മനുഷ്യരാശിയെ ചൊവ്വയിലെത്തിക്കാനുള്ള മസ്‌കിന്റെ സ്റ്റാര്‍ഷിപ് പരീക്ഷണ ഘട്ടത്തിലേക്ക്; ചെലവ് 3 ബില്യന്‍!
Mail This Article
അന്യഗ്രഹവാസി ആകാനുള്ള മനുഷ്യരാശിയുടെ ശ്രമത്തിന് കരുത്തുപകരും എന്ന പ്രതീക്ഷ നല്‍കുന്ന ബഹിരാകാശ വാഹനം പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുന്നു. ഏകദേശം 3 ബില്യന്‍ ഡോളര്‍ മുടക്കി, സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ കീഴില്‍ നിര്‍മിച്ച, സ്റ്റാര്‍ഷിപ് എന്നു പേരിട്ടിരിക്കുന്ന ബഹിരാകാശ വാഹനത്തിന്റെ പരീക്ഷണപ്പറക്കല്‍ ആഴ്ചകള്‍ക്കുള്ളില്‍ നടന്നേക്കാം. മനുഷ്യ ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാകാന്‍ സാധ്യതയുള്ള ഇതിന്റെ കന്നിപ്പറക്കല്‍ ശ്വാസമടക്കിപ്പിടിച്ചായിരിക്കും ശാസ്ത്രലോകം വീക്ഷിക്കുക.
ആദ്യമായി ഇന്ധനം നിറച്ചു
സ്റ്റാറ്റാര്‍ഷിപ്പും അതിനൊപ്പമുള്ള ക്രാഫ്റ്റും യോജിപ്പിക്കുകയും അതില്‍ ഇന്ധനം നിറയ്ക്കുകയും ചെയ്തതോടെയാണ് കന്നിപ്പറക്കല്‍ ഉടനെ നടന്നേക്കും എന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. കാര്യങ്ങള്‍ ഭംഗിയായി നടന്നാല്‍, ഇനി നാസ ചന്ദ്രനിലിറങ്ങാൻ ഉപയോഗിക്കുന്നതും സ്റ്റാര്‍ഷിപ് ആയിരിക്കും. ദീര്‍ഘദൂര ബഹിരാകാശയാത്രയ്ക്കായിരിക്കും ഇത് പ്രയോജനപ്പെടുത്തുക. ചൊവ്വയിലേക്കുള്ള ആദ്യ പറക്കല്‍ 2030 നു ശേഷമാകാനാണു സാധ്യത.
മനുഷ്യരാശിയെ ചൊവ്വയിലെത്തിക്കാന്‍ കെല്‍പുള്ളതെന്നു കരുതുന്ന ആദ്യ ബഹിരാകാശ വാഹനത്തെക്കുറിച്ച് ചില വിവരങ്ങള്‍.
∙ ഉയരം 395 അടി
∙ ഭാരം: 5 ദശലക്ഷം കിലോഗ്രാം
∙ ത്രസ്റ്റ്: 16 ദശലക്ഷം പൗണ്ട് (70 മെഗാന്യൂട്ടണ്‍സ്)
∙ പുനരുപയോഗിക്കാം
∙ കയറ്റാവുന്ന പരമാവധി ഭാരം
ലോ എര്‍ത് ഓര്‍ബിറ്റില്‍ 100-150 ടണ്‍
ചന്ദ്രനിലേക്ക്-100 ടണ്‍
∙ ദ്രവ ഇന്ധനം-ഓക്‌സിജനും മീഥെയ്‌നും
∙ കരുത്ത് - ഏകദേശം 32 റാപ്റ്റര്‍ എൻജിനുകള്‍
∙ ഉള്‍ക്കൊള്ളിക്കാവുന്ന ആളുകളുടെ എണ്ണം - പരമാവധി 100 പേര്‍
∙ നിര്‍മാണച്ചെലവ് - ഏകദേശം 3 ബില്യന്‍ ഡോളര്‍
∙ ഒരു തവണ വിക്ഷേപിക്കാന്‍ ഉണ്ടായേക്കാവുന്ന ചെലവ് - ഏകദേശം 2 ദശലക്ഷം ഡോളര്‍
വിക്ഷേപണം എവിടെ നിന്ന്?
മിക്കവാറും ടെക്‌സസിലെ ബൊകാ ചികായിലുള്ള സ്റ്റാര്‍ബെയ്‌സില്‍ നിന്നാകും വിക്ഷേപണം. കെന്നഡി സ്‌പെയ്‌സ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയും ആകാം. സ്റ്റാര്‍ഷിപ് പദ്ധതിയുടെ മൊത്തം ചെലവ് 8 ബില്യന്‍ ഡോളര്‍ വന്നേക്കാമെന്ന് മസ്‌ക് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍, പിന്നീടത് 3 ബില്യന്‍ ഡോളറിനു നടന്നേക്കാമെന്ന് തിരുത്തുകയും ചെയ്തു.
മസ്‌കിന്റെ വിചിത്ര സ്വപ്‌നങ്ങള്‍
മനുഷ്യരാശിയെ അന്യഗ്രഹവാസികളാക്കണമെന്നാണ് ടെസ്‌ല, ട്വിറ്റര്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഉടമയായ മസ്‌കിന്റെ ആഗ്രഹങ്ങളിലൊന്ന്. ആദ്യ ലക്ഷ്യം ചൊവ്വ ആയിരിക്കും. അവിടെ നഗരങ്ങള്‍ നിര്‍മിച്ച ശേഷമായിരിക്കും മറ്റു ഗ്രഹങ്ങളില്‍ മനുഷ്യകോളനി പണിയാനുള്ള സാധ്യത ആരായുക. വ്യാഴത്തിലോ വാസ സാധ്യതയുണ്ടെന്നു കരുതുന്ന അതിന്റെ ചന്ദ്രനിലോ ആയിരിക്കാം രണ്ടാമത്തെ കോളനി സ്ഥാപിക്കുക. പക്ഷേ ഇതൊക്കെ ഇപ്പോള്‍ സ്വപ്‌നങ്ങള്‍ മാത്രമാണെന്നും എന്നാല്‍ മസ്‌കിനെ പോലെ ഇത്തരം സ്വപ്‌നങ്ങള്‍ കാണാന്‍ സാധിക്കുന്നവര്‍ മനുഷ്യരാശിക്കു വേണമെന്നും നില്‍ ഡിഗ്രാസ് ടൈസനെ പോലെയുള്ള ചില അസ്‌ട്രോഫിസിസ്റ്റുകള്‍ പറയുന്നു.
ഒന്നും വിട്ടുപറയാതെ മസ്‌ക്
അതേസമയം, സ്റ്റാര്‍ഷിപ്പിന്റെ ഭാവി പ്രവര്‍ത്തനത്തെക്കുറിച്ച് ഒന്നും വിട്ടുപറയുന്നില്ല മസ്‌കും സ്‌പെയ്‌സ്എക്‌സും. ഇതിന്റെ ഉള്‍ഭാഗം എങ്ങനെയെന്ന ചിത്രങ്ങള്‍ പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏകദേശം 40 ക്യാബിനുകള്‍ ഒരുക്കാനാണ് ഉദ്ദേശ്യമെന്ന് മസ്‌ക് മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. ഒരു ക്യാബിനില്‍ 6 പേരെ വരെ ഉള്‍ക്കൊള്ളിക്കാം. പക്ഷേ, ചൊവ്വയിലേക്കുള്ള ഒരു പറക്കലില്‍ 100 പേരെയായിരിക്കും വഹിക്കുകയെന്നും മസ്‌ക് മുമ്പൊരിക്കല്‍ പറഞ്ഞു.
ചൊവ്വയ്ക്കു മുമ്പ് ചന്ദ്രനില്‍
എന്നാല്‍ തങ്ങളുടെ അടുത്ത ആര്‍ടെമിസ് ദൗത്യത്തില്‍ സ്‌പെയ്‌സ്എക്‌സിന്റെ അടുത്ത തലമുറ വാഹനമാണ് ഉപയോഗിക്കുക എന്ന് നാസ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദൗത്യത്തിലായിരിക്കും ആദ്യമായി ഒരു സ്ത്രീയും വെള്ളക്കാരനല്ലാത്ത ഒരാളും ചന്ദ്രനില്‍ കാലുകുത്തുക. സ്റ്റാര്‍ഷിപ് ഹ്യൂമന്‍ ലാന്‍ഡിങ് സിസ്റ്റത്തില്‍ (എച്എല്‍എസ്) സ്‌പെയ്‌സ്എക്‌സിന്റെ റാപ്റ്റര്‍ എൻജിനുകളും ഉള്‍ക്കൊള്ളിക്കും. ഫാൽക്കൻ, ഡ്രാഗണ്‍ ഡിസൈനുകളില്‍നിന്ന് പ്രചോദനം സ്വീകരിക്കും. അതേസമയം, മനുഷ്യരില്ലാതെ ചന്ദ്രനിലേക്ക് ഒരു പരീക്ഷണപ്പറക്കൽ നടത്തിയ ശേഷമായിരിക്കും നാസ ഇത് ആളുകളെ കയറ്റാന്‍ ഉപയോഗിക്കുക എന്നും പറയുന്നു. സ്‌പെയ്‌സ് ടൂറിസം പദ്ധതികള്‍ക്കും സ്റ്റാര്‍ഷിപ് പ്രയോജനപ്പെടുത്തിയേക്കാം. അതേസമയം, സ്റ്റാര്‍ഷിപിന്റെ ലോഞ്ചിനുള്ള ലൈസന്‍സ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നു ലഭിക്കാനിരിക്കുന്നതെയുള്ളു. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ കന്നിപ്പറക്കല്‍ നടത്താന്‍ സാധ്യതയുണ്ട് എന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്.
ട്വിറ്റര്‍ അക്കൗണ്ട് നിരോധിക്കപ്പെട്ടോ? ഇപ്പോള്‍ അപേക്ഷ നല്‍കാം
ട്വിറ്ററില്‍നിന്ന് പുറത്താക്കപ്പെട്ട എല്ലാവര്‍ക്കും തിരിച്ചെത്താന്‍ അവസരം. ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കപ്പെട്ട ആര്‍ക്കും ഫെബ്രുവരി 1 മുതല്‍ അപ്പീല്‍നല്‍കാം. അക്കൗണ്ട് മരവിപ്പിക്കല്‍ പോലെയുള്ള കടുത്ത നടപടികള്‍ നിർത്തലാക്കാനും കമ്പനി ശ്രമിക്കുമെന്നും പറയുന്നു.
ടെക്‌നോളജി കമ്പനികളുടെ പിരിച്ചുവിടല്‍ വിചാരിച്ചത്ര പ്രശ്‌നമുള്ളതായിരിക്കില്ല
ആഗോള സാങ്കേതികവിദ്യയുടെ സിരാകേന്ദ്രമായി അറിയപ്പെടുന്ന സിലിക്കന്‍ വാലിയിലെ കമ്പനികള്‍ 2023 ന്റെ ആദ്യ 33 ദിവസങ്ങള്‍ക്കിടയില്‍ തന്നെ 82,000 ത്തോളം പേരെ പുറത്താക്കി. കഴിഞ്ഞ വര്‍ഷം 160,000 ത്തോളം പേര്‍ക്കും ജോലി പോയി. ഞെട്ടിക്കുന്ന കണക്കുകളാണിത്. കൂടാതെ, സിലിക്കന്‍ വാലിയിലെ ടെക്‌നോളജി കമ്പനികള്‍ക്ക് കാര്യമായി പ്രശ്‌നങ്ങള്‍ ഉണ്ടായി തുടങ്ങി എന്ന തോന്നല്‍ ജനിപ്പിക്കുകയും ചെയ്‌തേക്കാം.
അതേസമയം, കോവിഡിന്റെ സമയത്ത് ഈ കമ്പനികള്‍ അനാവശ്യമായി എടുത്ത ജോലിക്കാരെയാണ് പ്രധാനമായും പിരിച്ചുവിടുന്നതെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. വാള്‍ സ്ട്രീറ്റ് ജേണലിന്റെ കണക്കു പ്രകാരം 2020ല്‍ മാത്രം മെറ്റാ 27,000 പുതിയ ജോലിക്കാരെ എടുത്തു. ഇതേ വര്‍ഷം ആമസോണ്‍ 400,000 പേര്‍ക്ക് തൊഴില്‍ നല്‍കി. ഒരു വര്‍ഷം കഴിഞ്ഞ്, 2021ല്‍ ഗൂഗിള്‍ 13,000 പേരെ ജോലിക്കെടുത്തു. ഇതേ വര്‍ഷം മൈക്രോസോഫ്റ്റ് 40,000 പുതിയ ജോലിക്കാര്‍ക്ക് സ്വാഗതമരുളി. ഇത്തരത്തിലാണ് പല കമ്പനികളുടെയും ഇതുവരെയുള്ള സ്ഥിതി. വരും മാസങ്ങളില്‍ കാര്യങ്ങള്‍ വഷളാകാതിരുന്നാല്‍ സിലിക്കന്‍വാലി ഭീമന്മാര്‍ക്ക് കാര്യമായി പ്രശ്‌നങ്ങള്‍ ഏശിയിട്ടില്ലെന്നു തന്നെ കരുതാമെന്നാണ് പുതിയ വിലയിരുത്തല്‍.
ബിങ്ങില്‍ ചാറ്റ്ജിപിടി ഈ ആഴ്ച മുതല്‍?
മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എൻജിന്‍ ബിങ്ങില്‍ ഈ ആഴ്ച വൈറലായ എഐ സംവിധാനമായ, ചാറ്റ് ജെനറേറ്റീവ് പ്രീ-ട്രെയ്ന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ (ചാറ്റ്ജിപിടി) ഉള്‍ക്കൊള്ളിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ സേര്‍ച്ച് എൻജിനില്‍ എഐ ഉള്‍പ്പെടുത്തുക എങ്ങനെയായിരിക്കുമെന്ന് ഗൂഗിള്‍ ഈ ആഴ്ച വെളിപ്പെടുത്തും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇത് കൊണ്ടുവരാന്‍ കുറച്ചു കാലതാമസം എടുത്തേക്കും എന്നാണ് കരുതുന്നത്. ബിങ് ചാറ്റ് എന്നപേരിലായിരിക്കും ചാറ്റ്ജിപിറ്റി മൈക്രോസോഫ്റ്റ് ഉള്‍ക്കൊള്ളിക്കുക എന്നാണ് സൂചന. യൂ.കോമില്‍ എഐ സേര്‍ച്ച് ഇപ്പോള്‍ നല്‍കുന്ന രീതിയിലായിരിക്കാം ബിങ്ങില്‍ ചാറ്റ്ജിപിറ്റി ഉള്‍ക്കൊള്ളിക്കുക എന്നു കരുതുന്നു.
ചാറ്റ്ജിപിടി നേരിട്ട് ഉപയോഗിച്ചാല്‍ പോരേ, എന്തിനാണ് ബിങ്?
ചാറ്റ്ജിപിടിയില്‍ ഒരു അക്കൗണ്ട് എടുക്കുന്നവര്‍ക്കു മാത്രമേ സേര്‍ച്ച് ചെയ്യാന്‍ സാധിക്കൂ. എന്നാല്‍, ബിങ്ങില്‍ അക്കൗണ്ട് ഇല്ലാതെ സേര്‍ച്ച് ചെയ്യാന്‍ സാധിച്ചേക്കും എന്നാണ് കരുതുന്നത്.
English Summary: Elon Musk says to attempt Starship launch in March