ഹെഡ്‌ഫോണ്‍ വെക്കുന്ന ഭാഗത്ത് നെടുനീളത്തില്‍ അതാ 'ഒരു കുഴി!'; ഗെയിമര്‍ ഹെഡ്' എന്താണ്?
Mail This Article
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് 'തല മൊട്ടയടിക്കാന്‍' ഗെയിമറായ കുര്‍ട്ടോസ് തീരുമാനിച്ചത്. തല്‍സമയം വിഡിയോ ചിത്രീകരിച്ചു ട്രിമ്മര്‍ ഉപയോഗിച്ച് മുടി കളഞ്ഞ അയാള്‍ ഞെട്ടി. തലയുടെ നടുവിലായി ഹെഡ്‌ഫോണ്‍ വെക്കുന്ന ഭാഗത്ത് നെടുനീളത്തില്‍ അതാ 'ഒരു കുഴി!'. ദീര്‍ഘ സമയം ഹെഡ്‌ഫോണ്‍ ഉപയോഗിച്ചതിന്റെ ഫലമായി സംഭവിച്ചതായിരുന്നുവത്രെ ഇത്.
'ഗെയിമര്‍ ഹെഡ്' എന്ന് വിളിക്കുന്ന ഇത്തരം അവസ്ഥ ഹെഡ് ഫോണുകള്‍ തലക്കു കുറുകേ ഇറുക്കി ദീര്‍ഘ സമയം വെക്കുന്ന നിരവധി പേര്‍ക്കുണ്ട്. കുര്‍ട്ടോസിന്റെ വിഡിയോ വൈറലായതിന് പിന്നാലെ സമാനമായ രീതിയില്‍ തലക്കു നെറുകില്‍ ഹെഡ്‌ഫോണ്‍ വെക്കുന്ന ഭാഗത്ത് കുഴിയുണ്ടെന്ന് പലരും തിരിച്ചറിയുകയും ചെയ്തു. സ്വന്തം തലമുടി വടിച്ചപ്പോള്‍ കുര്‍ട്ടോസ് തല്‍സമയം ഞെട്ടുന്നത് വിഡിയോയില്‍ കാണാം. കുര്‍ട്ടോസിന്റെ വിഡിയോക്ക് 4.2 കോടിയിലേറെ വ്യൂസും ആയിരക്കണക്കന് കമന്റുകളും ട്വിറ്ററില്‍ മാത്രം ലഭിച്ചിട്ടുണ്ട്.
ഇരുപത് വര്‍ഷത്തോളം കമ്പ്യൂട്ടര്‍ ഗെയിം കളിച്ചാല്‍ ശാരീരികമായി എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കാമെന്ന് കാണിക്കുന്ന കമ്പ്യൂട്ടര്‍ മോഡലുമായി OnlineCasino.caഎന്ന കനേഡിയന്‍ സൈറ്റും രംഗത്തെത്തിയിട്ടുണ്ട്. കറുത്ത വളയം രൂപപ്പെട്ട കണ്ണുകള്‍, വൈറ്റമിന്‍ ഡിയും ബി12വും ലഭിക്കാത്തതിന്റെ പ്രശ്‌നങ്ങള്‍, വളഞ്ഞു പോയ പുറം, തലയില്‍ ഗെയിമര്‍ ഹെഡ്... എന്നിങ്ങനെ പോകുന്നു ആരും പേടിച്ചേക്കാവുന്ന കമ്പ്യൂട്ടര്‍ മോഡലിന്റെ സവിശേഷതകള്‍. മണിക്കൂറുകള്‍ കമ്പ്യൂട്ടറില്‍ ഗെയിം കളിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ മനുഷ്യ ശരീരത്തിനുണ്ടാവുമെന്ന പഠനങ്ങളുടെ ഫലങ്ങള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍കാസിനോ ഈ ഭാവി ഗെയിമറുടെ രൂപം സൃഷ്ടിച്ചിരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ പേടിച്ചു പോവുമെങ്കിലും, പക്ഷേ അത്രത്തോളം ഭയക്കേണ്ടതില്ല ഈ ഗെയിമര്‍ ഹെഡ് എന്ന ആശ്വാസ വിവരവും വിദഗ്ധര്‍ നല്‍കുന്നുണ്ട്. ഭൂരിഭാഗം സമയങ്ങളിലും താല്‍ക്കാലികം മാത്രമാണ് തലയോട്ടിയിലെ ഈ കുഴി. ഒന്നു ചെയ്തില്ലെങ്കിലും സമയവും സാവകാശവും നല്‍കിയാല്‍ ഗെയിമര്‍ ഹെഡ് തലയില്‍ നിന്നും അപ്രത്യക്ഷമാവും. കുറഞ്ഞത് 135 കിലോഗ്രാം ഭാരമുള്ള ആഘാതം ഏറ്റാല്‍ മാത്രമാണ് നമ്മുടെ തലയോട്ടിക്ക് ചെറുതായെങ്കിലും ക്ഷതം ഏല്‍ക്കാറ്. തീര്‍ച്ചയായും നമ്മുടെ ഹെഡ്‌ഫോണുകള്‍ക്ക് അത്രയേറെ ഭാരമില്ല.
ഹെഡ്‌ഫോണുകള്‍ അമിതമായിഉപയോഗിക്കുന്നതുകൊണ്ട് തലയോട്ടിക്കല്ല മറിച്ച് കേള്‍വിക്കാണ് തകരാറ് സംഭവിക്കാന്‍ സാധ്യത കൂടുതലുള്ളത്. കേള്‍വിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ദിവസം പരമാവധി 90 മിനുറ്റ് മാത്രമേ ഹെഡ്‌ഫോണ്‍ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല 80 ശതമാനത്തില്‍ താഴെയായിരിക്കണം ഹെഡ്‌ഫോണിലെ ശബ്ദമെന്ന കാര്യവും ഉറപ്പിക്കണം.
English Summary: Gamer Head After wearing Headphone for Hours