മലയാളി ടെക്കി തോമസ് കുര്യന് ഗൂഗിള്‍ മേധാവി പിച്ചൈയേക്കാള്‍ ആസ്തി
Mail This Article
ഇന്ത്യയില്‍നിന്ന് സിലിക്കന്‍ വാലി ടെക്‌നോളജി കമ്പനികളുടെ തലപ്പത്തെത്തിയെ നിരവധി പ്രമുഖരുണ്ട്. ഇവരില്‍ ഏറ്റവുമധികം ആസ്തി ഇപ്പോള്‍ ഗൂഗിള്‍ ക്ലൗഡ് മേധാവി തോമസ് കുര്യനാണെന്ന് ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. അദ്ദേഹത്തിന് ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും മേധാവിയായ സുന്ദര്‍ പിച്ചൈയേക്കാള്‍ ഇരട്ടിയിലേറെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2018 ലാണ് ഗൂഗിള്‍ ക്ലൗഡിന്റെ മേധാവിയായി കുര്യന്‍ എത്തുന്നത്. കഴിഞ്ഞയാഴ്ച ആല്‍ഫബെറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗൂഗിള്‍ക്ലൗഡിന് 19.1 കോടി ഡോളര്‍ പ്രവര്‍ത്തന ലാഭമുണ്ടാക്കാന്‍ കുര്യനു സാധിച്ചിട്ടുണ്ട്.
∙ ആസ്തിയുടെ കണക്കുകള്‍ ഇങ്ങനെ
ഐഐഎഫ്എല്‍ ഹുറുണ്‍ ഇന്ത്യ ലിസ്റ്റ് പ്രകാരമുള്ള ആസ്തിയാണ് ഡിഎന്‍എയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഇതുപ്രകാരം 2022ല്‍ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയുടെ ആസ്തി 5300 കോടി രൂപയാണ്. മറ്റൊരു ഇന്ത്യന്‍ വംശജനായ മൈക്രോസോഫ്റ്റ് മേധാവി സത്യ നദല്ലയുടെ മൊത്തം ആസ്തി 6200 കോടി രൂപയാണെന്നു പറയുന്നു. അഡോബി മേധാവി ശന്തനു നാരായന്റെ ആസ്തി 3800 കോടി രൂപയാണ്. എന്നാല്‍, തോമസ് കുര്യന്റെ ഇപ്പോഴത്തെ ആസ്തി 12,100 കോടി രൂപയാണ്! അമേരിക്കന്‍ ഇന്ത്യന്‍ ടെക് മേധാവികളില്‍ ഏറ്റവും ആസ്തിയുള്ളത് ജയശ്രീ ഉല്ലാലിനാണെന്ന് (Ullal) റിപ്പോര്‍ട്ട് പറയുന്നു. അരിസ്റ്റാ നെറ്റ്‌വര്‍ക്‌സ് എന്ന കമ്പനി നടത്തുന്നയാളാണ് ഉല്ലാല്‍. ഏകദേശം 143 കോടി ഡോളറാണ് ആസ്തി. ഉല്ലാല്‍ പക്ഷേ ഒരു ജോലിക്കാരിയല്ല. കമ്പനിയുടമയാണ്. അതേസമയം, ഐഐഎഫ്എല്‍ ഹുറുണ്‍ ഇന്ത്യ ലിസ്റ്റിന്റെ ആധികാരികത വ്യക്തമല്ല.
∙ പിച്ചൈയ്ക്ക് 2022ല്‍ മാത്രം ലഭിച്ചത് 22.59 കോടി ഡോളര്‍
ബിസ്‌ജേണല്‍സ്.കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ മാത്രം പിച്ചൈക്ക് നേടാന്‍ സാധിച്ചത് 22.59 കോടി ഡോളറാണ്. ആപ്പിള്‍ മേധാവി കുക്കിന് ലഭിച്ചത് 9.94 ദശലക്ഷം ഡോളറാണ്. നദല്ലയ്ക്ക് 5.49 കോടി ഡോളറും ലഭിച്ചു.
∙ കുര്യൻ സഹോദരന്മാര്‍ ഐഐടി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു
1966 ല്‍ കേരളത്തില്‍ ജനിക്കുകയും ബെംഗളൂരുവില്‍ വളരുകയും ചെയ്ത ജോര്‍ജ് കുര്യനും സഹോദരൻ തോമസ് കുര്യനും ഐഐടി മദ്രാസിലാണ് പഠിച്ചത്. ഇരുവരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് അമേരിക്കയിലെ പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അവര്‍ അമേരിക്കയിലേക്കു പോകുന്നത് 16-ാം വയസ്സിലാണ്. ഇലക്ട്രിക്കല്‍ എൻജിനീയറിങ്ങിലാണ് തോമസ് കുര്യന്‍ ഡിഗ്രി നേടിയത്. സ്റ്റാന്‍ഫെഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയ അദ്ദേഹം മക്കിന്‍സി ആന്‍ഡ് കമ്പനിയിലാണ് ആദ്യം ജോലിക്കു ചേരുന്നത്. ഓറക്കിളില്‍ നീണ്ട 22 വര്‍ഷമാണ് കുര്യന്‍ ചെലവിട്ടത്. ഇവിടെ 32 രാജ്യങ്ങളിലായി 35,000 ജോലിക്കാര്‍ക്ക് നേതൃത്വം നല്‍കിയ പാടവമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. കമ്പനിയുടെ സ്ഥാപകന്‍ ലാറി എലിസണുമായി തെറ്റിപ്പിരിഞ്ഞാണ് ഗൂഗിളില്‍ എത്തുന്നത്. ജോർജ് കുര്യൻ നെറ്റ്ആപ്പിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ആണ്.
∙ സോണി ആദ്യ ഫോള്‍ഡബിൾ ഫോണ്‍ ഉടന്‍ ഇറക്കിയേക്കും
എക്‌സ്പീരിയ സീരീസില്‍ മടക്കാവുന്ന പുതിയ ഫോണ്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് ടെക്‌നോളജി ഭീമന്‍ സോണി എന്ന് സുമഹോഡൈജസ്റ്റ്. ഇത് ഹൈ എന്‍ഡ് ഫോണ്‍ ആയിരിക്കുമെന്നാണ് സൂചന. സാംസങ്, ഒപ്പോ, ടെക്‌നോ, വിവോ തുടങ്ങിയ കമ്പനികളാണ് ഇപ്പോള്‍ ഫോള്‍ഡബിൾ ഫോണ്‍ ഇറക്കിയിരിക്കുന്നത്. സാംസങ് ഗ്യാലക്‌സി സെഡ് ഫ്‌ളിപ് 4നെ പോലെ ലംബമായി തുറക്കാവുന്ന ഫോണായിരിക്കും സോണി ഇറക്കുക എന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
∙ എച്പി ഓഫിസ്‌ജെറ്റ് പ്രിന്ററുകള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിനു ശേഷം കേടാകുന്നു
എച്പിയുടെ ഓഫിസ്‌ജെറ്റ് സീരീസിലുള്ള പ്രിന്ററുകള്‍ക്കായി ഇറക്കിയ ഫേംവെയര്‍ അപ്‌ഡേറ്റ് സ്വീകരിച്ച ചില പ്രിന്ററുകള്‍ കേടാകുന്നതായി റിപ്പോര്‍ട്ട്. എച്പിയുടെ സപ്പോര്‍ട്ട് ഫോറങ്ങളില്‍ ഇതേക്കുറിച്ചുള്ള പരാതി കുമിഞ്ഞു കൂടുകയാണ്. ഓട്ടമാറ്റിക് ആയാണ് ഫേംവെയര്‍ ഇന്‍സ്റ്റാള്‍ ആകുന്നത്. ഇതിനു ശേഷം പ്രിന്ററിന്റെ ഡിസ്‌പ്ലേ നീല നിറമാകുകയും എറര്‍ കോഡ് 83ഇ0000ബി എന്ന് കാണിക്കുകയും ചെയ്യുന്നു. ഇങ്ങനെ പ്രശ്‌നത്തിലാകുന്ന പ്രിന്ററുകള്‍ ഉപയോക്താക്കള്‍ക്കു തന്നെ ശരിയാക്കാന്‍ സാധിക്കില്ലെന്നും അത് വര്‍ക്ക് ചെയ്യില്ലെന്നും പറയുന്നു.
∙ പരിഹാരം ഉടന്‍ കാണാനായേക്കും
പ്രശ്‌നങ്ങള്‍ ഉടലെടുത്ത കാര്യം എച്പി ബ്ലീപ്പിങ് കംപ്യൂട്ടറിനോട് സമ്മതിച്ചു. പല ഓഫിസ്‌ജെറ്റ് പ്രിന്ററുകളും കേടാകുകയാണ്. പ്രോ 9022ഇ, പ്രോ 9025ഇ, പ്രോ 9020ഇ ഓള്‍-ഇന്‍-വണ്‍, പ്രോ 9025ഇ ഓള്‍-ഇന്‍-വണ്‍ തുടങ്ങിയവയൊക്കെ പ്രശ്‌നത്തിലായി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചെറിയൊരു ശതമാനം പ്രിന്ററുകളാണ് കേടായിരിക്കുന്നതെന്ന് എച്പി അവകാശപ്പെട്ടു. തങ്ങളുടെ എൻജിനീയര്‍മാര്‍ ഇതിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു. എച്പിയുടെ ഓഫിസ്‌ജെറ്റ് ശ്രേണിയിലുള്ള പ്രിന്ററുകള്‍ ഉള്ളവര്‍ അവ ഇപ്പോള്‍ അപ്‌ഡേറ്റ് ആക്കാതിരിക്കുന്നതാവും ഉചിതം.
∙ മെറ്റാ കമ്പനിക്ക് 130 കോടി ഡോളര്‍ പിഴ
യൂറോപ്പിലെ ഉപയോക്താക്കളുടെ ഡേറ്റ അമേരിക്കയിലേക്ക് കൊണ്ടുപോയതിന് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെറ്റാ കമ്പനിക്ക് യൂറോപ്യന്‍ യൂണിയന്‍ 130 കോടി ഡോളര്‍ പിഴയിട്ടു. അമേരിക്കയിലേക്ക് ഡേറ്റ കൊണ്ടുപോകുന്നത് നിർത്താന്‍ 5 മാസം കൂടി സമയം നല്‍കിയിട്ടുണ്ട്. അതേസമയം, പിഴ നീതീകരിക്കാനാവില്ലെന്നും അതിനെതിരെ കോടതിയെ സമീപിക്കുമെന്നും മെറ്റാ പ്രതികരിച്ചു.
∙ ചൈന ദേശീയ സുരക്ഷയുടെ പേരില്‍ അമേരിക്കന്‍ കമ്പനിയെ നിരോധിച്ചു
മെമ്മറി ചിപ്പ് നിര്‍മാതാവായ മൈക്രോണ്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ചൈനയില്‍ വില്‍ക്കുന്നതിനു നിരോധനം. ഈ അമേരിക്കന്‍ കമ്പനി ദേശീയ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ചൈന പറയുന്നു. ചൈനീസ് അധികാരികള്‍ ഏഴ് ആഴ്ചയോളം മൈക്രോണ്‍ കമ്പനിയുടെ പ്രോഡക്ടുകള്‍ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാണ് നിരോധന ഉത്തരവിറക്കിയത്. അതേസമയം, ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കു തിരിച്ചടി നല്‍കാനാണ് ഈ നീക്കം എന്നു കരുതുന്നവരും ഉണ്ട്.
∙ എഐ എൻജിനീയര്‍മാരെ ജോലിക്കെടുക്കാന്‍ ആപ്പിള്‍
'ആപ്പിള്‍, എവിടെ നിങ്ങളുടെ എഐ ഉല്‍പന്നങ്ങള്‍?' എന്ന ചോദ്യം അടുത്തിടെയായി ആപ്പിള്‍ കമ്പനിയോട് പല ഐഫോണ്‍ പ്രേമികളും ഉന്നയിച്ചു തുടങ്ങിയിരിക്കുകയാണ്. ഐഫോണും മാക്കും മറ്റ് ഉല്‍പന്നങ്ങളും കമ്പനിക്കുണ്ട്. പക്ഷേ, മൈക്രോസോഫ്റ്റും ഗൂഗിളും എഐ പ്രോഡക്ടുകളുമായി അതിവേഗം മുന്നേറുകയാണ്. എഐ സേര്‍ച്ച് എൻജിനായ ചാറ്റ്ജിപിടി പോലെയുള്ള പുതിയ സാങ്കേതികവിദ്യയ്ക്കു മുന്നില്‍ ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിറി അടക്കമുള്ള പല സേവനങ്ങളും പഴഞ്ചനാണ്. എന്തായാലും ഈ പരാതി തീര്‍ക്കാനുള്ള ശ്രമം ഗൗരവത്തിലെടുക്കുകയാണ് ആപ്പിളെന്നാണ് പുതിയ സൂചനകള്‍.
പോക്കറ്റ്-ലിന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം തങ്ങളുടെ മെഷീന്‍ ലേണിങ്, എഐ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് വൈദഗ്ധ്യമുള്ള 176 പുതിയ ജോലിക്കാരെ എടുക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇവരില്‍ 68 പേര്‍ക്ക് സിറിയുടെ പോരായ്മകള്‍ തീര്‍ക്കാനുള്ള ജോലിയായിരിക്കുമെങ്കില്‍ 52 പേര്‍ക്ക് ഐഒഎസിലേക്ക് എഐ സന്നിവേശിപ്പിക്കാനുള്ള ജോലിയായിരിക്കും നല്‍കുക. കൂടാതെ, 46 പേര്‍ക്ക് മാക് ഒഎസിലേക്ക് എഐ ഉള്‍ക്കൊള്ളിക്കാനുള്ള ജോലിയും നല്‍കും.
English Summary: Meet Thomas Kurian, Google Cloud’s CEO, Who Is Richer Than Boss Sundar Pichai With A Net Worth Of Rs 12000 Cr