ADVERTISEMENT

ഛിന്നഗ്രഹം പതിച്ചതുമൂലമുണ്ടായ ലോകത്തിലെ ഏറ്റവും വലിയ ഭീമൻ ഗർത്തം ഓസ്‌ട്രേലിയയിലുണ്ടെന്ന് ശാസ്ത്രജ്ഞർ. ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിൽ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഡെനിലിഖിൻ എന്ന മേഖലയിൽ നിന്നു വൃത്താകൃതിയിൽ പുറപ്പെടുന്ന കാന്തിക, ഭൂഗുരുത്വ ഘടനകൾ വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിയത്. 520 കിലോമീറ്ററോളം വ്യാസത്തിലാണ് ഈ ഗർത്തമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഇടിച്ച ഒരു ഛിന്നഗ്രഹം മൂലമുണ്ടായതാകാം ഈ ഘടനയെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. സ്ഥിരീകരിക്കപ്പെട്ടാൽ, ലോകത്ത് സംഭവിച്ച ഏറ്റവും വലിയ ഛിന്നഗ്രഹ ഗർത്തമാകും ഇത്. ഇതു കണ്ടുപിടിക്കാൻ വളരെയെളുപ്പമാണെന്ന ചിന്ത ആളുകളിലുണ്ടായേക്കാം, ഇത്രയും വലിയൊരു ഗർത്തം അതിവേഗം കണ്ടെത്താമല്ലോ. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ, ഇത്തരം കുഴികൾ കണ്ടെത്താൻ വലിയ പാടാണ്.

 

കോടിക്കണക്കിനു വർഷങ്ങൾ മുൻപ് നടന്ന സംഭവമായതിനാൽ ഈ ഘടനയുടെ പല ഭാഗങ്ങളും കാലപ്പഴക്കം മൂലമുള്ള നാശത്താൽ മറഞ്ഞിരിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കണ്ടുപിടിക്കാനൊക്കാത്ത വിധത്തിൽ ഇപ്പോഴത്തെ പരിതസ്ഥിതികളുമായി ഇവ ഇഴുകിച്ചേർന്നിരിക്കാം.

എന്നാൽ ക്ഷമ പുലർത്തി പരിശോധിക്കുന്ന ശാസ്ത്രജ്ഞർക്ക് ഇതു കണ്ടെത്താനാകും. റേഡിയൽ ഫോൾട്ട് തുടങ്ങിയ വൃത്താകൃതിയിലുള്ള ഘടനകൾ സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്താം. 

 

കാന്തികമായ സവിശേഷതകളും വ്യത്യസ്തമാകും. ആഘാതം മൂലമുണ്ടായ ഗർത്തങ്ങളിലേക്കും താഴ്ചകളിലേക്കും ഉരുകിയ പാറകൾ വീണു നിറയുന്നതു കാരണമാണ് ഇതു സംഭവിക്കുന്നത്. ഓസ്‌ട്രേലിയ വൻകര, ഗോണ്ട്വാന എന്ന അതി വൻകരയുടെ ഭാഗമായിരുന്ന സമയത്താകാം ഈ ഛിന്നഗ്രഹപതനം നടന്നതെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ഇന്നത്തെ തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ, അറേബ്യ, മഡഗാസ്‌കർ, അന്‌റാർട്ടിക എന്നീ ഭൗമമേഖലകൾ പണ്ടു ഗോണ്ട്വാനയുടെ ഭാഗമായിരുന്നു. കോടിക്കണക്കിനു വർഷമെങ്കിലും മുൻപാകാം ഇടി നടന്നത്.

 

ഈ ഇടിയുടെ ആഘാതത്താലുണ്ടായ കാലാവസ്ഥാ മാറ്റങ്ങൾ മൂലം അന്നു ഭൂമിയിലുണ്ടായിരുന്ന 85 ശതമാനം ജീവി വർഗങ്ങളും നശിച്ചിരിക്കാമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു.ദിനോസറുകളുടെ അന്ത്യം സംഭവിക്കുന്നതിനും വളരെ മുൻപാണ് ഇത്. ദിനോസറുകളുടെ അന്ത്യവും ഛിന്നഗ്രഹ പതനത്തെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാലാണ് നടന്നതെന്നാണ് കണക്കാക്കുന്നത്. ഇന്നത്തെ മെക്‌സിക്കോയിലെ യൂക്കാട്ടൻ മേഖലയിലാണ് ഈ ഛിന്നഗ്രഹം പതിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com