ADVERTISEMENT

അറിയാതെ ഒന്നു താഴെ വീണാൽ ചിന്നിച്ചിതറുന്ന ഡിസ്പ്ലേ ഇനി പഴങ്കഥ.  ചുറ്റികയ്ക്കു പകരം ഷഓമി 14 പ്രോ ഫോണ്‍ ഉപയോഗിച്ച് ആണി അടിക്കുന്ന വിഡിയോകള്‍ ലോകമെമ്പാടും വൈറലാകുകയാണ്. ഫോണിന്റെ ഡിസ്‌പ്ലെ ഉപയോഗിച്ചാണ് ഈ  ഇടിക്കല്‍ എന്നതാണ് ഏറെ രസകരം. ഫോണുകളുടെ ഏറ്റവും ദുര്‍ബലമായ ഭാഗമാണ് ഡിസ്‌പ്ലേ എന്നാണ് ഇതുവരെ നാം കരുതിവന്നത്. അപ്പോള്‍ വിഡിയോ വ്യാജമാണോ? അല്ല എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. 

xiomi-15-pro - 1
Image Credit: Sparrow,Xiomi

ഷഓമി 14 പ്രോയുടെ ഓലെഡ് സ്‌ക്രീന്‍ സംരക്ഷിക്കാനായി കമ്പനി ഉപയോഗിച്ചിരിക്കുന്ന ഡ്രാഗണ്‍ ക്രിസ്റ്റല്‍ഗ്ലാസ് ആണ് ഇവിടെ താരം. ഷഓമി 14 പ്രോയ്ക്കു മുമ്പ് മറ്റൊരു ഫോണിലും ഇത് ഉപയോഗിച്ചിട്ടില്ല. തങ്ങളുടെ ഫ്‌ളാഗ്ഷിപ് മോഡലുകളില്‍ കമ്പനി മുമ്പ് ഉപയോഗിച്ചിരുന്നത് കോര്‍ണിങ് ഗൊറിലാ ഗ്ലാസ് ആണ്.

എത്തി ലോങ്ജിങ് ഗ്ലാസ്

xiomi-15 - 1
Image Credit: sparrow, Xiomi

ഷഓമി 14 പ്രോയുടെ അവതരണ വേളയിലാണ് തങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ചെടുത്ത ലോങ്ജിങ് (Longjing) ഗ്ലാസ് കമ്പനി ആദ്യമായി പരിചയപ്പെടുത്തിയത്. ഇത് ഗൊറിലാ ഗ്ലാസ്പോലെയുള്ള സംരക്ഷണപാളികളേക്കാള്‍ ദൃഢതയുള്ളതും, പോറലേല്‍ക്കാത്തതും ആണെന്ന് കമ്പനി പറഞ്ഞിരുന്നു. സാധാരണ ദൃഢീകരിച്ച ഗ്ലാസുകളെക്കാള്‍ പത്തു മടങ്ങ് പ്രതിരോധ ശേഷി കൂടുതലുണ്ടെന്നാണ് ഷഓമി അവകാശപ്പെടുന്നത്. ലോങ്ജിങ് ഗ്ലാസിന്റെ മറ്റൊരു വിളിപ്പേര് ഡ്രാഗണ്‍ ക്രിസ്റ്റല്‍ഗ്ലാസ് എന്നാണ്.

വെറും അവകാശവാദം മാത്രമല്ല

ഗ്ലാസ് പ്രതലങ്ങളുടെ കടുപ്പം പറയുന്നത് വികേഴ്‌സ് (Vickers) ഹാര്‍ഡ്‌നെസ് (എച്‌വി0.025) എന്ന അളവു വച്ചാണ്.  സ്പാരോന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോങ്ജിങ് ഗ്ലാസിന്റെ ദൃഢത 860 ആണ്. മറ്റൊരു ചൈനീസ് കമ്പനിയായ വാവെയും ഇത്തരം ഒരു ഗ്ലാസ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിന്റെ പേര് കുന്‍ലുന്‍ (Kunlun) എന്നാണ്. ഇതിന്റെ ദൃഢത 830 ആണ്. ഐഫോണുകളെ ആപ്പിള്‍ അണിയിക്കുന്ന പ്രതിരോധ പാളിയുടെ പേര് സെറാമിക് ഷീല്‍ഡ് എന്നാണ്. ഇതിന്റെ ദൃഢത 814 ആണ്. കോര്‍ണിങ് ഗൊറിലാ ഗ്ലാസ് വിക്ടസ് 2ന്റെ ദൃഢത 670 ആണ്. വലിയ സംഖ്യയാണ് കൂടുതല്‍ മികച്ചത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

xiomi-15-pro-2 - 1
Image Credit: Sparrow

സവിശേഷ രാസവിദ്യ

ഇത്രയും ദൃഢതയുള്ള ഗ്ലാസ് ഉണ്ടാക്കിയെടുക്കാന്‍ തങ്ങള്‍ വളരെ സവിശേഷമായ ഒരു രസതന്ത്രമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നതെന്ന് ഷഓമി അറിയിക്കുന്നു. ലിഥിയം ഓക്‌സൈഡ്, അലുമിനിയം ഓക്‌സൈഡ്, സിലികണ്‍ ഡയോക്‌സൈഡ്, സിര്‍കോണിയം ഓക്‌സൈഡ്, ഫോസ്ഫറസ് പെന്റോക്‌സൈഡ്, സോഡിയം ഓക്‌സൈഡ് തുടങ്ങിയ വസ്തുക്കള്‍ വിവിധ അളവുകളില്‍ 1600 ഡിഗ്രി സെല്‍ഷ്യസിലേറെ ചൂടാക്കിയാണ് ഗ്ലാസ് ഉണ്ടാക്കിയതെന്നാണ് കമ്പനി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്. 

ഈ നൂതന രസതന്ത്രം ഉപയോഗിച്ച് 25എന്‍എം ഉള്ള ഗ്ലാസുകള്‍ ഇന്റര്‍ലോക്കിങ് സംവിധാനത്തോടെ കമ്പനി ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഡബ്ള്‍ അയണ്‍ എക്‌സ്‌ചേഞ്ച് പ്രക്രീയയും ഉപയോഗിച്ചിരിക്കുന്നതിനാല്‍, ദാര്‍ഢ്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ഉജ്ജ്വലമായ സുതാര്യതയും നല്‍കുന്നു.

ദൃഢത കണ്ടേക്കും, പക്ഷെ...

എന്തായാലും, ലഭിക്കുന്ന വിവരങ്ങള്‍ വച്ച് മറ്റെല്ലാ ഫോണ്‍ നിര്‍മ്മാതാക്കളെക്കാളും മികച്ച പ്രതിരോധ പാളി ഒരുക്കുന്നത് ഷഓമിയുടെ ലോങ്ജിങ് ഗ്ലാസ് ആണ് എന്നുവിശ്വസിക്കേണ്ടി വരും. അതുപയോഗിച്ച് ആണി തറയ്ക്കുന്ന വിഡിയോകള്‍ ഈ അവകാശവാദത്തെ തുണയ്ക്കുകയുംചെയ്യുന്നു. നിലവില്‍ ഷഓമി 14 പ്രോ ചൈനയില്‍ മാത്രമെ വില്‍ക്കുന്നുള്ളു. പുതിയ സാങ്കേതികവിദ്യ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ ഒരു വഴിത്തിരിവാകുമോ എന്ന് കണ്ടറിയേണ്ടിയിരക്കുന്നു. 

ശ്രദ്ധിക്കുക. പുറത്തുവരുന്ന വിഡിയോകളുടെ ആധികാരികത പൂര്‍ണ്ണമായി ഉറപ്പിക്കാന്‍ സാധ്യമല്ല. ഫോണിന്റെ ഡിസ്‌പ്ലെ വച്ച് ആണിയടിക്കുകയോ തേങ്ങ ഉടയ്ക്കുകയോ ഒക്കെ ചെയ്താല്‍ അതിന്റെ ആന്തരിക ഭാഗങ്ങള്‍ക്ക് ഭാവിയില്‍ പ്രശ്‌നമുണ്ടായേക്കാം. ഷഓമി 14 പ്രോ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുകയും അതിലൊന്ന് വാങ്ങി ആണിയടിച്ച് സ്‌ക്രീന്‍ പൊട്ടിപ്പോകുയും ചെയ്താല്‍ അത് മാറ്റിയിടാന്‍ നല്ല പണം വേണ്ടിവരും എന്നും മനസില്‍ വയ്ക്കുക..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com