ADVERTISEMENT

ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്തെ ജനപ്രിയ സമൂഹ മാധ്യമ ആപ്പുകളിലൊന്നായി മാറിയ ടിക്‌ടോക് ഒരു അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കണമെന്ന് വാഷിങ്ടണ്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. ടിക്‌ടോക് ഉടമ ബൈറ്റ്ഡാന്‍സാണ് അമേരിക്കന്‍ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയത്. കമ്മറ്റി ഓണ്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ദ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് (സിഎഫ്‌ഐയുഎസ്) ആണ് ഇക്കാര്യം പറഞ്ഞതെന്ന് ടിക്‌ടോക് വക്താവ് ബ്രൂക് ഒബര്‍വെറ്റര്‍ പറഞ്ഞു.

 

∙ നിരോധിക്കേണ്ടങ്കില്‍ വിറ്റോളണമെന്ന് ഭീഷണി

 

അമേരിക്കയില്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ടിക്‌ടോക് വിറ്റില്ലെങ്കില്‍ നിരോധിക്കുമെന്നാണ് ഭീഷണി. സമാനമായ ഒരു സാഹചര്യം മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്തും ഉണ്ടായിരുന്നു. അന്ന് കോടതി വിധി നേടിയ ടിക്‌ടോക് പിടികൊടുക്കാതെ രക്ഷപെടുകയായിരുന്നു. ചൈന തങ്ങളുടെ രാജ്യത്തു നടക്കുന്ന കാര്യങ്ങള്‍ ടിക്‌ടോക് ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന ഭീതിയാണ് ചില അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും സെനറ്റര്‍മാരും പങ്കുവയ്ക്കുന്നത്. അതേസമയം, അമേരിക്കന്‍ കമ്പനിക്ക് വിറ്റുമാറിയെന്നു കരുതി ആശങ്കകള്‍ക്ക് അറുതിവരില്ലെന്ന് ടിക്‌ടോക് വക്താവ് പറഞ്ഞു. സുരക്ഷയാണ് പ്രശ്‌നമെങ്കില്‍ വില്‍പന ഉപകരിക്കില്ല. അമേരിക്കക്കാരുടെ ഡേറ്റ ഇപ്പോള്‍ ഒഴുകുന്നതു പോലെ തന്നെ കൈമാറ്റം നടന്നാലും ഒഴുകുമെന്നാണ് വക്താവ് പറഞ്ഞത്.

 

∙ വേണ്ടത് സുതാര്യത

 

അമേരിക്കയുടെ ആശങ്കകള്‍ അകറ്റാനുള്ള ഏറ്റവും മികച്ച വഴി സുതാര്യമായ രീതിയില്‍ അമേരിക്കന്‍ ഉപയോക്താക്കളുടെ ഡേറ്റ ശേഖരിച്ചു സൂക്ഷിക്കുക എന്നതാണ്. മറ്റാരും ഇതു കാണുന്നില്ലെന്ന് ഉറപ്പാക്കാനായി തേഡ് പാര്‍ട്ടിയുടെ സഹായവും തേടണം. ട്രംപിന്റെ കാലത്തേ നീക്കത്തിന് തടയിട്ടത് അമേരിക്കന്‍ കോടതിയായിരുന്നു. ഇത്തവണയും ടിക്‌ടോക് കോടതിയെ സമീപിക്കുമോ എന്ന കാര്യം വ്യക്തമല്ല. കൂടുതല്‍ അനുരഞ്ജനത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമായിരിക്കും കമ്പനി നടത്തുക. അമേരിക്കന്‍ ഉപയോക്താക്കളുടെ ഡേറ്റ ആരും കാണുന്നില്ലെന്ന് തെളിയിക്കാനാണ് ടിക്‌ടോക് ശ്രമിക്കുന്നത്.

 

∙ ഡേറ്റ നീക്കിയിട്ടും സംശയം തീരുന്നില്ല

 

കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്കയിലെ ടിക്‌ടോക് ഉപയോക്താക്കളുടെ ഡേറ്റ മുഴുവന്‍ അമേരിക്കന്‍ കമ്പനിയായ ഓറക്കിളിന്റെ സെര്‍വറുകളിലേക്ക് മാറ്റിയിരുന്നു. ഇതിനു പുറമെ തങ്ങളുടെ ആപ്പിന്റെ ചില കോഡുകള്‍ പരിശോധിക്കാനും ഓറക്കിളിന് അനുമതി നല്‍കിയിരുന്നു. ബൈറ്റ്ഡാന്‍സിനു നല്‍കാതെ അമേരിക്കന്‍ യൂസര്‍മാരുടെ ഡേറ്റ സംരക്ഷിച്ചു നിർത്താനുള്ള ചുമതലയും ഓറക്കിളിനെ ഏല്‍പ്പിച്ചിരുന്നു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും ഇത്തരം നീക്കങ്ങളൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ് ചില അമേരിക്കന്‍ അധികാരികളെന്നും ആരോപണമുണ്ട്. 

 

∙ ടിക്‌ടോക് സിഇഒയ്ക്ക് സമണ്‍സ്

 

അടുത്തയാഴ്ച അമേരിക്കയുടെ ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിയുടെ മുൻപില്‍ ഹാജരാകാന്‍ ടിക്‌ടോക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഷൗ സി ച്യുവിനോട് ആവശ്യപ്പെട്ടു. ആപ്പിന്റെ ചൈനാ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളായിരിക്കും അദ്ദേഹത്തോട് ചോദിക്കുക എന്നാണ് പൊതുവെ അനുമാനിക്കുന്നത്.

Photo: Semisatch/ Shutterstock
Photo: Semisatch/ Shutterstock

 

∙ ബൈറ്റ്ഡാന്‍സിനെതിരെ എഫ്ബിഐ അന്വേഷണം

 

രണ്ട് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരെ ടിക്‌ടോക് ഉപയോഗിച്ച് നിരീക്ഷിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ബൈറ്റ്ഡാന്‍സ് ടിക്‌ടോക്കിന്റെ നാലു ജോലിക്കാരെ ഡിസംബറില്‍ പിരിച്ചുവിട്ടിരുന്നു. അതേക്കുറിച്ച് എഫ്ബിഐയും ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസും അന്വേഷിച്ചുവരികയാണെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ടിക്‌ടോക് വില്‍ക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്ന സമയത്താണ് ഇതേക്കുറിച്ചുള്ള വിവരവും പുറത്തുവന്നിരിക്കുന്നത്. ടിക്‌ടോക് വഴിയുള്ള നിരീക്ഷണ സാധ്യതയെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിലെ ടിക്‌ടോക് വിരുദ്ധര്‍ സംശയമുയര്‍ത്തി വരുന്ന സമയത്തുമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് എന്നതും കമ്പനിക്ക് വിനയായേക്കും. 

 

∙ മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷിച്ചത് അപലപിക്കുന്നു എന്ന് ബൈറ്റ്ഡാന്‍സ്

 

തങ്ങളുടെ ജോലിക്കാര്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിച്ചത് ശക്തമായി അപലപിക്കുന്നുവെന്ന് ബൈറ്റ്ഡാന്‍സ് പറഞ്ഞു. അവരിനി ബൈറ്റ് ഡാന്‍സിന്റെ ഭാഗമാകില്ലെന്നും കമ്പനി പറഞ്ഞു. ഇതേക്കുറിച്ച് നടത്തുന്ന അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും കമ്പനി പറഞ്ഞു. അതേസമയം, പുതിയ റിപ്പോര്‍ട്ട് ടിക്‌ടോക്കിനെതിരെയുള്ള രോഷം ആളിക്കത്തിച്ചേക്കുമെന്നു പറയുന്നു.

 

∙ ഉദ്യോഗസ്ഥരുടെ ഫോണില്‍ നിന്ന് ടിക്‌ടോക് ഉടന്‍ നീക്കം ചെയ്യണമെന്ന് ബ്രിട്ടൻ

 

അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പട്ടതു പോലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഫോണില്‍ നിന്ന് ടിക്‌ടോക് ഉടനടി നീക്കംചെയ്യണമെന്ന് ബ്രിട്ടൻ ഉത്തരവിട്ടു. സർക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണില്‍ തേഡ് - പാര്‍ട്ടി ആപ്പുകള്‍ പാടില്ലെന്നുള്ള നയത്തിന്റെ ഭാഗമായാണിത്.

 

∙ എഐ ഉപയോഗിച്ചു സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ക്ക് പകര്‍പ്പവകാശം നല്‍കാനാവില്ലെന്ന് അമേരിക്ക

 

മിഡ്‌ജേണി, സ്റ്റേബിൾ ഡിഫ്യൂഷന്‍ തുടങ്ങി പല എഐ മോഡലുകള്‍ക്കും വാക്കുകള്‍ ഉപയോഗിച്ചു നല്‍കുന്ന കമാന്‍ഡിന് അനുസരിച്ച് ചിത്രങ്ങള്‍ സൃഷ്ടിച്ചു നല്‍കാനാകും. ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കുന്നവർക്ക് അതിന്റെ പകര്‍പ്പവകാശം നൽകാനാവില്ലെന്ന് വിധിച്ചിരിക്കുകയാണ് അമേരിക്ക എന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. യുഎസ് കോപ്പിറൈറ്റ് ഓഫിസിന്റേതാണ് ഈ വിധി. താന്‍ നടത്തുന്ന സൃഷ്ടിക്ക് കലാകാരനു നല്‍കുന്നതുപോലെ വാക്കാലുള്ള കമാന്‍ഡ് നല്‍കുന്ന വ്യക്തിക്ക് എഐ സൃഷ്ടിച്ച ചിത്രങ്ങള്‍ക്ക് പകര്‍പ്പാവകാശം നല്‍കാനാവില്ലെന്നാണ് വിധി.

 

∙ ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 സ്മാര്‍ട് വാച്ച് വില്‍പനയ്ക്ക്

 

ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 സ്മാര്‍ട് വാച്ച് സീരീസ് ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍പനയ്ക്ക് എത്തി. റിവോള്‍ട്ട് എഫ്എസ്1 മോഡലിന് ബ്ലൂടൂത് കോളിങ് ഉണ്ട്. 1.83-ഇഞ്ച് ആണ് സ്‌ക്രീന്‍ വലുപ്പം. തുടക്ക ഡിസ്‌കൗണ്ട് ഓഫര്‍ മുതലാക്കാന്‍ സാധിക്കുന്നവര്‍ക്ക് വാച്ച് 1,695 രൂപയ്ക്കു വാങ്ങാം. മാര്‍ച്ച് 22 മുതലാണ് വില്‍പന.

 

∙ അമേസ്ഫിറ്റ് ജിടിആര്‍ മിനി സ്മാര്‍ട് വാച്ചിന് വില 10,999 രൂപ

 

സ്മാര്‍ട് വെയറബിൾ ഉപകരണ നിര്‍മാതാവ് അമേസ്ഫിറ്റ് പുതിയ സ്മാര്‍ട് വാച്ച് പുറത്തിറക്കി. ജിടിആര്‍ മിനി വാച്ചിന് 10,999 രൂപയാണ് വില. ഇതിന് 120 സ്‌പോര്‍ട്‌സ് മോഡുകളും ഹെല്‍ത് ആപ്പുകളും ഉണ്ട്. കൂടാതെ, 14 ദിവസത്തെ ബാറ്ററി ലൈഫും ഉണ്ടായിരിക്കും. സെപ് ഒഎസ് 2.0 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം.

 

∙ ഹാമ്മര്‍ എയ്‌സ് 3.0 സ്മാര്‍ട് വാച്ചും വിപണിയിലേക്ക്, വില 1,999 രൂപ

 

വെയറബിൾ ഉപകരണ നിര്‍മാതാവ് ഹാമ്മര്‍ പുതിയൊരു വാച്ച് കൂടി പുറത്തിറക്കി. ഹമ്മര്‍ എയ്‌സ് 3.0 എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന സ്മാര്‍ട് വാച്ചിന് ബ്ലൂടൂത് കോളിങ് സാധ്യമാണ്. സ്‌ക്രീന്‍ വലുപ്പം 1.85 ഇഞ്ച് ആണ്. അഞ്ചു ദിവസം വരെ ബാറ്ററി ലൈഫ് കിട്ടുമെന്നു പറയുന്ന വാച്ചിന് വില 1,999 രൂപയായിരിക്കും.

 

English Summary: U.S. Threatens Ban if TikTok’s Chinese Owners Don’t Sell Stakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com