ഡാല്‍-ഇ 3 'ഫ്രീ ടൂള്‍' എങ്ങനെ പ്രയോജനപ്പെടുത്താം?
Mail This Article
സൂപ്പർ ഗ്രീറ്റിങ് കാര്‍ഡുകള്‍, അധികമാരും കാണാത്ത കല്യാണക്കുറികൾ, പോസ്റ്ററുകൾ, പുസ്തകത്തിന്റെ കവര്‍, ഇലസ്‌ട്രേഷന്‍സ്, വെബ്‌സൈറ്റിന്റെ ഹോം പേജ് എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും സൗജന്യമായി ചെയ്‌തെടുക്കാം!.
അനായാസം ഇത്തരം കാര്യങ്ങള്‍ ചെയ്‌തെടുക്കാനുളള അപാര ശേഷിയുമായാണ് നിര്‍മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഡാല്‍-ഇ 3(DALL-E3) പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കഴിവ് ചൂഷണം ചെയ്ത് വ്യക്തികള്‍ക്കും, പ്രസിദ്ധീകരണങ്ങള്‍ക്കും, മറ്റു സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ നിലവാരമുളള ഇമേജുകള്‍ ഫ്രീയായി സൃഷ്ടിച്ചെടുക്കാം. എങ്ങനെ?
എങ്ങനെ ഡാല്‍-ഇ 3 ഫ്രീയായി ഉപയോഗിച്ചു ശീലിക്കാം
ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ട് മാത്രം മതിയാകും. മൈക്രോസോഫ്റ്റ്.കോം, അല്ലെങ്കില്‍ ലൈവ്.കോം തുടങ്ങിയ വെബ്‌സൈറ്റുകളിലെത്തിയാല്‍ ഒരു ഫ്രീ അക്കൗണ്ട് എടുക്കാം. അതിനു ശേഷം ബിങ്.കോം (bing.com) എന്ന വെബ്‌സൈറ്റിലെത്തി ചാറ്റ് (Chat) ഐക്കണില്‍ ക്ലിക്കുചെയ്യുക. അല്ലെങ്കില്‍ നേരിട്ട് ഈ അഡ്രസ് ടൈപ്പു ചെയ്യുക: bing.com/create. മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ചു ലോഗ്-ഇന്‍ ചെയ്യുക. തുടര്‍ന്ന് കമാന്‍ഡുകള്‍ നല്‍കാം.
ജനറേറ്റ് ആന്‍ ഇമേജ് ഓഫ് അല്ലെങ്കില്‍ ക്രിയേറ്റ് ആന്‍ ഇമേജ് ഓഫ് (create an image of…) എന്ന് എഴുതി തുടങ്ങുക. തുടര്‍ന്ന് എന്തു ചിത്രമാണോ വേണ്ടത് അതിന്റെ വിവരണം നല്‍കുക. ഉദാഹരണത്തിന് 'ജനറേറ്റ് ആന്‍ ഇമേജ് ഓഫ് എ ക്യാറ്റ് വെയറിങ് എ ഹെഡ്‌ഫോണ്‍' എന്നൊക്കെ എഴുതാം. എത്ര കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നോ അത്രയധികം മികവുറ്റ ചിത്രങ്ങളും ലഭിക്കും. ഒരു ഫോട്ടോയിലെന്നവണ്ണം ഉള്ള ചിത്രമാണ് വേണ്ടതെങ്കില്‍ 'ഫോട്ടോറിയലിസ്റ്റിക്' എന്ന പദവും കമാന്‍ഡില്‍ ചേര്‍ക്കുക. അതല്ല, 'ഡിജിറ്റല്‍ ആര്‍ട്ടാ'ണ് വേണ്ടതെങ്കില്‍ ആ പദപ്രയോഗം കമാന്‍ഡില്‍ ഉള്‍പ്പെടുത്തുക.
നിങ്ങളുടെ സിനിമയ്‌ക്കോ, വെബ്സൈറ്റിനോ, യൂട്യൂബ് ചാനലിനോ ഒരു പോസ്റ്റര്‍ വേണോ? സമീപിക്കാം ബിങിനെ. എന്തു തരം പോസ്റ്റര്‍ ആണ് വേണ്ടത് എന്നും പ്രോംപ്റ്റില്‍ നല്‍കാം. സവിശേഷമായ ഒരു ബുക്ക് കവര്‍ ആണോ വേണ്ടത്. അതിനും ഇമേജ് ജനറേറ്റര്‍ പ്രയോജനപ്പെടുത്താം. ഏതു തരത്തിലുള്ള പുസ്തകമാണ് (ഉദാഹരണം റൊമാന്‍സ്, ഹിസ്റ്ററി തുടങ്ങിയ കാര്യങ്ങള്‍ ഡാല്‍-ഇയോട് പറയണം. ലോഗോ ഡിസൈന്‍ ചെയ്യണമെങ്കിലും ഇതു പ്രയോജനപ്പെടുത്താം. ഒരു ബേക്കറിക്കുള്ളത്, ഹോട്ടലിനുളളത്, സേറ്റേഷനറി കടയ്ക്കുള്ളത്, സിനിമാ തിയേറ്ററിനുളളത് അങ്ങനെയുള്ള വിവരണങ്ങള്‍നല്‍കണം.
ഇന്‍ഫോഗ്രാഫിക്‌സ് സൃഷ്ടിച്ചെടുക്കാനും എളുപ്പമാണ്. നദികളെക്കുറിച്ചുള്ള ഒരു ലേഖനമോ പുസ്തകമോ യുട്യൂബ് വിഡിയോയോ ഒക്കെയാണെന്നിരിക്കട്ടെ. അതിന് ഉചിതമായ ഇന്‍ഫോഗ്രാഫിക്‌സ് ഏതാനും പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ഉണ്ടാക്കാം. കെട്ടിടങ്ങളുടെ ഡിസൈനുകള്‍, പരസ്യങ്ങള്‍ക്കുള്ള പോസ്റ്റര്‍, ഫാഷന്‍ഡിസൈന്‍, 3ഡി മോഡലുകള്‍, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ക്കുള്ള കവര്‍ എന്നിങ്ങനെ വേണ്ട എന്തു കാര്യവും ചെയ്‌തെടുക്കാം. ആദ്യ പരിശ്രമത്തില്‍ പരാജയപ്പെട്ടാലും വീണ്ടും വീണ്ടും കൂടുതല്‍ ഉചിതമായ വാക്കുകള്‍ ഉപയോഗിച്ചുള്ള കമാന്‍ഡുകള്‍ നല്‍കുക. റിസള്‍ട്ടുകള്‍ മെച്ചപ്പെട്ടു വരുന്നതു കാണാം.
ന്യൂനതകള്‍ ഉണ്ട്, പക്ഷേ
ചില സന്ദര്‍ഭങ്ങളില്‍ എഐയുടെ പാളിച്ച സ്പഷ്ടമാണ്. ഫോട്ടോറിയലിസ്റ്റിക് ചിത്രങ്ങളില്‍ കണ്ണുകള്‍ക്കും, കൈകള്‍ക്കും മറ്റും സ്വാഭാവികത കൈവരുന്നില്ല എന്നാണ് വിമര്‍ശനം. എന്നാല്‍, ഡാല്‍-ഇയുടെ മുന്‍ വേര്‍ഷന്‍സ് ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് പുതിയവേര്‍ഷനല്‍ അത് എത്ര പുരോഗതി പ്രാപിച്ചിരിക്കുന്നു എന്നും മനസിലാക്കാനാകും. ഇത് വരുന്ന വേര്‍ഷനുകള്‍ കൂടുതല്‍ മികവാര്‍ജ്ജിക്കും. അതേസമയം, എഐക്ക് ഇത്തരം ഇമേജുകള്‍ സൃഷ്ടിക്കാന്‍ മറ്റു ചിത്രങ്ങളെ ആശ്രയിക്കേണ്ടതായി ഉണ്ട്. അങ്ങനെ വരുമ്പോള്‍ കോപിറൈറ്റ് ഉള്ള ചിത്രങ്ങളിലേക്ക്കടന്നുകയറുന്നുണ്ടോ എന്ന ആശങ്കയും ഉണ്ട്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് പരമാവധി മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്നാണ് പറയുന്നത്.
ആരാണ് ഡാല്‍-ഇ പ്രവര്‍ത്തിപ്പിക്കുന്നത്?
വൈറല്‍ എഐ ആപ്പായ ചാറ്റ്ജിപിറ്റിക്കു പിന്നിലുള്ള കമ്പനിയായ ഓപ്പണ്‍എഐ തന്നെയാണ് ഡാല്‍-ഇയും തുറന്നുനല്‍കിയത്. ഓപ്പണ്‍എഐയില്‍ മൈക്രോസോഫ്റ്റിന് ബില്ല്യന്‍ കണക്കിന് ഡോളര്‍ നിക്ഷേപമുണ്ട്. ചാറ്റ്ജിപിറ്റിയിലേക്കും ഡാല്‍-ഇയെ ഉള്‍പ്പെടുത്തിതുടങ്ങുകയാണിപ്പോള്‍. പണമടച്ച് ഉപയോഗിക്കേണ്ട (പ്രതിമാസം 20 ഡോളര്‍) ചാറ്റ്ജിപിറ്റിപ്ലസ് ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. എന്നാല്‍, അതേ ശേഷിയുമായാണ് ബിങ് ക്രിയേറ്റര്‍ ഫ്രീയായി പ്രവര്‍ത്തിക്കുന്നത്.
ആപ്പിളിനും ഗൂഗിളിനും 50.5 ദശലക്ഷം ഡോളര്‍ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി കൊറിയ
ആപ്പ് വിപണിയിലെ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്യുകയാണ് അമേരിക്കന്‍ കമ്പനികളായ ആപ്പിളും ഗൂഗിളും എന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നു. കൊറിയ കമ്യൂണിക്കേഷന്‍സ് കമ്മിഷനാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന് റോയിട്ടേഴ്‌സ്. ഇതിനെതിരെ ഇരുകമ്പനികള്‍ക്കും 50.5 ദശലക്ഷം ഡോളര്‍ വരെ പിഴ ചുമത്തിയേക്കാം എന്നും കൊറിയ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഐപാഡിന് ഇന്‍സ്റ്റഗ്രാം ആപ്പ് ഇറക്കുന്ന കാര്യത്തിന് മുന്‍ഗണന ഇല്ലെന്ന്
ആപ്പിളിന്റെ ടാബ്‌ലറ്റ് കംപ്യൂട്ടറായ ഐപാഡിന് ഒരു വാട്‌സാപ് ആപ് ഇറക്കാന്‍ ഒരുങ്ങുകയാണ് മെറ്റാ കമ്പനി എന്നു പറഞ്ഞു കേള്‍ക്കുന്നു. അതേസമയം, മെറ്റാ കമ്പനിയുടെ തന്നെ മറ്റൊരു സേവനമായ ഇന്‍സ്റ്റഗ്രാമിന് ഒരു ഐപാഡ് ആപ് ഇറക്കുന്ന കാര്യത്തിന്മുന്‍ഗണന നല്‍കുന്നില്ലെന്ന് ആപ്പിന്റെ മേധാവി ആഡം മൊസെറി അറിയിച്ചു എന്ന് 9ടു5മാക്. പ്രശസ്ത യൂട്യൂബര്‍ മാര്‍കസ് ബ്രൗണ്‍ലിയാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ട്വീറ്റ് നടത്തിയവരില്‍ ഒരാള്‍.
ഡിസ്‌നിയുടെ ഇന്ത്യയിലെ സ്ട്രീമിങ് അവകാശം അദാനി വാങ്ങുമോ?
ലോകത്തെ പ്രധാനപ്പെട്ട ഓടിടി പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡിസ്‌നി ഇന്ത്യയിലെ തങ്ങളുടെ സ്ട്രീമിങ് അവകാശം വില്‍ക്കാനായി ചര്‍ച്ച നടത്തിയെന്ന് ബ്ലൂംബര്‍ഗ്. ശതകോടീശ്വരന്‍ ഗൗതം അദാനിയുമായും, സണ്‍ നെറ്റ്‌വര്‍ക് ഉടമ കലാനിധി മാരനുമായും ആണ് ചര്‍ച്ചകള്‍നടത്തിയത്. ജിയോ സിനിമയ്ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ സ്ട്രീമിങ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ ആണ് നടത്തുന്നത്.
നതിങ് ബിയര്‍ വില്‍പ്പന തുടങ്ങി!
സുതാര്യമായ പിന്‍പ്രതലമുളള ഫോണ്‍ അവതരിപ്പിച്ചു ശ്രദ്ധപിടിച്ച കമ്പനിയായ നതിങ് മറ്റൊരു മേഖലയിലേക്ക് കടന്നു എന്ന് റിപ്പോര്‍ട്ട്. ബിയര്‍ 5.1 ശതമാനം (Beer (5.1%) എന്ന അറിയിപ്പുമായി നതിങ് ഇറക്കിയ പരസ്യമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാളായ കാള്‍പെയ് തെറ്റിപ്പിരിഞ്ഞ്, ബ്രിട്ടണ്‍ കേന്ദ്രമായി സ്ഥാപിച്ച കമ്പനിയാണ് നതിങ്. കമ്പനി ബിയര്‍ വില്‍പ്പനയ്ക്ക് തുടക്കമിട്ടിരിക്കുന്നത് ബ്രിട്ടണിലാണ്. മറ്റു സ്ഥലങ്ങളിലും ഇത് ലഭ്യമാക്കുമെന്ന് കമ്പനി പറയുന്നു.
സാംസങ് ഗ്യാലക്‌സി എസ്24നും ടൈറ്റാനിയം?
ആപ്പിള്‍ ഐഫോണ്‍ 15 പ്രോ മോഡലുകളുടെ നിര്‍മ്മാണത്തിന് ടൈറ്റാനിയം ഫ്രെയിം ഉപയോഗിച്ചതിനു പിന്നാലെ, തങ്ങളുടെ അടുത്ത ഫ്‌ളാഗ്ഷിപ് ഫോണിന്റെ നിര്‍മ്മാണത്തിന് സാംസങും ആ വസ്തു ഉപയോഗിച്ചേക്കുമെന്ന് ഐസ് യൂണിവേഴ്‌സ് എന്ന ട്വിറ്റര്‍ യൂസര്‍. ഗ്യാലക്‌സിഎസ്24 സീരിസിലെ ഒന്നോ ഒന്നിലേറെയോ മോഡലുകള്‍ക്കായിരിക്കും ടൈറ്റാനിയം ഫ്രെയിം ഉപയോഗിക്കുക.