ദേ, സ്മാര്‍ട് കല്യാണ മോതിരവും എത്തി! സ്വര്‍ണം ഒന്നങ്ങോട്ടു മാറിനിന്നാട്ടെ, പ്ലീസ്..
Mail This Article
സ്മാര്‍ട് കല്യാണ മോതിരമെന്ന ആശയത്തിന് പ്രചാരമേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ത്തന്നെ കല്യാണങ്ങള്‍ ആകെ ടെക്‌നോളജി മയമാണ്. അടുത്തിടെ വരെ ഫൊട്ടോഗ്രഫിയും ഡ്രോണുകളുമൊക്കെയാണ് കല്യാണ വേദികളില്‍ കസറിയിരുന്നതെങ്കില്‍ ഇനി സ്മാര്‍ട് മോതിരവും താരമായേക്കാം. വിവാഹ പ്രസംഗം എഴുതി നല്‍കാന്‍ ചാറ്റ്ജിപിടിയും സജീവമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരമ്പരാഗത സ്വര്‍ണ മോതിരങ്ങള്‍ക്കു പകരം സ്മാര്‍ട് മോതിരങ്ങള്‍ കൈമാറിയാണ് ചെക്ക് ദമ്പതികളായ ജിറിയും ഓണ്‍ഡ്രെജും വിവാഹിതരായതെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. അനക്കമില്ലാത്ത ലോഹമോതിരം പോലെയല്ല സ്മാര്‍ട് മോതിരങ്ങള്‍ - അവയ്ക്ക് പങ്കാളിയുടെ ഹൃദയ സ്പന്ദനങ്ങള്‍ തത്സമയം ഒപ്പിയെടുത്തു കൈമാറാനുമാകും! ഇതു കൂടുതല്‍ കാല്‍പനികമല്ലേ? സ്മാര്‍ട് മോതിരങ്ങള്‍ വിവഹ സമയത്ത് കൈമാറിldതുടങ്ങിയെങ്കിലും ഇവ നവദമ്പതികള്‍ക്കു മാത്രമല്ല ആര്‍ക്കും ധരിക്കാം. ഈ മേഖലയിലെ ആഗോള വളര്‍ച്ചാ നിരക്ക് 21 ശതമാനമാണ്.
∙ പരമ്പരാഗത കല്യാണ മോതിരങ്ങള്‍ വഴി മാറിയേക്കാം
സ്മാര്‍ട് മോതിരം അണിഞ്ഞാല്‍ പങ്കാളിയുടെ ഹൃദയമിടിപ്പ് തത്സമയം അറിയാമെന്നാണ് ഇത്തരം മോതിരം ഇറക്കുന്നവര്‍ പറയുന്നത്. ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? രണ്ടു പേര്‍ മോതിരങ്ങള്‍ സ്മാര്‍ട് ഫോണ്‍ ആപ്പുമായി ബ്ലൂടൂത്ത് വഴി പെയര്‍ ചെയ്യുന്നു. ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ടു ചെയ്തിക്കുകയാണെങ്കില്‍ മോതിരം അത് അണിഞ്ഞിരിക്കുന്ന ആളുടെ ഹൃദയസ്പന്ദനങ്ങള്‍ തത്സമയം അതിലേക്ക് പ്രക്ഷേപണം ചെയ്യും. ഒരാള്‍ താനണിഞ്ഞിരിക്കുന്ന മോതിരത്തില്‍ സ്പര്‍ശിച്ചാല്‍ പങ്കാളിയുടെ ഹൃദയസ്പന്ദനം തത്സമയം വിരല്‍ത്തുമ്പത്ത് അറിയാനാകും. ആശുപത്രികളിലെ ഇലക്ട്രോകാഡിയോഗ്രാമിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രകാശിക്കുകയും ചെയ്യും. ഫോണ്‍ ഇന്റര്‍നെറ്റുമായി കണ്കട്ഡ് അല്ലെങ്കില്‍ അവസാനം റെക്കോർഡ് ചെയ്ത ഹൃദയസ്പന്ദനം ആയിരിക്കും അറിയാനാകുക. പരമ്പരാഗത സ്വര്‍ണ മോതിരത്തിന് പാരയാകാന്‍ ഇതൊക്കെ മതിയായേക്കുമെന്നാണ് പലരും കരുതുന്നത്.
∙ എച്ബി റിങ്
ജിറിയും ഓണ്‍ഡ്രെജും കൈമാറിയ മോതിരം നിര്‍മിച്ചത് ചെക്ക് കമ്പനിയായ ദ് ടച് ആണ്. എച്ബി റിങ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. 499 ഡോളറാണ് വില. ഇതിന്റെ ആദ്യ പതിപ്പ് 2016ല്‍ ഇറക്കിയതാണെങ്കിലും അന്ന് ശ്രദ്ധപിടിച്ചിരുന്നില്ല. തങ്ങള്‍ക്ക് ഒരിക്കലും സ്വര്‍ണവും രത്‌നവും ആകര്‍ഷകമായി തോന്നിയിരുന്നില്ല. വ്യത്യസ്തമായ എന്തെങ്കിലും ധരിക്കണം എന്നായിരുന്നു ആഗ്രഹം. ഇതിനാലാണ് പുതുമയുള്ള എച്ബി റിങ് വാങ്ങിയത്. ഇപ്പോള്‍ സ്മാര്‍ട് മോതിരമെന്ന ആശയം പ്രചരിപ്പിക്കാന്‍ മുന്നില്‍ നിന്നുവെന്ന തോന്നലും തങ്ങള്‍ക്കുണ്ടെന്ന് ജിറി പറയുന്നു. മോതിരം ധരിക്കണമെന്ന് ആഗ്രഹമുള്ളവരും എന്നാല്‍ പരമ്പരാഗത മോതിരങ്ങള്‍ വേണ്ടന്നു വയ്ക്കുന്നവരുമാണ് ഇപ്പോള്‍ സ്മാര്‍ട് മോതിരങ്ങള്‍ ധരിക്കുന്നത്. തങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ ഫീച്ചറുള്ള മോതിരം പുറത്തിറക്കുന്നതെന്ന് ദ് ടച് അവകാശപ്പെടുന്നു.
∙ ടച് ലോക്കറ്റും
സമാനമായ ടെക്‌നോളജി ഉള്‍ക്കൊള്ളുന്ന ലോക്കറ്റുകളും മറ്റ് കണക്ടഡ് ആഭരണങ്ങളും ടച് പുറത്തിറക്കുന്നുണ്ട്.
∙ സര്‍വത്ര ടെക്‌നോളജി മയം
കല്യാണ പ്ലാനുകള്‍ തയാറാക്കനുള്ള ശ്രമത്തിനടക്കം പല കാര്യങ്ങളിലും ടെക്‌നോളജി ഉപയോഗിച്ചു തുടങ്ങി. വിവാഹച്ചെലവിനുള്ള പണത്തിന്റെ കാര്യം കൈകാര്യം ചെയ്യാവുന്ന ആപ്പുകളും ഉണ്ടെന്ന് ബിബിസി പറയുന്നു. സര്‍വസമയത്തും സ്മാര്‍ട് ഫോണില്‍ ചെലവിടുന്ന ഒരു തലമുറയ്ക്ക് ഇതൊക്കെത്തന്നെയല്ലേ സ്വാഭാവികമെന്ന ചോദ്യവും ഉയരുന്നു. പലരും പങ്കാളികളെ കണ്ടെത്തിയതു പോലും ഫോണ്‍ വഴിയായിരിക്കുമല്ലോ. ബ്രിട്ടനില്‍ സ്മാര്‍ട് ഫോണ്‍ വഴി വിവാഹ പരിപാടികള്‍ തയാറാക്കുന്നവരെ സഹായിക്കുന്ന വെബ്‌സൈറ്റുകളില്‍ ഒന്നാണ് ഹിച്ഡ്.കോ.യുകെ. ബ്രിട്ടനില്‍ ഏകദേശം 60 ശതമാനം പേരും സമൂഹ മാധ്യമങ്ങള്‍ വഴി ക്ഷണക്കത്തു കൈമാറുന്ന രീതിയും അനുവര്‍ത്തിച്ചു തുടങ്ങി.
∙ വിവാഹ പ്രതിജ്ഞ മുതല്‍ പ്രസംഗം വരെ എഴുതി നല്‍കാന്‍ ചാറ്റ്ജിപിടിയും
അമേരിക്കൻ വെഡിങ് പ്ലാനിങ് സൈറ്റായ 'ജോയി' അവതരിപ്പിച്ച പുതിയ ടൂള്‍, വിവാഹ സമയത്ത് പറയാനുള്ള പ്രതിജ്ഞ മുതല്‍ വേദിയില്‍ അവതരിപ്പിക്കാനുള്ള പ്രസംഗം വരെ എഴുതി നൽകും. വെഡിങ് റൈറ്റേഴ്‌സ് ബ്ലോക്അസിസ്റ്റന്റ് എന്നാണ് പേര്. ഇത് വൈറല്‍ ആപ്പായ ചാറ്റ്ജിപിടി-കേന്ദ്രീകൃതമാണ്. ഇത്തരം സംഭാഷണങ്ങള്‍ മനോഹരമായി എഴുതാന്‍ ഈ ടൂളിനു സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനു പുറമെ, കല്യാണങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുന്നതും മറ്റും വര്‍ധിച്ചിട്ടുമുണ്ട്.
∙ എഐ സൃഷ്ടിച്ച പരസ്യമുപയോഗച്ച് ബൈഡനെ ആക്രമിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി
വരും മാസങ്ങളില്‍ പല മേഖലകളിലും നിറഞ്ഞാടാന്‍ പോകുകയാണ് നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എന്ന സൂചന പരത്തി പുതിയ വാര്‍ത്ത. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ രാഷ്ട്രീയ ആക്രമണത്തിന് ഒരുങ്ങുകയാണ് റിപ്പബ്ലിക്കന്‍ നാഷനല്‍ കമ്മിറ്റി എന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. എഐ ഉപയോഗിച്ചു മാത്രം ചിത്രീകരിച്ച ദൃശ്യങ്ങളായിരിക്കും ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനുമെതിരെ ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്.
∙ ഹൈയര്‍ ക്യൂലെഡ് ടിവി അവതരിപ്പിച്ചു; വില 69,999 രൂപ മുതല്‍
ക്യൂലെഡ് ടിവി സീരീസ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിച്ചു ഹൈയര്‍ (Haier). ഗൂഗിള്‍ ടിവി ആണ് സോഫ്റ്റ്‌വെയര്‍. എച്ഡിഎംഐ 2.1 അടക്കം പ്രതീക്ഷിക്കുന്ന മിക്ക ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ്, പ്രൈംവിഡിയോ തുടങ്ങി പല ഒടിടി പ്ലാറ്റ്‌ഫോമുകളും ഉണ്ട്. എസ്9ക്യൂടി ക്യൂലെഡ് ടിവി സീരിസിന്റെ തുടക്ക വേരിയന്റിന്റെ വില 69,999 രൂപ ആയിരിക്കും.
∙ ഐ-കെയര്‍ മോണിട്ടറുകളുമായി ബെന്‍ക്യൂ, വില 26,990 രൂപ മുതല്‍
തങ്ങളുടെ പുതിയ ഐ-കെയര്‍ ശ്രേണിയിലെ മോണിട്ടറുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ബെന്‍ക്യു കമ്പനി. ക്യുഎച്ഡി റെസലൂഷനാണ് ഇവയ്ക്കുള്ളത്. 27, 32-ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തിലാണ് ഇവ എത്തിയിരിക്കുന്നത്. 65w പവര്‍ ഡെലിവറിയും ഉണ്ട്. മൂന്നു വര്‍ഷത്തെ വാറന്റിയാണ് കമ്പനി നല്‍കുന്നത്. 27 ഇഞ്ച് മോഡലിന് വില 26,990 രൂപയാണെങ്കില്‍, 32 ഇഞ്ചിന് 34,990 രൂപ നല്‍കണം.
∙ എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഓപറ ബ്രൗസര്‍
ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന ബ്രൗസര്‍ കമ്പനികളിലൊന്നായ ഓപറ തിരിച്ചുവരവിനു ശ്രമിക്കുന്നു. ഓപറാ വണ്‍ എന്ന പേരിലാണ് പുതിയ ബ്രൗസര്‍ എത്തുക. 'ജനറേറ്റിവ് എഐ ഭാവിയോടെ'യായിരിക്കും ബ്രൗസര്‍ അവതരിപ്പിക്കുക എന്ന് കമ്പനി പറയുന്നു. ഇപ്പോള്‍ ബ്രൗസറിന്റെ ഡവലപ്പര്‍ പ്രിവ്യു പുറത്തിറക്കിയിട്ടുണ്ട്. നിലവിലുള്ള ബ്രൗസറുകളെ പഴഞ്ചനാക്കാനുള്ള ശ്രമമായിരിക്കും ഇത്. ഒട്ടനവധി പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിറക്കുന്ന ബ്രൗസര്‍ ഉപയോഗിക്കുന്നവരുടെ, വാക്കാലുള്ള ആജ്ഞകള്‍ക്ക് കാതോര്‍ത്ത് ചാറ്റ്ജിപിടിയും ചാറ്റ്‌സോണിക്കും ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു.
English Summary: This Smart Ring Allows The Wearer To Monitor Their Partner's Heartbeat