'കലാപത്തിനുകാരണം', 14 വർഷം മുൻപ് നിരോധനം; മറ്റൊരു രൂപത്തിൽ ചൈനയിലേക്കു മെറ്റ
Mail This Article
ഭരണകൂടത്തിന്റെ തീരുമാനപ്രകാരം 2009 മുതൽ ചൈനയിൽ സമൂഹമാധ്യമ ഭീമനായ ഫെയ്സ്ബുക് പുറത്താണ്(പരസ്യമായി). അതേസമയം ഉപയോഗം സൈബർ കുറ്റകൃത്യമായി കണക്കാക്കപ്പെട്ടിട്ടുണ്ടെങ്കിലും വിപിഎൻ പോലുള്ള മാർഗങ്ങളിലൂടെ ചൈനീസ് ഫെയ്സ്ബുക് ഉപഭോക്താക്കൾ സജീവമായി പിന്തുടരുകയും ചെയ്യുന്നു.14 വർഷം മുമ്പ് നിരോധിച്ചതിന് ശേഷം, മുൻപ് ഫെയ്സ്ബുക്ക് ആയിരുന്ന മെറ്റ ചൈനയിലേക്ക് മടങ്ങുകയാണെന്നത്രെ.
ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനോ മെസേജിംഗ് ആപ്പിനോ വേണ്ടിയല്ല ദീർഘനാളിനുശേഷമുള്ള തിരിച്ചുവരവ്. ഇത്തവണയും അഡിക്ഷനുള്ള ഒരു പ്ലാറ്റ്ഫോമാണ്. ഗെയിമിങ് മേഖല. വിആർ ഹെഡ്‌സെറ്റുകളുടെ വിൽപനയാണ് ലക്ഷ്യം.ഗെയിമിങ് ചൈനയിൽ ഒരു വലിയ വിപണിയാണ്, ഗെയിമിങിൽ ഇനി വിആർ വിപ്ലവമായിരിക്കും വരികയെന്നാണ് ടെക് ഭീമൻമാരുടെ കണക്കുകൂട്ടൽ.
ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്കും വിലപേശലുകൾക്കുംശേഷം 2024 മുതൽ ചൈനയിൽ വിആർ ഗ്ലാസുകൾ വിൽക്കാൻ ടെൻസന്റും മെറ്റയുമായി ഒരു കരാർ ഉണ്ടാക്കിയിരിക്കുകയാണ്. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ചൈനയിൽ നിരോധിച്ചിരിക്കുന്നതിനാൽ, ചൈനീസ് വിപണിയിലേക്കുള്ള മെറ്റയുടെ തിരിച്ചുവരവ് അപ്രതീക്ഷിത വാർത്തായായി മാറി. ചൈനയിൽ VR-മായി ബന്ധപ്പെട്ട സർക്കാർ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ മെറ്റയുടെ ഉപകരണങ്ങൾ വിൽക്കാൻ ടെൻസെന്റിന് സർക്കാർ അനുമതി ആവശ്യമാണോ എന്നത് ഇതുവരെ വ്യക്തമല്ല.
2023ൽ പുറത്തിറക്കിയ ക്വസ്റ്റ് 3, 2022ൽ പുറത്തിറക്കിയ ക്വസ്റ്റ് പ്രോ, 2020-ൽ വിൽപ്പനയ്‌ക്കെത്തിയ ക്വസ്റ്റ് 2 എന്നിവ മെറ്റയുടെ നിലവിലെ വിആർ ഹെഡ്‌സെറ്റുകളിൽ ഉൾപ്പെടുന്നു. മെറ്റയിൽ നിന്നുള്ള വരാനിരിക്കുന്ന വിആർ ഉപകരണത്തിന് മെറ്റാ ക്വസ്റ്റ് 3 ലൈറ്റ് എന്ന് പേരിട്ടേക്കാം.
നിരോധനത്തിനു പിന്നിൽ
2009ലാണ് ചൈനയിലെ പടിഞ്ഞാറൻ പ്രവിശ്യയായ സിന്‍ജിയാങിൽ നടന്ന കലാപത്തെത്തുടർന്നു രാജ്യത്തു ഫെയ്സ്ബുക് , ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവ നിരോധിച്ചത്. സമൂഹമാധ്യമങ്ങളാണ് കലാപത്തിനു പ്രേരിപ്പിച്ചതെന്നായിരുന്നു അധികൃതരുടെ വാദം.