ADVERTISEMENT

നവീനവും വേഗമേറിയതുമായ ബാങ്കിങ് സൊല്യൂഷനുകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. സാങ്കേതികവിദ്യയുടെ സഹായത്താൽ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവമെന്ന വൻ നേട്ടമാണ് ബാങ്കിങ്‌ രംഗം സമ്മാനിച്ചത്. പക്ഷേ, സുരക്ഷ എപ്പോഴും ഒരു ആശങ്ക തന്നെയാണ്. ഇതിനാൽ ഉപഭോക്തൃ അനുഭവവും സുരക്ഷയും ഒരുപോലെ കോർത്തിണക്കി കൊണ്ടുപോകേണ്ടിയിരിക്കുന്നു. രാജ്യത്തെ തന്നെ ഏറ്റവും വിപുലമായ ഡേറ്റാ ശേഖരമാണ് ബാങ്കിങ്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത്. ഇത്രയധികം പ്രാധാന്യമുള്ളതിനാൽ ഈ മേഖലയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളും നമ്മളൊന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

∙ ഡേറ്റാ എൻക്രിപ്‌ഷൻ ടെക്‌നോളജീസ്

വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് എൻക്രിപ്‌ഷൻ ടെക്‌നോളജി. ഇന്റർനെറ്റിലൂടെ ഡേറ്റ അയയ്‌ക്കുന്നതിന് മുൻപ് എല്ലാ ഡേറ്റയും വായിക്കാൻ കഴിയാത്ത സംഖ്യകളുടെ ഒരു സ്ട്രിങ്ങാക്കി മാറ്റുന്ന പ്രക്രിയയാണിത്. സ്റ്റോറേജ് തലത്തിലും ട്രാൻസിറ്റിലായിരിക്കുമ്പോഴും ധനകാര്യ സ്ഥാപനങ്ങൾ ഡേറ്റ എൻക്രിപ്റ്റ് ചെയ്യുന്നുണ്ട്.

ഉപയോക്താക്കളെ വിവിധ സൈബർ ആക്രമണങ്ങളിൽ നിന്ന് എൻക്രിപ്‌ഷൻ സംരക്ഷിക്കുന്നു. ശക്തമായ ക്രിപ്‌റ്റോഗ്രാഫിക് അൽഗോരിതങ്ങളുടെ ഒരു ശ്രേണിയാണ് എൻക്രിപ്‌ഷനായി ഉപയോഗിക്കുന്നത്. തകർക്കാൻ കഴിയാത്തത്ര നിലവാരമുള്ള എൻക്രിപ്ഷൻ ടെക്‌നോളജിയാണ് ബാങ്കുകൾ ഉപയോഗിക്കുന്നത്. വേറെ ആർക്കും ഡേറ്റ ഡീക്രിപ്റ്റ് ചെയ്യാൻ കഴിയുകയില്ല. നമ്മുടെ പേര്, അഡ്രസ്, പാസ്സ്‌വേർഡ്, കാർഡ് നമ്പർ തുടങ്ങിയ വിവരങ്ങൾ ബാങ്കിന് ഓൺലൈനായി എൻക്രിപ്‌ഷൻ കീ എക്സ്ചേഞ്ചിലൂടെ കൈമാറുമ്പോൾ, ഈ കീകൾ ഉപഭോക്താവിനും ബാങ്കിനും മാത്രമേ ലഭ്യമാകൂ. ഇതിനാൽ മറ്റാർക്കും ഡേറ്റ ലഭ്യമാകില്ല.

∙ സൈബർ ത്രീറ്റ് ഇന്റലിജൻസ്

സൈബർ ക്രിമിനലുകളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ബാങ്കിങ്, സാമ്പത്തിക സേവന മേഖലയാണ്. ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങളിൽ പോലും നുഴഞ്ഞുകയറാൻ സൈബർ കുറ്റവാളികൾ നിരന്തരം പുതിയ വഴികൾ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അവ തിരിച്ചറിയേണ്ടതും കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതും ഒരു വെല്ലുവിളി തന്നെയാണ്.

നിലവിലുള്ളതും പുതുതായി ഉണ്ടാകാൻ സാധ്യതയുള്ളതുമായ സൈബർ ഭീഷണികൾ തിരിച്ചറിയാൻ സൈബർ ത്രെട്ട് ഇന്റലിജൻസ് സാങ്കേതികവിദ്യ ബാങ്കുകളെ സഹായിക്കുന്നു. നിലവിലെ സൈബർ ഭീഷണികൾക്ക് പരിഹാരം കാണുന്നതിനും ഡേറ്റാ ചോർച്ച തടയുന്നതിനും ഡേറ്റ അപഹരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ വേഗത്തിലും ഫലപ്രദമായും വീണ്ടെടുക്കുന്നതിനും ഇന്റലിജൻസ് സഹായകമാണ്.

∙ സുരക്ഷിതമായ ഇൻഫ്രാസ്ട്രക്ച്ചർ

സുരക്ഷാ സംബന്ധിച്ചുള്ള അപകടസാധ്യത ഐടി ഇൻഫ്രാസ്ട്രക്ച്ചർ കുറയ്ക്കുന്നു. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ലെവലിൽ ഈ ഇൻഫ്രാസ്ട്രക്ചർ അധിക സുരക്ഷ ഉറപ്പുവരുത്തുന്നു. ഫയർവാളുകൾ, വൾനറബിലിറ്റി സ്കാനറുകൾ, ലോഗ് കളക്ടറുകൾ, നുഴഞ്ഞുകയറ്റം കണ്ടെത്താനുള്ള സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി അത്യാധുനിക സാങ്കേതിക വിദ്യകളാലാണ് ബാങ്കുകളുടെ ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിച്ചിരിക്കുന്നത്. അസാധാരണമായ സിസ്റ്റം ആക്‌റ്റിവിറ്റി കണ്ടെത്തുന്നതിന് യൂസർ ബിഹേവിയർ അനലിറ്റിക്‌സ് (യുബിഎ) സാങ്കേതികവിദ്യ ബാങ്കുകൾ ഉപയോഗിക്കുന്നു. ഇരട്ട ലോഗിനുകൾ, മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ആക്‌സസ് തുടങ്ങിയവ വിശകലനത്തിന് വിധേയമാക്കാൻ ഇതുമൂലം സാധിക്കുന്നു.

∙ മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ

നിങ്ങൾ അവകാശപ്പെടുന്ന ആളാണെന്ന് സ്ഥിരീകരിക്കാനുള്ള മാർഗമാണ് മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ. കോർ ബാങ്കിങ് സിസ്റ്റങ്ങളിലും ആപ്ലിക്കേഷൻ ഡേറ്റാബേസുകളിലും തുടങ്ങി എല്ലാ തലങ്ങളിലും മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ ഉണ്ട്. ഡേറ്റ പൊരുത്തപ്പെടുന്നില്ലെങ്കിൽ ഉപയോക്താവ് അവർ അവകാശപ്പെടുന്ന ആളല്ലെന്ന് സിസ്റ്റം തിരിച്ചറിയുകയും ലോഗിൻ ചെയ്യുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യും. ബയോമെട്രിക്‌സ് വളരെ സുരക്ഷിതമായ ഓതന്റിക്കേഷൻ ടെക്‌നോളജിയാണ്.

∙ സർട്ടിഫിക്കേഷനുകൾ

തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് ബാങ്കുകൾ സർട്ടിഫിക്കേഷൻ ടൂളുകൾ വിന്യസിച്ചിട്ടുണ്ട്. നിങ്ങൾ ബാങ്കിന്റെ വെബ്‌സൈറ്റിലേക്കോ മൊബൈൽ ബാങ്കിങ്ങിലേക്കോ ലോഗിൻ ചെയ്യുമ്പോൾ, സെക്യുർ സോക്കറ്റ്സ് ലെയർ (SSL) പ്രോട്ടോക്കോൾ ഉപയോഗിച്ച് സെഷൻ എൻക്രിപ്റ്റ് ചെയ്യപ്പെടുന്നതിനാൽ നമ്മുടെ പ്രവർത്തനത്തനങ്ങളോ, ബാങ്കിൽ സ്റ്റോർ ചെയ്‌തിരിക്കുന്ന നമ്മുടെ വിവരങ്ങളോ മറ്റാർക്കും കാണാൻ കഴിയുകയില്ല.

ബാങ്കുകൾ നവീകരിച്ച എക്‌സ്‌റ്റൻഡഡ് വാലിഡേഷൻ സെക്യൂർ സോക്കറ്റ് ലെയർ (ഇവി എസ്എസ്എൽ) സർട്ടിഫിക്കറ്റുകളാണ് ഉപയോഗിക്കുന്നത്.ഓൺലൈൻ ഇടപാടിൽ തട്ടിപ്പ് ഇല്ലാതാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇവി എസ്എസ്എൽ സർട്ടിഫിക്കറ്റുകൾ സുരക്ഷിതമായ ഇടപാട് പ്രക്രിയകൾ നൽകിക്കൊണ്ട് ഉപഭോക്തൃ വിശ്വാസം നേടുന്നതിന് ബാങ്കുകളെ സഹായിക്കുന്നു.

∙ മാൽവെയറിൽ നിന്ന് സംരക്ഷണം

നെറ്റ്‌വർക്ക് സിസ്റ്റങ്ങളിലേക്കുള്ള വൈറസുകളുടെ ആക്‌സസ് തടയുന്നതിനാണ് ആന്റിവൈറസുകൾ ഉപയോഗിക്കുന്നത്. സെക്യൂരിറ്റി സ്യൂട്ടുകൾ വൈറസിന്റെ വിശദാംശങ്ങൾ, റിസ്ക് സ്കോർ തുടങ്ങിയവ നമുക്ക് കാണിച്ചു തരുന്നു. ബാങ്കുകൾ ആന്റിവൈറസ് സോഫ്‌റ്റ്‌വെയറുകൾ പതിവായി അപ്‌ഡേറ്റ് ചെയ്യുകയും പരിപാലിക്കുകയും ചെയ്തുവരുന്നു.

∙ ലോഗിൻ പ്രൊട്ടക്ഷൻ, ഓട്ടമാറ്റിക് ലോഗ്ഔട്ട്

ഡിജിറ്റൽ ബാങ്കിങ് സെഷനുകൾ ശക്തിപ്പെടുത്തുന്ന സുരക്ഷാ സംവിധാനമാണിത്. സെഷൻ ടൈംഔട്ടുകൾ ഒരേസമയം ഒന്നിലധികം ലോഗിനുകൾ പ്രവർത്തനരഹിതമാക്കൽ, ലയേർഡ് ലോഗിൻ നടപടിക്രമങ്ങൾ തുടങ്ങിയ സവിശേഷതകളിലൂടെ സുരക്ഷാ ഭീഷണികൾ ഇല്ലാതാക്കുന്നു.

നിശ്ചിത സമയത്തേക്ക് നിഷ്‌ക്രിയമായിരിക്കുമ്പോൾ സ്വയമേവ അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യപ്പെടും. ലോഗ് ഔട്ട് ചെയ്യാൻ മറക്കുകയോ, ഉപകരണം നഷ്‌ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്‌താൽ അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിൽ നിന്ന് തടയുന്നതിനുള്ള ഒരു സുരക്ഷാ മുൻകരുതലാണിത്. കുക്കിസ് / സെഷൻ ഹൈജാക്കിങ്ങിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനും ഓട്ടമാറ്റിക് ലോഗ്ഔട്ട് സഹായിക്കുന്നു.

∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിങ്

ഈ സാങ്കേതികതകൾ ബാങ്കിന്റെ സുരക്ഷയും ഡേറ്റാ അനലിറ്റിക്‌സ് സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നു. സംശയാസ്പദമായതോ അസാധാരണമായതോ ആയ ഇടപാടുകൾ തിരിച്ചറിയാൻ എഐ, എംഎൽ ടെക്‌നോളജി ബാങ്കുകളെ സഹായിക്കുന്നു. ബാങ്കിങ് പ്രക്രിയകൾ ഓട്ടമേറ്റ് ചെയ്യുകയും മികച്ച ഉപഭോക്തൃ സേവനങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നു.

∙ ക്ലൗഡ് ടെക്നോളജി

ഹോസ്റ്റ് ചെയ്‌തിരിക്കുന്ന കംപ്യൂട്ടിങ് സേവനങ്ങളുടെ (സെർവറുകൾ, ഡേറ്റാ സ്റ്റോറേജ്, കമ്മ്യൂണിക്കേഷൻ, നെറ്റ്‌വർക്കിങ്, ആപ്ലിക്കേഷനുകളും ഡേറ്റാ അനലിറ്റിക്‌സും തുടങ്ങിയവ) ആവശ്യാനുസരണമുള്ള ഡെലിവറി ഇന്റർനെറ്റ് വഴി സാധ്യമാക്കാൻ ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

∙ ബ്ലോക്ക്‌ചെയിൻ

ഡിജിറ്റൽ വിവരങ്ങളുടെ വികേന്ദ്രീകൃത ഡേറ്റാബേസ് നിർമിച്ച് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ബാങ്കിങ് സിസ്റ്റത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു. റിസ്ക് മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നതിന് ബാങ്കുകൾ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കുന്നു. ബാങ്കിങ് മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷയെ മാറ്റിമറിക്കാൻ ബ്ലോക്ക് ചെയിൻ പ്രാപ്തമാണ്. പണമയയ്ക്കൽ മുതൽ സെക്യൂരിറ്റി ട്രേഡിങ്, ക്രോസ്-ബോർഡർ പേയ്‌മെന്റുകൾ തുടങ്ങി ഡിജിറ്റൽ ആസ്തികൾ സുരക്ഷിതമായി സൂക്ഷിക്കുന്ന രീതിയിലും വലിയ സ്വാധീനം ചെലുത്താൻ സജ്ജമാണ്. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും ചെലവ് കുറഞ്ഞ് വേഗത്തിൽ ഇടപാടുകൾ നടത്തുന്നതിനും ഈ ടെക്‌നോളജി സഹായിക്കുന്നു.

∙ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ

പരമ്പരാഗത ബാങ്കിങ് രീതികളിൽ നിന്ന് ഓട്ടമേറ്റഡ് സംവിധാനങ്ങളിലേക്കുള്ള മാറ്റം ഡിജിറ്റൽ ട്രാൻസ്ഫോർമേഷന്റെ പ്രധാന പ്രക്രിയകളിലൊന്നാണ്.പ്രവർത്തന ചടുലത നേടുന്നതിനൊപ്പം കൂടുതൽ കൃത്യത, വേഗം, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തൽ തുടങ്ങിയവയെല്ലാം ഓട്ടമേഷൻ സ്ട്രാറ്റജി വഴി കൈവരിക്കുന്നു.

∙ എപിഐ (API) ഡിപ്ലോയ്മെന്റ്

ഇത് ഒരു സോഫ്റ്റ്‌വെയർ ഇന്റർഫേസാണ്. രണ്ട് ആപ്ലിക്കേഷനുകളെ പരസ്പരം സംവദിക്കാൻ അനുവദിക്കുന്നു. പരസ്പരം ആശയവിനിമയം നടത്താനും ഡേറ്റ കൈമാറ്റം ചെയ്യാനും വ്യത്യസ്ത സോഫ്‌റ്റ്‌വെയറുകളെ സഹായിക്കുന്ന ഒരു കോഡായിട്ടാണ് എപിഐ നിർവചിച്ചിരിക്കുന്നത്.

∙ ഓപ്പൺ ബാങ്കിങ്

ബാങ്കുകൾ അവരുടെ സേവനങ്ങൾ ആപ്പുകളിലുടനീളം ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പേയ്‌മെന്റുകൾക്കായി ലഭ്യമാക്കുന്നു. തേർഡ് പാർട്ടി ആപ്പുകൾ വഴി സിംഗിൾ ഇന്റർഫേസിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകൾ ഓപ്പൺ ബാങ്കിങ് സേവനങ്ങളിലൂടെ സുഗമമായി നടക്കുന്നു.

∙ സീറോ ട്രസ്റ്റ് സെക്യൂരിറ്റി മോഡൽ

നവീനമായ ഒരു സുരക്ഷാ ചട്ടക്കൂടാണിത്. നെറ്റ്‌വർക്കിൽ ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന ഓരോ വ്യക്തിക്കും ഉപകരണത്തിനും കർശനമായ ഐഡന്റിറ്റി പരിശോധന നിഷ്‌കർഷിക്കുന്ന സുരക്ഷാ മോഡലാണ് സീറോ ട്രസ്റ്റ് സെക്യൂരിറ്റി മോഡൽ.

∙ ബിഗ് ഡേറ്റാ, അനലിറ്റിക്‌സ്

ഏറ്റവും കൂടുതൽ ഡേറ്റ കൈകാര്യം ചെയ്യുന്ന ഓർഗനൈസേഷനുകൾ ബാങ്കിങ്ങും ധനകാര്യ സ്ഥാപനങ്ങളുമാണ്. വിവിധ ബാങ്കിങ് ചാനലുകളിലുടനീളമുള്ള ഡേറ്റയുടെ അളവ് വളരെ വലുതാണ്. ഡേറ്റ വിശകലനം ചെയ്യുന്നതിലൂടെ മാത്രമേ ബാങ്കുകൾക്ക് ഉപഭോക്താക്കളെ വേണ്ടവിധം ശ്രദ്ധിക്കാനും അവർക്ക് പ്രയോജനപ്പെടുന്ന വ്യക്തിഗത സാമ്പത്തിക സേവനങ്ങൾ സൃഷ്ടിക്കാനും കഴിയൂ.

∙ ചാറ്റ്ബോട്ട്

ചാറ്റ്ബോട്ടുകൾ ഉപയോക്താക്കളുമായി മനുഷ്യനെപ്പോലെ ആശയവിനിമയം നടത്തുന്നു. ഉപഭോക്തൃ ചോദ്യങ്ങൾക്ക് ഉടനടി പരിഹാരം നിർദ്ദേശിക്കാൻ അവക്ക് സാധിക്കുന്നു. വ്യക്തിഗതമായ ഉപഭോക്തൃ പരിഹാരങ്ങളും അനുഭവങ്ങളും കസ്റ്റമേഴ്‌സിന് നൽകാൻ ബാങ്കിനെ ചാറ്റ്ബോട്ടുകൾ സഹായിക്കുന്നു.

English Summary: What are the latest banking technology innovations?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com