കൗമാരക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന നടപടികൾ, വീറ്റോ പവറിൽ സുക്കര്‍ബര്‍ഗ് അട്ടിമറിച്ചുവെന്ന് റിപ്പോര്‍ട്ട്
Mail This Article
കൗമാരക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നടപടികള്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എടുക്കുന്നതിനെ മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അട്ടിമറിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിലേയും ഫെയ്സ്ബുക്കിലേയും ഉയര്‍ന്ന സ്ഥാനത്തുള്ള ജീവനക്കാരുടെ നിര്‍ദേശങ്ങളെയാണ് സുക്കര്‍ബര്‍ഗ് വീറ്റോ പവര്‍ ഉപയോഗിച്ച് അവഗണിച്ചത്. മെറ്റക്കെതിരായ കേസിന്റെ ഭാഗമായുള്ള നിയമനടപടികള്‍ക്കിടെ പുറത്തുവന്ന ആഭ്യന്തര ആശയവിനിമയത്തിന്റെ രേഖകളാണ് ഇക്കാര്യം തെളിയിക്കുന്നത്.
മസാച്ചുസെറ്റ്സിലെ കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളുടെ ഭാഗമായാണ് ഈ നിര്‍ണായക രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസേരി, ഇന്‍സ്റ്റഗ്രാം ഗ്ലോബല്‍ അഫയേഴ്സ് പ്രസിഡന്റ് നിക് ക്ലെഗ് എന്നിവരുടെ നിര്‍ദേശങ്ങള്‍ അടക്കം സുക്കര്‍ബര്‍ഗ് നിരാകരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന അമേരിക്കയിലെ മൂന്നു കോടിയിലേറെ കൗമാരക്കാര്‍ക്ക് ദോഷകരമായി ബാധിക്കാത്ത രീതിയിലേക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നായിരുന്നു ഇവരുടെ നിര്‍ദേശം.
സുക്കര്‍ബര്‍ഗിനും മറ്റു മുതിര്‍ന്ന ജീവനക്കാര്‍ക്കുമിടയില്‍ ഇന്‍സ്റ്റഗ്രാമിലെ ബ്യൂട്ടി ഫില്‍റ്ററുകളെ കുറിച്ചായിരുന്നു പ്രധാനപ്പെട്ട അഭിപ്രായവ്യത്യാസമുണ്ടായിരുന്നത്. ഇത്തരം ഫില്‍റ്ററുകള്‍ വ്യാജമായ സൗന്ദര്യ സങ്കല്പം കൗമാരക്കാരില്‍ സൃഷ്ടിക്കുമെന്നും ഇത് അവരുടെ മാനസികാരോഗ്യത്തെ തന്നെ ബാധിക്കുമെന്ന ആശങ്ക ഇന്‍സ്റ്റഗ്രാമിലെ മുതിര്‍ന്ന ജീവനക്കാരില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ 2019ല്‍ തന്നെ സുക്കര്‍ബര്‍ഗ് ബ്യൂട്ടിഫില്‍റ്ററുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യത്തെ വീറ്റോ ചെയ്യുകയായിരുന്നു.
ബ്യൂട്ടിഫില്‍റ്ററുകള്‍ നിയന്ത്രിക്കണമെന്ന നിര്‍ദേശത്തില്‍ പിന്നീട് 2020 ഏപ്രിലില്‍ സുക്കര്‍ബര്‍ഗിന് വിശദീകരണം നല്‍കേണ്ടി വരികയും ചെയ്തു. ഇത് ജീവക്കാരും സുക്കര്‍ബര്‍ഗും തമ്മില്‍ ഈ വിഷയത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്നതിന്റെ തെളിവു കൂടിയാണ്. ഇത്തരം ബ്യൂട്ടി ഫില്‍റ്ററുകള്‍ക്കുള്ള ജനപ്രീതി വളരെ വലുതാണെന്നും കൗമാരക്കാരെ ദോഷകരമായി ബാധിക്കുന്നുവെന്ന് തെളിയിക്കുന്ന 'കണക്കുകള്‍' ഒന്നും ഇതുവരെ ലഭിച്ചില്ലെന്നുമായിരുന്നു സുക്കര്‍ബര്‍ഗ് ഇതു സംബന്ധിച്ച് നല്കിയ വിശദീകരണം.
ഇന്‍സ്റ്റഗ്രാം പോളിസി ചീഫ് കരീന ന്യൂട്ടന്, ഫെയ്സ്ബുക് ഹെഡ് ഫിഡ്ജി സൈമണ്‍, മെറ്റ വൈസ് പ്രസിഡന്റ് മാര്‍ഗരറ്റ് സ്റ്റുവേര്‍ട്ട് എന്നിവര്‍ അടക്കമുള്ളവരുമായി സുക്കര്‍ബര്‍ഗിന് ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നാണ് ആഭ്യന്തര രേഖകള്‍ കാണിക്കുന്നത്. ഇതില്‍ മാര്‍ഗരറ്റ് സ്റ്റുവേര്‍ട്ടാണ് ആദ്യം ബ്യൂട്ടി ഫില്‍റ്ററുകള്‍ പില്‍വലിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നത്.
പിന്നീട് ചീഫ് ടെക്നോളജി ഓഫീസര്‍ ആന്‍ഡ്രൂ ബോസ്വര്‍ത്തും ഈ നിര്‍ദേശത്തെ സുക്കര്‍ബര്‍ഗിന് മുമ്പാകെ എത്തിക്കുന്നുണ്ട്. എന്നാല്‍ സുക്കര്‍ബര്‍ഗ് ബ്യൂട്ടിഫില്‍റ്ററുകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും പിന്‍വലിക്കാനുള്ള നിര്‍ദേശത്തെ അംഗീകരിക്കുന്നില്ല. പിന്നീട് സുക്കര്‍ബര്‍ഗിന്റെ തീരുമാനത്തെ അംഗീകരിക്കുമ്പോള്‍ തന്നെ ഭാവിയില്‍ ഇതുസംബന്ധിച്ച് പ്രശ്നങ്ങളുണ്ടാവാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പും മാര്‍ഗരറ്റ് സ്റ്റുവേര്‍ട്ട് നല്‍കുന്നുണ്ട്.
2021 ഒക്ടോബറില്‍ ഇന്‍സ്റ്റഗ്രാമിലെ മുന്‍ ജീവനക്കാരി തന്നെ നടത്തിയ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും സജീവമാവുന്നത്. കൗമാരക്കാരില്‍ ബ്യൂട്ടിഫില്‍റ്ററുകള്‍ അടക്കമുള്ള സര്‍വീസുകള്‍ ദോഷകരമായി ബാധിക്കുന്നുവെന്ന കാര്യം ഇന്‍സ്റ്റഗ്രാം അധികൃതര്‍ക്ക് അറിയാമെന്നായിരുന്നു ഫ്രാന്‍സെസ് ഹോജെന്‍സ് വെളിപ്പെടുത്തിയത്. മുന്‍ ഇന്‍സ്റ്റഗ്രാം ജീവനക്കാരി തന്നെ നടത്തിയ ഈ വെളിപ്പെടുത്തലോടെ ഈ പ്രശ്നം നിയമത്തിന്റെ മുന്നിലെത്തുകയായിരുന്നു.
തുടര്‍ന്ന് നടന്ന കോടതി നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ ഫെയ്സ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും ആഭ്യന്തര ആശയവിനിമയങ്ങളുടെ വിശദാംശങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. ഏതെങ്കിലും വ്യക്തികളുടെ സ്വകാര്യതയോ സുരക്ഷയോ സംരക്ഷിക്കുന്നതില്‍ മാര്‍ക് സുക്കര്‍ബര്‍ഗിന് യാതൊരു താല്പര്യവുമില്ലായിരുന്നുവെന്ന് സാങ്കേതികവിദ്യ മേഖലയില്‍ നിയമസഹായം നല്കുന്ന ടെക് ഓവര്‍സൈറ്റ് പ്രൊജക്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. പുതിയ വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ ഈ വിഷയത്തില്‍ മാര്‍ക് സുക്കര്‍ബര്‍ഗ് കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.