എഐ മനുഷ്യ സ്വഭാവം പോലെയെന്ന് പിച്ചൈ; ഡീപ്മൈന്‍ഡ് പ്രഖ്യാപിച്ച് ഗൂഗിള്‍
Mail This Article
നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കാര്യത്തില്‍ ഞെട്ടിച്ച ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐയില്‍നിന്ന് ജനശ്രദ്ധ തങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് ടെക്നോളജി ഭീമന്‍ ഗൂഗിള്‍. ഇതിന്റെ ഭാഗമായി കമ്പനിയുടെ രണ്ടു സുപ്രധാന എഐ വിഭാഗങ്ങളായ ബ്രെയ്ന്‍, ഡീപ്മൈന്‍ഡ് എന്നിവ ഒരുമിപ്പിച്ച് 'ഗൂഗിള്‍ ഡീപ്മൈന്‍ഡ്' എന്ന ഒറ്റ ഗവേഷണ ടീമാക്കിയിരിക്കുകയാണെന്ന് ദ് വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിന്റെ മേധാവി ഡീപ്മൈന്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡെമിസ് ഹസാബിസ് ആയിരിക്കും. ഡെമിസ് സ്ഥാപിച്ച കമ്പനിയായ ഡീപ്മൈന്‍ഡ് 2014ല്‍ ആണ് ഗൂഗിള്‍ 50 കോടി ഡോളറിന് ഏറ്റെടുക്കുന്നത്.
എഐ മനുഷ്യ സ്വഭാവം പോലെയെന്ന് പിച്ചൈ
എഐ മനുഷ്യര്‍ക്ക് പ്രശ്നം സൃഷ്ടിക്കുമോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍, എഐ മനുഷ്യ സ്വഭാവത്തിലെ തന്നെ നന്മയും തിന്മയും പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. ഇതോടെ, എഐ നല്ലതായിരിക്കുമോ, ചീത്തയായിരിക്കുമോ എന്നൊക്കെയുള്ള പ്രശ്നങ്ങൾ ചര്‍ച്ച ചെയ്ത് സമയംകളയാന്‍ തങ്ങളില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് പിച്ചൈ. മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളികള്‍ നേരിടാന്‍ സഹായിക്കാന്‍ എഐയെ പ്രയോജനപ്പെടുത്താമെന്നാണ് കമ്പനിയുടെ തീരുമാനം. ഗൂഗിളിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണയോടെ എഐ ഗവേഷണവും ഉല്‍പന്നങ്ങളും മെച്ചപ്പെടുത്താമെന്ന് കമ്പനി കരുതുന്നു. ഇതു വഴി സാധാരണ ജനങ്ങളുടെയും വ്യവസായശാലകളുടെയും ശാസ്ത്രത്തിന്റെയും വിവിധ സമൂഹങ്ങളുടെയും പുരോഗതി മെച്ചെപ്പെടുത്താനാകുമെന്നാണ് ഡെമിസ് അഭിപ്രായപ്പെട്ടത്.
ഉത്തരവാദിത്തമുള്ള എഐക്കായി നീക്കം
മുന്‍പൊന്നും ഇല്ലാത്ത തരം പുരോഗതിയാണ് ലോകം ഇപ്പോള്‍ കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നു നിരീക്ഷിച്ച പിച്ചൈ കൂടുതല്‍ ധീരവും ഉത്തരവാദിത്തവുമുള്ള ജനറല്‍ എഐ വികസിപ്പിക്കാനായാണ് പുതിയ വിഭാഗം സൃഷ്ടിച്ചതെന്ന് വെളിപ്പെടുത്തി. സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ വിഭാഗമായിരിക്കും ഗൂഗിള്‍ ഡീപ്മൈന്‍ഡ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഐ മേഖലയില്‍ ഇക്കഴിഞ്ഞ പതിറ്റാണ്ടില്‍ തങ്ങള്‍ ഉണ്ടാക്കിയ നേട്ടങ്ങളുടെ ഒരു പട്ടികയും അദ്ദേഹം പരിചയപ്പെടുത്തി - ആല്‍ഫാഗോ, ട്രാന്‍സ്ഫോര്‍മേഴ്സ്, വേഡ്2വെക് (word2vec), വേവ്നെറ്റ്, ആല്‍ഫാഫോള്‍ഡ്, സെക്വെന്‍സ് ടു സെക്വെന്‍സ് മോഡല്‍സ്, ഡിസ്റ്റിലേഷന്‍, ഡീപ് റീഇന്‍ഫോഴ്സ്മെന്റ് ലേണിങ് എന്നിവയും അവയ്ക്കു പുറമെ ടെന്‍സര്‍ഫ്ളോ, ജാക്സ് (JAX) എന്നീ ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് ആന്‍ഡ് സോഫ്റ്റ്‌വെയര്‍ ഫ്രെയിംവര്‍ക്കുകളും ഇതില്‍ പെടും. ടെന്‍സര്‍ഫ്ളോയും ജാക്സും വമ്പന്‍ മെഷീന്‍ ലേണിങ് മോഡലുകള്‍ സ്ഥാപിക്കാനും പരിശീലിപ്പിക്കാനും ഉള്ളതാണ്. ചുരുക്കിപ്പറഞ്ഞാല്‍ സര്‍വശക്തിയും ഉപയോഗിച്ച് എഐ മേഖലയില്‍ മേല്‍ക്കോയ്മ നേടാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.
സ്പേസ്എക്സിന്റേത് 'വിജയകരമായ പരാജയം'
സ്പേസ്എക്സിന്റെ പുതിയ സ്റ്റാര്‍ഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നതിനെ വിജയകരമായ പരാജയം എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. കമ്പനിയുടെ മേധാവി ഇലോണ്‍ മസ്‌ക് അടക്കമുള്ളവര്‍ ഈ വിശേഷണം നല്‍കാനുള്ള കാരണമെന്താണ്? അടുത്ത തലമുറ സ്റ്റാര്‍ഷിപ് നിര്‍മിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഈ പരാജയത്തില്‍ നിന്ന് ഓട്ടനവധി കാര്യങ്ങള്‍ പഠിച്ചെടുക്കാനാകും എന്നതിനാലാണ് കമ്പനി ഈ സ്റ്റാര്‍ഷിപ്പിന്റെ തകര്‍ച്ചയെ പോലും വിജയകരമായ ഒന്നായി കാണുന്നത്.
ഭക്ഷണം എത്തിച്ചു കൊടുക്കുന്നവരെയും ചിപ് വച്ച് ട്രാക്ക് ചെയ്യാന്‍ ചൈന
ചൈനയില്‍ ഭക്ഷണം, പലചരക്കു സാധനങ്ങള്‍ തുടങ്ങിയവ എത്തിച്ചുകൊടുക്കുന്നവരുടെ ബൈക്കുകളില്‍ ചിപ്പ് സ്ഥാപിച്ച് ട്രാക്ക് ചെയ്യാന്‍ തീരുമാനിച്ചുവെന്ന് ഐഎഎന്‍എസ്. നിയമലംഘനം കണ്ടെത്താനാണിതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതിനായി പ്രാദേശിക നിയമത്തിന് ഭേദഗതി വരുത്തി.
ട്വിറ്ററിനു പിന്നാലെ കൂവും 30 ശതമാനം ജോലിക്കാരെ പിരിച്ചുവിടുന്നു
സമൂഹ മാധ്യമമായ ട്വിറ്ററിന്റെ വലിയൊരു ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടു കഴിഞ്ഞു. ട്വിറ്ററിനു ബദലായി ഇന്ത്യയില്‍ തുടങ്ങിയ സമൂഹ മാധ്യമമാണ് കൂ. കൂവിന് ഏകദേശം 260 ജോലിക്കാരാണ് ഉള്ളത്. ഇവരില്‍ 30 ശതമാനം പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി കമ്പനി പ്രഖ്യാപിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ 20 ശതമാനം ഇടിവ്
ഈ വര്‍ഷം ആദ്യ പാദത്തില്‍ 20 ശതമാനം ഇടിവാണ് ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ ഉണ്ടായിരിക്കുന്നതെന്ന് കനാലിസിസ്. ഹ്രസ്വകാലത്തേക്ക് ഇടിവ് ഉണ്ടാകുമെന്ന പ്രവചനങ്ങള്‍ ശരിവച്ചിരിക്കുകയാണ് പുതിയ കണക്കുകള്‍.
ഒപ്പോ രണ്ടാം സ്ഥാനത്ത്
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം ഫോണ്‍ വിറ്റ കമ്പനി സാംസങ് ആണ്. വില്‍പനയുടെ 21 ശതമാനമാണ് കമ്പനി നടത്തിയിരിക്കുന്നത്. ഏകദേശം 63 ലക്ഷം ഫോണുകളാണ് കമ്പനി ഈ വര്‍ഷം ആദ്യ പാദത്തില്‍ വിറ്റിരിക്കുന്നത്. അതേസമയം, വിവോ, ഷഓമി കമ്പനികളെ പിന്തള്ളി വിപണിയില്‍ രണ്ടാമത് എത്തിയിരിക്കുകയാണ് ഒപ്പോ. അവര്‍ 55 ലക്ഷം ഫോണുകളാണ് വിറ്റിരിക്കുന്നത്. വിവോ 54 ലക്ഷം ഫോണുകളും ഷഓമി 50 ലക്ഷം ഫോണുകളും വിറ്റു.
വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടെത്താന്‍ ആമസോണ്‍
ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്സ് ആയ ആമസോണ്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ വില്‍ക്കുന്ന വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടെത്താനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചു. ആന്റി-കൗണ്ടര്‍ഫീറ്റിങ് എക്സ്ചേഞ്ച് എന്നാണ് പുതിയ ഉദ്യമത്തിന്റെ പേര്. വ്യാജ ഉല്‍പന്ന നിര്‍മാതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അവ തങ്ങളുടെ പ്ലാറ്റ്ഫോം വഴി വില്‍ക്കാതിരിക്കാനുള്ള വഴി തുറക്കുകയാണ് ആമസോണ്‍.
10000 ബാറ്ററിയുമായി വിവോ പാഡ്2
എട്ടു കേന്ദ്രങ്ങളുള്ള മീഡിയടെക് ഡിമെന്‍സിറ്റി 9000 പ്രോസസര്‍ ശക്തി പകരുന്ന വിവോ പാഡ്2 ടാബ് അവതരിപ്പിച്ചു. ഇതിന് 12 ജിബി റാമും 128ജിബി, 256ന ജിബി, 512 ജിബി സ്‌റ്റോറേജും ഉണ്ട്. ആന്‍ഡ്രോയിഡ് 13 കേന്ദ്രമായ ഒറിജിന്‍ ഒഎസിലാണ് ടാബ് പ്രവര്‍ത്തിക്കുന്നത്. 12.1 -ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനിന് 2800x1968 പിക്സല്‍ റെസലൂഷന്‍ ഉണ്ട്. 144 ഹെട്സ് റിഫ്രെഷ് റെയ്റ്റും ഉണ്ട്. 10000 എംഎഎച് ബാറ്ററിയുമുള്ള വിവോപാഡ്2 ചൈനയിലാണ് അവതരിപ്പിച്ചത്. ഇരട്ട പിന്‍ ക്യാമറ സിസ്റ്റത്തില്‍ 13 എംപി റെസലൂഷനാണ് പ്രധാന ക്യാമറയ്ക്ക്. 2 എംപി മാക്രോ ക്യാമറയും ഉണ്ട്. സെല്‍ഫി ക്യാമറയ്ക്ക് 8 എംപിയാണ് റെസലൂഷന്‍. ഏകദേശം 28,650 രൂപയായിരിക്കും തുടക്ക വേരിയന്റിന്റെ വില.
എയ്സര്‍ സ്വിഫ്റ്റ് എക്സ് 16 ലാപ്ടോപ് അവതരിപ്പിച്ചു
എയ്‌സറിന്റെ എഎംഡി റൈസണ്‍ 9 7940 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന എയ്സര്‍ സ്വിഫ്റ്റ് എക്സ് 16 ലാപ്ടോപ് പുറത്തിറങ്ങി. എന്‍വിഡിയ ജിഫോഴ്സ് ആര്‍ടിഎക്സ് 4050 ലാപ്ടോപ് ജിപിയു, എന്‍വിഡിയ സ്റ്റുഡിയോ ഡ്രൈവറുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിയേറ്റര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താനായി കരുത്തുറ്റ പ്രകടനം നടത്താന്‍ കെല്‍പ്പുള്ളതാണ് തങ്ങളുടെ ലാപ്ടോപ് എന്നാണ് കമ്പനി പറയുന്നത്. മികച്ച സിപിയു കൂടാതെ, 16 ഇഞ്ച് വലുപ്പമുള്ള 3.2 കെ ഓലെഡ് സ്‌ക്രീനും ലാപ്ടോപ്പിനുണ്ട്. 16 ജിബി വരെയാണ് റാം. 2 ടിബി വരെ സ്‌റ്റോറേജും ഉണ്ട്. പ്രതീക്ഷിക്കുന്ന മിക്ക വയേഡ്, വയര്‍ലെസ് കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്. 1,566 യൂറോ ആയിരിക്കും തുടക്ക വേരിയന്റിന്റെ വില. ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല.
English Summary: Google DeepMind: Bringing together two world-class AI teams