മോദിയെ ഇന്റർവ്യൂന് ക്ഷണിച്ച് സന, വൻ മാറ്റത്തിന് തുടക്കമിട്ട് ഇന്ത്യയിലെ ആദ്യ എഐ ന്യൂസ് റീഡർ
Mail This Article
വരും മാസങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ട ടിവി ചാനലില്‍ പുതിയൊരു വാര്‍ത്ത വായനക്കാരന്‍ അല്ലെങ്കില്‍ വായനക്കാരി പ്രത്യക്ഷപ്പെടുന്നു എന്നു കരുതുക. ആദ്യം ചെറിയൊരു പന്തിയില്ലായ്മ തോന്നിയേക്കാം. പതിയെ പതിയെ മുഖ ഭാവങ്ങളിലെ വ്യത്യാസം കണ്ട്, അത് മനുഷ്യനല്ല എഐ ആണെന്ന് മനസ്സിലാക്കുന്ന ദിവസം അടുത്തിരിക്കാം. എന്തായാലും, ഇന്ത്യയിലും ആദ്യത്തെ എഐ ന്യൂസ് ആങ്കര്‍ എത്തിക്കഴിഞ്ഞു. ഇന്ത്യ ടുഡെ ഗ്രൂപ്പാണ് രാജ്യത്തെ ആദ്യ എഐ ആങ്കറെ അവതരിപ്പിച്ചത്. പേര് സന. ആജ് തക്കിന്റെ ബ്ലാക് ആന്‍ഡ് വൈറ്റില്‍ സഹ ആങ്കര്‍ ആയും സന പ്രത്യക്ഷപ്പെട്ടു.
∙ സനയ്ക്ക് പ്രായമാവില്ല, മടുപ്പില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഇന്ത്യാ ടുഡെ കോണ്‍ക്ലേവില്‍ സനയെ അവതരിപ്പിച്ചുകൊണ്ട് ഗ്രൂപ്പിന്റെ വൈസ് ചെയര്‍പഴ്സണ്‍ കാലി പുരി ( Kallie Purie) പറഞ്ഞത് അവള്‍ സമര്‍ഥയാണ്, സുന്ദരിയാണ്, പ്രായമില്ലാത്തവളാണ്, മടുക്കാത്തവളാണ് എന്നാണ്. 'നൂറു കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് ഇടയില്‍ നിന്ന് ആജ് തക്കിലെ ജോലിക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധിച്ചത് ഭാഗ്യമാണ്' എന്നാണ് സ്ഫുടമായ ഇംഗ്ലിഷില്‍ സന പ്രതികരിച്ചത്. സന പ്രധാനമന്ത്രി മോദിയോട് സംസാരിക്കുന്ന വിഡിയോയും ഇന്ത്യാ ടുഡെ പുറത്തുവിട്ടിട്ടുണ്ട്. സന കാലാവസ്ഥ അവതരിപ്പിക്കുന്നതിന്റെ വിഡിയോ ഇന്ത്യാ ടുഡെ ട്വീറ്റു ചെയ്തിരിക്കുന്നത് കാണാം. തിരുവനന്തപുരം എന്ന സ്ഥലപ്പേര് അടക്കം ഉച്ചരിക്കുന്നതും ഇതില്‍ കേള്‍ക്കാം: https://bit.ly/43oFvsl
∙ മോദിയോട് ഇന്റര്‍വ്യു തരുമോ എന്നും ചോദിച്ചു
2024ല്‍ ഒരു അഭിമുഖം തരുമോ എന്ന് സന മോദിയോട് ചോദിച്ചു. അടുത്ത വര്‍ഷം ഇന്ത്യയില്‍ ലോക്സഭ ഇലക്ഷന്‍ നടക്കാനിരിക്കുകയാണല്ലോ. എഐ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയായാണ് പ്രധാനമന്ത്രി അറിയപ്പെടുന്നതും. അതേസമയം, ഇത്തരം വാര്‍ത്താ വായനക്കാരുടെ കടന്നുവരവ് അധികാരികളുടെ ഭാഷ്യം പ്രചരിപ്പിക്കാന്‍ മാത്രമായി തീരുമോ എന്ന ഭീതിയുമുണ്ട്.
Read more at: എഐ മേഖലയില്‍ വീണ്ടും വന്‍കുതിപ്പിന്റെ സൂചന-എന്താണ് ഓട്ടോജിപിറ്റി?
∙ അമേരിക്കന്‍ അക്‌സന്റ് ഉള്ള എഐ പ്രസന്റര്‍
ഇന്ത്യയിലെ ഒരു ഓണ്‍ലൈന്‍ വാര്‍ത്താ ചാനലായ ചാനല്‍ ഐഎഎം (Channel IAM) തങ്ങളുടെ സ്വന്തം എഐ വാര്‍ത്താ സംവിധാനം അവതരിപ്പിച്ചെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അമേരിക്കന്‍ ഉച്ചാരണ രീതിയുള്ള ഇതിന് സനയെ എളുപ്പത്തില്‍ പരാജയപ്പെടുത്താനാകുമെന്നാണ് അവകാശവാദം. ചുരുക്കിപ്പറഞ്ഞാല്‍ മെച്ചപ്പെട്ട എഐ വാര്‍ത്താ അവതരണ ബോട്ടുകള്‍ താമസിയാതെ വ്യാപകമാകാനാണ് സാധ്യത.
∙ എഐ കളംപിടിച്ചാല്‍ അധികാരികളുടെ ഭാഷ്യം മാത്രമാകുമോ വാര്‍ത്ത?
രാജ്യത്ത് 890 ലേറെ സ്വകാര്യ വാര്‍ത്താ ചാനലുകളും 18,000 ലേറെ പ്രസിദ്ധീകരണങ്ങളും ഉണ്ട്. ഇവയില്‍ പലതും പിടിച്ചു നില്‍ക്കാന്‍ സർക്കാർ പരസ്യങ്ങളെ ആശ്രയിക്കുന്നവയാണ് എന്ന കാരണമാണ് എഐ വാര്‍ത്താ വായനക്കാരുടെ പ്രചാരം ഭയക്കുന്നവര്‍ പറയുന്നത്. രാജ്യത്ത് വീടുകളിൽ 20 കോടി ടിവിയുണ്ട്. ഇവയില്‍ 2.2 കോടി സെറ്റുകള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവയാണെന്നും കണക്കുകള്‍ പറയുന്നു. ഇവയിലേക്കെല്ലാം ഭരണാധികാരികളുടെ ഭാഷ്യം മാത്രം അവതരിപ്പിക്കപ്പെടുമോ എന്ന പേടിയാണ് നിലനില്‍ക്കുന്നത് എന്ന് ആര്‍എഫ്‌ഐ.എഫ്ആര്‍ (റേഡിയോഫ്രാന്‍സ് ഇന്റര്‍നാഷണൽ) റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനയിലെ സ്ഥിതി അതാകാനുള്ള സാധ്യത ഉണ്ടെന്ന് നേരത്തേ മുതല്‍ റിപ്പോര്‍ട്ടുകളുണ്ട്.
∙ എഐ വാര്‍ത്താ വായനക്കാരെ കൊണ്ടുള്ള ഉപകാരമെന്ത്?
ഇപ്പോള്‍ ചെറിയ അസ്വാഭാവികത തോന്നുന്നുണ്ട് എങ്കിലും ടിവി ചാനലുകളുടെയും യൂട്യൂബ് ചാനലുകളുടെയും ഉടമകള്‍ക്ക് ഒറ്റ മുതല്‍മുടക്കില്‍ കാര്യം നടക്കുമെന്നതു തന്നെയാണ് പ്രധാന ഗുണം. പിന്നെ 24 മണിക്കൂറും വേണമെങ്കില്‍ എഐ ഉപയോഗിച്ച് വാര്‍ത്ത വായിപ്പിക്കാം. ശമ്പളം വേണ്ട, സമരമില്ല, പ്രതിഷേധമില്ല, തളര്‍ച്ചയില്ല, മറ്റു ആരോപണങ്ങളും ഉണ്ടാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ വാര്‍ത്ത വായിക്കാന്‍ മാത്രമായി അധികം താമസിയാതെ വ്യക്തികളെ എടുക്കാതായേക്കാം. നിവിലുള്ള ഏക പ്രശ്‌നം എഐ വാര്‍ത്ത വായനക്കാരുടെ മുഖഭാവങ്ങളിലും ശബ്ദത്തിലും കടന്നുകൂടുന്ന അസ്വാഭാവികത മാത്രമാണ്.
∙ ഈ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു?
നാച്വറല്‍ ലാംഗ്വേജ് പ്രോസസിങ്, ഡീപ് ലേണിങ് എന്നിവ സംയോജിപ്പിച്ച് യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന സംഭാഷണ രീതിയും മുഖഭാവങ്ങളും എഐ വാര്‍ത്ത വായനക്കാരില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുന്നു. ഇവയ്ക്ക് ഏത് ടെക്സ്റ്റും വായിക്കാന്‍ സാധിക്കും. കേള്‍വിക്കാരുടെ ശ്രദ്ധ പിടിച്ചു നിർത്താന്‍ കെല്‍പ്പുള്ള രീതിയില്‍ ശബ്ദം ക്രമീകരിക്കാനും സാധിക്കുമെന്നാണ് പറയുന്നത്. ശബ്ദത്തോട് ചേര്‍ന്നുപോകുന്ന രീതിയില്‍ കണ്ണിന്റെയും മുഖത്തിന്റെയും ഭാവങ്ങള്‍ കൊണ്ടുവരാനും സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവിധ ഭാഷകള്‍, ഉച്ചരാണ രീതികള്‍, ശൈലികള്‍ ഒക്കെ എഐക്കു വഴങ്ങും. ഇപ്പോള്‍ കാണാന്‍ സാധിക്കുന്ന അസ്വഭാവികതകള്‍ കാലക്രമത്തില്‍ പരിഹരിച്ചെടുക്കാമെന്നതും ഗുണമാണെന്ന് ഇവ കളംപിടിക്കുമെന്നു കരുതുന്നവര്‍ പറയുന്നു.
∙ തുടക്കം ചൈനയില്‍
2018 ൽ ചൈനയിലാണ് ആദ്യമായി വെര്‍ച്വല്‍ എഐ വാര്‍ത്ത വായനക്കാര്‍ എത്തിയത്. കുവൈറ്റ് ന്യൂസ് ഏജന്‍സിയും ഫെഡ്ഹാ (Fedha) എന്ന പേരില്‍ തങ്ങളുടെ ആദ്യത്തെ എഐ ജനറേറ്റഡ് ന്യൂസ് റീഡറെ അവതരിപ്പിച്ചു.
∙ റഷ്യയിലും ദക്ഷിണകൊറിയയിലും
ദക്ഷിണ കൊറിയയിലെ എംബിഎന്‍ ടിവി ചാനലിലും 2018ല്‍ എഐ വാര്‍ത്ത അവതരിപ്പിച്ചു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യയുടെ സ്വോയെ ടിവി (Svoye) കാലാവസ്ഥ അവതരിപ്പിക്കാന്‍ എഐ ഉപയോഗിച്ചിട്ടുണ്ട്. ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ലോകത്ത് ആദ്യമായി എഐ വാര്‍ത്ത വായന അവതരിപ്പിച്ചത്.
∙ അതിവേഗം പ്രചരിക്കുമോ?
എത്ര വേഗമാണ് എഐ സാങ്കേതികവിദ്യ പ്രചരിക്കുന്നത് എന്നത് അല്‍പം ഭീതി പരത്തുന്ന കാര്യമാണെന്നും കരുതപ്പെടുന്നു. സനയ്ക്കു ലഭിക്കുന്ന റേറ്റിങ് എന്തായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് രാജ്യത്തെ പല മാധ്യമ സ്ഥാപനങ്ങളും എന്നാണ് പറയുന്നത്.
∙ മാറുന്ന മാധ്യമ രംഗം
ഇന്ത്യയിലെ ഒരു പറ്റം വാര്‍ത്ത വായനക്കാര്‍ നാടകീയത സൃഷ്ടിച്ച് ശ്രദ്ധ ആകര്‍ഷിക്കുന്നവരാണ്. അവര്‍ക്കു പകരം താരതമ്യേന തണുപ്പന്‍ രീതിയിലുള്ള അവതരണവുമായി എത്തുന്ന എഐ വാര്‍ത്ത വായനക്കാര്‍ സ്വീകരിക്കപ്പെടുമോ? ഇതൊരു താത്കാലിക പ്രശ്‌നമായിരിക്കുമെന്നുള്ള വിലയിരുത്തലും ഉണ്ട്. എഐ വാര്‍ത്ത വായന സംവിധാനത്തിന് ആയിരക്കണക്കിന് വാര്‍ത്താ അവതരാകരുടെ ശേഷി ആവഹിക്കാനാകുമെന്നാണ് ചൈനയിലെ എഐ വാര്‍ത്ത വായനക്കാരന്റെ സൃഷ്ടാവ് പറഞ്ഞിരിക്കുന്നത്. തത്കാലത്തേക്കു മാത്രമാണ് വാര്‍ത്ത വായന മാത്രമായി ഒതുക്കി നിർത്തിയിരിക്കുന്നതെന്നാണ് പറയുന്നത്.
∙ ഇരുതല മൂർച്ചയുള്ള വാളെന്ന്
ജേണലിസിത്തിന്റെ കഴുത്തിനു മുകളില്‍ തൂങ്ങുന്ന ഇരുതല മൂർച്ചയുള്ള വാളാണ് എഐ വാര്‍ത്ത വായനക്കാര്‍ എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് നിരീക്ഷിക്കുന്നു. ഈ ടെക്‌നോളജി പ്രയോജനപ്പെടുത്തി പല മാധ്യമ സ്ഥാപനങ്ങള്‍ക്കും പണം ലാഭിക്കാന്‍ സാധിച്ചേക്കും. അതേസമയം, ഇത് ധാര്‍മികമായും, ഉത്തരവാദിത്വത്തോടെയുമാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് ഉറപ്പാക്കേണ്ടതും ഉണ്ട്.
∙ ഇന്‍ഫോസിസില്‍ പുതിയ ജോലിക്കാരെ എടുക്കുന്നതില്‍ 46 ശതമാനം കുറവ്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ജോലിക്കാരെ എടുക്കുന്നതില്‍ 46 ശതമാനം കുറവ് രേഖപ്പെടുത്തി എന്ന് ഇടി.
∙ ആമസോണ്‍ മേധാവിക്ക് കൂടുതല്‍ ഓഹരി ഇല്ല
ആമസോണ്‍ മേധാവി ആന്‍ഡി ജാസിക്ക് 2022ല്‍ കൂടുതല്‍ ഓഹരി നല്‍കിയില്ലെന്ന് റോയിട്ടേഴ്‌സ്. ജാസിയുടെ കീഴില്‍ ആമസോണിന്റെ പ്രകടനത്തെക്കുറിച്ച് മതിപ്പു കുറയുന്നതിന്റെ ലക്ഷണമാകാം ഇത്.
∙ മാക്ബുക്ക് തായ്‌ലൻഡില്‍ നിർമിച്ചെടുക്കാന്‍ ആപ്പിള്‍
14-ഇഞ്ച്, 16-ഇഞ്ച് മാക്ബുക്കുകള്‍ തയ്‌ലൻഡില്‍ നിർമിച്ചെടുക്കാനുള്ള ചര്‍ച്ചകളിലാണ് ആപ്പിള്‍ എന്ന് നിക്കെയ്. ചൈനയില്‍ നിന്ന് ഉപകരണ നിര്‍മാണം മറ്റിടങ്ങളിലേക്ക് പറിച്ചുനടുന്നതിന്റെ ഭാഗമാണിത്.
∙ ചാറ്റ്ജിപിടി വിന്‍ഡോസ് ഡെസ്‌ക്ടോപ്പിലേക്ക്
മൈക്രോസോഫ്റ്റ് കമ്പനി കൂടുതല്‍ പ്രൊഡക്ടുകളിലേക്ക് എഐ സേവനം എത്തിക്കുകയാണ്. ബിങ് സേര്‍ച്ച്, എഡ്ജ് ബ്രൗസര്‍, മൈക്രോസോഫ്റ്റ് 365 കോപൈലറ്റ്, ഓഫിസ് ആപ് തുടങ്ങിയവയിലെല്ലാം ഇതിന്റെ ഗുണം ലഭിക്കും. തങ്ങളുടെ പുതിയ ഓപ്പണ്‍-സോഴ്‌സ് ടൂളായ പവര്‍ടോയ്‌സ് (PowerToys) ഉപയോഗിച്ച് ആയിരിക്കും ഡെസ്‌ക്ടോപ്പില്‍ ചാറ്റ്ജിപിടിയുടെ സേവനം ഉറപ്പാക്കുക എന്നു പറയുന്നു. വിന്‍ഡോസ് 10, 11 ഒഎസുകളിലും ലഭ്യമാക്കും.
English Summary: Meet Sana, Aaj Tak's first AI anchor