ടൈറ്റൻ അപകടം ഒരു നിഗൂഢത; ശാന്തമായി ടൈറ്റാനിക് അവിടെ തുടരും, എല്ലാം അവസാനിപ്പിച്ചു ഓഷൻഗേറ്റ് കമ്പനി
Mail This Article
ടൈറ്റാനിക് ദുരന്തവും ഇപ്പോഴും അവിടെ തുടരുന്ന അവശിഷ്ടങ്ങളും നിരവധി കഥകൾക്കും കെട്ടുകഥകൾക്കുമെല്ലാം വളക്കൂറുള്ള സ്രോതസാണ്. എന്തായാലും ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു. ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്. പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ ഉൾസ്ഫോടനത്തിനു കാരണമായെന്നാണ് നിഗമനം.
സമുദ്രാന്തര ഗവേഷങ്ങളുടെ സുരക്ഷയിൽ വലിയൊരു മാറ്റം ആവശ്യപ്പെടാനും അധികൃതരുടെ ശ്രദ്ധ ചെല്ലാനും ഇത്തരമൊരു അപകടം കാരണമായി. എന്തായാലും ടൈറ്റാനിക് അവശിഷ്ടങ്ങളുടെ സന്ദർശനം പോലുള്ള സമുദ്രാന്തര യാത്രകളെല്ലാം അവസാനിപ്പിച്ചിരിക്കുകയാണ് ഓഷൻഗേറ്റ് എക്സ്പെഡിഷൻ കമ്പനി. സമുദ്രോപരിതലത്തിൽനിന്ന് ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ലോകപ്രശസ്തമായ ടൈറ്റനിക്ക് കപ്പലുള്ളത്.
സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് കണ്ടെടുത്ത, തകര്‍ന്ന ടൈറ്റന്‍ ജലപേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം ലഭിച്ച യാത്രികരുടെ ശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന യുഎസ് അധികൃതർ നടത്തിയിരുന്നു. സമുദ്രദുരന്തത്തിന്റെ ദുരൂഹത ഇതുവരെ പൂർണമായും അവസാനിച്ചിട്ടില്ല. യുഎസ്, കനേഡിയൻ ഏജൻസികൾ അന്വേഷണത്തിലാണ്. യുകെയുടെയും ഫ്രാൻസിലെയും വിദഗ്ദരുടെയും സഹായം തേടുന്നുണ്ട്. നേതൃത്വം നൽകുന്നത് യുഎസ് കോസ്റ്റ്ഗാർഡാണ്. മറൈൻ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷൻ ഉയർന്നതലത്തിലുള്ള അന്വേഷമാണ് നടത്തുന്നത്.
അന്വേഷണം ഇപ്പോഴും വസ്തുതകളും തെളിവുകളും ശേഖരിക്കുന്ന ഘട്ടത്തിലാണെന്ന് യുഎസ് കോസ്റ്റ് ഗാർഡിന്റെ വക്താവ് സ്ഥിരീകരിച്ചിരുന്നു, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ലഭിച്ച എല്ലാ തെളിവുകളും അന്വേഷണ ഏജൻസികൾക്കു കൈമാറി. ജൂൺ 28 ന് സെന്റ് ജോൺസ് എന്ന അന്വേഷണ കപ്പലിൽനിന്നു കരയിൽ എത്തിച്ച മുങ്ങിക്കപ്പലിന്റെ ടൈറ്റാനിയം എൻഡ് ക്യാപ്പുകളും മറ്റ് വീണ്ടെടുക്കപ്പെട്ട കഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. വസ്തുതാന്വേഷണ ഘട്ടം അവസാനിച്ചാൽ, മറൈൻ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷന്റെ പബ്ലിക് ഹിയറിങുകൾ വിളിക്കാനാരംഭിക്കും.