ആദ്യം വോയിസ് കോൾ, പിന്നെ കടലിലും കാട്ടിലും ഇന്റര്‍നെറ്റ്; മസ്‌കിന്റെ 'ഡയറക്ട്-ടു-സെല്‍'
Mail This Article
തലങ്ങും വിലങ്ങും പായുന്ന ബ്രോഡ്ബാന്‍ഡ് കേബിളുകളുടെയും, കൂണുപോലെ മുളച്ചു പൊന്തുന്ന ടെലകോം ടവറുകളുടെയും കാലം അസ്തമിക്കാറായോ? സ്മാര്‍ട്ട്‌ഫോണുകളിലേക്ക് നേരിട്ട് ഇന്റര്‍നെറ്റ് വര്‍ഷിക്കുന്ന പുതിയ സാങ്കേതികവിദ്യയായ ഡയറക്ട്-ടു-സെല്‍ (Direct-to-Cell), ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്റ്റാര്‍ലിങ്ക് 2024ല്‍ അമേരിക്കയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.
തുടക്കത്തില്‍ ഇത് എസ്എംഎസുകള്‍ അയക്കാനും സ്വീകരിക്കാനും മാത്രമായിരിക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുക. എന്നാല്‍ 2025ല്‍ തന്നെ,കാടെന്നോ കടലെന്നോ മരുഭൂമിയെന്നോ ഉള്ള വ്യത്യാസമില്ലാതെ, ഫോണ്‍ കോളുകള്‍ നടത്താനും, വെബ് ബ്രൗസിങിനും ഒക്കെ പ്രയോജനപ്പെടുന്ന രീതിയിലേക്ക് വികസിപ്പിക്കുമെന്നും കരുതപ്പെടുന്നു. എല്‍ടിഇ സ്റ്റാന്‍ഡര്‍ഡ് അനുസരിച്ച് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് സാങ്കേതികവിദ്യയ്ക്കും ഇത് ഉപകരിക്കും.
കൂടുതല്‍ അറിയാന്‍ സ്റ്റാര്‍ലിങ്കിന്റെ വെബ് പേജ്
മസ്‌കിന്റെ സ്‌പെയ്‌സ്എക്‌സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ വിവരിക്കുന്ന വെബ് പേജും ഇപ്പോള്‍ തുറന്നു: https://direct.starlink.com/. ഭൂമിയിലെങും ഇന്റര്‍നെറ്റ് എത്താത്ത ഒരു പ്രദേശവും ഇല്ലാതാക്കണം എന്ന ലക്ഷ്യമാണ് കമ്പനിക്ക് എന്ന് പേജില്‍ നിന്നു മനസിലാക്കാം.
അമേരിക്കയിലെ ഏറ്റവും വലിയ ടെലകോം നെറ്റ്‌വര്‍ക്കായ ടി-മൊബൈലുമായി സഹകരിച്ച് ഇത്തരത്തിലൊരു ഉദ്യമം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നതായി സ്‌പെയ്‌സ്എക്‌സ് ഒരു വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇതേപ്പറ്റി പുതിയ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.
ആപ്പിളിനും വെല്ലുവിളി
ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, 2025ല്‍ തന്നെ വോയിസ് കോളുകള്‍ക്കും, ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയക്കാനും സാധ്യമാകും. ഐഓടി ഉപകരണങ്ങള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഇതോടെ ഐഫോണിനായി ആപ്പിള്‍ കമ്പനി ആരംഭിച്ച സാറ്റലൈറ്റ്-കേന്ദ്രീകൃതഎമര്‍ജന്‍സി എസ്ഓഎസ് ഫീച്ചറിനോടും, എഎസ്ടി സ്‌പെയ്‌സ് മൊബൈലിനോടും (നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ബഹിരാകാശത്തു നിന്ന് ഇന്റര്‍നെറ്റ് എത്തിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ കമ്പനി) സ്റ്റാര്‍ലിങ്ക് അങ്കം കുറിക്കും. ഹാര്‍ഡ്‌വെയറിനോ, സോഫ്റ്റ്‌വെയറിനോ ഒരു മാറ്റവുംവരുത്താതെ, ഒരു പ്രത്യേക ആപ്പും ഇന്‍സ്റ്റോള്‍ ചെയ്യാതെ നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ സേവനങ്ങള്‍ എത്തിക്കാനായിരിക്കും സ്റ്റാര്‍ലിങ്ക് ശ്രമിക്കുക.
ഇനി വേണ്ടത്
അതേസമയം, ഈ പദ്ധതി നടപ്പാക്കാന്‍ അമേരിക്കയുടെ ഫെഡറല്‍ കമ്മ്യുണിക്കേഷന്‍സ് കമ്മിഷന്റെ അനുമതി ഇപ്പോഴും ലഭിച്ചിട്ടില്ല. ഇത് അതിവേഗം ലഭിക്കാനായി നിയമനിര്‍മാതാക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് കമ്പനി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഡിഷ് നെറ്റ്‌വര്‍ക്ക്, ആപ്പിളിന് സാറ്റലൈറ്റ് സേവനം നല്‍കുന്ന കമ്പനിയായ ഗ്ലോഹല്‍സ്റ്റാര്‍ തുടങ്ങിയ കമ്പനികള്‍ സ്‌പെയ്‌സ്എക്‌സിന്റെ സെല്ല്യുലര്‍-സാറ്റലൈറ്റ് സേവനത്തിന്റെ ചില കാര്യങ്ങളില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുമുണ്ട്.
ആകാശത്ത് സെല്‍ ഫോണ്‍ ടവര്‍
പുതിയ വെബ് പേജ് പറയുന്നത് സ്‌പെയ്‌സ്എക്‌സ് ഒരു അതി നൂതന ഇനോഡ്ബി (eNodeB) മോഡം സാറ്റലൈറ്റുകളില്‍ പിടിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ്. ഇതോടെ 'ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍' എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്ന് കമ്പനി കരുതുന്നു. ലോകമെമ്പാടുമുള്ള ടെലകോം കമ്പനികളുമായി സഹകരിക്കുന്ന കാര്യവും സ്റ്റാര്‍ലിങ്ക് പരിഗണിക്കുന്നു.
സ്റ്റാര്‍ലിങ്ക് വി2
നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വഴിവിട്ട രീതികള്‍ പരീക്ഷിക്കാന്‍ ഒരു മടിയുമില്ലാത്ത ആള്‍ എന്നാണ് മസ്‌കിനെ ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഐസാക്‌സണ്‍ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റില്‍ മസ്‌ക് നടത്തിയ ഒരു ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത് സ്റ്റാര്‍ലിങ്കിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചാണ്-സ്റ്റാര്‍ലിങ്ക് വി2 എന്ന വിശേഷണമാണ് നല്‍കിയത്.
ചില ഫോണുകളിലും, മസ്‌കിന്റെ ഇലക്ട്രിക് വഹനക്കമ്പനിയായ ടെസ്‌ലയിലും അയിരിക്കും ആദ്യം ഇത് ലഭ്യമാക്കുക എന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. നിലവില്‍ സ്റ്റാര്‍ലിങ്കിന് 4,265 സാറ്റലൈറ്റുകളാണ് ഉള്ളത്.
ഇവയ്‌ക്കൊപ്പം ഇനോഡ്ബി മോഡം ഉളള മൈക്രോസ്റ്റലൈറ്റുകളും പ്രവര്‍ത്തിപ്പിച്ച് വരും വര്‍ഷങ്ങളില്‍ ലക്ഷ്യം നേടാനാണ് മസ്‌കിന്റെ കമ്പനി ശ്രമിക്കുക. ഓരോ പുതിയ സാറ്റലൈറ്റും വിക്ഷേപിക്കുമ്പോള്‍, സ്റ്റാര്‍ലിങ്കിന്റെ വോയിസ്, ഡേറ്റാ ശേഷി വര്‍ദ്ധിക്കുമെന്നുംകരുതുന്നു.
ക്വാല്‍കമിന്റെ സ്‌നാപ്ഡ്രാഗണ്‍ സാറ്റലൈറ്റും, മസ്‌കിന്റെ കമ്പനിയോട് മത്സരിക്കുന്നുണ്ട്. ഇത് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ടെസ്റ്റ് സന്ദേശം കൈമാറ്റം നടത്താനാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ഉപഗ്രഹ ഇന്റര്‍നെറ്റ് ഭൂതല ഇന്റര്‍നെറ്റിന് അടുത്തതൊട്ടടുത്ത വര്‍ഷങ്ങളില്‍ ഒരു വെല്ലുവിളിയും ഉയര്‍ത്തിയേക്കില്ല.
എന്നിരിക്കിലും, സാറ്റലൈറ്റ് സെല്ല്യുലര്‍ സര്‍വീസ്, ഉപഗ്രഹ വ്യവസായത്തിലെ ഏറ്റവും സാധ്യതയുളള ബിസിനസായി മാറുകയാണ് എന്നും, ഈ മേഖലയില്‍ അതിവേഗം മത്സരം വര്‍ദ്ധിക്കുമെന്നും പ്രവചിച്ചിരിക്കുന്നത് ലിങ്ക്ഗ്ലോബല്‍ മേധാവി ചാള്‍സ് മിലര്‍ ആണ്.
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ മുമ്പില്‍ സാംസങും, വിവോയും
ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് സാംസങ്. ഗവേഷ കമ്പനിയായ കൗണ്ടര്‍പോയിന്റ് പുറത്തുവിട്ട 2023 രണ്ടാം പാദത്തിലെ കണക്കു പ്രകാരമാണിത്. സാംസങിന് 18 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് ഉള്ളതെങ്കില്‍, തൊട്ടുപിന്നിലുള്ള വിവോയ്ക്ക് 17 ശതമാനം വില്‍പ്പനയുണ്ട്. നേരത്തെ ഒന്നാം സ്ഥാനത്തു വരെ എത്തിയിരുന്ന ഷഓമി (മി, റെഡ്മി, പോകോ) കമ്പനിക്ക് ഇടിവാണ്. ഏകദേശം 15 ശതമാനം വില്‍പ്പനയാണ് അവര്‍ക്കിപ്പോള്‍ ഉള്ളത്.
അള്‍ട്രാ പ്രീമിയം വിഭാഗത്തില്‍ ഞെട്ടിച്ച് ആപ്പിള്‍
റിയല്‍മിയും ഒപ്പോയും ആണ് നാലും അഞ്ചും സ്ഥാനങ്ങളില്‍-യഥാക്രമം 12, 11 ശതമാനം വില്‍പ്പന. പ്രീമിയം വിഭാഗത്തില്‍ (30,000 രൂപയ്ക്കു മുകളില്‍) ഉള്ള ഫോണുകളുടെ വില്‍പ്പനയിലും സാംസങ് ആപ്പിളിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. അതേസമയം, അള്‍ട്രാപ്രീമിയം (54,000 രൂപയ്ക്കു മുകളില്‍) ഉള്ള ഫോണുകളുടെ വില്‍പ്പനയില്‍ 59 ശതമാനം വില്‍പ്പനയുമാിയ ആപ്പിള്‍ അതിശക്തമായ നിലയിലാണ്.
മൈക്രോസോഫ്റ്റിന്റെ ആക്ടിവിഷന്‍ ഏറ്റെടുക്കലിന് പച്ചക്കൊടി
അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് ബ്രിട്ടിഷ് ഗെയിം നിര്‍മ്മാണ കമ്പനിയായ ആക്ടിവിഷന്‍ ബ്ലിസഡ് ഏറ്റെടുക്കുന്നതിനെതിരെ യുകെ രംഗത്തെത്തിയിരുന്നു. ടെക്‌നോളജിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കച്ചവടങ്ങളിലൊന്നാണിത്.
മൈക്രോസോഫ്റ്റ് 69 ബില്ല്യന്‍ ഡോളറാണ് നല്‍കുന്നത്. ഈ മേഖല മൈക്രോസോഫ്റ്റിന്റെ കുത്തകയാകുമോ എന്നു ഭയന്നാണ് ഈ ഇടപാടിനെതിരെ ബ്രിട്ടന്റെ കോംപറ്റിഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി കഴിഞ്ഞ ഏപ്രിലില്‍ രംഗത്തെത്തിയത്. കോള്‍ ഓഫ് ഡ്യൂട്ടി അടക്കമുള്ളനപ്രശസ്ത ഗെയിമുകളുടെ സ്ട്രീമിങ്അവകാശം വില്‍ക്കാമെന്ന് മൈക്രോഫ്റ്റ് സമ്മതിച്ചതോടെയാണ് ബ്രിട്ടണ്‍ ഇപ്പോള്‍ ഏറ്റെടുക്കലിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
ഓപ്പണ്‍എഐയുടെ വരുമാനം കുത്തനെ ഉയരുന്നു എന്ന് മേധാവി
ലോകത്തെ അമ്പരപ്പിച്ച എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ എഐ കമ്പനിയുടെ വരുമാനം കുത്തനെ ഉയരുന്നു എന്ന സൂചന നല്‍കി മേധാവി സാം ആള്‍ട്ട്മാന്‍. വാര്‍ഷികമായി കണക്കു കൂട്ടിയാല്‍ ഇപ്പോള്‍ ഏകദേശം 1.3 ബില്ല്യന്‍ ഡോളര്‍ കടന്നിട്ടുണ്ടെന്നാണ് ആള്‍ട്ട്മാന്‍ തന്റെ ജീവനക്കാരോട് പറഞ്ഞതെന്ന് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോർട്ട് ചെയ്യുന്നു.
പ്രീമിയം സ്മാര്‍ട്ട് സ്പീക്കറുകളുമായി സോണോസ്
ഇറാ 300, ഇറാ 100 എന്നീ പേരുകളില്‍ രണ്ടു പുതിയ സ്മാര്‍ട്ട് സ്പീക്കറുകള്‍ അവതരിക്കുകയാണ് സോണോസ് കമ്പനി. സ്‌പേഷ്യല്‍ ഓഡിയോ, ഡോള്‍ബി അറ്റ്‌മോസ്തുടങ്ങിയ ആധൂനിക ഫീച്ചറുകളും ഉണ്ട്. ഇറാ 300, ഇറാ 100 സ്പീക്കറുകള്‍ ഒക്ടോബര്‍ 15 മുതല്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നു വാങ്ങാം. വില യഥാക്രമം 54,999 രൂപ, 29,999 രൂപ.