ADVERTISEMENT

ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമാകാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി.ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെതിരെ മുന്നറിയിപ്പ് സ്വഭാവമുള്ള സന്ദേശം നൽകിയിരിക്കുകയാണ് ഹോളിവുഡ് സംവിധായകൻമാരിലെ അതികായനായ ജയിംസ് കാമറൺ. ടൈറ്റാനിക്, ടെർമിനേറ്റർ, അവതാർ തുടങ്ങിയ ഹോളിവുഡിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനാണ് കാമറൺ. 1984ൽ ഇദ്ദേഹം സംവിധാനം ചെയ്തു പുറത്തിറക്കിയ ചിത്രമായ ടെർമിനേറ്റർ 1, നിർമിതബുദ്ധിയുടെ അപകടകരമായ അവസ്ഥാന്തരങ്ങൾ കാട്ടിയ സിനിമയാണ്

 

. താൻ 1984ൽ തന്നെ മുന്നറിയിപ്പു നൽകിയെന്നും ആരും കേട്ടില്ലെന്നും അദ്ദേഹം ടെർമിനേറ്ററിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് പറയുന്നു. യുദ്ധമേഖലയിലൊക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികാസം പ്രാപിച്ചാൽ അതു മനുഷ്യവംശത്തെയാകെ പ്രതിസന്ധിയിലാക്കുമെന്നാണ് കാമറണിന്റെ അഭിപ്രായം. മറ്റൊരു പ്രമുഖ ഹോളിവുഡ് സംവിധായകനായ ക്രിസ്റ്റഫർ നോളനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്.

Oppenheimer-review

 

പുതുതായി പുറത്തിറങ്ങിയ തന്റെ ചിത്രമായ ഓപ്പൺഹൈമറുടെ പശ്ചാത്തലത്തിലാണ് നോളൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടവശങ്ങൾ ചൂണ്ടിക്കാട്ടിയത്.ഇൻസെപ്ഷൻ, പ്രസ്റ്റീജ്, ഇന്റർസ്റ്റെല്ലാർ, ടെനറ്റ്, ഡാർക്‌ൈനൈറ്റ് ട്രൈലജി തുടങ്ങിയ മാസ്മരിക ചിത്രങ്ങളൊരുക്കിയ നോളൻ ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ജെ.റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതമാണ് ഓപ്പൺഹൈമറിൽ പ്രമേയമാക്കുന്നത്.

 

ആണവ ബോംബിനെക്കുറിച്ചും അതിന്റെ പരിണത ഫലങ്ങളെക്കുറിച്ചുമെല്ലാമുള്ള ചർച്ചകളിൽ ഒഴിവാക്കാൻ പറ്റാത്ത പേരാണ് റോബർട്ട് ഓപ്പൺഹൈമർ എന്നത്. രണ്ടാംലോകയുദ്ധത്തിന്റെ അന്ത്യഘട്ടത്തിൽ ജപ്പാനിൽ  അണുബോംബ് പതിച്ചു.അണുബോംബിന്റെ മാരകമായ പ്രഹരശേഷിയും അതുണ്ടാക്കുന്ന നാശനഷ്ടങ്ങളും ഓപ്പൺഹൈമറെ ഉലച്ചുകളഞ്ഞു. ആണവ ആയുധ പദ്ധതികൾ ഇനിയും വികസിപ്പിക്കരുതെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. മൻഹാറ്റൻ പദ്ധതിയിൽ നിന്നു രാജിവയ്ക്കുകയും ചെയ്തു.

 

തന്റെ സൃഷ്ടിയായ അണുബോംബിനെ അതിന്റെ മാരകശേഷി തിരിച്ചറിഞ്ഞ് എതിർക്കേണ്ടി വന്ന ഓപ്പൺഹൈമറുടെ അവസ്ഥയിലാണ് ഇന്നത്തെ പല എഐ വിദഗ്ധരുമെന്ന് നോളൻ പറഞ്ഞു. എഐ സാങ്കേതികവിദ്യയിലുള്ള ആശങ്കയിൽ പല മുൻനിര വിദഗ്ധരും പ്രതികരിച്ചിരുന്നു. എഐയുടെ തലതൊട്ടപ്പനെന്ന് അറിയപ്പെടുന്ന ഡോ. ജെഫ്രി ഹിന്റൻ കഴിഞ്ഞ മാസം ഗൂഗിളിൽ നിന്ന് രാജിവച്ചത് വലിയ ചർച്ചയുയർത്തിയിരുന്നു. എഐയുടെ ഭീഷണികളെപ്പറ്റി തുറന്നുസംസാരിക്കാനാണ് തന്റെ രാജിയെന്ന് ഹിന്റൻ അറിയിച്ചിരുന്നു.

 

English Summary: "I Warned You Guys in 1984": 'Terminator' Director James Cameron On AI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com