ADVERTISEMENT

അമേരിക്കയുടെ നാഷണല്‍ ​എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനും (നാസ), ഇസ്രോയും സംയുക്തമായി 2024ല്‍ ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കാനൊരുങ്ങുന്ന ദൗത്യമാണ് നാസാ-ഇസ്രോ സിന്തെറ്റിക് അപര്‍ചര്‍ റഡാര്‍ (നിസാര്‍). ഇതിനുള്ള പ്രാഥമിക പരീക്ഷണങ്ങള്‍ ആരംഭിച്ചു. നാസ ജെപിഎല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 20 ദിവസം നീണ്ടുനിന്ന ആന്റിനാ ടെസ്റ്റ് ഇപ്പോള്‍ നടത്തിക്കഴിഞ്ഞു. ഇതു  വിജയമായിരുന്നു എന്ന് നാസാ നിസാര്‍ പ്രൊജക്ട് മാനേജര്‍ ഫില്‍ ബരേല അറിയിച്ചു.

എന്താണീ നിസാര്‍ ദൗത്യം?

നിസാര്‍ ദൗത്യത്തിന്റെ വിക്ഷേപണം 2024 ആദ്യ പാദത്തില്‍ നടത്താന്‍ പര്യാപ്തമാണെന്നും ബരേല വിലയിരുത്തി. ചില പരീക്ഷണങ്ങള്‍കൂടെ നടത്തിയ ശേഷമായിരിക്കും വിക്ഷേപണം. നിസാര്‍ ദൗത്യം മൂന്നു വര്‍ഷത്തേക്കായിരിക്കും നടത്തുക. ഈ കാലയളവില്‍ ഭൂമിയുടെ ചതുപ്പുമേഖലകളെക്കുറിച്ചും ഐസ് മൂടിയ പ്രദേശങ്ങളെക്കുറിച്ചും ഓരോ 12 ദിവസത്തിലും പഠനം നടത്തും. വിക്ഷേപണത്തിനുശേഷം, സാറ്റലൈറ്റ് കമ്മീഷൻ ചെയ്യാന്‍ 90 ദിവസം എടുക്കും. അതിനു ശേഷമായിരിക്കും പഠനങ്ങള്‍ ആരംഭിക്കുക.  

ടെസ്റ്റുകള്‍ ബാക്കി; വൈബ്രേഷന്‍ ടെസ്റ്റ് മുഖ്യം

nisar-1 - 1
Credit: ISRO

വിക്ഷേപണത്തിനു മുന്നോടിയായി നടത്തേണ്ട ശേഷിക്കുന്ന ടെസ്റ്റുകള്‍ വരുന്ന ആഴ്ചകളില്‍ പൂര്‍ത്തിയാക്കുമെന്നും ബെയ്‌ലി പറഞ്ഞു. അതില്‍ വൈബ്രേഷന്‍ ടെസ്റ്റിങ് തുടങ്ങിക്കഴിഞ്ഞു. പക്ഷെ, അതുകൂടാതെ നിരവധി പ്രകടന പരീക്ഷണങ്ങളും നടത്തേണ്ടതായിട്ടുണ്ട്.

റഡാറുകളുടെയും മറ്റ് സ്‌പേസ് ക്രാഫ്റ്റ് ഇലക്ട്രോണിക്‌സിന്റെയും പെര്‍ഫോര്‍മന്‍സ് ടെസ്റ്റുകള്‍ നടത്താന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാനമായ ഇന്‍വൈറണ്‍മെന്റസ് ടെസ്റ്റുകളില്‍ ഒന്നുമാത്രമേ ഇനി ശേഷിച്ചിട്ടുള്ളു. അത് വൈബ്രേഷന്‍ ടെസ്റ്റ് ആണെന്നു ബെയ്‌ലി അറിയിച്ചു.

വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍ നിന്ന്

നിസാര്‍ ദൗത്യം കുതിച്ചുയരുക ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരിക്കും. ഇതിന് ഉപയോഗിക്കുന്നതാകട്ടെ ഇസ്രോയുടെ ജിയോസിങ്ക്രൊണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാര്‍ക് 2 ആയിരിക്കും. നിസാര്‍ ദൗത്യത്തിന്റെ വിക്ഷേപണത്തിനുള്ള എല്ലാ പിന്തുണയും നല്‍കുന്നത് ഇസ്രോ ആണ്.

നിസാര്‍ ദൗത്യത്തിന് മഹത്തായ ഉദ്ദേശലക്ഷ്യങ്ങള്‍

nisar-2 - 1

രണ്ടു ബഹിരാകാശ വന്‍ശക്തികള്‍ സംയുക്തമായി വിക്ഷേപിക്കുന്ന നിസാര്‍ ദൗത്യം ഒരു ലോ എര്‍ത് ഓര്‍ബിറ്റ് (ലിയോ) നിരീക്ഷണാലയമാണ്. ഭൂമിയുടെ കാര്‍ബണ്‍ ചക്രത്തെക്കുറിച്ചും, അനുദിനം വഷളായി വരുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പഠിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.

രണ്ടു റഡാര്‍ ഫ്രീക്വന്‍സികള്‍ ഉപയോഗിച്ച് നിസാര്‍ ദൗത്യം, ഭൂകമ്പങ്ങള്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ അളക്കുകയും അവയെക്കുറിച്ച് പഠനം നടത്തുകയും ചെയ്യും. പ്രകൃതി ദുരന്തങ്ങള്‍ ഭൂമിയുടെ പ്രതലത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചും പഠിക്കും.

മനുഷ്യരാശിയുടെ നിലനില്‍പ്പിനു പോലും ഭീഷണിയായി തീരുകയാണ് എന്ന് ശാസ്ത്രലോകം ഭയപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ എറെ ഗുണകരമായേക്കും. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന പ്രദേശങ്ങള്‍ക്ക് സഹായം എത്തിക്കല്‍, ഇവ ഭൗമോപരിതലത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ആഘാതത്തിന്റെ തോത് അളക്കല്‍ തുടങ്ങിയവയെല്ലാം നിസാര്‍ ദൗത്യത്തിന്റെ പരിധിയിലുണ്ട് എന്നതിനാലാണ് ഇതിനെ സവിശേഷമായ നീക്കങ്ങളിലൊന്നായി കാണുന്നത്.

ഇസ്രോയ്ക്കിത് ഒരു പുതിയ തുടക്കം

ഇനി ഭൂമി നേരിട്ടേക്കാവുന്ന പ്രതിസന്ധികള്‍ ഒരു രാജ്യത്തിനും തനിച്ച് എതിരിടാനായേക്കില്ല എന്ന സന്ദേശം കൂടെ ഉള്‍ക്കൊള്ളുന്നതാണ് നിസാര്‍ ദൗത്യം. ഇത്തരം നീക്കങ്ങള്‍ക്ക് ഇസ്രോ ഇതാദ്യമായാണു മറ്റൊരു രാജ്യാന്തര ഏജന്‍സിയുമായി സഹകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് അവസാനത്തേതും ആകില്ല.

ചന്ദ്രയാന്‍-4 അല്ലെങ്കില്‍ ലൂനാര്‍ പോളാര്‍ എക്‌സ്‌പ്ലൊറേഷന്‍ മിഷന്‍ (ലൂപെക്‌സ്) ഇസ്രോ നടത്തുന്നത് ജപ്പാന്‍ എയ്‌റോസ്‌പെയ്‌സ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയുമായി (ജാക്‌സ) സഹകരിച്ചാണ്. നിസാര്‍ ദൗത്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നാസ ഒരുക്കിയരിക്കുന്ന മിനി വെബ്‌സൈറ്റില്‍ ലഭ്യമാണ്

വണ്‍പ്ലസ് 11ന് ആന്‍ഡ്രോയിഡ് 14 ബീറ്റാ നല്‍കി തുടങ്ങി

ഇന്ത്യയിലെ വണ്‍പ്ലസ് 11 ഫോണ്‍ ഉടമകള്‍ക്ക് ആന്‍ഡ്രോയിഡ് 14 ബീറ്റാ അപ്‌ഡേറ്റ് നല്‍കി തുടങ്ങി. ഓക്‌സിജന്‍ഓഎസ് 14 ആയി പരിവര്‍ത്തനം ചെയ്താണ് ഇത് നല്‍കുന്നത്. ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ക്കുശേഷം ആദ്യമായി ഇത് ലഭിച്ചു തുടങ്ങിയ മോഡലുകളിലൊന്നാണ് ഇത്. ഒട്ടനവധി ഫീച്ചറുകള്‍ ലഭിച്ചേക്കുമെങ്കിലും ബീറ്റാ അപ്‌ഡേറ്റ് സാങ്കേതികവിദ്യാ പരിജ്ഞാനമില്ലാത്തവര്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് ഉചിതമായിരിക്കണമെന്നില്ല. ആഴ്ചകള്‍ക്കുള്ളില്‍ സ്റ്റേബിള്‍ വേര്‍ഷന്‍ എല്ലാ വണ്‍പ്ലസ് 11 ഉപയോക്താക്കള്‍ക്കും ലഭിക്കും.

ആപ്പിള്‍ മ്യൂസിക് ക്ലാസിക്കല്‍ ആപ് ഇപ്പോള്‍ ഐപാഡിലും

Image Credit: husayno/Istock
Image Credit: husayno/Istock

ഐഫോണിനു മാത്രമായി ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ആപ്പിള്‍ അവതരിപ്പിച്ച 'ആപ്പിള്‍ മ്യൂസിക് ക്ലാസിക്കല്‍' ആപ്പ് ഐപാഡ് ഉടമകള്‍ക്കും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് 9ടു5മാക്. ഗൂഗിള്‍പ്ലേ സ്റ്റോറില്‍ ലഭ്യമായ ആപ്പിള്‍ ആപ്പുമാണിത്.

ഒപ്പോ ഫോണ്‍ ലോക്‌സ്‌ക്രീനില്‍ സ്‌നാപ്ചാറ്റ് ഷോട് കട്ട്

സ്‌നാപ്ചാറ്റ് പ്രേമികള്‍ക്കു സന്തോഷ വാര്‍ത്ത. കളര്‍ഓഎസ്14ല്‍ പ്രവര്‍ത്തിക്കുന്ന ഒപ്പോ ഫോണുകളുടെ ലോക്ക് സ്‌ക്രീനില്‍ തന്നെ സ്‌നാപ്ചാറ്റ് ലഭിക്കും. കളര്‍ഓഎസ്14 ഇപ്പോള്‍ നല്‍കി തുടങ്ങി.

ക്രോം ബ്രൗസര്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ്

Image Credit: Google Chrome
Image Credit: Google Chrome

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റു ചെയ്യണം എന്നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) ഇറക്കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്. തങ്ങള്‍ കണ്ടെത്തിയ പ്രശ്‌നത്തെ സേര്‍ട്ട് വിളിക്കുന്നത് സിഐവിഎന്‍-2023-0343 എന്നാണ്. ക്രോമിന്റെ 119.0.6045.123 വേര്‍ഷനു മുമ്പുള്ള ബ്രൗസറുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്.

ചില യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് എഐ ചാറ്റ്‌ബോട്ട്

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് എഐ ചാറ്റ്‌ബോട്ടിന്റെ സേവനം നല്‍കി തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ ചിലര്‍ക്കുമാത്രമാണ് ഇത് ലഭിച്ചു തുടങ്ങിയിരിക്കുന്നത്.

മ്യൂസിക് ക്രിയേഷന് എഐ മോഡലുമായി ഗൂഗിള്‍

ഗൂഗിളിന്റെ നിര്‍മിത ബുദ്ധി വിഭാഗമായി ഡീപ്‌മൈന്‍ഡിന്റെ പുതിയ സംഭാവനകളിലൊന്നാണ് ലൈറാ (Lyria) എഐ മ്യൂസിക് ജനറേഷന്‍ മോഡല്‍. സംഗീതം പ്രൊഡ്യൂസ് ചെയ്യുന്നവര്‍ക്കായിരിക്കും ഇത് ഉപകാരപ്പെടുക. ജാസ്, ഹെവി മെറ്റല്‍, ടെക്‌നോ, ഓപറാ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സംഗീതം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പ്രയോജനപ്പെട്ടേക്കും.

Representative Image. Photo Credit : NanoStockk / iStockPhoto.com
Representative Image. Photo Credit : NanoStockk / iStockPhoto.com

12,999 രൂപയ്ക്ക് 5.1 സൗണ്ട്ബാറുമായി ഗോവോ

തങ്ങളുടെ 5.1 സൗണ്ട്ബാറായ ഗോ സറൗണ്ട് 970 ആമസോണ്‍ വഴി 12,999 രൂപയ്ക്ക് ഇപ്പോള്‍ വില്‍ക്കുകയാണ് ഗോവോ (Govo)കമ്പനി. ഡൈനാമിക് എല്‍ഇഡി ലൈറ്റുകള്‍, അഞ്ച് ഇക്വലൈസര്‍ മോഡുകള്‍, മൂവി, ന്യൂസ്, മ്യൂസിക്, 3ഡി തുടങ്ങിയ മോഡുകള്‍ ഇതിനുണ്ട്. മിക്ക കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com