സംഭവം സൂപ്പർഹിറ്റ്, പണം വാരി ക്രിയേറ്റർമാർ; പക്ഷേ ഷോട്‌സ് യൂട്യൂബിനെ ഇല്ലാതാക്കുമെന്നു പേടി
Mail This Article
ടിക്‌ടോക്കിനെ നേരിടാനായി ഗൂഗിള്‍ 2020ല്‍ അമേരിക്കയിൽ അവതരിപ്പിച്ചതാണ് യൂട്യൂബ് ഷോട്‌സ്. ചെറു വിഡിയോ ക്ലിപ്പുകളിൽ വിവരങ്ങളും വിനോദങ്ങളും പങ്കുവയ്ക്കുകയെന്ന ആശയമായിരുന്നു. രാജ്യാന്തര തലത്തില്‍ ഇത് 2021 ജൂലൈയില്‍ ലഭ്യമാക്കി. ഷോട്‌സ് ഇടുന്നവര്‍ക്കും കമ്പനി പണം നല്‍കാനാരംഭിച്ചു. നിരവധി കണ്ടന്റ് ക്രിയേറ്റർമാർ അതിലേക്കു തിരിഞ്ഞു. വലിയ ഹിറ്റായി മാറിയതോടെ അവർ പണം വാരാനും തുടങ്ങി. എന്നാലിപ്പോള്‍ കമ്പനിയുടെ ചില ഉദ്യോഗസ്ഥര്‍ ഭയക്കുന്നത് ഷോട്‌സ് യൂട്യൂബിന്റെ തന്നെ അന്തകനായേക്കുമോ എന്നാണ്.
ദൈര്‍ഘ്യമുള്ള വിഡിയോകള്‍ വഴിയാണ് യൂട്യൂബിന്‍ വന്‍തോതില്‍ വരുമാനം ലഭിച്ചു വന്നത്. ഷോട്‌സിന്റെ വരവോടെ ഇത് കുറഞ്ഞു വരുന്നു എന്ന കാര്യമാണ് ഉദ്യോഗസ്ഥരില്‍ ആശങ്ക വളര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ 200 കോടി യൂസര്‍മാരുള്ള ഷോട്‌സ്, യൂട്യൂബിന്റെ വ്യൂവര്‍ഷിപിന് ഇടിവു തട്ടിച്ചു എന്നാണ് ദി വേര്‍ജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷോട്‌സ് വിഡിയോകള്‍ വിജയിച്ചു തുടങ്ങിയതോടെ കണ്ടെന്റ് ക്രിയേറ്റര്‍മാരും ആ വഴിക്കു ചിന്തിച്ചു തുടങ്ങിയത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും പറയുന്നു. കമ്പനിക്ക്ഈ കുരുക്ക് എങ്ങനെ അഴിച്ചെടുക്കാമെന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും പറയപ്പെടുന്നു. അതേസമയം ഇന്‍സ്റ്റഗ്രാം പോലുള്ളവ റീലുകളുടെ ദൈർഘ്യം വർദ്ധിപ്പിച്ചു വലിയ വിഡിയോകളുടെ സാധ്യതയിലേക്കു ചുവടു മാറുകയുമാണ്.
സോണിയുടെ 3ഡി മോണിട്ടര്‍ വിപ്ലവകരമോ? ഇന്ത്യയിലെ വിലയും, മറ്റു വിവരങ്ങളും ഇതാ
കണ്ണടയില്ലാതെ 3ഡി കണ്ടെന്റ് കാണുകയും സൃഷ്ടിക്കുകയും ചെയ്യാനുള്ള ശേഷി ഉള്‍ക്കൊള്ളിച്ചാണ് സോണിയുടെ പുതിയ മോണിട്ടര്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.ഇഎല്‍എഫ്-എസ്ആര്‍2 സ്‌പേഷ്യല്‍ റിയാലിറ്റി ഡിസ്‌പ്ലെ എന്നു പേരിട്ടിരിക്കുന്ന ഈ 27-ഇഞ്ച് മോണിട്ടറില്‍ ത്രിമാനതയുള്ള ഉള്ളടക്കം കാണുന്നതിന് സവിശേഷമായ കണ്ണടകളോ, വിആര്‍ ഹെഡ്‌സെറ്റുകളോ വേണ്ട. മോണിട്ടറിന്റെ റെസലൂഷന്‍ 4കെ, ഇതിന് 100 ശതമാനം അഡോബി ആര്‍ജിബി കളര്‍ ഗാമട്ട്, 2കെ റെസലൂഷനുള്ള കണ്ടെന്റ് 4കെ ആക്കി അപ്‌സ്‌കെയില്‍ ചെയ്യാനായി സൂപ്പര്‍-റെസലൂഷന്‍ എഞ്ചിന്‍ തുടങ്ങിയവയും ഉണ്ട്.
പ്രയോജനപ്രദമായ ഫീച്ചറുകള്‍
മോണിട്ടറിലേക്ക് നോക്കുന്നയാളുടെ മുഖം തിരിച്ചറിയുകയും കണ്ണുകളുടെ ചലനം ട്രാക്കു ചെയ്യുകയുംവരെ ചെയ്ത് ദൃശ്യാനുഭവത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ കെല്‍പ്പുള്ളതാണ് തങ്ങളുടെ പുതിയ ഡിസ്‌പ്ലേ എന്ന് സോണി പറയുന്നു. ഹൈ-സ്പീഡ് സെന്‍സറുകള്‍ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പ്രൊസസ് ചെയ്ത് കാഴ്ചക്കാരിലേക്ക് എത്തിക്കുന്നത്. മോഷന്‍ ബ്ലേര്‍, ക്രോസ്‌ടോക്ക് തുടങ്ങിയ ദൂഷ്യങ്ങള്‍ കുറയ്ക്കാനുള്ള സാങ്കേതികവിദ്യയും ഉണ്ട്.
ഒരേ സമയം രണ്ടു കാഴ്ചക്കാരുണ്ടെങ്കില്‍ അവര്‍ക്ക് മാറ്റിമാറ്റി ദൃശ്യാനുഭവം പകരാനും സോണി സ്‌പേഷ്യല്‍റിയാലിറ്റി ഡിസ്‌പ്ലേക്കു സാധിക്കും. ഡിസൈനിങ്, സര്‍ജിക്കല്‍ പ്ലാനിങ്, എഞ്ചിനിയറിങ്, ആര്‍കിടെക്ചര്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വിനോദവ്യവസായം, സോഫ്റ്റ്‌വെയര്‍/ഗെയിം വികസിപ്പിക്കല്‍ തുടങ്ങി ഒട്ടനവധി മേഖലകളില്‍ ചലനം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളതായിരിക്കും പുതിയ മോണിട്ടര്‍.
ആപ്പുകളും
സ്‌പെഷ്യല്‍ റിയാലിറ്റി ഡിസ്‌പ്ലെ ആപ് സിലക്ട് എന്ന പേരില്‍ മോണിട്ടറില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്പുകള്‍ക്കായുള്ള ഒരു വെബ്‌സൈറ്റും സോണി തുടങ്ങാന്‍ ഉദ്ദേശമുണ്ടെന്ന് സോണി അറിയിക്കുന്നു. സ്‌പെഷ്യല്‍ റിയാലിറ്റി ഡിസ്‌പ്ലെ പ്ലെയര്‍ എന്നൊരുആപ് ആയിരിക്കും 3ഡി ഫയലുകള്‍ പ്ലേ ചെയ്യാന്‍ അനുവദിക്കുക. അടര്‍ത്തിയെടുക്കാവുന്ന സ്റ്റാന്‍ഡ്, വെസാ മൗണ്ടുകള്‍ തുടങ്ങിയവയും ഉണ്ട്. മോണിട്ടര്‍ സോണി ഉപകരണ വിതരണക്കാര്‍ വഴി വാങ്ങാന്‍ സാധിക്കും. പുതിയ മോണിട്ടറിന് 7,00,000 രൂപയാണ് വില. ഇതില്‍ ടെക് സപ്പോര്‍ട്ടോ, സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് തുകയോ അടങ്ങിയിട്ടില്ല. അതിന് വേറെ പണം നല്‍കണം.
ഗൂഗിളും, മെറ്റായും മാധ്യമങ്ങള്‍ക്ക് പൈസ നല്‍കുന്ന രീതിയില്‍ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിച്ച് മലേഷ്യയും
വാര്‍ത്താ മാധ്യമങ്ങളുടെ ലിങ്കുകള്‍ ധാരാളമായി എത്തിച്ചു നല്‍കിയും പങ്കുവച്ചുമാണ് ഗൂഗിള്‍, മെറ്റാ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്ന് ഇരു പ്ലാറ്റ്‌ഫോമുകളും വന്‍ ലാഭം കൊയ്യുകയും ചെയ്യുന്നു. ഇതിന്റെ ഒരു പങ്ക്മാധ്യമങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന ആശയം പല രാജ്യങ്ങളും മുന്നോട്ടുവയ്ക്കുന്നു. ഇത്തരത്തില്‍ ആദ്യം നിയമനിര്‍മ്മാണം നടത്തിയ രാജ്യങ്ങളിലൊന്ന് ഓസ്‌ട്രേലിയ ആണ്. തുടര്‍ന്ന് ക്യാനഡയും ആ പാത സ്വീകരിച്ചു. ഇതു നടപ്പാക്കാനായി ക്യാനഡ പാസാക്കിയ ബില്‍ സി-11 നു സമാനമായ ഒന്ന് കൊണ്ടുവരുന്ന കാര്യമാണ് ഇപ്പോള്‍ മലേഷ്യ പരിഗണിക്കുന്നതെന്ന് റോയിട്ടേഴ്‌സ്.
അഡോബി എക്‌സ്പ്രസ് കേന്ദ്രീകൃത പാഠ്യപദ്ധതി ഇന്ത്യയില്‍
കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ആഗോള ഇമേജിങ് മേഖലയിലെ ഭീമന്‍ അഡോബി പുതിയ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഊന്നല്‍ നല്‍കി, അനിമേറ്റഡ് വിഡിയോകള്‍, പോസ്റ്ററുകള്‍, വെബ് പേജുകള്‍, പിഡിഎഫുകള്‍ തുടങ്ങിയവ അടക്കം പലതരം കണ്ടെന്റും സൃഷ്ടിക്കാന്‍ ശേഷിയുള്ള അഡോബി എക്‌സ്പ്രസ് കണ്ടെന്റ് ക്രിയേഷന്‍ ആപ്പ് ആയിരിക്കും വിദ്യാര്‍ത്ഥികളിലേക്ക് എത്തുക.
പുതിയ പാഠ്യപദ്ധതി 2027നു മുമ്പ് 500,000 അദ്ധ്യാപകരിലേക്കും 20 ദശലക്ഷം വിദ്യാര്‍ത്ഥികളിലേക്കും എത്തുമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസ വകുപ്പുമായി ഒപ്പു വച്ച ധാരണ പ്രകാരം, രാജ്യത്തെമ്പാടുമുള്ള കെ-12 (കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ 12-ാംക്ലാസ് വരെ) വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡോബി എക്‌സ്പ്രസ് പ്രീമിയം ഫ്രീയായി ലഭ്യമാക്കുകയും, അദ്ധ്യാപകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കുകയും ചെയ്യും.
മടക്കിയെടുക്കാവുന്ന ഐമാക് ആപ്പിള്‍ നിര്‍മ്മിച്ചേക്കും
ആപ്പിളിന്റെ ഓള്‍-ഇന്‍-വണ്‍ ഡെസ്‌ക്ടോപ് കംപ്യൂട്ടര്‍ ശ്രേണിയായ ഐമാക്കുകളുടെ സ്‌ക്രീനിനോട് ചേര്‍ന്ന് മടക്കിവയ്ക്കാവുന്ന ഒരു കീബോഡും ഉള്ള മോഡല്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നു. ആപ്പിള്‍ ഫയല്‍ ചെയ്ത ഒരു പേറ്റന്റ് അപേക്ഷയില്‍നിന്നാണ് ഈ കാര്യം വ്യക്തമായതെന്ന് പേറ്റന്റ്‌ലി ആപ്പിള്‍.
ഐപാഡ് ഓഎസ് 17നും ഐഓഎസ് 17നും ഒരേ സമയം പുറത്തിറക്കിയേക്കും
ആപ്പിളിന്റെ മൊബൈല്‍ കംപ്യൂട്ടിങ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐപാഡ് ഓഎസ് 17നും ഐഓഎസ് 17നും ഒരേ സമയം പുറത്തിറക്കിയേക്കുമെന്ന് ബ്ലൂംബര്‍ഗ്. കഴിഞ്ഞ വര്‍ഷം ഐഓഎസ് 16 പുറത്തിറക്കി ആറ് ആഴ്ചയ്ക്കു ശേഷമായിരുന്നു ഐപാഡ് 16 എത്തിയത്.
വിപരീത സ്വഭാവക്കാര്‍ ആകര്‍ഷിക്കപ്പെടുമെന്നുള്ളത് അസംബന്ധമെന്ന്
വിപരീത ധ്രൂവങ്ങള്‍ തമ്മിലുള്ള ആകര്‍ഷണം കാന്തത്തിന്റെ കാര്യത്തിലാണ്, മനുഷ്യരുടെ കാര്യത്തിലല്ലെന്ന് പുതിയ പഠനം. നൂറ്റാണ്ടുകളായി ആളുകള്‍ കൊണ്ടു നടക്കുന്ന അസംബന്ധമാണത്. മനുഷ്യരുട കാര്യത്തില്‍ ഓപ്പസിറ്റ് പോള്‍സ് അട്രാക്ട് എന്ന പറച്ചില്‍ ശരിയല്ല എന്നാണ് നെയ്ചര്‍ ഹ്യൂമന്‍ ബിഹേവിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറഞ്ഞിരിക്കുന്നത്. ഒരേ തൂവല്‍ പക്ഷികള്‍ ആണ് ആകര്‍ഷിക്കപ്പെടുന്നത് എന്നതാണ് തങ്ങളുടെ ഗവേഷണ ഫലം സൂചിപ്പിക്കുന്നതെന്ന് ലേഖനത്തിന്റെ രചയിതാവ് ടാന്യാ ഹൊര്‍വിട്‌സ് പറഞ്ഞത്.
ഒരു നൂറ്റാണ്ടിലേറെയുള്ള കാലഘട്ടത്തിലുള്ള ദമ്പതികളിലെ 130 സ്വഭാവസവിശേഷതകളാണ് പഠനവിധേയമാക്കിയത്. രാഷ്ട്രിയം, മതം, വിദ്യാഭ്യാസം തുടങ്ങിയവ മുതല്‍ ഐക്യു വരെയുള്ള കാര്യങ്ങളില്‍ 82 ശതമാനം മുതല്‍ 89 ശതമാനം സമാനതകളാണ് ദമ്പതികള്‍ക്കു തമ്മില്‍കണ്ടെത്താനായതെന്ന് ഗവേഷകര്‍ പറയുന്നു. ഈ മേഖലയില്‍ മുമ്പു നടത്തിയിട്ടുള്ള 199 പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഗവേഷകര്‍ പ്രയോജനപ്പെടുത്തിയാണ് ഫലം പുറത്തുവിട്ടിരിക്കുന്നത്.
ജപ്പാന്റെ ചാന്ദ്ര ദൗത്യം സെപ്റ്റംബര്‍ 7ന്
ചാന്ദ്ര പര്യവേക്ഷണത്തിനായി വര്‍ദ്ധിച്ച ആവേശത്തോടെയാണ് വിവിധ രാജ്യങ്ങള്‍ ഇപ്പോള്‍ ചാടിപ്പുറപ്പെടുന്നത്. കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്നതായിരുന്ന ജപ്പാന്റെ ചാന്ദ്ര ദൗത്യം മോശം കാലാവസ്ഥ മൂലം മാറ്റിവയ്ക്കുകയായിരുന്നു. അത് സെപ്റ്റംബര്‍ 7ന് വിക്ഷേപിച്ചേക്കുമെന്ന് റോയിട്ടേഴ്‌സ്. സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ് (സ്ലിം) എന്ന പേരിലാണ് ജപ്പാന്റെ ലാന്‍ഡര്‍ അറിയപ്പെടുന്നത്. ഇത് ചന്ദ്രനിലെത്താന്‍ 4 മാസത്തിലേറെ എടുത്തേക്കുമെന്നും കരുതുന്നു. തങ്ങള്‍ക്ക് ചന്ദ്രനില്‍ കൃത്യമായി ലാന്‍ഡ്ചെയ്യിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ മാത്രമുള്ള പരീക്ഷണമാണ് സ്ലിം.
ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറുകളില്‍ ബച്ചന്റെ സ്വരം
കഴിഞ്ഞ വര്‍ഷമാണ് ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറുകള്‍ കടകള്‍ നടത്തുന്നവര്‍ക്കായി അവതരിപ്പിച്ചത്. ഇവ എല്ലാ ദിവസവുമെന്നോണം ഉപയോഗിക്കപ്പെടുന്നുമുണ്ട്. യുപിഐ അക്കൗണ്ട് വഴി പണം ലഭിച്ചാല്‍ അത് വിളിച്ചറിയിക്കുക എന്നതാണ് ഈ സ്പീക്കറുകളുടെ കര്‍ത്തവ്യങ്ങളിലൊന്ന്. ധൃതിയില്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ട കട നടത്തിപ്പുകാര്‍ക്ക് പൈസ കിട്ടിയോ എന്നു നോക്കിയിരിക്കേണ്ട എന്നതാണ് ഇതിന്റെ ഗുണം. ഇങ്ങനെ വിളിച്ചറിയിക്കാന്‍ ഇപ്പോള്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്റെ സ്വരവും നല്‍കിയിരിക്കുകയാണ് കമ്പനി.
English Summary: Some veteran YouTube staff think Shorts might ruin YouTube