15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന ഫോൺ, ശല്യക്കാരോടു 'കാര്യമായി' സംസാരിക്കുന്ന ആപ്:ടെക് വിശേഷങ്ങൾ
Mail This Article
കേവലം 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാവുന്ന ബാറ്ററിയുള്ള നോര്‍ഡിന്റെ പുതിയ മോഡലുമായി വണ്‍പ്ലസ് കമ്പനി. നോര്‍ഡ് 3 5ജി എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഫോണിന് മീഡിയാടെക് ഡിമെന്‍സിറ്റി 9000 പ്രൊസസര്‍ ആണ് നല്‍കിയിരിക്കുന്നത്. 16ജിബി റാം വരെ ലഭിക്കും. 6.74-ഇഞ്ച് സ്‌ക്രീനിന് 120ഹെട്‌സ് വരെ റിഫ്രഷ് റേറ്റുമുണ്ട്. 33,999 രൂപ വിലയിട്ടിരിക്കുന്ന നോര്‍ഡ് 3 5ജി ജൂലൈ 15 മുതല്‍ വാങ്ങാം. ഇത്ര വില നല്‍കാന്‍ സാധിക്കാത്തവര്‍ക്കായി നോര്‍ഡ് സിഇ 3 മോഡലും പുറത്തിറക്കിയിട്ടുണ്ട്.
മികച്ച ക്യാമറ
തങ്ങളുടെ നോര്‍ഡ് സീരീസില്‍ ഇതുവരെ ലഭ്യമാക്കിയതിലേക്കും വച്ച് ഏറ്റവും മികച്ച ക്യാമറ പുതിയ മോഡലില്‍ ഉണ്ടെന്ന് കമ്പനി പറയുന്നു. ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ് പിന്നില്‍. പ്രധാന ക്യാമറയ്ക്ക് 50എംപിയാണ് റെസലൂഷന്‍. ഇമേജ് സ്റ്റബിലൈസേഷനോടുകൂടിയ ഈ ക്യാമറയ്ക്ക്, പ്രകാശം കുറഞ്ഞ സമയത്തു പോലും മികച്ച ഫോട്ടോകള്‍ പകര്‍ത്താനാകുമെന്നു കമ്പനി പറയുന്നു. ഇതിന് സോണി ഐഎംഎക്‌സ്890 സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം 8എംപി അള്‍ട്രാവൈഡ് (112-ഡിഗ്രി), 2എംപി മാക്രോ എന്നീ ക്യാമറകളും ഉണ്ട്. 16എംപിയാണ് സെല്‍ഫി ക്യാമറയുടെ റെസലൂഷന്‍. ഫോണിന് 4കെ 60പി വിഡിയോ വരെ പകര്‍ത്താന്‍ സാധിക്കും. എഐ നോയിസ് റിഡക്‌ഷന്‍ അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ മികച്ച വിഡിയോ ഫുട്ടേജ് ലഭിക്കുമെന്നും കമ്പനി പറയുന്നു.
വണ്‍പ്ലസ് നോര്‍ഡ് 3 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കി സൃഷ്ടിച്ച ഓക്‌സിജന്‍ഓഎസ് 13.1ലാണ്. മുന്‍ മോഡലിനെ അപേക്ഷിച്ച് 40 ശതമാനം കുറച്ച് ബാറ്ററി പവര്‍ മതി പുതിയ മോഡലിന് എന്നും കമ്പനി പറയുന്നു. 5000 എംഎഎച് ബാറ്ററി, 80w അതിവേഗ ചാര്‍ജിങ് തുടങ്ങിയവയും ഉണ്ട്. അതിനാലാണ് 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാമെന്ന വണ്‍പ്ലസിന്റെ അവകാശവാദം. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
നോര്‍ഡ് സിഇ 3
സ്‌നാപ്ഡ്രാഗണ്‍ 782ജി പ്രൊസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന നോര്‍ഡ് സിഇ 3 മോഡലും വണ്‍പ്ലസ് പുറത്തിറക്കി. ഇതിന് രണ്ടു വേരിയന്റുകളാണ് ഉള്ളത് 8 ജിബി +128 ജിബി, 12 ജിബി + 256 ജിബി. ഇവയുടെ വില യഥാക്രമം 26,999 രൂപ, 28,999 രൂപ എന്നിങ്ങനെയാണ്. 6. 7 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് ഫോണിന്. 120 ഹെർട്‌സ് റിഫ്രെഷ് റേറ്റുമുണ്ട്. ഈ മോഡലിനും 80w ചാര്‍ജിങ് ലഭ്യമാണ്. നോര്‍ഡ് 3യുടെ രീതിയില്‍ ട്രിപ്പിള്‍ പിന്‍ ക്യാമറാ സെറ്റ്-അപ്പുമുണ്ട്. 4കെ വിഡിയോ റെക്കോർഡിങ്, അള്‍ട്രാ സ്‌റ്റെഡി വിഡിയോ, വിഡിയോ പോര്‍ട്രെയ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.
വണ്‍പ്ലസ് നോര്‍ഡ് ബഡ്‌സ് 2 ആര്‍ എത്തി; വില 2,199 രൂപ
12.4 എക്‌സ്ട്രാ ലാര്‍ജ് ഡ്രൈവറുകള്‍ ഉള്‍ക്കൊള്ളിച്ചു പുറത്തിറക്കിയിരിക്കുന്ന ടിഡബ്ല്യുഎസ് ഇയര്‍ഫോണ്‍ ആണ് വണ്‍പ്ലസ് നോര്‍ഡ് ബഡ്‌സ് 2ആര്‍. ഡോള്‍ബി അറ്റ്‌മോസ്, ഇരട്ട മൈക്കുകള്‍, എഐ ക്ലിയര്‍ കോള്‍ അല്‍ഗോരിതം തുടങ്ങിയവ ഇതിന്റെ ഫീച്ചറുകളാണ്. സൗണ്ട് മാസ്റ്റര്‍ ഇക്വലൈസര്‍ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. വില 2,199 രൂപ ആയിരിക്കും.
∙ഗൂഗിളിന്റെ സ്വകാര്യതാ നയം മാറ്റി; ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നതെന്തും എഐ ടൂളിനെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന്
ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്ന എന്തു ടെക്‌സ്റ്റും തങ്ങളുടെ എഐ സംവിധാനത്തെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്, ബാര്‍ഡ്, ക്ലൗഡ് എഐ തുടങ്ങിയവയുടെ ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത് എന്നാണ് കമ്പനി പറയുന്നത്. പല കമ്പനികളും പറയുന്നത് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുന്ന ഡേറ്റ തങ്ങള്‍ ഉപയോഗിക്കുമെന്നാണെങ്കില്‍, ഗൂഗിളിന്റെ പുതിയ സ്വകാര്യതാ നയം പറയുന്നത് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നതെന്തും തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നാണ്. ഇത്തരത്തില്‍ എഐ ബോട്ടുകള്‍ ട്വിറ്ററില്‍ കയറി ‘നിരങ്ങിയതു’ കൊണ്ടാണ് ഡേറ്റാ ശേഖരണം പരിമിതപ്പെടുത്താന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം പുതിയ രീതികള്‍ അനുവര്‍ത്തിച്ചതെന്നും പറയുന്നു.
∙മസ്‌കും സക്കര്‍ബര്‍ഗും കോടികള്‍ വാരി
ലോകത്തെ 500 കോടീശ്വരന്മാര്‍ 2023 ന്റെ ആദ്യ പകുതിയില്‍ 852 ബില്യന്‍ ഡോളര്‍ നേടിയെന്ന് ബ്ലൂംബര്‍ഗ്. ഇത്തരത്തില്‍ ഏറ്റവുമധികം പണം നേടിയവരില്‍ ടെക്‌നോളജി കോടീശ്വരന്മാരാണ് മുന്നില്‍. ടെസ്‌ല, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌ക് ഈ കാലയളവില്‍ 96.6 ബില്യന്‍ ഡോളര്‍ അധികമായി നേടിയെങ്കില്‍, മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് 58.9 ബില്യന്‍ ഡോളര്‍ വാരി മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
അതേസമയം, ജൂണില്‍ അവസാനിച്ച ആറു മാസത്തിനിടയ്ക്ക്, ഇന്ത്യന്‍ ക്ലൗഡ് മേഖലയിലടക്കം നിക്ഷേപമുള്ള ഗൗതം അദാനിക്ക് നഷ്ടമായിരിക്കുന്നത് 60.2 ബില്യന്‍ ഡോളറാണ്. അദ്ദേഹത്തിന് 2023 ജനുവരി 7ന് മാത്രം നഷ്ടമായിരിക്കുന്നത് 20.8 ബില്യന്‍ ഡോളറാണ്. ഒരു ദിവസം നഷ്ടമാകുന്ന ഏറ്റവും വലിയ തുകയാണിത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
∙'ട്വിറ്റര്‍ കില്ലര്‍' ത്രെഡ്‌സ് ആപ്പുമായി മെറ്റാ
മസ്‌കും സക്കര്‍ബര്‍ഗും ഗോദായില്‍ നേരിട്ട് ഏറ്റുമുട്ടിയാലും ഇല്ലെങ്കിലും ട്വറ്ററിനെ നേരിടാനായി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് മെറ്റാ. ഇന്‍സ്റ്റഗ്രാമിന്റെ ഭാഗമായി ആണ് 'ത്രെഡ്‌സ്' അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിന് പ്രതിമാസം 2 ബില്യനിലേറെ ആക്ടീവ് യൂസര്‍മാരുണ്ട്. ഇവരില്‍ ചെറിയൊരു ശതമാനം പേര്‍ താൽപര്യം കാണിച്ചാല്‍ പോലും ആപ് ഒരു വിജയമാക്കാമെന്നാണ് സക്കര്‍ബര്‍ഗിന്റെ കണക്കുകൂട്ടല്‍. അതിനാലാണ് ട്വിറ്റര്‍ കില്ലര്‍ പ്ലാറ്റ്‌ഫോമായി ത്രെഡ്‌സിനെ ചിത്രീകരിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ രീതിയില്‍ സന്ദേശം പോസ്റ്റ് ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത.
∙11 വര്‍ഷത്തിനിടയില്‍ ആദ്യമായി ട്വീറ്റ് ചെയ്ത് സക്കര്‍ബര്‍ഗ്
സമൂഹ മാധ്യമങ്ങളുടെ മൊത്തം ആധിപത്യം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന സക്കര്‍ബര്‍ഗ് കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഒരു ട്വീറ്റ് പോലും നടത്തിയിരുന്നില്ല. എന്നാല്‍, ട്വിറ്ററിന് എതിരെ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച ദിവസം സക്കര്‍ബര്‍ഗ് ട്വീറ്റ്നടത്തി. അവതരിപ്പിച്ച് 2 മണിക്കൂറിനുള്ളില്‍ 20 ലക്ഷം ഉപയോക്താക്കളെ ത്രെഡ്‌സിനു കിട്ടി എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോകം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി ത്രെഡ്‌സ് മാറുമെന്നും താമസിയാതെ 1 ബില്യന്‍ ഉപയോക്താക്കളെ കിട്ടുമെന്നുംഅദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
∙ടെലി മാര്‍ക്കറ്റിങ്ങുകാരെ കെട്ടുകെട്ടിക്കാന്‍ എഐ ആപ് ജോളി റോജര്‍
ഒരാളുടെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തിയ ശേഷം വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരിക്കുക എന്നത് ലോകമെമ്പാടുമുള്ള ടെലി മാര്‍ക്കറ്റിങ്ങുകാരുടെയും ചില തട്ടിപ്പുകാരുടെയും രീതിയാണ്. പ്രധാനപ്പെട്ട ജോലി ചെയ്യുമ്പോഴും മറ്റു ഗൗരവമുള്ള സാഹചര്യങ്ങളിലായിരിക്കുമ്പോഴും ഒക്കെ ഇത്തരം അനാവശ്യ കോളുകള്‍ എത്തും. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് റോജര്‍ ആന്‍ഡേഴ്‌സണ്‍ എന്ന കലിഫോര്‍ണിയക്കാരന്‍ എന്ന് വോള്‍ സ്ട്രീറ്റ് ജേണല്‍. വൈറല്‍ എഐ ആപ്പായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജിപിറ്റി സാങ്കേതികവിദ്യയാണ് ഇതിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ആപ്പിന് ടെലി മാര്‍ക്കറ്റിങ് കോള്‍ അറ്റന്‍ഡ് ചെയ്ത് തിരിച്ചു സംസാരിക്കാന്‍ സാധിക്കും. ടെലി മാര്‍ക്കറ്റിങ് കോള്‍ നടത്തുന്ന ആള്‍ക്ക് മനസിലാവില്ല താന്‍ ഒരു (റോ)ബോട്ടിനോടാണ് സംസാരിക്കുന്നതെന്ന്. പല ആളുകളെ അനുകരിച്ചു സംസാരിക്കാനും ഇതിനു സാധിക്കും. ഒരു ടെലിമാര്‍ക്കറ്റിങ് ആള്‍ ബോട്ടിനോടാണ് സംസാരിക്കുന്നതെന്നറിയാതെ 6 മിനിറ്റ് വരെ സംസാരിച്ചു എന്നും റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ ലഭ്യമായ ആപ്പിന് വരിസംഖ്യയുണ്ട്.
English Summary: meta threads, nord phone and goole new policy news in one place-Tech Capsules