ADVERTISEMENT

സ്മാര്‍ട് വാച്ചുകള്‍ ധരിക്കുന്നവര്‍ ധാരാളം സ്ട്രാപ്പുകളും വാങ്ങിക്കൂട്ടാറുണ്ട്. ഉപയോക്താവ് ധരിക്കുന്ന വസ്ത്രവുമായി യോജിച്ചുപോകാനും മറ്റുമാണിത്. എന്നാല്‍, ഈ പ്രശ്‌നത്തിനൊരു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍ ആപ്പിളെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിളിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പേറ്റന്റ് പ്രകാരം ബാറ്ററി ചാര്‍ജ് ഉപയോഗിച്ച് നിറം മാറ്റാന്‍ സാധിക്കുന്ന ഇലക്ട്രോക്രൊമാറ്റിക് ബാന്‍ഡാണ് ആപ്പിള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

∙ ഇലക്ട്രോക്രൊമാറ്റിക് ഫിലമെന്റുകള്‍ ഉപയോഗിച്ച് നിര്‍മിക്കും

മൂന്ന് വ്യത്യസ്ത ബാന്‍ഡിലുള്ള ഇലക്ട്രോക്രൊമാറ്റിക് ഫിലമെന്റുകള്‍ ചേര്‍ത്തായിരിക്കും പുതിയ സ്ട്രാപ് ഉണ്ടാക്കുക. Aരോ ബാന്‍ഡിനും ഓരോ നിറമായിരിക്കുമെന്ന സൂചനയാണ് പേറ്റന്റ് അപേക്ഷയില്‍നിന്നു ലഭിക്കുന്നത്. ഉപയോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് സ്ട്രാപ്പിന്റെ നിറം മാറ്റാം. ധരിക്കുന്ന വസ്ത്രം, ചുറ്റുപാടുകള്‍, മൂഡ് എന്നിവയ്ക്ക് അനുസരിച്ച് സ്ട്രാപ്പിന്റെ നിറം മാറ്റാനായിരിക്കും ഉപയോക്താവിന് സാധിക്കുക. ഇതോടെ, ഇടയ്ക്കിടയ്ക്ക് സ്ട്രാപ് മാറ്റുന്നത് ഒഴിവാക്കാം. ഫോണില്‍നിന്നും മറ്റുമുള്ള നോട്ടിഫിക്കേഷനും സ്ട്രാപ്പില്‍ കാണിക്കാന്‍ സാധിച്ചേക്കുമെന്നും കരുതുന്നു.

∙ ഫ്രണ്ടിന്റെ മെസേജ് വന്നാല്‍ വേറൊരു നിറം

അലാം അടിക്കുമ്പോള്‍ ചുവപ്പു നിറത്തിലേക്കു മാറാനോ, ഒരു പ്രത്യേക സുഹൃത്തിന്റെ സന്ദേശം എത്തുമ്പോള്‍ പച്ച നിറത്തില്‍ പ്രകാശിക്കാനോ ഒക്കെ സ്ട്രാപ് ക്രമീകരിക്കാം. ഇങ്ങനെ വിവിധ തരത്തിലുള്ള നോട്ടിഫിക്കേഷനുകള്‍ക്കായി ഉപയോഗിക്കാവുന്നതായിരിക്കും സ്ട്രാപ് എന്നാണ് സൂചന. തങ്ങളുടെ സവിശേഷ സ്റ്റൈലിന് അനുസരിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഒന്നായിരിക്കും സ്ട്രാപ്. വസ്ത്രത്തിന് അനുസരിച്ചുള്ള നിറം സ്ട്രാപ്പിനു നല്‍കാനും സാധിക്കും. വാച്ചിന്റെ നിറം മാറ്റാനായി അത് അഴിച്ചെടുക്കേണ്ട കാര്യമില്ലെന്നും പേറ്റന്റിലെ വിവരണത്തില്‍ പറയുന്നു. നേരത്തെ, ആപ്പിള്‍ വാച്ചില്‍ ക്യാമറ ഉള്‍പ്പെടുത്താനുള്ള ശ്രമത്തെക്കുറിച്ച് റിപ്പോര്‍ട്ട് വന്നിരുന്നുവല്ലോ: https://bit.ly/3XW5Tzo

∙ സാംസങ്ങിന്റെ ബിക്സ്ബി ഫോണ്‍ കോളിനു മറുപടി പറയും

ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിള്‍ സിറി തുടങ്ങിയ വോയിസ് അസിസ്റ്റന്റുകളെ പോലെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒന്നാണ് സാംസങ്ങിന്റെ ബിക്‌സ്ബി (Bixby). ഇത്രയുംനാള്‍ ആന്‍ഡ്രോയിഡിലെ ഭീമനായ 'ഗൂഗിള്‍ അസിസ്റ്റന്റിന്റെ' കൂടെയായിരുന്നു ബിക്‌സ്ബി. അതൊരു പഴങ്കഥയാക്കാനുള്ള ശ്രമത്തിലാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ്. ഘട്ടംഘട്ടമായി പുതിയ ഫീച്ചറുകള്‍ ബിക്‌സ്ബിയില്‍ ചേര്‍ത്തുവരികയാണ് കമ്പനി.

∙ ഇന്റര്‍നെറ്റ് ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാം

ബിക്‌സ്ബി ഇപ്പോള്‍ കരുത്തുറ്റ വോയിസ് അസിസ്റ്റന്റ് ആയിക്കഴിഞ്ഞു. ചില കാര്യങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഇല്ലെങ്കിലും പ്രവര്‍ത്തിപ്പിക്കാം. ഉദാഹരണത്തിന് സ്‌ക്രീന്‍ഷോട്ട് എടുക്കാനും ഫോണിന്റെ ടോര്‍ച് തെളിക്കാനുമൊക്കെ ആവശ്യപ്പെടാം.

∙ മെസേജ് ടൈപ്പ് ചെയ്താൽ മറുപടി നല്‍കും

ഗൂഗിളിന്റെ ഫീച്ചറുകളില്‍ ഒന്നാണ് 'കോള്‍ സ്‌ക്രീന്‍'. ഒരു ഫോണ്‍ കോള്‍ വരുമ്പോള്‍ അതിനു മറുപടിയായി ടെക്സ്റ്റ് ടൈപ്പു ചെയ്തുകഴിഞ്ഞാല്‍ അത് പറയാനുള്ള ശേഷിയാണ് ഇത്. ഇത്തരം ശേഷിയാണ് ബിഗ്‌സ്ബി 'ടെക്സ്റ്റ് കോളി'ല്‍ സാംസങ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. നിലവില്‍ ഗ്യാലക്‌സി എസ്23 സീരീസ്, സെഡ് ഫോള്‍ഡ് 4, സെഡ് ഫ്‌ളിപ് 4 എന്നീ മോഡലുകള്‍ക്കു മാത്രമാണ് സപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. കൂടുതല്‍ മോഡലുകളിലേക്ക് ഈ ഫീച്ചര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

∙ ഇറാനില്‍ ഇന്‍സ്റ്റഗ്രാം വിലക്കി; ദശലക്ഷക്കണക്കിനു പേര്‍ അത് ഉപയോഗിക്കുന്നു

ഇറാന്‍ സർക്കാർ ഇന്‍സ്റ്റഗ്രാം നിരോധിച്ചെങ്കിലും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. സെപ്റ്റംബര്‍ 16ന് മാഹ്‌സാ അമിനി എന്ന 22കാരിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് ഇറാനിൽ ഇന്‍സ്റ്റഗ്രാം നിരോധിക്കാൻ കാരണമായത്. എന്നാല്‍, വിപിഎന്‍ ഉപയോഗിച്ചാണ് പലരും ആപ് ഉപയോഗിക്കുന്നതെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

∙ ആര്‍ട്ടിഫാക്ട് വാര്‍ത്താ ആപ്പുമായി ഇന്‍സ്റ്റഗ്രാം സ്ഥാപകര്‍

മൈക് ക്രിഗറും കെവിന്‍ സിസ്ട്രോമും ചേര്‍ന്നു സ്ഥാപിച്ച ഇന്‍സ്റ്റഗ്രാം മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക് ഏറ്റെടുക്കുകയായിരുന്നു. കമ്പനി വിട്ട മൈക്കും കെവിനും പുതിയ ആപ് സൃഷ്ടിച്ചിരിക്കുകയാണ്. ആര്‍ട്ടിഫാക്ട് എന്ന പേരിട്ടിരിക്കുന്ന ആപ് ഉപയോക്താവിന് ഇഷ്ടമുള്ള രീതിയിലുള്ള വാര്‍ത്തകള്‍ നല്‍കുന്ന ഒന്നായിരിക്കും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. താത്പര്യമറിഞ്ഞ് വാര്‍ത്ത നല്‍കുമെന്നാണ് വാഗ്ദാനം. പക്ഷേ, അതിനായി ഉപയോക്താവിനെക്കുറിച്ചുള്ള ധാരാളം ഡേറ്റയും എടുത്തേക്കാം.

∙ വികാരത്തെക്കുറിച്ച് ബിങ് എഐയോട് മിണ്ടിപ്പോകരുത്!

അദ്ഭുതപ്പെടുത്തുന്ന ഉത്തരങ്ങള്‍ നല്‍കി മുന്നേറുകയാണ് ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതുക്കി അവതരിപ്പിച്ച മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എൻജിൻ ബിങ്. സിഡ്‌നി എന്ന പേരിലായിരുന്നു മൈക്രോസോഫ്റ്റ് പുതിയ ബിങ് സേര്‍ച്ച് വികസിപ്പിച്ചുവന്നതെന്ന് ബ്ലൂംബര്‍ഗ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിരവൈരിയായ ഗൂഗിളിനെക്കാള്‍ മികച്ച റിസള്‍ട്ട് നല്‍കാനാകുന്നു എന്ന ആഹ്ലാദത്തിലാണ് ബിങ്ങിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നർ, എങ്കിലും ചില പ്രശ്‌നങ്ങളും നേരിടുന്നുണ്ട്.

∙ സിഡ്‌നിയെക്കുറിച്ചും ഒരക്ഷരം മിണ്ടരുത്

ബിങ്ങിനോട് ഇപ്പോള്‍ സിഡ്‌നിയെക്കുറിച്ചോ, വികാരത്തെ കുറിച്ചോ (ഫീല്‍, ഫീലിങ് തുടങ്ങിയ പദങ്ങള്‍) സേര്‍ച്ചുകള്‍ നടത്തിയാല്‍ ബിങ് മൗനിയാകുന്നു എന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ മനസ്സിലാക്കി തങ്ങള്‍ ബിങ്ങിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് നേരത്തേ അറിയിച്ചിരുന്നു.

bing-chatpt

∙ ഡൈനമിക് ഐലൻഡുമായി റിയല്‍മി

ആപ്പിളിന്റെ ഐഫോണ്‍ പ്രോ മോഡലുകളിലെത്തിയ ഏറ്റവും പുതിയ ഫീച്ചറുകളിലൊന്നായ ഡൈനാമിക് ഐലൻഡ് എന്തുകൊണ്ടാണ് ചൈനീസ് കമ്പനികള്‍ കോപ്പിയടിക്കാത്തതെന്ന് ഇനി ചിന്തിച്ചു ബുദ്ധിമുട്ടേണ്ട. ഷഓമിയുടെ സിവി 2ല്‍ ഇതിനു സമാനമായ ഫീച്ചര്‍ അവതരിപ്പിച്ചതിനു പിന്നാലെ റിയല്‍മിയുടെ അടുത്ത ഫോണില്‍ അതുപോലെയുള്ള ഫീച്ചര്‍ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ സൂചന. ഐഫോണിലെ നോച്ച് ഇല്ലാതാക്കാന്‍ ആപ്പിളിന് ഇതുവരെ സാധിച്ചിട്ടില്ല. 'വീണിടത്തു വിദ്യ' എന്ന നിലയിലാണ് ആപ്പിള്‍ ഈ വര്‍ഷം നോച്ചിന്റെ ചെറിയ വേര്‍ഷനില്‍ അല്‍പം ചില ഫങ്ഷണാലിറ്റി നല്‍കിയത്.

∙ റിയല്‍മി സി സീരീസില്‍ പുതുമ

പുതിയ മോഡൽ ഫോണുകളിലെ ട്രൂഡെപ്ത് ക്യാമറാ സിസ്റ്റം ഗ്ലാസുകൊണ്ട് മറയ്ക്കാനുള്ള ശ്രമം വരും വര്‍ഷങ്ങളില്‍ റിയൽമി നടത്തിയേക്കും. എന്തായാലും ഡൈനാമിക് ഐലൻഡ് അത്ര വലിയ വിജയവുമായിരുന്നില്ല. പക്ഷേ, റിയല്‍മിയുടെ ഇന്ത്യാ മേധാവി മാധവ് സേത് പുറത്തുവിട്ട ചിത്രം പ്രകാരം റിയല്‍മി ഈ ഫീച്ചര്‍ ഉടനെ അവതരിപ്പിച്ചേക്കും. ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം ട്വീറ്റും ചെയ്തിരുന്നു. പക്ഷേ, ഇത് ഉടനെ ഡിലീറ്റു ചെയ്തുവെങ്കിലും റിയല്‍മിയുടെ താരതമ്യേന വില കുറഞ്ഞ സി സീരീസ് ഫോണുകളില്‍ ഡൈനാമിക് ഐലൻഡ് വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇതൊരു സോഫ്റ്റ്‌വെയര്‍ ഫങ്ഷണാലിറ്റിയായി ആന്‍ഡ്രോയിഡില്‍ വികസിപ്പിക്കാനുള്ള സാധ്യതയുണ്ടോ എന്ന കാര്യം ഇപ്പോള്‍ തീര്‍ച്ചപ്പെടുത്താനാവില്ല.

English Summary: Your next Apple Watch might have a colour-changing strap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com