‘സൂപ്പര്‍ കംപ്യൂട്ടര്‍ ഇന്റര്‍നെറ്റ്’ നിര്‍മിക്കാനൊരുങ്ങി ചൈന
Mail This Article
സൂപ്പര്‍ കംപ്യൂട്ടര്‍ ഇന്റര്‍നെറ്റ് നിര്‍മിക്കാനൊരുങ്ങി ചൈനീസ് ശാസ്ത്ര സാങ്കേതിക വകുപ്പ്. സാങ്കേതിക കമ്പനികളും ഗവേഷകരും ഇതിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താനായി തുറമുഖ നഗരമായ ടിയാന്‍ജിനില്‍ ഒത്തുകൂടിയെന്ന് സൗത്ത് ചൈന മോണിംങ് പോസ്റ്റ് റിപോര്‍ട്ടു ചെയ്തു. സൂപ്പര്‍കപ്യൂട്ടര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒന്നിലേറെ സൂപ്പര്‍കംപ്യൂട്ടറുകളെ ഒരേസമയം ഉപയോഗിക്കാനാവും. വ്യോമയാനം, മരുന്നു നിര്‍മാണം, ഫിനാന്‍സ്, നിര്‍മിത ബുദ്ധി തുടങ്ങി പല മേഖലകളിലും സൂപ്പര്‍കംപ്യൂട്ടര്‍ ഇന്റര്‍നെറ്റ് മുന്‍തൂക്കം നല്‍കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.
ചൈനയിലെ യൂനിവേഴ്‌സിറ്റി സൂപ്പര്‍കംപ്യൂട്ടിങ് സെന്ററുകള്‍ ഈ പദ്ധതിയുടെ ഭാഗമാവും. പല മേഖലകളിലേയും സങ്കീര്‍ണവും സമയമെടുക്കുന്നതുമായ പ്രശ്‌നങ്ങളെ വേഗത്തില്‍ തീര്‍ക്കാന്‍ ഈ സൂപ്പര്‍ കംപ്യൂട്ടര്‍ ഇന്റര്‍നെറ്റുകൊണ്ട് സാധിക്കും. ഉദാഹരണത്തിന് മരുന്നു നിര്‍മാണ മേഖലയില്‍ ഗവേഷണത്തിനിടെ ഒരു രോഗത്തെ പ്രതിരോധിക്കാനായി സാധ്യമായ ആയിരക്കണക്കിന് മരുന്നു സംയുക്തങ്ങളില്‍ മികച്ചത് ഏതെന്ന് എളുപ്പത്തില്‍ തരം തിരിക്കാന്‍ കൂടുതല്‍ ശേഷിയുള്ള കംപ്യൂട്ടറുകള്‍ വേണ്ടിവരും. സൂപ്പര്‍കംപ്യൂട്ടര്‍ ഇന്റര്‍നെറ്റ് സാധ്യമായാല്‍ ഈ പ്രശ്‌നം എളുപ്പം പരിഹരിക്കപ്പെടും.
എല്ലാമേഖലയിലേയും അറിവുകള്‍ വളരെയധികം കൂടിയതും നിര്‍മിത ബുദ്ധിയുടെ പ്രയോഗവുമെല്ലാം സൂപ്പര്‍കംപ്യൂട്ടറുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇത്തരം സൂപ്പര്‍ കംപ്യൂട്ടറുകളുടെ സേവനം ഉപയോഗിച്ച് പരസ്പരം വേഗത്തില്‍ അറിവുകള്‍ പങ്കുവയ്ക്കാനും വിവിധ മേഖലകളിലെ ഗവേഷകര്‍ക്ക് സാധഇക്കും. ഒരു സൂപ്പര്‍കംപ്യൂട്ടര്‍ ഇന്റര്‍നെറ്റ് നിര്‍മിക്കുമ്പോഴുള്ള സാധ്യതകളേയും പരിമിതികളേയും വെല്ലുവിളികളേയും കുറിച്ചാണ് ടിയാന്‍ജിനില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.
കംപ്യൂട്ടര്‍ ശേഷിയുടെ കാര്യത്തില്‍ അടുത്തകാലത്തായി ക്രമാനുഗതമായ വളര്‍ച്ച നേടിയ രാജ്യമാണ് ചൈന. 2022 നവംബറില്‍ ലോകത്തെ 500 അതിവേഗ കംപ്യൂട്ടറുകളുടെ പട്ടിക ടോപ്500 എന്ന പേരില്‍ പുറത്തുവന്നിരുന്നു. ഇതില്‍ 162 സൂപ്പര്‍ കംപ്യൂട്ടറുകള്‍ ചൈനയില്‍ നിന്നുള്ളതാണ്. തങ്ങളുടെ അതിവേഗ കംപ്യൂട്ടറുകളുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് കഴിഞ്ഞ ജൂണ്‍ മുതല്‍ ചൈന അവസാനിപ്പിരുന്നു. അമേരിക്കയുടെ 126 സൂപ്പര്‍ കംപ്യൂട്ടറുകളാണ് ടോപ്500 പട്ടികയില്‍ ഇടം നേടിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. ലോകത്തെ തന്നെ ഏറ്റവും മികച്ച സൂപ്പര്‍ കംപ്യൂട്ടറുകളുള്ളത് വിവിധ മേഖലയില്‍ ഉപയോഗിക്കാന്‍ തന്നെയാണ് ചൈനീസ് തീരുമാനം.
English Summary: China aims to build ‘supercomputer internet’ to solve industry challenges