ വൈറല്‍ ആപ്പായ ടിക്‌ടോക്കിന് 10 കോടി ഉപയോക്താക്കളേ നേടാന്‍ 9 മാസം വേണ്ടിവന്നു. ഇതേ നമ്പറിലെത്താൻ ഇന്‍സ്റ്റഗ്രാമിന് ഏകദേശം രണ്ടര വര്‍ഷം വേണ്ടിവന്നെന്നും സെന്‍സര്‍ ടവറിന്റെ കണക്കുകള്‍ കാണിച്ചു തരുന്നു.

 

English Summary: Angel tax may trim foreign funding in Indian startups

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com