'ഡു ഇറ്റ് യുവർസെൽഫ്' ബോംബുകളും വാൾട്ടർ വൈറ്റ് 'മരുന്നുകളും'; മറഞ്ഞിരിക്കുന്ന സൈബർ അധോലോകം
Mail This Article
സമൂഹ മാധ്യമങ്ങളിലെ 'ഡു ഇറ്റ് യുവർ സെൽഫ്' വിഡിയോകൾ വളരെ ഉപകാരപ്രദങ്ങളാണ്. കോവിഡ് കാലത്താണു ഇത്തരം വിഡിയോകളുടെ കാഴ്ചക്കാർ വർധിച്ചത്. മുടിവെട്ടാനും വീടുകളിലെ ചെറിയ അറ്റകുറ്റപ്പണികളും മുതൽ വിമാനം വരെയുണ്ടാക്കാൻ പഠിപ്പിക്കുന്ന വിഡിയോകൾ യുട്യൂബിൽ തിരഞ്ഞാൽ കാണാനാകും, കാര്യമായ നിരീക്ഷണമോ നിയന്ത്രണങ്ങളോ ഇല്ലാത്ത നിർദോഷകരമായ ഇത്തരം വിഡിയോകൾ എങ്ങനെയാണ് പ്രശ്നക്കാരാകുന്നത്.
വാഷിങ് മെഷിനീലെയോ അലാം ക്ലോക്കിലെയോ ടൈമറുകളും നിസാര വിലയ്ക്കു വാങ്ങാൻ കഴിയുന്നു റിമോട് കൺട്രോളുകളും ഉപയോഗിച്ചു പടക്കം പൊട്ടിക്കുന്ന വിഡിയോകൾക്കു നിരവധി കാഴ്ചക്കാരാണുള്ളത്. എന്നാൽ അതേ ടെക്നോളജി വിപുലീകരിക്കാൻ ഒരാൾ ശ്രമിച്ചാൽ വലിയ ദുരന്തമായി മാറും. വലിയ സ്ഫോടകവസ്തുക്കൾ പോലും നിർമിക്കുന്നതിനുള്ള ട്രിഗറുകളായാണ് ഇത്തരം വിഡിയോകൾ മാറുന്നത്.
ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ കഴിഞ്ഞ മാസം 3 ഐഎസ്ഐ പ്രവർത്തകരെ അറസ്റ്റു ചെയ്തിരുന്നു. കേസിലെ പ്രതികൾ പൂനെയിൽ ബോംബ് വർക്ക്ഷോപ്പുകൾ നടത്തിയിരുന്നു, അതിനായി അവർ ഡെമോ ഐഇഡി നിർമിക്കുകയും നിയന്ത്രിത സ്ഫോടനം നടത്തുകയും ചെയ്തതായി എൻഐഎ വെളിപ്പെടുത്തി.
തീവ്ര ആശയങ്ങളാൽ പ്രചോദിക്കപ്പെട്ടു വിവിധ സംഘടനകളിലേക്കു ആകർഷിക്കപ്പെടുന്നവര്‍ക്കു അവരെ വിദൂര സ്ഥലങ്ങളിലിരുന്നു നിയന്ത്രിക്കുന്നവർ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത, എന്നാൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രം കാണാൻ കഴിയുന്ന വിഡിയോ ലിങ്കുകളാവും നൽകുക. ഇത്തരം വിഡിയോകൾ സേർച്ചുകളിൽ പ്രത്യക്ഷപ്പെടുകയും ഇല്ല.
2022ൽ നവംബർ 19ന് മംഗളൂരുവിൽ ഓട്ടോറിക്ഷയിൽവച്ചു അബദ്ധത്തിൽ പൊട്ടിത്തെറിച്ച 'കുക്കർ ബോംബ്' യുട്യൂബിലെ വിഡിയോ പ്രകാരം നിർമിച്ചതാണെന്നു പ്രതി വെളിപ്പെടുത്തിയിരുന്നു. കളമശ്ശേരിയിൽ മാർട്ടിന്‍ ഉപയോഗിച്ചതുപോലുള്ള പടക്കങ്ങളുപയോഗിച്ചാണു ആ ബോംബു നിർമിച്ചത്. ടൈമർ സംവിധാനം മാർക്കറ്റിൽ ലഭ്യമായ വിവിധ ഉപകരണങ്ങളുടേതും ആയിരുന്നു. പൊലീസ് പിടികൂടിയ ചില മയക്കുമരുന്നു കടത്തുസംഘങ്ങളും അവരുടെ 'വാൾട്ടർ വൈറ്റ് 'സമൂഹമാധ്യമങ്ങളാണെന്നു പറഞ്ഞിരുന്നു. (അമേരിക്കൻ ടെലിവിഷൻ സീരീസ് ബ്രേക്കിംഗ് ബാഡിലെ ഒരു കഥാപാത്രമാണ് വാൾട്ടർ വൈറ്റ്. ഒരു രസതന്ത്ര അധ്യാപകനാണ്, അദ്ദേഹം പണം സമ്പാദിക്കാൻ മെഥാംഫെറ്റാമിൻ ഉൽപ്പാദിപ്പിക്കാൻ തുടങ്ങുന്നതാണ് പ്ലോട്).
ഹൈ എൻഡ് ബൈക്കുകളും കാറുകളും മോഷ്ടിക്കുന്ന സ്ഥിര അംഗങ്ങളെയും പിടികൂടുമ്പോള്‍ അവർക്കും ശിക്ഷണം നൽകുന്നത് യുട്യൂബ് തന്നെയാണ്. കാറിൽ താക്കോൽ കുടുങ്ങിയാൽ എങ്ങനെ തുറക്കാമെന്ന സഹായ വിഡിയോകളാണ്, ഒരു നിമിഷം കൊണ്ടു കാറുമായി കള്ളന്മാർ പമ്പകടക്കുന്ന വില്ലൻ വിഡിയോകളായി മാറുന്നതെന്നാണ് യാഥാർഥ്യം. ഒരു മിനിറ്റിൽ കീ ഡൂപ്ലിക്കേറ്റു ചെയ്തു വീടു തുറക്കുന്ന വിഡിയോകളെല്ലാം കാണുന്നതു കള്ളന്മാരാണെന്നും പറയാനാവില്ല.
ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ (ഐഇഡി) നിർമിക്കുന്നതിനായി ഓൺലൈൻ വിഡിയോകളും മാനുവലുകളും ദുരുപയോഗം ചെയ്യുന്ന ഒന്നിലധികം സംഭവങ്ങൾ സ്ഥിരീകരിച്ചിട്ടും, അപകടകരമായ ഉള്ളടക്കങ്ങൾ വഹിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ നടപടിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം വിഡിയോ ലിങ്കുകളും മറ്റും പരിശോധിക്കാൻ സൈബർ വിഭാഗം ആരംഭിച്ചെന്നു റിപ്പോർട്ടുകളുണ്ട്.