ADVERTISEMENT

ലോകത്തെ ഏറ്റവും പ്രശസ്തമായ സ്ട്രീമിങ് സേവനമായ യൂട്യൂബിന്റെ മേധാവി സൂസന്‍ വോജ്‌സിസ്‌കി രാജിവച്ചു. വന്‍ കുതിപ്പോടെ മുന്നേറുന്ന ടിക്‌ടോക്കിനെയും നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ഓടിടി സേവനങ്ങളേയും നേരിടാന്‍ യൂട്യൂബ് തയാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് 54കാരിയായ സൂസന്റെ രാജിയെന്നാണ് ശ്രുതി. യൂട്യൂബിനെ ഇപ്പോഴത്തെ യൂട്യൂബാക്കി മാറ്റിയതിന് അമൂല്ല്യമായ സംഭാവന നല്‍കിയ ആളുമാണ് സൂസന്‍. യൂട്യൂബിന്റെ ഉടമയായ ഗൂഗിള്‍ ഗ്യാരാജില്‍ തുടങ്ങിയ കാലം മുതല്‍, ഏകദേശം 25 വര്‍ഷത്തോളം ജോലിയെടുത്ത ശേഷമാണ് സൂസന്‍ യൂട്യൂബിന്റെ മേധാവി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. പകരം എത്തുന്നത് ഇന്ത്യന്‍-അമേരിക്കന്‍ ആയ നീല്‍ മോഹന്‍ ആണ്.

സൂസന് നന്ദി പറഞ്ഞ് നീല്‍

ഗൂഗിളിന്റെ വിഡിയോ വിഭാഗമായ യൂട്യൂബിന്റെ മേധാവി സ്ഥാനത്തേക്ക് കാലെടുത്തു വച്ച നീല്‍, സൂസന്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി അറിയിച്ചു. സൂസനൊപ്പം ജോലിയെടുത്ത വര്‍ഷങ്ങള്‍ വിസ്മയിപ്പിക്കുന്നവയായിരുന്നു. വീടുകളില്‍ നിന്നു പോലും കണ്ടെന്റ് ക്രീയേറ്റു ചെയ്യാവുന്ന ഒന്നായി യൂട്യൂബിനെ പരിവര്‍ത്തനപ്പെടുത്തിയ സൂസനെക്കുറിച്ച് നീല്‍ തന്റെ ട്വീറ്റിലും രേഖപ്പെടുത്തി.

ഇന്ത്യന്‍ വംശജരെ വാഴിക്കാന്‍ മടികാണിക്കാത്ത സിലിക്കന്‍ വാലി

ഗൂഗിളിന്റെയും, ആല്‍ഫബെറ്റിന്റെയും മേധാവിയായ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ മേധാവിയായ സത്യാ നദെല, അഡോബിയുടെ തലവന്‍ ശന്താനു നാരായെന്‍ പല പ്രമുഖ സിലിക്കന്‍ വാലി കമ്പനികള്‍ക്കും ഇന്ത്യന്‍ വംശജരായ മേധാവകള്‍ ഉണ്ടായിട്ടുണ്ട്. ഈ ശ്രേണിയിലേക്ക് എത്തുന്ന ഏറ്റവും പുതിയ ആളാണ് നീല്‍.

നീലിനെക്കുറിച്ച് ചില വിവരങ്ങള്‍:

സ്റ്റാന്‍ഫെഡ് യൂണിവേഴിസറ്റിയില്‍ നിന്ന് ഇലക്ട്രിക് എഞ്ചിനിയറിങ് ബിരുദം. ഗൂഗിളില്‍ ചേര്‍ന്നത് 2008ല്‍. യൂട്യൂബിന്റെ പ്രൊഡക്ട് മേധാവി സ്ഥാനത്തേക്ക് എത്തുന്നത് 2015ല്‍ (ചീഫ് പ്രൊഡക്ട് ഓഫിസര്‍). ഈ വിഭാഗത്തില്‍ ചില ഉജ്ജ്വല പ്രൊഡക്ടുകള്‍ക്കു പിന്നില്‍ നീലിന്റെ കൈയ്യൊപ്പുണ്ട്. യുഎക്‌സ് ടീമില്‍ മുതല്‍, യൂട്യൂബിന്റെ ഏറ്റവും മികച്ച ചില സേവങ്ങള്‍ക്കു പിന്നിലും മോഹന്റെ തലയാണ്. യൂട്യൂബ് ടിവി, യൂട്യൂബ് മ്യൂസിക്, പ്രീമിയം, ഷോര്‍ട്‌സ് തുടങ്ങിയവയൊക്കെ നീല്‍ മുന്നോട്ടുവച്ച ആശയങ്ങളാണ്. നേരത്തെ മൈക്രോസോഫ്റ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്സ്റ്റിച് ഫിക്‌സ് കമ്പനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീനോമിക്‌സ്, ബയോടെക് കമ്പനിയായ 23ആന്‍ഡ്മീയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറു വര്‍ഷം ഡബ്ള്‍ക്ലിക് കമ്പനിയില്‍ ജോലി ചെയ്തു. (ഇത് പിന്നീട് 2007ല്‍ ഗൂഗിള്‍ ഏറ്റെടുക്കുകയായിരുന്നു.) ഗൂഗിളില്‍ ഡിസ്‌പ്ലെ ആന്‍ഡ് വിഡിയോ അഡ്‌വര്‍ടൈസിങ് വിഭാഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി ഏകദേശം 8 വര്‍ഷം ജോലി നോക്കി.

ഡബ്ള്‍ക്ലിക് ഗൂഗിള്‍ വാങ്ങിയതോടെയാണ് നീല്‍ കമ്പനിയില്‍ എത്തുന്നത്. ഗൂഗിളില്‍ ഡിസ്‌പ്ലെ ആന്‍ഡ് വിഡിയോ പരസ്യ ബിസിനസിലായിരുന്നു നീലിന്റെ ആദ്യ സംഭാവനകള്‍. യൂട്യൂബ്, ഗൂഗിള്‍ ഡിസ്‌പ്ലെ നെറ്റ്‌വര്‍ക്ക്, അഡ്‌സെന്‍സ്, അഡ്‌മോബ്, ഡബ്ള്‍ക്ലിക് ടെക്‌നോളജി പ്രൊഡക്ടുകളിലായിരുന്നു നീലിന്റെ ജോലി. ഗൂഗിള്‍ നടത്തിയ പല ഏറ്റെടുക്കലുകള്‍ക്കു പിന്നിലും നീലിന്റെ പരിശ്രമം കാണാം. ഇന്‍വൈറ്റ് മീഡിയ, അഡ്‌മെല്‍ഡ്, ടെറാസെന്റ് തുടങ്ങിയവ ഉദാഹരണം. ഗൂഗിളിന്റെ പരസ്യ ബിസിനസ് പോഷിപ്പിക്കാനായിരുന്നു ഇവ വാങ്ങിച്ചത്.

യൂട്യൂബിലേക്ക്

അദ്ദേഹത്തിന്റെ മികവ് കണ്ട് സൂസന്‍ തന്നെയാണ് അവര്‍ മേധാവിയായ സമയത്ത് നീലിനെ യൂട്യൂബിലെത്തിച്ചത്. അത് 2014ല്‍ ആയിരുന്നു. നീല്‍  2015 ല്‍ യൂട്യൂബന്റെ ചീഫ് പ്രൊഡക്ട് ഓഫിസറായി ചുമതലയേറ്റു. യൂട്യൂബന്റെ സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ യൂട്യൂബ് റെഡ് അവതരിപ്പിച്ചത് അദ്ദേഹമാണ്. (ഇതാണ് പിന്നീട് യൂട്യൂബ് പ്രീമിയം എന്നു പേരുമാറ്റിയത്.) യൂട്യൂബ് മ്യൂസിക്, യൂട്യൂബ് കിഡസ്, ലൈവ് സ്ട്രീമിങ് സേവനമായ യൂട്യൂബ് ടിവി, കുറിയ വിഡിയോ പങ്കുവയ്ക്കുന്ന യൂട്യൂബ് ഷോര്‍ട്‌സ് തുടങ്ങിയവയൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ നീല്‍ മുന്നില്‍ നിന്നു. യൂട്യൂബിന്റെ ഡെസ്‌ക്ടോപ്, മൊബൈല്‍, ടിവി ആപ്പുകള്‍ തുടങ്ങി, യൂട്യൂബിന്റെ മീഡിയ പാര്‍ട്ണര്‍മാര്‍ക്കുള്ള ടൂളുകളും കണ്ടെന്റ് ക്രീയേറ്റര്‍മാര്‍ക്കും, സംഗീതജ്ഞര്‍ക്കും, ഗവണ്‍മെന്റുകള്‍ക്കും, കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ക്കും ഉള്ള ടൂളുകളും സജ്ജമാക്കാന്‍ അദ്ദേഹം മുന്നില്‍ നിന്നു.

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന, ആര്‍ക്കും വിഡിയോ അപ്‌ലോഡ് ചെയ്യാവുന്ന യൂട്യൂബ് പോലെയൊരു സ്ട്രീമിങ് സേവനത്തെ മെരുക്കി, ഒരുക്കിയെടുക്കുക എന്നത് അത്യന്തം ശ്രമകരമായ ജോലിയാണ്. ക്ഷണത്തില്‍ ലോകം മുഴുവന്‍ എത്താവുന്ന കണ്ടെന്റിനൊപ്പം മോശം ആശയങ്ങളും, സന്ദേങ്ങങ്ങളും പങ്കുവയ്ക്കപ്പെടാമല്ലോ. ഇതിനെല്ലാമെതിരെയുള്ള നയരൂപീകരണത്തിലും നീലിന്റെ സംഭാവനകള്‍ അമൂല്ല്യമായിരുന്നു. പ്ലാറ്റ്‌ഫോമിനു വേണ്ട നയങ്ങളും കമ്യൂണിറ്റി നിര്‍ദ്ദേശങ്ങളും ഒക്കെ അദ്ദേഹത്തിന്റെ കൂടെ അഭിപ്രായം ഉള്‍ക്കൊള്ളിച്ചു.

ട്വിറ്റര്‍ മേധാവിയാ വിസമ്മതിച്ച നീലിന് ഉചിതമായ സമ്മാനം

നീലിനെ പോലെ ഒരാളെ ഗൂഗിളില്‍ നിന്ന് അടര്‍ത്തെയെടുക്കാന്‍ കൊതിച്ച പല കമ്പനികളും ഉണ്ട്. ക്ലൗഡ് സംഭരണ മേഖലയിലെ ഭീമന്‍ ഡ്രോപ്‌ബോക്‌സ് ആണ് ഒരു ഉദാഹരണം. കമ്പനിയുടെ മേധാവിയായി പ്രവര്‍ത്തിക്കാനായിരുന്നു നീലിന് നല്‍കിയ ക്ഷണം. ട്വിറ്റര്‍ മേധാവിയാകാനും നീലിന് 2011ല്‍ ക്ഷണം കിട്ടി. ഇത് ഗൂഗിള്‍ കൈകാര്യം ചെയ്തത് 100 ദശലക്ഷം ഡോളറിനുള്ള ഓഹരി നീലിന് നല്‍കിയാണെന്ന് ടെക്ക്രഞ്ച് പറയുന്നു.

സൂസന്‍: ഗൂഗിളിന്റെ ആദ്യ ജോലിക്കാരികളില്‍ ഒരാള്‍

ഗൂഗിള്‍ കമ്പനി ഒരു ഗ്യാരേജില്‍ ഏകദേശം 25 വര്‍ഷം മുമ്പ് തുടങ്ങുന്ന സമയത്ത് ജോലിക്കെത്തുന്ന ആദ്യ ആളുകളിലൊരാളാണ് സൂസന്‍. ഇനി താന്‍ കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികള്‍ ഇവയില്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂസന്‍ പറഞ്ഞു. ഗൂഗിളിന്റെ പരസ്യ വിഭാഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി ജോലിചെയ്തു വരുന്ന സമയത്താണ് യൂട്യൂബിന്റെ മേധാവിയായി 2014ല്‍ സ്ഥാനക്കയറ്റം ലഭിക്കുന്നത്. പുതിയ മാറ്റം യൂട്യൂബിന്റെയും ഗൂഗിളിന്റെയും മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ഓഹരിയില്‍ കാര്യമായ ചലനം ഉണ്ടാക്കിയില്ലെന്ന് റോയിട്ടേഴ്‌സ് പറയുന്നു.

യൂട്യൂബ് രണ്ടാം സ്ഥാനത്തേക്കു പോയി

അതേസമയം, സ്ട്രീമിങ് സേവനങ്ങളില്‍ മറികടക്കാനാകാത്ത സാന്നിധ്യമായി നിലനിന്നിരുന്ന യൂട്യൂബ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കു പോയി. ടിക്‌ടോക്കാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ലോകത്ത് ഏറ്റവുമധികം വിഡിയൊ കണ്ടന്റ് കാണുന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ സാന്നിധ്യമില്ലാതെയാണ് ടിക്‌ടോക്ക് യൂട്യൂബിനെ കെട്ടുകെട്ടിച്ചത് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന സംഗതികളിലൊന്ന്. ഇതായിരിക്കാം സൂസന് മേധാവി സ്ഥാനം നഷ്ടപ്പെടാനുണ്ടായ കാര്യങ്ങളിലൊന്ന് എന്നു കരുതാം.

നീലിന്റെ മുന്നിലുള്ള വെല്ലുവിളി

നൂതന തന്ത്രങ്ങള്‍ അനുവര്‍ത്തിച്ച് യൂട്യൂബിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുക എന്നതായിരിക്കും 49കാരനായ (ചില റിപ്പോര്‍ട്ടുകള്‍ പ്രകരാം 47) നീലിന്റെ ആദ്യ ദൗത്യങ്ങളിലൊന്ന്. ഹേമ സരീന്‍ മോഹന്‍ ആണ് നീലിന്റെ ഭാര്യ. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികളിലും മറ്റുമാണ് ഹേമ രണ്ടു പതിറ്റാണ്ടോളം ജോലിയെടുത്തത് എന്നു പറയുന്നു.

English Summary: Who is Neal Mohan, the new Indian American CEO of YouTube?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com