ADVERTISEMENT

അപ്രതീക്ഷിതമായി എത്തി അമ്പരപ്പിച്ച എഐ സേര്‍ച്ച് എൻജിനായ ചാറ്റ്ജിപിടിക്കെതിരെ പുതിയ എഐ ചാറ്റ് ഫീച്ചര്‍ ഉള്‍ക്കൊള്ളിക്കുകയാണ് സേര്‍ച്ച് ഭീമന്‍ ഗൂഗിള്‍. ബാര്‍ഡ് എന്നു പേരിട്ടിരിക്കുന്ന സേര്‍ച്ച് അസിസ്റ്റന്റ് പരീക്ഷണാര്‍ഥം ഇപ്പോള്‍ ചില ഉപയോക്താക്കള്‍ക്കു നല്‍കിത്തുടങ്ങിയിരിക്കുന്നു. ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട് ഫോണ്‍ ശ്രേണിയായ പിക്‌സല്‍ ഉപയോക്താക്കളില്‍ തിരഞ്ഞെടുത്ത ചിലര്‍ക്കാണ് ബാര്‍ഡ് പരീക്ഷിക്കാന്‍ സാധിക്കുക എന്ന 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 'പിക്‌സല്‍സൂപ്പര്‍ഫാന്‍സ്' എന്നൊരു കമ്യൂണിറ്റിയുണ്ട്. ഇതിലെ ഉപയോക്താക്കള്‍ക്കാണ് ബാര്‍ഡ് തുറന്നു നല്‍കിയിരിക്കുന്നത്.

∙ ഉടന്‍ ബീറ്റാ ടെസ്റ്റിങ്

എഐ ചാറ്റ് സംവിധാനമായ ബാര്‍ഡിന്റെ ബീറ്റാ ടെസ്റ്റിങ് ഗൂഗിള്‍ ഉടന്‍ തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പിക്‌സല്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഇപ്പോള്‍ 'പിക്‌സല്‍ സൂപ്പര്‍ഫാന്‍സ്' കമ്യൂണിറ്റിയില്‍ ചേര്‍ന്ന് ബാര്‍ഡിന്റെ ഗുണദോഷങ്ങള്‍ പരീക്ഷിക്കാം. 'പിക്‌സല്‍ സൂപ്പര്‍ഫാന്‍സി'ന് സര്‍പ്രൈസ് ഓഫറുകളും മറ്റും കമ്പനി നല്‍കുന്നുമുണ്ട്. അതുകൊണ്ട് പിക്‌സല്‍ ഫോണ്‍ ഉടമകള്‍ കമ്യൂണിറ്റിയില്‍ ചേരുന്നത് ഗുണകരമായിരിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ചാറ്റ്ജിപിടിയെ പോലെ ഗൂഗിളിന്റെ ബാര്‍ഡും ഒരു ജനറേറ്റിവ് ലാംഗ്വേജ് മോഡലാണ്.

∙ ചാറ്റ്ജിപിടി പണിമുടക്കി

വൈറലായ എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടി കുറച്ചു സമയത്തേക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കാതായെന്ന് റിപ്പോർട്ട്. ചില ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററി മറ്റുള്ളവര്‍ക്ക് കാണാനായെന്നും ആരോപണമുണ്ട്. ഇതിന്റെയെല്ലാം സ്‌ക്രീന്‍ഷോട്ടുകള്‍ വിവിധ ഉപയോക്താക്കള്‍ റെഡിറ്റിലും ട്വിറ്ററിലും പങ്കുവച്ചിട്ടുമുണ്ട്. തങ്ങളുടെ ചാറ്റുകള്‍ മറ്റുള്ളവരുടെ ചാറ്റ്ജിപിടി സൈഡ്ബാറില്‍ കാണാനായി എന്നാണ് ചിലര്‍ ആരോപിക്കുന്നത്.

∙ താത്കാലികമായി പ്രവര്‍ത്തനം നിർത്തി

ആരോപണങ്ങളെ തുടർന്ന് ചാറ്റ്ജിപിടിയുടെ പ്രവര്‍ത്തനം താത്കാലികമായി നിർത്തിയെന്ന് കമ്പനി വക്താവ് പറഞ്ഞുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുടെ സിസ്റ്റത്തില്‍ ഒരു ബഗ് കടന്നുകൂടിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു പറയുന്നു. ‌എന്താണു സംഭവിച്ചതെന്ന അന്വേഷണത്തിലാണ് കമ്പനി എന്ന് റിപ്പോര്‍ട്ട് പറയുന്നു.

∙ ചാറ്റ്ജിപിടി സ്മാര്‍ട് വാച്ചിലേക്കും

സാംസങ്ങിന്റെ ഗ്യാലക്‌സി വാച്ച് തുടങ്ങി വെയര്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് വാച്ചുകളില്‍ ചാറ്റ്ജിപിടി പ്രവര്‍ത്തിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചില ഉപയോക്താക്കള്‍. ഗൂഗിള്‍ അസിസ്റ്റന്റിന്റെ മുഷിപ്പന്‍ ഉത്തരങ്ങള്‍ക്കു പകരമാണ് വളഞ്ഞ വഴിയില്‍ ചാറ്റ്ജിപിടിയെ വെയര്‍ഒഎസ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിച്ചത്. എന്നാല്‍, ഇനി വളഞ്ഞ വഴിയൊന്നുമില്ലാതെ ചാറ്റ്ജിപിടിയെ വെയര്‍ഒഎസ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം.

∙ വന്നു വെയര്‍ജിപിടി!

അര്‍ജുന്‍ എം., യാഷ് എം. എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വെയര്‍ ഒഎസ് ആപ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും. സ്മാര്‍ട് വാച്ചിലെ പ്ലേ സ്റ്റോറില്‍ തന്നെ വെയര്‍ജിപിടി എന്നു സേര്‍ച്ച് ചെയ്യുക. ഫോണ്‍ ഉപയോഗിച്ചും ഇതു ചെയ്യാം. ഫോണ്‍ ഉപയോഗിച്ചാണ് സേര്‍ച്ച് ചെയ്യുന്നതെങ്കില്‍ 'ഇന്‍സ്‌റ്റാള്‍ ഓണ്‍ മോര്‍ ഡിവൈസസ്' ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ നിങ്ങളുടെ സ്മാര്‍ട് വാച്ച് തിരഞ്ഞെടുക്കുക. ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞ് ആപ് വാച്ചില്‍ മറ്റ് ആപ്പുകള്‍ക്കൊപ്പം ലഭിക്കും. മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക് ചെയ്ത് വോയിസ് ഉപയോഗിച്ച് ചോദ്യങ്ങള്‍ ചാറ്റ്ജിപിടിയോട് ചോദിക്കാം. ലഭിക്കുന്ന ഉത്തരം വായിച്ചു കേള്‍ക്കേണ്ടവര്‍ വീണ്ടും മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്കു ചെയ്യുക. അതേസമയം, നോട്ട് എഴുതാനും അലാമും റിമൈന്‍ഡറുകളും ഒക്കെ വയ്ക്കാനും ഗൂഗിള്‍ അസിസ്റ്റന്റ് വേണ്ടി വരും താനും.

∙ ആമസോണില്‍ 9,000 പേര്‍ക്കു കൂടി ജോലി നഷ്ടമാകും

ഓണ്‍ലൈന്‍ വില്‍പന ഭീമന്‍ ആമസോണ്‍ ആദ്യ ഘട്ടത്തില്‍ 27,000 ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനു പുറമെ 9,000 പേരെ കൂടി പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് കമ്പനി. ആമസോണില്‍ മൊത്തം ഏകദേശം 300,000 ജോലിക്കാരായിരുന്നു ആദ്യ പിരിച്ചുവിടലിനു മുൻപ് ഉണ്ടായിരുന്നത്.

∙ അസൂസ് ഗെയിമിങ് മൗസ് വില്‍പനയ്‌ക്കെത്തി, വില 5,999 രൂപ

തയ്‌വാനീസ് കമ്പനിയായ അസൂസിന്റെ പുതിയ ഗെയിമിങ് മൗസ് റോഗ് സ്ട്രിക്‌സ് ഇംപാക്ട് 3 (ROG Strix Impact III) വില്‍പനയ്‌ക്കെത്തി. മികച്ച ഗ്രിപ്പ് കിട്ടുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ മൗസിന് 59 ഗ്രാമാണ് ഭാരം. അതീവ കൃത്യത നല്‍കാനായി 12,000 ഡിപിഐ സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്നു. ഗെയിമര്‍മാര്‍ക്കും മികച്ച മൗസ് ആവശ്യമുള്ളവര്‍ക്കും പ്രിയപ്പെട്ടതാകുമെന്നു കരുതുന്ന ഈ വയേഡ് മൗസിന് വില 5,999 രൂപ. വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും അസൂസിന്റെ റീട്ടെയില്‍ ഷോപ്പുകളിലും വാങ്ങാന്‍ ലഭിക്കും. 

∙ ഗൂഗിള്‍ പിക്‌സല്‍ 6എ ഉടമകള്‍ക്ക് 5ജി തുറന്നു നല്‍കി

ഗൂഗിളിന്റെ പിക്‌സല്‍ 6എ 5ജി ശേഷിയുള്ള ഫോണ്‍ ആയിരുന്നു എങ്കിലും അതിന് ഇന്ത്യന്‍ 5ജി ഉപയോഗിക്കാന്‍ ഇതുവരെ സാധിക്കില്ലായിരുന്നു. പിക്‌സല്‍ 6എ ഉടമകള്‍ക്ക് 5ജി ഇപ്പോള്‍ തുറന്നു നല്‍കിയ കാര്യം കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അറിയിച്ചിരിക്കുന്നത്. പിക്‌സല്‍ 6എ ഉടമകള്‍ തങ്ങളുടെ പിക്‌സല്‍ 6എയ്ക്ക് റിലയന്‍സിന്റെയും എയര്‍ടെല്ലിന്റെയും 5ജി ലഭിക്കാന്‍ ഗൂഗിള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്. പുതിയ അപ്‌ഡേറ്റിനൊപ്പം സുരക്ഷാ പാച്ചും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

∙ പുതിയ എഐ ടെക്‌നോളജി അനാവരണം ചെയ്യാന്‍ എന്‍വിഡിയ

പ്രമുഖ ഗ്രാഫിക്‌സ് പ്രോസസര്‍ നിര്‍മാതാവായ എന്‍വിഡിയ വാര്‍ഷിക കോണ്‍ഗ്രസില്‍ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തും. ചാറ്റ്ജിപിടി പോലെയുള്ള എഐ സേവനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനായിരിക്കാം ഇത്. എഐയുടെ കുതിപ്പ് എന്‍വിഡിയയ്ക്ക് ഗുണകരമായി. കമ്പനിയുടെ ഓഹരി ഈ വര്‍ഷം എകദേശം 77 ശതമാനം വളര്‍ച്ചയാണ് കാണിച്ചിരിക്കുന്നത്. 

∙ എഐ ഉള്‍പ്പെടുത്തുന്നത് വര്‍ധിപ്പിക്കുമെന്ന് എഎംഡി

ചിപ്പ് നിര്‍മാണത്തില്‍ എന്‍വിഡിയയുടെ കടുത്ത എതിരാളിയായ എഎംഡിയും ഇനി എഐ എൻജിനുകള്‍ ചിപ്പുകളില്‍ പിടിപ്പിക്കുമെന്ന് അറിയിച്ചു. റെയ്‌സണ്‍ എഐ എന്നായിരിക്കാം കമ്പനിയുടെ എഐ സേവനത്തിന്റെ പേര്. തങ്ങളുടെ അടുത്ത തലമുറയിലെ റെയ്‌സണ്‍ 7000 സീരീസ് നിര്‍മിക്കാന്‍ കംപ്യൂട്ടര്‍ നിര്‍മാതാവ് എയ്‌സറിന്റെ സഹകരണം ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു.

FILES-US-WIRELESS-COMPUTERS-MERGER

∙ വിവാദങ്ങള്‍ക്കിടയിലും അമേരിക്കയില്‍ തിളച്ചുമറിഞ്ഞ് ടിക്‌ടോക്

ഫെയ്‌സ്ബുക്കിനെയും യൂട്യൂബിനെയും അസൂയപ്പെടുത്തി ചൈനീസ് ആപ്പായ ടിക്‌ടോകിന് അമേരിക്കയില്‍ വന്‍ വളര്‍ച്ച. ടിക്‌ടോകിന് 2020ല്‍ അമേരിക്കയില്‍ പ്രതിമാസ ഉപയോക്താക്കള്‍ 10 കോടിയായിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം അത് 15 കോടിയായാണ് വളര്‍ന്നിരിക്കുന്നത്. അമേരിക്കയില്‍ ടിക്‌ടോക് ഉടന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ആപ്പിന്റെ ജനപ്രീതി വെളിപ്പെടുത്തിക്കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

English Summary: Google’s ChatGPT rival Bard reveals it was trained with users’ Gmail data, Google reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com