ADVERTISEMENT

വണ്‍പ്ലസ് കമ്പനിയുടെ ആദ്യ ഫോള്‍ഡബ്ള്‍ ഫോണായ 'ഓപ്പണ്‍' മോഡലിനെ വാനോളം പുകഴ്ത്തുന്ന റിവ്യൂവുമായി ഡെയ്‌ലി മെയിലിന്റെ ടെക്‌നോളജി റിപ്പോര്‍ട്ടര്‍ റോബ് വോ. ക്യാമറയുടെയും ആപ്പുകളുടെയും കാര്യശേഷിക്കു പുറമെ കാഴ്ചക്കാരെക്കൊണ്ട് 'വൗ' എന്നു പറയിക്കാനുള്ള കഴിവും 7.8-ഇഞ്ച് വലിപ്പത്തില്‍ തുറക്കാവുന്ന സ്‌ക്രീനും, ഓപ്പണ്‍ ഫോണിന് ഉണ്ടെന്ന് റോബ് പറയുന്നു. പൊതുവേദികളില്‍ ഈ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ആളുകള്‍  അത്ഭുതപ്പെടുമെന്നും, ഫോണ്‍ കണ്ട് അമ്പരന്ന തന്റെ മകന്‍ ഇതുപോലൊന്ന് തനിക്കും ലഭിച്ചുവോ എന്നു ചോദിച്ചു എന്നും പറയുന്നു.

open-fold - 1

ഇതുപോലെയുള്ള മടക്കാവുന്ന ഫോണുകളുടെ ഏറ്റവും വലിയ ശാപങ്ങളിലൊന്ന് രണ്ടു സ്‌ക്രീനുകളെ ഒരുമിപ്പിച്ചു നിറുത്തുന്ന ഹിഞ്ച് ആണ്. ഇത് കുറച്ചു നാളുകള്‍ക്ക് ശേഷം പ്രശ്‌നത്തിലാകും. എന്നാല്‍, വണ്‍പ്ലസ് ഓപ്പണ്‍ സ്‌ക്രീനിന് 1,000,000 തവണ മടക്കുകയും തുറക്കുകയും ചെയ്യാമെന്നുള്ള സര്‍ട്ടിഫിക്കറ്റാണ് ഉള്ളത്. അതായത്, ഇത് ദിവസേന നൂറിലേറെ തവണ തുറക്കുകയും അടയ്ക്കുകയും ചെയ്താലും 10 വര്‍ഷത്തേക്ക് ഉപയോഗിക്കാമെന്നാണ് അവകാശ വാദം. (ഇത് കണ്ടറിയേണ്ട കാര്യമാണ്.)

റോബ് ഓപ്പണ്‍ ഫോണിന് എന്തെങ്കിലും ന്യൂനത കണ്ടെത്തിയോ? ഉവ്വ്. ഏതെങ്കിലും ഫോണ്‍ മേടിച്ചാല്‍ ഒപ്പം മേടിക്കുന്നത് ഒരു കെയ്‌സ് ആണ്. പക്ഷെ ഓപ്പണ്‍ ഫോണിനു അതു വാങ്ങാനാവില്ല. അത് എപ്പോഴും 'നഗ്നമായിരിക്കും'. അതിനാല്‍ തന്നെ താഴെ വീണാല്‍ തകരാം, എന്ന് റോബ് പറയുന്നു. വിടര്‍ത്തി ഉപയോഗിക്കുമ്പോള്‍ ഒരു പിസിയിലെന്ന പോലെ ആപ്പുകള്‍ ഉപയോഗിക്കാമെന്നും പറയുന്നു. ഇത്ര സുന്ദരമായ ഒരു ഉപകരണം താഴെ വീണ് തകര്‍ന്നേക്കാമെന്ന പേടിയുളളവര്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് റോബ് പറയുന്നത്.

∙നെറ്റ്ഫ്‌ളിക്‌സിന്റെ പ്രീമിയം സേവനത്തിന് വീണ്ടും വരിസംഖ്യ വര്‍ദ്ധിപ്പിച്ചു

വീണ്ടും വരിസംഖ്യ വര്‍ദ്ധിപ്പിച്ചു നെറ്റ്ഫ്‌ളിക്‌സ്. പ്രതിമാസം 23 ഡോളറായാണ് വര്‍ദ്ധന. ഇത് കമ്പനിയുടെ ആര്‍ത്തിയാണ് കാണിക്കുന്നതെന്ന് യുകെയില്‍ നിന്നുള്ള ചില ഉപയോക്താക്കള്‍ പ്രതികരിച്ചു എന്ന് ഡെയ്‌ലി മെയില്‍.

∙ഒക്ടോബര്‍ 29ന് ഇന്ത്യയില്‍ ഭാഗിക ചന്ദ്രഗ്രഹണം

2032 ഒക്ടോബര്‍  28-29 തിയതികളില്‍ ഇന്ത്യയിലെ മിക്ക പ്രദേശത്തും ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും.

∙ഐഫോണ്‍ 15ന് ഐഓഎസ് 17.1 പുറത്തിറക്കി

ഐഫോണ്‍ 15 സീരിസിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഐഓഎസ് 17.1 പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍. ബില്‍ഡ് നംബര്‍ 21ബി77 എന്ന വേരിലുള്ള ഈ അപ്‌ഡേറ്റ് ഐഫോണ്‍ 15 സീരിസിനു മാത്രമായിരിക്കും. മറ്റു ഫോണുകള്‍ക്ക് ലഭിക്കില്ല. അതേസമയം, രജിസ്‌റ്റേഡ് ബീറ്റാ ഡിവലപ്പര്‍മാര്‍ക്ക് ഐഓഎസ് 17.1 ബീറ്റാ ഇപ്പോള്‍ ലഭ്യമാണ് താനും.

∙ആപ്പിളിന്റെ അടുത്ത ഹോംപോഡിന് സ്‌ക്രീന്‍ കണ്ടേക്കും

ആപ്പിളിന്റെ സ്മാര്‍ട്ട് സ്പീക്കര്‍ ശ്രേണിയായ ഹോംപോഡിന്റെ അടുത്ത പതിപ്പില്‍ ഒരു എല്‍സിഡി സ്‌ക്രീന്‍ കണ്ടേക്കുമെന്ന് സൂചന. സ്പീക്കറിനു മുകളിലായിരിക്കും സ്‌ക്രീന്‍. ആപ്പിളിന്റെ ടിവിഓഎസിന്റെ നേര്‍പ്പിച്ച പതിപ്പും ഹോംപോഡിന് ലഭിച്ചേക്കാം. ഇതിന് ഹോംഓഎസ് (homeOS) എന്നായിരിക്കാം പേര്. ആപ്പുകളും മറ്റും ഇതു വഴി പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കും.

∙ചൈനയുടെ ലുനാര്‍ ബെയ്‌സ് പാര്‍ട്ണറായി പാക്കിസ്ഥാനും

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു ഗവേഷണ സ്‌റ്റേഷന്‍ സ്ഥാപിക്കാനുളള ചൈനയുടെ ശ്രമത്തിന് പിന്തുണയുമായി പാക്കിസ്ഥാനും എത്തി എന്ന് റോയിട്ടേഴ്‌സ്. ഇതിനായി ഇരു രാജ്യങ്ങളും സഹകരണ കരാറില്‍ ഒപ്പുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com