ADVERTISEMENT

നിങ്ങൾ വാങ്ങുന്ന മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടതല്ലെന്ന് ഉറപ്പാക്കാനും ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി റജിസ്റ്റര്‍ ചെയ്യാനുമായി വെബ്‌സൈറ്റ് തുടങ്ങിയിരിക്കുകയാണ് കേന്ദ്ര ടെലികോം വകുപ്പ്. ഫോൺ നഷ്ടപ്പെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഫോണിനെക്കുറിച്ചുളള വിവരങ്ങളടക്കം പരാതി നല്‍കിയ ശേഷം പുതിയ വെബ്‌സൈറ്റില്‍ സ്വയം പരാതി റജിസ്റ്റര്‍ ചെയ്യണം. സെന്‍ട്രല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി റജിസ്റ്റര്‍ (സിഇഐആര്‍) എന്ന പേരിലാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍ ഉള്ള ഫോണുകളാണ് പുതിയ വെബ്‌സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. കൂടുതല്‍ വിവരങ്ങള്‍ അറിയാം:

∙ ഫോണ്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നത് തടയാം


ഫോണിൽ ഉടമയുടെ സ്വകാര്യവിവരങ്ങളടക്കം ധാരാളം ഡേറ്റയുണ്ടാവാം. ഫോണ്‍ നഷ്ടപ്പെട്ടു എന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റല്‍ കോപ്പിയും ചേര്‍ത്തു വേണം വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാന്‍. ഇതിനൊപ്പം ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന സിംകാര്‍ഡിലെ നമ്പറും (ഫോണ്‍ നമ്പര്‍) ഇമെയില്‍ വിലാസവും നല്‍കി റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നഷ്ടപ്പെട്ട ഫോണ്‍ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താം. ഒടിപി ലഭിക്കാനായി, പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു ഫോണ്‍ നമ്പറും നല്‍കണം.

∙ ഐഎംഇഐ നമ്പര്‍ എങ്ങനെ കണ്ടുപിടിക്കും?

ഐഎംഇഐ നമ്പര്‍ ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ച ബില്ലിലും ബോക്‌സിലും ഉണ്ടായേക്കാം. അവ കൈമോശം വന്നെങ്കില്‍ ഫോണില്‍ ഇങ്ങനെ ഡയല്‍ ചെയ്യുക-*#06#.

∙ വ്യാജ മൊബൈല്‍ ഫോണ്‍ കയ്യില്‍ എത്താതിരിക്കാനും പ്രയോജനപ്പെടുത്താം

വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍നിന്നും സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ കടകളില്‍നിന്നും ഫോണ്‍ വാങ്ങുന്നതിനു മുൻപ് പുതിയ വെബ്‌സൈറ്റും സേവനങ്ങളും പ്രയോജനപ്പെടുത്താം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന്റെ ഐഎംഇഐ നമ്പര്‍ വെബ്‌സൈറ്റില്‍ കൊടുക്കുക. അത് ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടതാണോ, ഡ്യൂപ്ലിക്കേറ്റ് ആണോ, ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്നതാണോ എന്നൊക്കെ മനസ്സിലാക്കാന്‍ അതുവഴി സാധിക്കും.

∙ നോ യുവര്‍ മൊബൈല്‍

നോ യുവര്‍ മൊബൈല്‍ (കെവൈഎം) സേവനമാണ് മറ്റൊരു ലക്ഷ്യം. സിഇഐആര്‍ വെബ്‌സൈറ്റ് വഴിയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന മൊബൈലിനെക്കുറിച്ച് അറിയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ ലിങ്ക് പ്രയോജനപ്പെടും: https://www.ceir.gov.in/Device/CeirIMEIVerification.jsp

∙ കെവൈഎം ആപ് ഡൗണ്‍ലോഡ് ചെയ്യാം

അതല്ലെങ്കില്‍ കെവൈഎം ആപ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ലഭിക്കും.

∙ എസ്എംഎസ്

ഇനി ഇതൊന്നും താൽപര്യമില്ലെന്നുള്ളവര്‍ക്ക് എസ്എംഎസ് വഴിയും അറിയാം. ഇതിനായി കെവൈഎം എന്ന് ടൈപ് ചെയ്ത ശേഷം ഐഎംഇഐ നമ്പര്‍ നല്‍കുക. (ഇതാ ഫോര്‍മാറ്റ്: KYM <15 digit IMEI number> ) എസ്എംഎസ് 14422 എന്ന നമ്പറിലേക്ക് അയയ്ക്കുക.

∙ അണ്‍ബ്ലോക്ക് ചെയ്യാനും വൈബ്‌സൈറ്റ് പ്രയോജനപ്പെടുത്താം

നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക് ചെയ്ത ശേഷം തിരിച്ചു കിട്ടിയാല്‍ അത് അണ്‍ബ്ലോക് ചെയ്യാനും സിഇഐആര്‍ വെബ്‌സൈറ്റ് വഴി സാധിക്കും. റിക്വെസ്റ്റ് ഐഡി, മൊബൈല്‍ നമ്പര്‍, എന്തു കാരണത്താലാണ് അണ്‍ബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ ചോദിക്കും. സിഇഐആര്‍ വഴി ബ്ലോക്് ചെയ്ത ഫോണ്‍ അണ്‍ബ്ലോക് ചെയ്യാതെ ഉടമയ്ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. പുതിയ വെബ്‌സൈറ്റിന്റെ ഹോം പേജിലേക്കുള്ള ലിങ്ക് ഇതാ: https://bit.ly/3lDm3Aw

∙ മൈക്രോസോഫ്റ്റ് ബിങ്ങിനു നേരിയ വളര്‍ച്ച

ചാറ്റ്ജിപിടി ഉള്‍പ്പെടുത്തിയ സേര്‍ച്ച് കൊണ്ടുവന്നതോടെ മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എൻജിനായ ബിങ്ങിന് നേരിയ വളര്‍ച്ച. വിശകലന കമ്പനിയായ സിമിലര്‍വെബിന്റെ കണക്കു പ്രകാരം ബിങ്ങിന് ഇപ്പോള്‍ 15.4 ശതമാനം ട്രാഫിക് ലഭിക്കുന്നുണ്ട്. ഗൂഗിളിന് നേരിയ ഇടിവു മാത്രമേ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളു എന്നും കാണാം - വെറും 2.4 ശതമാനം.

∙ ഓപറാ ബ്രൗസറില്‍ എഐ പ്രോംപ്റ്റ്‌സ്

ഒരു കാലത്ത് വളരെ പ്രശസ്തമായിരുന്ന ഓപറാ ബ്രൗസറിലേക്കും എഐ സേര്‍ച്ച് എത്തിക്കഴിഞ്ഞു. സമാര്‍ട് എഐ പ്രോംപ്റ്റ്‌സ് എന്ന പേരില്‍ അതിവേഗം ചാറ്റ്ജിപിടി ഉപയോഗിക്കാനുള്ള ഒരു ഫീച്ചറാണ് ഓപറാ തുടങ്ങിയിരിക്കുന്നത്.

∙ ബാര്‍ഡിന് തെറ്റുപറ്റാമെന്ന് പിച്ചൈ

ചാറ്റ്ജിപിടിയുടെ എതിരാളിയായ ഗൂഗിളിന്റെ ബാര്‍ഡ് എഐ സേര്‍ച്ച് എൻജിന് തെറ്റുപറ്റാമെന്നു സമ്മതിച്ചിരിക്കുകയാണ് കമ്പനി മേധാവി സുന്ദര്‍ പിച്ചൈ. ബാര്‍ഡ് പരീക്ഷണാര്‍ഥം ചില ഉപയോക്താക്കള്‍ക്കു നല്‍കിയിരിക്കുകയാണ് ഗൂഗിളിപ്പോള്‍. കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുമ്പോള്‍ അത് നമ്മെ അദ്ഭുതപ്പെടുത്തും. അതിന് തെറ്റു സംഭവിക്കുമെന്നാണ് പിച്ചൈ കമ്പിനയുടെ ജോലിക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറഞ്ഞിരിക്കുന്നതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, ഉപയോക്താക്കളില്‍ നിന്നു ലഭിക്കുന്ന പ്രതികരണം വളരെ പ്രധാനപ്പെട്ടതാണെന്നും അതുപയോഗിച്ചു വേണം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്നുമാണ് കമ്പനി കരുതുന്നത്.

∙ ടിക്‌ടോക് നിരോധിച്ചാലും സ്‌നാപ്ചാറ്റിന് തിരിച്ചുവരാന്‍ സാധിക്കണമെന്നില്ലെന്ന്

ചൈനീസ് സമൂഹ മാധ്യമ ആപ്പായ ടിക്‌ടോക് അമേരിക്ക അധികം താമസിയാതെ നിരോധിച്ചേക്കാമെന്നാണ് സൂചന. എന്നാല്‍, അതുകൊണ്ടൊന്നും അമേരിക്കന്‍ സമൂഹ മാധ്യമമായ സ്‌നാപ്ചാറ്റിന്റെ രാശി തെളിയണമെന്നില്ലെന്ന് ബ്ലൂംബര്‍ഗ്. സ്‌നാപ്ചാറ്റിന്റെ ഉടമയായ സ്‌നാപ് കമ്പനിയുടെ ഓഹരി 70 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ഇടിഞ്ഞത്.

∙ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ഇപ്പോള്‍ ലോകമെമ്പാടും എത്തി

തങ്ങളുടെ രാജ്യത്ത് ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ എത്തിയോ എന്ന് ഒരു രാജ്യക്കാരും ഇനി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് എന്‍ഗ്യാജറ്റ്. അത് എല്ലാ രാജ്യത്തും ഇപ്പോള്‍ എത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വരിസംഖ്യ അടയ്ക്കുന്നവര്‍ക്ക് നീല നിറത്തിലുള്ള ടിക് മാര്‍ക്കിനു പുറമെ 4000 ക്യാരക്ടേഴ്‌സ് അടങ്ങുന്ന ട്വീറ്റും നടത്താം.

twitter-logo

∙ പുതിയ 16 പ്രിന്ററുകള്‍ അവതരിപ്പിച്ച് ക്യാനന്‍

തങ്ങളുെട പിക്‌സ്മ, മാക്‌സിഫൈ, ഇമേജ്ക്ലാസ് ശ്രേണികളില്‍ പുതിയ 16 പ്രിന്ററുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ക്യാനന്‍ കമ്പനി. വീടുകള്‍ക്കും ഓഫിസുകള്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഇവയ്ക്ക് 10,325 രൂപ മുതല്‍ 54,800 രൂപ വരെയായിരിക്കും വില. ഇവയെല്ലാം ഏപ്രില്‍ 1 മുതലായിരിക്കും വില്‍പനയ്‌ക്കെത്തുക.

∙ വണ്‍പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റ് ഏപ്രില്‍ 4ന് അവതരിപ്പിക്കും

വണ്‍പ്ലസ് കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ മോഡലുകളിലൊന്നായ വണ്‍പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റ് സ്മാര്‍ട് ഫോണ്‍ ഏപ്രില്‍ 4ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഫോണിന് 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഉള്ള ഡിസ്‌പ്ലേ ഉണ്ടാകുമെന്നു കരുതുന്നു. സ്‌നാപ്ഡ്രാഗണ്‍ 695 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ഡ് സിഇ 3 ലൈറ്റിന് 5000 എംഎഎച് ബാറ്ററിയും 65w ക്വിക് ചാര്‍ജിങ്ങും ട്രിപ്പിള്‍ പിന്‍ ക്യാമറയും പ്രതീക്ഷിക്കുന്നു. പ്രധാന ക്യാമറയ്ക്ക് 108 എംപി റെസലൂഷനുള്ള സെന്‍സര്‍ ആയിരിക്കുമെന്നാണ് കേള്‍വി.

English Summary: Govt making it easier for everyone in India to find their lost or stolen phones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com