ഒരു ടിബി ഡൗൺലോഡ് ചെയ്യാൻ ഒരു സെക്കൻഡ്; ആപ്പിള് പുതിയ പ്രോജക്ട് ഇങ്ങനെ!
Mail This Article
5ജിക്കാലം പിന്നിടും മുൻപ് അഭ്യൂഹങ്ങൾ ഏറുകയാണ്. ടെക് ഭീമൻമാരായ ആപ്പിൾ സ്വന്തംനിലയ്ക്ക് 6ജി നെറ്റ്‌വർക് വികസിപ്പിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന അഭ്യൂഹം. സെല്ലുല്ലർ പ്ലാറ്റ്ഫോം ആർക്കിടെക്റ്റിനു വേണ്ടിയുള്ള തസ്തികകൾ ആപ്പിൾ സൈറ്റിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ അഭ്യൂഹം ഉയർന്നത്. 6ജി റഫറൻസ് ആർക്കിടെക്ചർ ഉണ്ടാക്കുകയെന്ന ദൗത്യമാണ് ഈ തസ്തികകളിൽ എത്തുന്നവരെ കാത്തിരിക്കുന്നത്. ഇൻഹൗസായി വികസനങ്ങൾ നടത്തുന്ന ശീലം ആപ്പിളിനുള്ളതിനാൽ പുതുതായി 6ജി നെറ്റ്‌വർക്ക് ഉണ്ടാക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യമെന്ന് ശക്തമായ പ്രചാരണമുണ്ട്.
ഏകദേശം 2030 ആകുമ്പോഴേക്കും 6ജി ലോകത്തിൽ സ്ഥാപിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇനി ലോകം കാത്തിരിക്കുന്നത് 5ജി സാങ്കേതികവിദ്യയുടെ വ്യാപനത്തിനാണ്. നിലവിലെ 4ജിയെ മാറ്റിക്കൊണ്ട് സമീപഭാവിയിൽ എത്തുന്ന 5ജി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളെയെല്ലാം ഊർജിതപ്പെടുത്തും. ഇതേ സാങ്കേതികവിദ്യയെ അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോകുകയാകും 6ജി ചെയ്യുക.
5ജിയേക്കാൾ ഉയർന്ന ഫ്രീക്വൻസി ഉപയോഗിക്കുന്ന നെറ്റ്‌വർക്കാകും 6ജിയുടെ പ്രത്യേകത. സെക്കൻഡിൽ ഒരു ടെറാബൈറ്റ് എന്നൊക്കെയുള്ള നിലയിലാകും 6ജിയുടെ വേഗതയെന്ന് ചില കമ്യൂണിക്കേഷൻസ് ടെക്നോളജി വിദഗ്ധരൊക്കെ അഭിപ്രായപ്പെടുന്നു. അതായത് ഇപ്പോൾ ഒരു ടിബിയുള്ള ലാപ്ടോപ് ഹാർഡ് ഡ്രൈവ് ഡേറ്റ കൊണ്ട് നിറയാൻ വെറും ഒരു സെക്കൻഡ്.
നിലവിലെ 4ജി സാങ്കേതികവിദ്യ പ്രധാനമായും മൊബൈൽ ഫോണുകളെയും അത്തരം ഉപകരണങ്ങളെയും ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ 5ജി കുറച്ചുകൂടി ലെവൽ പിന്നിട്ട് ഓട്ടമേറ്റഡ് കാറുകൾ, കണക്ടഡ് സ്മാർട് ഡിവൈസുകൾ എന്നിവയിലേക്കു പോകും. 4ജിയിൽ വികസിച്ചുകൊണ്ടിരുന്ന പല സാങ്കേതികവിദ്യകളും 5ജിയിൽ കാര്യക്ഷമമാകുന്ന കാഴ്ചയാകും ലോകം കാണുന്നത്.
വിദൂര ചികിത്സ, മെറ്റാവേഴ്സ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഇതെല്ലാം വിപ്ലവകരമായ മാറ്റങ്ങൾ കൈവരിക്കുന്ന കാഴ്ചയ്ക്കാകും 6ജി ലോകം സാക്ഷ്യം വഹിക്കുന്നത്. ഇന്റർനെറ്റ് അപ്പോഴേക്കും ഒരു അനുബന്ധ സാങ്കേതിക വിദ്യ എന്ന തലം വിട്ട് ലോകത്തിന്റെ ജീവനാഡിയായി മാറുമെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു.
തമ്മിൽ തമ്മിൽ കണക്ട് ചെയ്യപ്പെട്ട കുറേ സാങ്കേതിക സംവിധാനങ്ങളുടെ ഒരു ലോകമായിരിക്കും അതെന്നു പ്രതീക്ഷിക്കാം. സ്വയം ഓടുന്ന കാറുകൾ, പറക്കുന്ന കാറുകൾ, റോബട്ടുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന മനുഷ്യന്റെ ഇടപെടലുകൾ ഒട്ടും ആവശ്യമില്ലാത്ത സംവിധാനങ്ങൾ. മായാജാലക്കഥകളിലും മറ്റുമുള്ള ഒരു അത്ഭുത ലോകം തന്നെയാകും ഭാവിയിൽ നമ്മെ കാത്തിരിക്കുന്നത്.