'എൻട്രി സൂപ്പർ' പക്ഷേ 'നായകൻ' പോര!, ചാറ്റ്ജിപിടിയെ തഴഞ്ഞു ഉപയോക്താക്കൾ: എന്താണ് പ്രശ്നം?
Mail This Article
ഓപ്പൺഎഐയുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടി ടെക് മേഖലയിലെ ഒരു കൊടുങ്കാറ്റായിരുന്നു. പരമ്പരാഗത മാധ്യമങ്ങളെയും സേർച് എൻജിനുകളെയും കടപുഴക്കുമെന്നൊക്കെ പലരും കരുതി. ഉപന്യാസങ്ങളും കഥകളും ഫിലിം സ്ക്രിപ്റ്റുകളും പ്രോജക്റ്റ് റിപ്പോർട്ടുകളുമൊക്കെ ചാറ്റ് ജിപിടിയുടെ സഹായത്തോടെ പലരും എഴുതി, ഭാവിയിൽ മനുഷ്യ സ്പർശം വേണ്ട അല്ലെങ്കിൽ ഭാവനയുടെ സഹായം വേണ്ടി വരുന്ന ജോലികളെല്ലാം ചാറ്റ് ജിപിടി ചെയ്യുമോയെന്നു എന്ന് പലരും ആശ്ചര്യപ്പെട്ടു.
പക്ഷേ ഇത്തരം ചാറ്റ്ബോട്ടിന്റെ ജനപ്രീതി താഴേക്ക് പോകുന്നതായി തോന്നുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചാറ്റ്ജിപിടി വെബ്‌സൈറ്റ് സന്ദർശിക്കുകയും ആപ് ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ജൂൺ മാസത്തിൽ ChatGPT-യുടെ മൊബൈൽ, ഡെസ്ക്ടോപ്പ് ട്രാഫിക്കിൽ 9.7 ശതമാനം കുറവുണ്ടായതായി ഇന്റർനെറ്റ് ഡാറ്റാ സ്ഥാപനമായ Similarweb പറയുന്നു. ജൂൺ ആദ്യം മുതൽ ചാറ്റ്‌പോട്ടിന്റെ iPhone ആപ് ഡൗൺലോഡുകളും കുറഞ്ഞു.
ആദ്യ രണ്ട് മാസങ്ങളിൽ, ഓപ്പൺഎഐ ചാറ്റ്ബോട്ട് 200 ദശലക്ഷം ഉപയോക്താക്കളെ രജിസ്റ്റർ ചെയ്തിരുന്നു. കംപ്യൂട്ടിംങിലെ അടുത്ത വിപ്ലവം എന്നാണ് മൈക്രോസോഫ്റ്റും ഗൂഗിൾ എക്സിക്യൂട്ടീവുകളും AI യെ വിശേഷിപ്പിച്ചത്. എന്നാൽ സമീപ മാസങ്ങളിൽ, ChatGPT പോലെയുള്ള ചാറ്റ്ബോട്ടുകളുമായുള്ള പ്രശ്‌നങ്ങൾ പുറത്തുവരാനാരംഭിച്ചു, പിഴവുകൾ കാണിക്കുന്നുണ്ടെന്നു ഉപയോക്താക്കൾ ഫ്ലാഗു ചെയ്തത് വിശ്വാസ്യത കുറയാൻ കാരണമായി.
സെൻസിറ്റീവ് കമ്പനി ഡാറ്റ ചോർത്താൻ ഇടയാക്കുമെന്ന ആശങ്ക കാരണം നിരവധി കമ്പനികൾ ജോലിസ്ഥലത്ത് ചാറ്റ്ബോട്ട് ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കുകയും ചെയ്തു. സുരക്ഷിതമല്ലേ ഇതൊന്നും? പരിശോധിക്കാം.
ചാറ്റ്ജിപിടിയിൽ ഡേറ്റ ചോർന്നു?
ഏറ്റവും ജനശ്രദ്ധ ലഭിച്ചിരിക്കുന്ന നിർമിതബുദ്ധി സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടിയില്‍നിന്ന് ഇന്ത്യക്കാരുടെയടക്കം ഡേറ്റാ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട് അടുത്തകാലത്തു പറത്തുവന്നിരുന്നു. സൈബര്‍ സുരക്ഷാ കമ്പനിയായ ഗ്രൂപ്-ഐബിയാണ് ഇതു പ്രസിദ്ധീകരിച്ചത്. ഏകദേശം 101,000 ചാറ്റ്ജിപിടി അക്കൗണ്ടുകളില്‍ നിന്നുള്ള ഡേറ്റയാണ് ലീക്കായിരിക്കുന്നതത്രേ. ഇതില്‍ 12,632 എണ്ണം ഇന്ത്യക്കാരുടേതാണ്. ഇതിലേറെയും ഡാര്‍ക് വെബില്‍ വില്‍പനയ്ക്കു വച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.
ചാറ്റ് ഹിസ്റ്ററി പുറത്തായി?
ചാറ്റ്ജിപിടിയില്‍ മുന്‍ ചാറ്റുകളുടെ ഹിസ്റ്ററി സ്റ്റോർ ചെയ്യാന്‍ സാധിക്കുമത്രെ. ഇത്തരത്തിലുള്ള വിവരങ്ങളാണ് ഇന്‍ഫോ-സ്റ്റീലിങ് മാല്‍വെയര്‍ ഉപയോഗിച്ച് ശേഖരിച്ചതെന്നു പറയുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം വ്യക്തികളെക്കുറിച്ച് പലതും മനസ്സിലാക്കാമെന്നു ഗവേഷകര്‍ പറയുന്നു. ഇന്‍ഫോ-സ്റ്റീലറുകള്‍ ബാധിച്ച കംപ്യൂട്ടറുകളിലെ ബ്രൗസറുകള്‍ വഴിയാണ് ഇരകളുടെ സ്വകാര്യ ഡേറ്റയിലേക്ക് കടന്നുകയറിയിരിക്കുന്നത്. ഫിഷിങ് (phishing)ആക്രമണങ്ങള്‍ വഴി പെട്ടെന്ന് ഒട്ടനവധി കംപ്യൂട്ടറുകളിലേക്കു കയറാന്‍ ഇത്തരം മാല്‍വെയറിന് സാധിക്കുമത്രേ.