ADVERTISEMENT

എല്ലാ ഉപകരണങ്ങളിലും കണ്ടേക്കാവുന്ന അതിശക്തമായ ഒരു കണക്ടറാണ് യുഎസ്ബി-സി. വളരെ കാലമായി പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉണ്ടായിരുന്ന ഈ കണക്ടര്‍ അവസാനം ഐഫോണുകളിലേക്കും എത്തി. ജിബി കണക്കിന് ഡേറ്റാ ട്രാന്‍സ്ഫര്‍ചെയ്യാനും അതിവേഗ ചാര്‍ജിങ് നടത്താനും ഇത് ഉപകരിക്കും. ആദ്യമായാണ് അപ്പിള്‍ കമ്പനി തങ്ങളുടെ ഐഫോണ്‍ സീരിസില്‍ യുഎസ്ബി-സി പോര്‍ട്ട് കൊണ്ടുവന്നിരിക്കുന്നത്.

iphone-lineup1 - 1

കമ്പനി ഇതുവരെ ഉപയോഗിച്ചുവന്ന ലൈറ്റ്‌നിങ് പോര്‍ട്ടിനെക്കാള്‍ വളരെ ശക്തിയേറിയതാണ് യുഎസ്ബി-സി എങ്കിലും ആപ്പിള്‍ ഇതുവരെ അത് ഉപയോഗിക്കാന്‍ വൈമുഖ്യം കാണിക്കുകയായിരുന്നു. അതിന് പല കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. എന്തായാലും, അതിലൊന്ന് ഐഫോണ്‍ ഉടമ യുഎസ്ബി-സി ഉപയോഗിച്ച് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ പരീക്ഷിച്ചു നോക്കാന്‍ ശ്രമിക്കുമോ എന്നതായിരുന്നു എന്ന് ചില വാദങ്ങളുണ്ട്.

ആപ്പിള്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി

യൂറോപ്യന്‍ യൂണിയന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി തങ്ങളുടെ ഐഫോണ്‍ 15 സീരിസില്‍ യുഎസ്ബി-സി പോര്‍ട്ട് കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. ആപ്പിള്‍ എകോ സിസ്റ്റം ഉള്ളവര്‍ ചെറിയ ഫയലുകള്‍ കൈമാറ്റം ചെയ്യാനൊക്കെ എയര്‍ഡ്രോപ് ആണ് ഉപയോഗിക്കുന്നത്.

അതായത് ഐഫോണില്‍ ഷൂട്ടു ചെയ്ത ഒരു ചെറിയ വിഡിയോ ക്ലിപ്പോ, ഫോട്ടോകളോ ഒക്കെ മാക്ബുക്കിലേക്ക് പകര്‍ന്നെടുക്കാന്‍ എയര്‍ഡ്രോപ്ധാരാളം മതി. എന്നാല്‍ ഐഫോണില്‍ ഷൂട്ടു ചെയ്ത ദൈര്‍ഘ്യമേറിയ ഒരു പ്രോറെസ് റോ വിഡിയോ ഫയല്‍ മാകിലേക്കോ പിസിയിലേക്കോ മാറ്റാന്‍ യുഎസ്ബി-സി ഗുണമാകുകയും ചെയ്യും. പക്ഷെ, കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ ഒഴിക എത്ര ഐഫോണ്‍ ഉപയോക്താക്കള്‍ ഇതു ചെയ്യുമെന്നതും ചോദ്യമാണ്.

ഐഫോണില്‍ യുഎസ്ബി-സി കൊണ്ടുവരുന്ന ഗുണകരമായ മാറ്റങ്ങള്‍

ഒട്ടനവധി ഉപകരണങ്ങളുമായി കണക്ടിവിറ്റി. അതിവേഗ ചാര്‍ജിങ്, ഡേറ്റാ സിങ്കിങ്. മറ്റ് ഉപകരണങ്ങളില്‍ ഓഡിയോ, വിഡിയോ പ്ലേബാക്ക്. കൂടുതല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാം. മാകും, പിസിയും, യുഎസ്ബി-സി ഉള്ള ഐപാഡും ഒക്കെയായി എളുപ്പത്തില്‍ കണക്ടു ചെയ്യാം. ഐഫോണ്‍ 15നില്‍ നിന്ന് യുഎസ്ബി-സി ഉപയോഗിച്ച് എയര്‍പോഡ്‌സ്, ആപ്പിള്‍ വാച്ച് തുടങ്ങിയ ചെറിയ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാം. പവര്‍ ഡെലിവറി 4.5w വരെയാണ്.

യുഎസ്ബി-സി സ്വീകരിക്കുന്ന എക്‌സ്റ്റേണല്‍ ഡിസ്‌പ്ലേകളുമായി ഐഫോണ്‍ കണക്ടു ചെയ്യാം. 4കെ റെസലൂഷനിലുള്ള വിഡിയോ 60 ഹേർട്സ് വരെ എക്‌സ്‌റ്റേണല്‍ ഡിസ്‌പ്ലെയില്‍ കാണാം. കൂടുതല്‍ റെസലൂഷന്‍ ഉള്ള ഡിസ്‌പ്ലേകള്‍ക്ക് യുഎസ്ബി 3.1 അല്ലെങ്കില്‍ അതിനു മുകളിലുള്ള കേബിള്‍ ഉപയോഗിക്കുക. എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ് ഡിവൈസുകളിലേക്ക് വിഡിയോ റെക്കോഡ് ചെയ്യാനും പ്രോ മോഡലുകളില്‍ ആപ്പിള്‍ അനുവദിക്കുന്നു. തണ്ടര്‍ബോള്‍ട്ട് 4 (യുഎസ്ബി-സി) പ്രോ കേബിളും ഐഫോണ്‍ 15 സ്വീകരിക്കും. 

യുഎസ്ബി-സിയുടെ കഥ

ആപ്പിള്‍ അടക്കമുള്ള 700 കമ്പനികള്‍ ചേര്‍ന്നാണ് യുഎസ്ബി-സി വികസിപ്പിച്ചത്. മൈക്രോസോഫ്റ്റ്, ഇന്റല്‍, സാംസങ് തുടങ്ങിയ ഭീമന്മാരും ഇതില്‍ പെടും. നേരത്തെ ഉണ്ടായിരുന്ന യുഎസ്ബി-എ പോര്‍ട്ടിന് രണ്ടു വശങ്ങള്‍ ഉണ്ടായിരുന്നു. ഇത് നോക്കി വേണം കേബിള്‍ കണക്ടു ചെയ്യാന്‍. സിക്ക് അതു വേണ്ട. ഒറ്റ കേബിള്‍ ഉപയോഗിച്ച് ഒട്ടനവധി ഉപകരണങ്ങള്‍ കണക്ടു ചെയ്യുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇത് വികസിപ്പിച്ചെടുത്തത്.

യുഎസ്ബി 3.2, തണ്ടര്‍ബോള്‍ട്ട് 4 സ്റ്റാന്‍ഡര്‍ഡുകള്‍ സപ്പോര്‍ട്ടു ചെയ്യും. അതിവേഗ റൈറ്റ് സ്പീഡ് ഉള്ളഎസ്എസ്ഡികളും മറ്റുമായി കണക്ടു ചെയ്യുമ്പോള്‍ സ്‌ക്കന്‍ഡില്‍ 20-40 ജിബി വരെ ഡേറ്റാ പകര്‍ന്നെടുക്കാന്‍ സാധിക്കും. ഉന്നത നിലവാരമുള്ള ഓഡിയോയും ശ്രവിക്കാം. യുഎസ്ബി ഓഡിയോ ഡിവൈസ് ക്ലാസ് 3.0 സ്‌പെസിഫിക്കേഷന്‍ ഉള്ള കേബിള്‍ ഉപയോഗിച്ചാല്‍ നോയിസ് ക്യാന്‍സലേഷന്‍ അടക്കമുള്ളഫീച്ചറുകള്‍ മികവോടെ പ്രവര്‍ത്തിപ്പിക്കാം. 

യുഎസ്ബി-സിയുടെ പുതിയ വേര്‍ഷന്‍സ് ഇതാ

യുഎസ്ബി-സിക്ക് ഒരു വേര്‍ഷനോ ഒരു കരുത്തോ അല്ല ഉള്ളത്. ചില വേര്‍ഷനുകള്‍ നോക്കാം.  യുഎസ്ബി 3.1 ജെന്‍ 2 അല്ലെങ്കില്‍ 3.2 ജെന്‍ 2 വേര്‍ഷന് 10 ജിബിപിഎസ് വരെയാണ് ഡേറ്റാ സ്പീഡ്. ഇതിന് സൂപ്പര്‍സ്പീഡ് യുഎസ്ബി 10ജിബിപിഎസ് എന്നൊരു പേരും ഉണ്ട്.  യുഎസ്ബി 3.2 ജെന്‍ 2x2 താരതമ്യേന പുതിയതാണ്. ഇതില്‍ രണ്ടു ഡേറ്റാ ലെയ്‌നുകള്‍ ഉണ്ട്.

20ജിബിപിഎസ് വരെ സ്പീഡ് ലഭിക്കും. സൂപ്പര്‍സ്പീഡ് യുഎസ്ബി 20 ജിബിപിഎസ് എന്നും അറിയപ്പെടുന്നു. യുഎസ്ബി4 ആണ് ഏറ്റവും പുതിയതും നൂതനവും. ഇതിന് 40ജിബിപിഎസ് വരെ സ്പീഡ് ഉണ്ട്. തണ്ടര്‍ബോള്‍ട്ട് 3, ഡിസ്‌പ്ലെപോര്‍ട്ട് 2.0 തുടങ്ങിയ പോര്‍ട്ടുകളുമായി കോംപാറ്റിബിലിറ്റിയും ഉണ്ട്.

∙മൂന്നു നാലു കൊല്ലത്തിനുള്ളില്‍ ചൊവ്വായില്‍ സ്‌പെയ്‌സ്എക്‌സ് സ്‌പെയ്‌സ്‌ക്രാഫ്റ്റ്

സ്‌പെയ്‌സ്എക്‌സ് കമ്പനി 3-4 കൊല്ലത്തിനുള്ളില്‍ ചൊവ്വായില്‍ ശൂന്യാകാശവാഹനം ഇറക്കിയേക്കാമെന്ന് കമ്പനിയുടെ മേധാവി ഇലോണ്‍ മസ്‌ക് അവകാശപ്പെട്ടു. അദ്ദേഹം 74-ാമത് ഇന്റര്‍നാഷണല്‍ അസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഗ്രസില്‍ വിഡിയോ കോളിലുടെ സംസാരിച്ചപ്പോഴാണ്ഇക്കാര്യം വെളിപ്പെടുത്തിയത് എന്ന് ന്യൂ യോര്‍ക് ടൈംസ്. 

Image Credit: kovop/Shuttestock
Image Credit: kovop/Shuttestock

∙എക്‌സില്‍ പുതിയ മൂന്നു സബ്‌സ്‌ക്രിപ്ഷന്‍ കൂടെ പരീക്ഷിക്കാന്‍ മസ്‌ക്

മസ്‌ക് ഏറ്റെടുത്ത എക്‌സില്‍ (ട്വിറ്ററില്‍) പുതിയ ഏതാനും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ കൂടെ പരീക്ഷിക്കപ്പെട്ടേക്കും. ഇക്കാര്യത്തെക്കുറിച്ചുള്ള സൂചന നല്‍കിയത് എക്‌സ് മേധാവി ലിന്‍ഡാ യകാരിനോ ആണ്. പരമാവധി വരിസംഖ്യ 7.99 ഡോളര്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. ഇതിനു താഴെ, ബെയ്‌സിക്, സ്റ്റാന്‍ഡര്‍ഡ് എന്ന രണ്ടു വിഭാഗങ്ങളിലായി സബ്‌സ്‌ക്രിപ്ഷനുകള്‍ ഉണ്ടായിരിക്കും എന്നാണ് കരുതുന്നത്.  

∙ചാറ്റ്ജിപിറ്റി ഉടമ എഐ ചിപ് നിര്‍മ്മാണത്തിലേക്കും?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വന്‍ ചലനങ്ങള്‍ക്കു വഴിവച്ച ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ എഐ പ്രൊസസറുകള്‍ സ്വന്തമായി നിര്‍മ്മിച്ചെടുക്കാനും ആഗ്രഹിക്കുന്നു എന്ന് റോയിട്ടേഴ്‌സ്. ചിപ് നിര്‍മ്മിച്ചെടുക്കാനായിഒരു കമ്പനി ഏറ്റെടുക്കാനുള്ള സാധ്യത അടക്കമാണ് പരിഗണിക്കുന്നത്.

എന്നാല്‍, ഈ കാര്യത്തില്‍ അന്തമ തീരുമാനം സാം ആള്‍ട്ട്മാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി എടുത്തിട്ടില്ലെന്നും പറയുന്നു. സ്വന്തമായി ഒരു കമ്പനി ഏറ്റെടുക്കുക, അല്ലെങ്കില്‍ എന്‍വിഡിയ തുടങ്ങിയചിപ് നിര്‍മ്മാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നീ രണ്ടു സാധ്യതകളാണ് കമ്പനി പരിഗണിക്കുന്നതത്രെ. 

∙മൈക്രോസോഫ്റ്റിന്റെ ബിങ് ആപ്പിള്‍ ഏറ്റെടുത്തേനെ എന്ന്

മൈക്രോസോഫ്റ്റ് കമ്പനിയുടെ സേര്‍ച് എഞ്ചിനായ ബിങ് ഏറ്റെടുക്കാനോ അല്ലെങ്കില്‍ കമ്പനിയുമായി സഹകരിക്കാനോ ആപ്പിള്‍ 2018ല്‍ ആലോചിച്ചിരുന്നു എന്ന് ജോണ്‍ ഗിയാനാന്‍ഡ്രിയ. ആപ്പിളിന്റെ മെഷീന്‍ ലേണിങ് വിഭാഗത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ആണ്ജോണ്‍. 

∙ലോകത്തെ ഏറ്റവും വലിയ ഗെയിമിങ് കച്ചവടം അടുത്തയാഴ്ച പൂര്‍ത്തിയാക്കാന്‍ മൈക്രോസോഫ്റ്റ്

പ്രമുഖ ബ്രിട്ടിഷ് ഗെയിമിങ് കമ്പനിയായ ആക്ടിവിഷന്‍ ബ്ലിസഡ് 68.7 ബില്ല്യന്‍ ഡോളറിന് ഏറ്റെടുക്കാന്‍ വേണ്ട അവസാന നടപടിക്രമങ്ങള്‍ അടുത്തയാഴ്ച പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ് എന്ന് ദി വേര്‍ജ്. ഏറ്റെടുക്കലിനെതിരെ ബ്രിട്ടണ്‍ രംഗത്തെത്തിയതാണ് അതിന് കാലതാമസം നേരിട്ടത്. യുകെ എതിര്‍പ്പ് പിന്‍വലിച്ചതോടെ ഒക്ടോബര്‍ 13ന് കച്ചവടം പൂര്‍ത്തിയാക്കാനാണ് ഇരു കമ്പനികളും ഇപ്പോള്‍ ശ്രമിക്കുന്നത്. 

English Summary:

All About USB-C and Apple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com