ADVERTISEMENT

'തൊഴിലില്ലായ്മ, രോഗങ്ങള്‍, ദാരിദ്ര്യം തുടങ്ങി ലോകത്ത് ഇന്നു നാം നേരിടുന്ന പ്രശ്‌നങ്ങളെല്ലാം നിര്‍മിത ബുദ്ധിക്ക് (എഐ) പരിഹരിക്കാനാകും. അതേസമയം പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുംചെയ്യും. ഉദാഹരണത്തിന് വ്യാജ വാര്‍ത്ത. അത് ഇപ്പോഴത്തേതില്‍ നിന്ന് ഒരു ദശലക്ഷം മടങ്ങ് വർദ്ധിക്കും. സൈബർ ആക്രമണങ്ങള്‍ രൂക്ഷമാകും. സ്വയം പ്രവര്‍ത്തനശേഷിയുളള എഐ യന്ത്രങ്ങള്‍ ഉണ്ടാകും.

ജനങ്ങള്‍ക്ക് ഇളക്കി മാറ്റാന്‍ സാധിക്കാത്തത്ര ഉറപ്പുള്ള സ്വേച്ഛാധിപത്യഭരണസംവിധാനങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവും എഐക്ക് ഉണ്ട് ,ഇതാണ് പ്രശസ്ത എഐ ഗവേഷകനായ ഇല്ല്യാ സറ്റ്‌സ്‌കെവെര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞത്. എഐയെക്കുറിച്ചുളള ഏറ്റവും സമഗ്ര കാഴ്ചപ്പാടുകളാണ് ഓപ്പണ്‍എഐ കമ്പനിയുടെ ചീഫ് സയന്റിസ്റ്റായ അദ്ദേഹത്തിനുള്ളത് എന്ന് വിലയിരുത്തപ്പെടുന്നു.

ai - 1

ഓപ്പണ്‍എഐ-സറ്റ്‌സ്‌കെവെര്‍-ആള്‍ട്ട്മാന്‍

അടുത്തിടെ മനുഷ്യരാശിയെ ഏറ്റവുമധികം ആവേശംകൊള്ളിക്കുകയും ഭീതിയിലാഴ്ത്തുകയും ചെയ്ത ഒരു സംഭവവികാസമാണ് എഐ കടന്നുവരവ്. ഈ സാങ്കേതികവിദ്യയുടെ വികസിപ്പിക്കലില്‍, ലോകത്ത് ഏറ്റവും വിജയകരമായി മുന്നേറുന്നു എന്നു കരുതപ്പെടുന്ന കമ്പനിയാണ് ഓപ്പണ്‍എഐ.

മേധാവി സാം ആള്‍ട്ട്മാനെ പുറത്താക്കിയതോടെയാണ് ലോകം അവിടെ നടക്കുന്ന അന്തര്‍നാടകങ്ങളെക്കുറിച്ച് ശ്രദ്ധിച്ചു തുടങ്ങിയത്. എഐയുടെയും ഓപ്പണ്‍എഐയുടെയും മുഖമായിരുന്ന ആള്‍ട്ട്മാനെ കറിവേപ്പില പോലെ പുറത്തേക്കിട്ടസമയത്ത് പൊതുജന ശ്രദ്ധ ആകര്‍ഷിച്ച ഒരു പേരാണ് ഇല്യ സറ്റ്‌സ്‌കെവെര്‍.

 സറ്റ്‌സ്‌കെവെര്‍ എന്ന പേര് ശ്രദ്ധിച്ചു തുടങ്ങിയത് അപ്പോൾ മുതല്‍ ആയിരിക്കാം. പക്ഷെ, ടെക്‌നോളജി ലോകം ഒരു പതിറ്റാണ്ടോളമായി അദ്ദേഹത്തെ ബഹുമാനത്തോടെയാണ് കണ്ടുവന്നത്. ഓപ്പണ്‍എഐയുടെപ്രധാന പ്രൊഡക്ടായ ചാറ്റ്ജിപിറ്റി പുറത്തിറക്കുന്നതിനു മുമ്പ് എംഐടി ടെക്‌നോളജി റിവ്യുവിന് സറ്റ്‌സ്‌കെവെര്‍ ഒരു ഇന്റര്‍വ്യു നല്‍കിയിരുന്നു. അതില്‍ അദ്ദേഹം തുറന്നുപറഞ്ഞത് ചാറ്റ്ജിപിറ്റിക്ക് വേണ്ട ശേഷി ആര്‍ജ്ജിക്കാന്‍ സാധിച്ചിട്ടില്ല എന്നായിരുന്നു. പുറത്താക്കിയ ആള്‍ട്ട്മാന്‍ ഓപ്പണ്‍എഐയില്‍ തിരിച്ചെത്തിയെങ്കിലും ഇനി സറ്റ്‌സ്‌കെവെറിലുള്ള ശ്രദ്ധ കുറഞ്ഞേക്കില്ല.

ബാർസിലോനയിൽ നടന്ന മൊബൈല്‍ വേൾഡ് കോൺഗ്രസിൽനിന്ന് (Photo by Josep LAGO / AFP)
ബാർസിലോനയിൽ നടന്ന മൊബൈല്‍ വേൾഡ് കോൺഗ്രസിൽനിന്ന് (Photo by Josep LAGO / AFP)

ആരാണീ സറ്റ്‌സ്‌കെവെര്‍?

മെഷീന്‍ ലേണിങ് മേഖല സ്‌പെഷ്യലൈസ് പ്രശസ്തനായ കംപ്യൂട്ടര്‍ സയന്റിസ്റ്റാണ്.   1985ല്‍ റഷ്യയിലെ നിഷ്‌നിയിലാണ് ജനിച്ചത്. അഞ്ചാമത്തെ വയസില്‍കുടുംബത്തോടൊപ്പം ഇസ്രായേലില്‍ എത്തി. വിദ്യാഭ്യാസ പടവുകള്‍ ഒന്നൊന്നായി ചിവിട്ടിക്കയറിയ അദ്ദേഹം ഇസ്രായേലിലെ ഓപ്പണ്‍ യുണിവേഴ്‌സിറ്റിയില്‍ 2000 - 2002 കാലഘട്ടത്തില്‍ പഠിച്ചു. തുടര്‍ന്ന് ക്യാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടൊറോന്റോയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. പിന്നീട് 2005ല്‍ അവിടെ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും, 2007ല്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. സറ്റ്‌സ്‌കെവെര്‍ കംപ്യൂട്ടര്‍ സയന്‍സില്‍ തന്നെ ഡോക്ടര്‍ ഓഫ് ഫിലോസഫി ഡിഗ്രി നേടിയത് 2013ല്‍ ആണ്.

എജിഐക്കായി യത്‌നം

മനുഷ്യരാശിക്കു മുഴുവന്‍ ഗുണപ്രദമാകണം എന്ന ഉദ്ദേശത്തോടു കൂടി ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) വികസിപ്പിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമാണ്  സറ്റ്‌സ്‌കെവെര്‍. ഡീപ് ലേണിങ് മേഖലയില്‍ അഗാധമായ സംഭാവന നല്‍കിയിട്ടുളള ആളാണ് അദ്ദേഹം. കണ്‍വളൂഷണല്‍ (convolutional) ന്യൂറല്‍ നെറ്റ്‌വര്‍ക് ആയ അലക്‌സ്‌നെറ്റിന്റെ (AlexNet) സഹസ്ഥാപകരില്‍ ഒരാളുമാണ് അദ്ദേഹം.

ഒരു പക്ഷെ സറ്റ്‌സ്‌കെവെറെ ആദ്യമായി ശാസ്ത്ര ലോകം ഗൗരവത്തോടെ ശ്രദ്ധിച്ചു തുടങ്ങുന്നത് അദ്ദേഹം ഗവേഷണം നടത്തുന്ന ഡീപ് ലേണിങ് അല്‍ഗോറിതങ്ങളെക്കുറിച്ചുള്ള ഒരു പ്രബന്ധം 2012ല്‍ പ്രസിദ്ധീകരിക്കുമ്പോഴാണ്. അലക്‌സ് ക്രിസെവ്‌സ്‌കി, ജെഫ്രി ഹിന്റണ്‍ എന്നവരുമായി സഹകരിച്ചായിരുന്നു പ്രബന്ധ രചന. ഇവര്‍ മൂന്നു പേരുമാണ് അലക്‌സ്‌നെറ്റിന്റെ സ്ഥാപകരും. ഇവരില്‍ ഹിന്റന് 'എഐയുടെ തലതൊട്ടപ്പന്‍' എന്ന വിവരണവും ചിലര്‍ ചാര്‍ത്തി നല്‍കുന്നുണ്ട്. മുമ്പൊരിക്കലും സാധ്യമല്ലാത്ത രീതിയില്‍ പാറ്റേണ്‍ റെക്കഗ്നിഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷി ആര്‍ജ്ജിച്ച ഒന്നായിരുന്നു അലക്‌സ്‌നെറ്റ്.

(Photo by Kirill KUDRYAVTSEV / AFP)
(Photo by Kirill KUDRYAVTSEV / AFP)

ഗൂഗിളിനെയും അതിശയയിപ്പിച്ച് മൂവര്‍ സംഘം

ഈ മൂവര്‍ സംഘത്തിന്റെ 'മാജിക്' സാങ്കേതികവിദ്യ, ടെക് ഭീമന്‍ ഗൂഗിളിനെ പോലും അതിശയിപ്പിച്ചു. കമ്പനി അതിവേഗം മൂവരേയും ജോലിക്കെടുത്തു. അലക്‌സ്‌നെറ്റിന്റെ പാറ്റേണ്‍ റെക്കഗ്നിഷന്‍ ശേഷി, ചിത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല വാക്കുകളുടെയും, വാചകങ്ങളുടെയും കാര്യത്തിലും പ്രവര്‍ത്തിപ്പിക്കാമെന്ന് സറ്റ്‌സ്‌കെവെര്‍ ഇവിടെവച്ച് കാണിച്ചു കൊടുത്തു. ഗൂഗിളിന്റെ എന്‍ഡ്-ടു-എന്‍ഡ് ഓപ്പണ്‍-സോഴ്‌സ് മെഷീന്‍ ലേണിങ് വിഭാഗമായ ടെന്‍സര്‍ഫ്‌ളോയ്ക്കു വേണ്ടിയും അദ്ദേഹംജോലിയെടുത്തിട്ടുണ്ട്.

മസ്‌കിന്റെ ഇടപെടല്‍

എഐയുടെ മേഖലയിലെ പുരോഗതി സൂക്ഷ്മമായി വിലയിരുത്തുന്ന ആളായാണ് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് അറിയപ്പെടുന്നത്. ഗൂഗിളില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ സറ്റ്‌സ്‌കെവെറെഅവിടെ നിന്ന് പൊക്കുന്നതില്‍ മസ്‌ക് വിജയിച്ചു. മനുഷ്യരാശിയുടെ പൊതു ഉന്നമനത്തിനായി യത്‌നിക്കുന്നതിനായി ഓപ്പണ്‍എഐ എന്ന പേരില്‍ ഒരു നിര്‍മിത ബുദ്ധി കമ്പനി നമുക്കു സ്ഥാപിക്കാം എന്നു പറഞ്ഞാണ് മസ്‌ക് അദ്ദേഹത്തെ ഗൂഗിളില്‍ നിന്ന് പുറത്തുകൊണ്ടുവന്നത്. കമ്പനിയുടെ മറ്റൊരുസഹസ്ഥാപകനായിരുന്നു ആള്‍ട്ട്മാന്‍. 

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായിരിക്കണം ഓപ്പണ്‍എഐ എന്നതായിരുന്നു മസ്‌കിന്റെ നിലപാട്. എന്നാല്‍, മസ്‌ക് പിന്നീട് ഈ കമ്പനിയില്‍ നിന്ന് 2018ല്‍ സ്വയം പുറത്തുപോയി. ടെസ്‌ല വികസിപ്പിക്കുന്ന എഐ സിസ്റ്റങ്ങളുമായി കോണ്‍ഫ്‌ളിക്ട്ഓഫ് ഇന്ററസ്റ്റ് ഉണ്ടായതിനാലാണ് അദ്ദേഹം പോയത്. 

സറ്റ്‌സ്‌കെവെര്‍-ആള്‍ട്ട്മാന്‍-മസ്‌ക്

ഈ മൂന്നു പേര്‍ക്കും എഐയെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. വ്യത്യസ്തവും. ഇവരില്‍ സുറ്റ്‌സ്‌കെവെറും മസ്‌കും ഇപ്പോള്‍ എഐയുടെ വികസിപ്പിക്കല്‍ വളരെ സൂക്ഷിച്ചു മാത്രം മതി എന്ന നിലപാടുകാരാണ്. ആള്‍ട്ട്മാന്‍ ആകട്ടെ ഗവേഷണം വേഗം നടക്കട്ടെ എന്ന നിലപാടും സ്വീകരിക്കുന്നു. എഐയുടെ സുരക്ഷയ്ക്ക് മുഖ്യ പ്രാധാന്യം നല്‍കുന്ന സറ്റ്‌സ്‌കെവെര്‍ ഓപ്പണ്‍എഐയുടെ സൂപ്പര്‍അലൈന്‍മെന്റ് ടീമിന്റെ മേധാവിയുമാണ്. എഐ ഭീഷണിയായി തീരരുത് എന്ന് ഉറപ്പാക്കലാണ് ഈ ടീമിന്റെ പണി.

എല്ലാം അതിവേഗം വേണം എന്ന ആള്‍ട്ട്മാന്റെ നിലപാടിനോട് യോജിച്ചുപോകാന്‍ സാധ്യമല്ലാത്തതിനാലാണ് ഓപ്പണ്‍എഐ ബോര്‍ഡ് രണ്ടിനെതിരെ നാല് വോട്ടിന് അദ്ദേഹത്തെ പുറത്താക്കിയത്. എന്നാല്‍ പിന്നീട്ഇക്കാര്യത്തില്‍ തന്റെ നിലപാട് തെറ്റായിരുന്നു എന്ന് സറ്റ്‌സ്‌കെവെര്‍ പറഞ്ഞു. ഇത് മൈക്രോസോഫ്റ്റിന്റെയും മറ്റു നിക്ഷേപകരുടെയും സമ്മര്‍ദ്ദത്തിലായിരുന്നോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. താന്‍ ഓപ്പണ്‍എഐയ്ക്ക് ദോഷം വരുന്ന ഒന്നും ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലഎന്നാണ് സറ്റ്‌സ്‌കെവെര്‍ പിന്നീട് പറഞ്ഞത്.

ഊണിലും ഉറക്കത്തിലും എജിഐ

നിങ്ങള്‍ ഉറങ്ങാന്‍പോകുമ്പോഴും ഉണരുമ്പോഴും നിങ്ങള്‍ എജിഐയെക്കുറിച്ച് ചിന്തിക്കുന്നില്ലങ്കില്‍ നിങ്ങള്‍ ഈ കമ്പനിയില്‍ ജോലിയെടുക്കാന്‍ അനുയോജ്യരല്ല, എന്നാണ്  ഓപ്പണ്‍എഐ ജോലിക്കാരെ സറ്റ്സെകെർ ഓര്‍മ്മപ്പെടുത്തിയത്. അസാധാരണ അര്‍പ്പണബുദ്ധിയോടെ ജോലിയെടുക്കുന്ന വ്യക്തികളില്‍ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. എഐയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം സഹപ്രവര്‍ത്തകരിലേക്കും സംക്രമിക്കുന്നു. എന്തായാലും, സറ്റ്‌സ്‌കെവെര്‍ എന്ന പേര് എഐയുടെപുരോഗതിയുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം തവണ കേള്‍ക്കേണ്ടതായി വന്നേക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com