ADVERTISEMENT

പുറത്താക്കപ്പെട്ട ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന് ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റിലെ പദവികള്‍ ഓഫര്‍ ചെയ്തത്രെ. അതേസമയം, ഇത് അദ്ദേഹം സ്വീകരിച്ചെന്നും ഇല്ലെന്നുമുള്ള വ്യക്തമല്ലാത്ത വാര്‍ത്തകളാണ് ഇപ്പോഴും പുറത്തുവരുന്നത്. നിര്‍മിത ബുദ്ധിയുടെ മുഖമായി ലോകമെങ്ങും വിലസിയിരുന്ന  മേധാവി ആള്‍ട്ട്മാനെ അപ്രതീക്ഷിതമായ പുറത്താക്കിയാണ് ഓപ്പണ്‍എഐ കമ്പനിയുടെ ബോര്‍ഡ്  ടെക് ലോകത്തെ ഞെട്ടിച്ചത്.

പുറത്താകലിനുശേഷം അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്തെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഏവരും. അതേസമയം ഓപ്പണ്‍എഐയിലെ ചില പ്രമുഖര്‍ക്കു പുറമെ നിരവധി ജോലിക്കാരും ആള്‍ട്ട്മാന് പിന്തുണ പ്രഖ്യാപിച്ച് പുറത്തുപോകുന്നു എന്നു പറഞ്ഞതായൊക്കെ റിപ്പോർട്ടുകളും എത്തി.

File Photo: REUTERS/Carlos Barria
File Photo: REUTERS/Carlos Barria

തിരികെ എത്തുമോ?

സാം ആൾട്ട്മാൻ ഓപ്പൺഎഐയിലേക്ക് അതിന്റെ ചീഫ് എക്സിക്യൂട്ടീവായി മടങ്ങിവരുന്നുവെന്ന തലക്കെട്ടുകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു,  ഡയറക്ടർ ബോർഡിനെ പരിഷ്കരിച്ച ശേഷമായിരിക്കും ആൾട്ട്മാന്‍ തിരികെ എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

മൈക്രോസോഫ്റ്റില്‍ ചേര്‍ന്നാല്‍ പോലും  ഓപ്പണ്‍എഐയേയും ഭരിച്ചേക്കും

ആള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നാല്‍ പോലും ഓപ്പണ്‍എഐയേയും ഭരിച്ചേക്കും. കമ്പനിയുടെ ഓഹരിയുടെ 49 ശതമാനവും കൈവശം വച്ചിരിക്കുന്ന മൈക്രോസോഫ്റ്റും അത് ഏറ്റെടുക്കുമോ എന്ന സംശയവും ഉന്നയിക്കപ്പെടുന്നു. അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും മൈക്രോസോഫ്റ്റിന് ഓപ്പണ്‍എഐയുടെ മേലുള്ള നിയന്ത്രണം കളയാനാവില്ല എന്നതിനാല്‍ മൈക്രോസോഫ്റ്റിന്റെയും ആള്‍ട്ട്മാന്റെയും നിര്‍ദ്ദേശങ്ങള്‍ ഓപ്പണ്‍എഐക്ക് സ്വീകരിക്കേണ്ടി വന്നേക്കും. 

ഓപ്പണ്‍എഐയുടെ പ്രസിഡന്റ് ഗ്രെഗ്ബ്രോക്മാനെയും കമ്പനി പുറത്താക്കിയിരുന്നു. അദ്ദേഹവും മൈക്രോസോഫ്റ്റില്‍ ചേരുന്നതായാണ് വാര്‍ത്ത. ഓപ്പണ്‍എഐയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല നേരിട്ടിറങ്ങിയിരുന്നു എങ്കിലും അത് എങ്ങുമെത്തിയില്ല. ആ സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റ്ആള്‍ട്ട്മാനെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചത്.

വില്ലന്‍ സുറ്റ്‌സ്‌കെവറോ?

ഓപ്പണ്‍എഐയുടെ ബോര്‍ഡില്‍ രണ്ടിനെതിരെ നാലു പേര്‍ ആള്‍ട്ട്മാനെ പുറത്താക്കാനായി വോട്ടു ചെയ്തതോടെയാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കമ്പനിയുടെ സഹസ്ഥാപകരിലൊരാളായ ഇല്യ സുറ്റ്‌സ്‌കെവറാണ്ആള്‍ട്ട്മാനെതിരെ ശക്തമായ നിലപാടു സ്വീകരിച്ചവരില്‍ ഒരാള്‍ എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സുറ്റ്‌സ്‌കെവറാണ് ഓപ്പണ്‍എഐയുടെ നേട്ടങ്ങള്‍ക്കു പിന്നില്‍. ആള്‍ട്ട്മാനാകട്ടെ, കൂടുതല്‍ ഒരു മാര്‍ക്കറ്റിങ് ആള്‍ എന്ന നിലയിലാണ് കമ്പനിക്കുള്ളില്‍ അറിയപ്പെട്ടിരുന്നത്. 

പുതിയ പ്രൊഡക്ടുകളും മറ്റും ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിനെയും മറ്റും പോലെ പരിചയപ്പെടുത്തുന്നതും, ഇന്റര്‍വ്യുകള്‍ നല്‍കി ലോകമെമ്പാടും സഞ്ചരിക്കുന്നതും ആള്‍ട്ട്മാന്‍ ആയിരുന്നതിനാല്‍ അധികമാര്‍ക്കും സുറ്റ്‌സ്‌കെവറെ അറിയില്ലായിരുന്നു. എന്തായാലും ഇപ്പോള്‍ സുറ്റ്‌സ്‌കെവര്‍ പറഞ്ഞിരിക്കുന്നത് ആള്‍ട്ടമാനെ പുറത്താക്കിയ മീറ്റിങില്‍ പങ്കെടുക്കേണ്ടി വന്നതില്‍ താന്‍ പശ്ചാത്തപിക്കുന്നു എന്നാണ്. കമ്പനിയുടെ മുറിവുകള്‍ ഉണക്കാന്‍ വേണ്ടതു ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടം ഓപ്പണ്‍എഐക്ക്

എഐയുടെ പുരോഗതിയില്‍ അനിഷേധ്യമായി ഒന്നാം സ്ഥാനത്തു തുടര്‍ന്ന ഓപ്പണ്‍എഐ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. നിക്ഷേപകര്‍ക്കും എഐ പ്രേമികള്‍ക്കും. ആള്‍ട്ട്മാനു ശേഷം മിര മുരാറ്റിയെ താത്കാലിക മേധാവിയാക്കുകയായിരുന്നു കമ്പനി. അതിനു ശേഷം അവരെയും പുറത്താക്കി സ്ട്രീമിങ് വെബ്‌സൈറ്റായ ട്വിച്ചിന്റെ ചീഫ് എക്‌സിക്യൂട്ടിവ് എമ്മെറ്റ് ഷിയറെ മേധാവിയാക്കി. 

Image Credit: X
Image Credit: X

നാലു ദിവസത്തിനുള്ളില്‍ മൂന്നു മേധാവികള്‍ വന്ന കമ്പനിയെന്ന കുപ്രസിദ്ധിയും ഇങ്ങനെ ഓപ്പണ്‍എഐ സ്വന്തമാക്കുകയായിരുന്നു. പുതിയ സംഭവവികാസങ്ങള്‍ക്കു ശേഷം ഇനി നിക്ഷേകര്‍ എന്തും സംഭവിക്കാവുന്ന ഒരു കമ്പനിയില്‍ മുതല്‍മുടക്കാന്‍ മുതിരുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടിവരും. അതിനിടയില്‍, ഒരുമിച്ചു പ്രവര്‍ത്തിക്കാം എന്ന ഓഫറുമായി ഓപ്പണ്‍എഐ തങ്ങളുടെ എതിരാളിയായ എഐ കമ്പനി ആന്ത്രോപികിനെ (Anthropic) സമീപിച്ചതും വാര്‍ത്തയായിരുന്നു.

ട്രായിയുടെ ഡിഎന്‍ഡി ആപ്പ് ആന്‍ഡ്രോയിഡിലും, ഐഓഎസിലും

അനാവശ്യ കോളുകളും എസ്എംഎസുകളും മറ്റും ലഭിക്കേണ്ടെന്നുള്ളവര്‍ക്ക് ഇന്‍സ്‌റ്റോള്‍ ചെയ്യാനുള്ള ഡു നോട്ട് ഡിസ്‌റ്റേര്‍ബ് അല്ലെങ്കില്‍ ഡിഎന്‍ഡി ആക്ടിവേറ്റു ചെയ്യാന്‍ സഹായിക്കുന്ന ആപ് പരിഷ്‌കരിക്കുകയാണ് ട്രായി. ഇത് ഇനി ആന്‍ഡ്രോയിഡിലും ഐഓഎസിലും സുഗമമായി പ്രവര്‍ത്തിച്ചേക്കുമെന്നാണ് ട്രായി സെക്രട്ടറി വി. രഘുനന്ദന്‍ പറഞ്ഞത്.

Darkweb, darknet and hacking concept. Hacker with cellphone. Man using dark web with smartphone. Mobile phone fraud, online scam and cyber security threat. Scammer using stolen cell. AR data code.
Darkweb, darknet and hacking concept. Hacker with cellphone. Man using dark web with smartphone. Mobile phone fraud, online scam and cyber security threat. Scammer using stolen cell. AR data code.

വയര്‍ലെസ് ഇയര്‍ഫോണുകള്‍ക്ക് പുതിയ ടെക്‌നോളജി

നിങ്ങളുടെ കൈയ്യില്‍ ഏറ്റവും നൂതനമായ വയര്‍ലെസ് ഇയര്‍ബഡ്‌സാണോ ഉള്ളത്? ആണെങ്കില്‍ പോലും അതിനുള്ളില്‍ ഏകദേശം 1 നൂറ്റാണ്ടു പഴക്കമുള്ള കോയില്‍, കാന്തം, മെംബ്രെയ്ന്‍ സ്പീക്കര്‍ സാങ്കേതികവിദ്യയാണ്ഉള്ളത്. ഇതിനൊരു സമൂല മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് എക്‌സ്‌മെംസ് ( xMEMS) ലാബ്‌സ് എന്ന് വയേഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. സൈപ്രസ് എന്നാണ് പുതിയ ചിപ്പിന്റെ പേര്. ലോകത്തെ ആദ്യത്തെ നോയിസ് ക്യാന്‍സലേഷനുള്ള 140ഡിബി ഫുള്‍-റേഞ്ച് സോളിഡ്-സ്‌റ്റേറ്റ് മെംസ്‌സ്പീക്കര്‍ആയിരിക്കും തങ്ങളുടേത് എന്നാണ് കമ്പനി പറയുന്നത്.

എക്‌സ്‌മെംസ് അല്ലെങ്കില്‍ മൈക്രോ ഇലക്ട്രോമെക്കാനിക്കല്‍ സിസ്റ്റംസ് വപ്ലവകരമായ ഒരു അള്‍ട്രാസോണിക് സോളിഡ് സ്‌റ്റേറ്റ് സ്പീക്കര്‍ ടെക്‌നോളജിയായിരിക്കും അവതരിപ്പിക്കുകയത്രെ. അതോടെ ആപ്പിള്‍ ഇതുവരെ വിറ്റ എയര്‍പോഡ്‌സ് ശ്രേണികള്‍ പോലും പഴഞ്ചന്‍ സാങ്കേതികവിദ്യ പേറുന്നവയാകും. ആപ്പിളും സൈപ്രസ് ഉപയോഗിച്ചു തുടങ്ങിയേക്കുമെന്നാണ് പ്രതീക്ഷ. എക്‌സ്‌മെംസിന് 25 പേറ്റന്റുകളാണ് ഉള്ളത്.

ചില പിക്‌സല്‍ 8 പ്രോ യൂസര്‍മാര്‍ക്ക് ഡിസ്‌പ്ലേ പ്രശ്‌നം

google-pixel-8-new-1 - 1

ഈ വര്‍ഷം വളരെയധികം അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ ഫോണായ ഗൂഗിള്‍ പിക്‌സല്‍ 8 പ്രോ മോഡലുകള്‍ വാങ്ങിയ ചിലര്‍ക്ക് ഡിസ്‌പ്ലേ പ്രശ്‌നമുണ്ടെന്ന് 9ടു5ഗൂഗിള്‍. പൊള്ളിക്കുമിളച്ചതു പോലെ വൃത്താകൃതിയില്‍ ഒന്നിലേറെ ഇടങ്ങളില്‍ സ്‌ക്രീനില്‍ പ്രശ്‌നം കാണുന്നു. ഫോണിലെ 6.7-ഇഞ്ച് അമോലെഡ് സ്‌ക്രീനും അതിനു മുകളിലുള്ള ഗൊറിലാ ഗ്ലാസ് വിക്ടസ് 2ഉം തമ്മിലുള്ള പ്രശ്‌നമായിരിക്കാമിതെന്ന് കരുതപ്പെടുന്നു. ഇത് ഫോണിന്റെ ടച്ചിനെയും ചിത്രം കാണുന്നതിനെയും ബാധിച്ചിട്ടില്ലെന്നും പറയുന്നു.

ഫ്രീ 'എഐ റെഡി' കോഴ്‌സുകളുമായി ആമസോണ്‍

ആഗോളതലത്തില്‍ 2025 ആകുമ്പോഴേക്ക് 20 ലക്ഷത്തോളം പേര്‍ക്ക് നിര്‍മിത ബുദ്ധിയില്‍ പരിശീലനം നല്‍കുക എന്ന ഉദ്ദേശവുമായി 'എഐ റെഡി' എന്ന പേരുമായി കോഴ്‌സുകള്‍ തുടങ്ങിയിരിക്കുകയാണ് ഓണ്‍ലൈന്‍ഭീമന്‍ ആമസോണ്‍. കോഴ്‌സുകള്‍ ഫ്രീയാണ്. വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇവ പ്രയോജനപ്രദമായരിക്കും. അടുത്ത തലമുറ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കോഴ്‌സുകളില്‍ ചേരാം. ആമസോണ്‍ വെബ് സര്‍വിസസ് നടത്തുന്നത് 8 കോഴ്‌സുകളാണ്.

ഗ്യാലക്‌സി വാച് 6ന് സുരക്ഷാ അപ്‌ഡേറ്റ്

സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് ശ്രേണിയായ വാച്ച് 6ന് ആദ്യത്തെ സുരക്ഷാ അപ്‌ഡേറ്റ് നല്‍കി തുടങ്ങിയിരിക്കുകയാണ് കമ്പനി. ഇത് ഇന്ത്യയിലും ലഭ്യമാണ്. സാംമൊബൈലിന്റെ റിപ്പോര്‍ട്ട്പ്രകാരം അപ്‌ഡേറ്റ് 700എംബി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com