ADVERTISEMENT

സാങ്കേതികവിദ്യ കുതിപ്പു തുടർന്ന വർഷമാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ സാങ്കേതികമേഖലയിൽ നിന്നു ഒരു ശുഭവാർത്ത വന്നിരിക്കുന്നു. ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ 5ജി നെറ്റ്​വർക് വേഗത്തിന്റെ കാര്യത്തിൽ ഇന്ത്യ പിന്തള്ളിയെന്നാണ് സ്പീഡ് ടെസ്റ്റ് സൈറ്റായ ' Ookla'റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷ കാലയളവിൽ 72 സ്ഥാനങ്ങൾ ഇന്ത്യ മുകളിലേക്കു കയറി. ഇപ്പോൾ പത്താം സ്ഥാനത്താണ്.യുഎഇ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും മുകളിൽ. മലേഷ്യ മൂന്നാം സ്ഥാനത്ത്. പിന്നീട് ഖത്തർ, ബ്രസീൽ, ഡൊമിനിക്കൻ  റിപ്പബ്ലിക്, കുവൈത്ത്, മക്കാവു. സിംഗപ്പൂർ ഒൻപതാം സ്ഥാനത്താണ്.

Image credit: ingae / Shutterstock
Image credit: ingae / Shutterstock

നാലാം വ്യാവസായിക വിപ്ലവത്തിന്റെ പടിവാതിൽ കടന്നുള്ള യാത്രയിലാണു ലോകം. ഇന്റർനെറ്റ് ഓഫ് തിങ്സ്, വെർച്വൽ റിയാലിറ്റി തുടങ്ങി അതിനവീന സാങ്കേതികവിദ്യകൾ ലോകത്തെ മാറ്റിമറിക്കാനൊരുങ്ങുന്നു. ഈ സാങ്കേതികവിപ്ലവത്തിൽ വലിയ പ്രാധാന്യമാണ് അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുന്ന സാങ്കേതികവിദ്യയായ 5ജിക്കുള്ളത്. ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ 5ജിയിൽ വൻതുക ചെലവഴിച്ച് ഗവേഷണങ്ങൾ നടത്തുന്നതിന്റെയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പിക്കുന്നതിന്റെയും തിരക്കിലാണ്.

നമ്മളിൽ ഭൂരിഭാഗം പേരും ഇപ്പോൾ ഉപയോഗിക്കുന്നത് നാലാം തലമുറ ടെലികോം സാങ്കേതികവിദ്യയായ 4ജിയാണ്. ഇതിനു മുൻപ് 3ജി, 2ജി ഒക്കെ ഉപയോഗിച്ചാണ് 4ജിയിലെത്തിയത്. ഇതിന്റെ അടുത്ത ഘട്ടമാണു 5ജി. 5ജിയിൽ ഇന്റർനെറ്റിന് അതിവേഗമാണ്. നിലവിലെ മൊബൈൽ ടവറുകളുടേതുപോലുള്ള വിതരണസംവിധാനങ്ങളുപയോഗിച്ചായിരിക്കില്ല 5ജി ലോകത്തു സ്ഥാപിക്കപ്പെടുന്നത്. അതിനാൽ തന്നെ 5ജി ടവറുകൾ സ്ഥാപിക്കേണ്ടി വരും. ഇപ്പോഴത്തെ മൊബൈൽ ടവറുകൾ ഒരു വലിയ മേഖലയിൽ വിതരണം നടത്തുന്നവയാണ്. 

എന്നാൽ 5ജി ടവറുകൾ ഒരു ചെറിയ ഏരിയയിലാകും പ്രസാരണം. സെൽ എന്ന് ഈ മേഖല വിളിക്കപ്പെടുന്നു. 4ജിയെ അപേക്ഷിച്ച് ചെറിയ തരംഗദൈർഘ്യവും വലിയ ഫ്രീക്വൻസിയുമുള്ള തരംഗങ്ങളാണു 5ജിയിൽ ഉപയോഗിക്കുന്നത്. 4ജി 1–6 ജിഗാഹെർട്സ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുമ്പോൾ 5ജി പ്രവർത്തിക്കുന്നത് 24 മുതൽ 90 ജിഗാഹെർട്സ് ഫ്രീക്വൻസിയിലാണ്. ഒട്ടേറെ 5ജി ടവറുകൾ ഒരു മേഖലയിൽ സ്ഥാപിക്കേണ്ടി വരും. 

∙കുപ്രചാരണങ്ങൾ

കഴിഞ്ഞ കാലയളവിൽ 5ജിക്ക് എതിരായ വലിയ കുപ്രചരണങ്ങളും തെറ്റിദ്ധാരണകളും ലോകത്ത് ഉടലെടുത്തു. ഏതു പുതിയ സാങ്കേതികവിദ്യകൾ വരുമ്പോഴും ഇതു സാധാരണമാണ്. ലോകയുദ്ധ കാലത്തിനു ശേഷമുള്ള സമ്പൂർണ വൈദ്യുതീകരണ യജ്ഞങ്ങൾക്കിടയ്ക്ക് വൈദ്യുതി ലൈനുകൾ കാൻസറുണ്ടാക്കുമെന്ന് വലിയ പേടി വികസിത രാഷ്ട്രമായ യുഎസിൽ പോലും ഉടലെടുത്തു. പിൽക്കാലത്ത് ടെലിവിഷനുകളും മൈക്രോവേവ് ഓവനുകളുമൊക്കെ സർവസാധാരണമായപ്പോഴും ഇതേ പേടിയുണ്ടായിരുന്നു.  

ജൂഹി ചൗള. ചിത്രം: @iam_juhi / Twitter
ജൂഹി ചൗള. ചിത്രം: @iam_juhi / Twitter

എന്നാൽ അത്തരം സംഭവങ്ങളിൽ നിന്നു വ്യത്യസ്തമായി, കോവിഡിനെത്തുടർന്നുണ്ടായ ആകാംക്ഷയും ഭീതിയും 5ജിപ്പേടിയെ മൂർധന്യാവസ്ഥയിലെത്തിപ്പിച്ചു. സാങ്കേതികവിദ്യയ്ക്കെതിരെ പ്രചാരണം നടത്തുന്നവരിൽ നടിമാരും ബുദ്ധിജീവികളും സാമൂഹികപ്രവർത്തകരും പോലുമുണ്ട്. നമ്മുടെ രാജ്യത്തും നടി ജൂഹി ചാവ്‌ല, 5ജി പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജിയുമായി പോയതും കോടതി, സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടിക്ക് പിഴ വിധിക്കുകയും ചെയ്തത് കഴിഞ്ഞ മാസങ്ങളിലെ ശ്രദ്ധേയമായ വാർത്തയായിരുന്നു.

5ജിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളിൽ പലതും യാതൊരു അടിസ്ഥാനവുമില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.2019ൽ പ്രശസ്ത യുഎസ് പോപ്പ് സംഗീതജ്ഞയായ സംഗീതജ്ഞയായ കെറി ഹിൽസൺ ഒരു ട്വീറ്റ് ചെയ്തു. കോവിഡ് ഉത്ഭവിച്ച ചൈനയിൽ 5ജി ടവറുകളുടെ പണികൾ അതിവേഗം പൂർത്തീകരിക്കപ്പെടുന്നു എന്നും മറ്റും പറഞ്ഞുള്ളതായിരുന്നു അത്. കോവിഡ് പടരുന്നതിനു പിന്നിൽ 5ജി കാരണമാകുന്നു എന്ന മട്ടിലായിരുന്നു ഈ ട്വീറ്റ് വ്യാഖ്യാനിക്കപ്പെട്ടത്. അരക്കോടിയോളം ഫോളോവേഴ്സുള്ള കെറിയുടെ അക്കൗണ്ടിൽ നിന്നുള്ള ഈ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ 5ജിയെക്കുറിച്ച് ഭയം വളർത്തി. 

ഏറ്റവും കൂടുതൽ പ്രചരിച്ച കെട്ടുകഥ

കോവിഡിന്റെ വ്യാപനവുമായിട്ട് ഏറ്റവും കൂടുതൽ പ്രചരിച്ച കെട്ടുകഥ, 5ജിയുമായി ബന്ധപ്പെടുത്തിയുള്ളതാണെന്നു നിരീക്ഷകർ പറയുന്നു.യുകെയിൽ 5ജിക്കെതിരെ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. അനേകം ടവറുകളും മറ്റ് 5ജി സംവിധാനങ്ങളും ബ്രിട്ടനിൽ നശിപ്പിക്കപ്പെട്ടു. നെതർലൻഡ്സിൽ കലാപസന്നദ്ധരായ ജനക്കൂട്ടം 5ജി മേഖലയിൽ നിക്ഷേപം നടത്തിയിട്ടുള്ള ടെലികോം കമ്പനികളുടെ ഓഫിസുകളും സ്റ്റേഷനുകളുമൊക്കെ തീവച്ചാണു നശിപ്പിച്ചത്. നെതർലൻഡ്സ് ആർസൻ അറ്റാക്ക് എന്ന പേരിൽ ഈ ആക്രമണം കുപ്രസിദ്ധി നേടി.

എക്സ് റേ, ഗാമാ റേ പോലെ തരംഗദൗർഘ്യം കുറഞ്ഞ തരംഗങ്ങൾ ശരീരത്തിൽ ഒരുപാടു നേരം അടിച്ചാൽ അതു ശരീരത്തിനു ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് 5ജിയെ എതിർക്കുന്നവർ പറയുന്നു. എന്നാൽ ഇപ്പോഴത്തെ വയർലെസ് സാങ്കേതികവിദ്യ വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ മൈക്രോവേവ് മേഖലയിൽ ഉൾപ്പെടുന്ന തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. ദുർബല തരംഗങ്ങളായ ഇവ മാരകമായ അസുഖങ്ങൾക്കോ കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങൾക്കോ ഇടയാക്കുന്നില്ലെന്നാണു ലോകാരോഗ്യ സംഘടനയുൾപ്പെടെ ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നത്. ഇതു പല തവണ ഗവേഷണങ്ങൾ നടത്തി സ്ഥിരീകരിച്ചതാണെന്നും ഇവർ പറയുന്നു.

അയണൈസിങ് റേഡിയേഷൻ 

5ജി ടവറുകളിൽ നിന്നുള്ള റേഡിയേഷൻ മൂലം കോവിഡ് വേഗത്തിൽ വ്യാപിക്കുന്നു എന്നുള്ള കുപ്രചരണം ഇടക്കാലത്ത് ശക്തി പ്രാപിച്ചു. വൈറസുകൾ പെരുകുന്നതിനോ വ്യാപിക്കുന്നതിനോ വികിരണങ്ങളുമായോ ടവറുകളുമായോ യാതൊരു ബന്ധവുമില്ലെന്ന് ശാസ്ത്രജ്ഞർ പലയാവർത്തി പറഞ്ഞതാണ്. എക്സ് റേ, ഗാമ റേ പോലുള്ള തരംഗങ്ങൾ അയണൈസിങ് റേഡിയേഷൻ എന്ന ഗണത്തിൽ വരുന്നതാണ്. എന്നാൽ 5ജി ഉൾപ്പെടുന്ന തരംഗങ്ങൾക്ക് ഈ സവിശേഷതയില്ല. ഇതു പ്രതിരോധവ്യവസ്ഥയെ ഒരു തരത്തിലും ബാധിക്കുന്നുമില്ല. 

സമ്മർദ്ദങ്ങൾ ഉടലെടുക്കുന്നതു മൂലം പല സർക്കാരുകളും 5ജി പദ്ധതികൾ താൽക്കാലികമായി നിർത്തിവച്ച സംഭവങ്ങളും നടന്നു. ബെൽജിയം 5ജി ടെസ്റ്റുകൾ പാടെ നിർത്തിയിരുന്നു. സ്വിറ്റ്സർലൻഡ് 5ജിക്കായി പ്രത്യേക നിരീക്ഷണ സംഘത്തെ ഏർപ്പെടുത്തി.ഇതിനിടെ 5ജി മൂലം ഉടലെടുക്കുന്ന പ്രശ്നങ്ങളെ ചെറുക്കാനായി ആഭരണങ്ങൾ ചില ചെറുകിട കമ്പനികൾ യൂറോപ്പിലും മറ്റും ഇറക്കി. നെക്ക്‌ലേസുകൾ, ബ്രേസ്‌ലെറ്റുകൾ തുടങ്ങിയവയുടെ രൂപത്തിലുള്ള ഈ 5ജി വിരുദ്ധ ആഭരണങ്ങൾ വികിരണങ്ങളെ എല്ലാ രീതിയിലും ചെറുക്കും എന്നുള്ള ക്യാംപെയ്നും ഇവർ അഴിച്ചുവിട്ടു.

Photo Credit : Pau BARRENA / AFP
Photo Credit : Pau BARRENA / AFP

 ആളുകളിൽ നിലനിൽക്കുന്ന 5ജിയെക്കുറിച്ചുള്ള പേടി മുതലെടുക്കുകയാണ് ഇവർ ചെയ്തത്. സംഭവം വലിയ ഹിറ്റാകുകയും ഒരുപാടു പേർ വാങ്ങി അണിയുകയും ചെയ്തു. എന്നാൽ പിന്നീട് കാര്യങ്ങൾ തിരിച്ചായി. ഈ ആഭരണങ്ങളിൽ ഉപയോഗിച്ച ചില പദാർഥങ്ങൾ വികിരണങ്ങളുണ്ടാക്കുന്നവയാണെന്നും ഇതു ശരീരത്തിനു ഹാനികരമാണെന്നും ധരിക്കരുതെന്നും യൂറോപ്യൻ ആരോഗ്യ സംഘടനകൾ പറയുന്നു.

∙5ജിയുടെ ഗുണങ്ങൾ?

ഇത്രത്തോളം തടസ്സങ്ങളും സാങ്കേതികപ്രതിബന്ധങ്ങളും മറികടന്ന്, വിപുലമായ അടിസ്ഥാന സൗകര്യവികസനത്തോടെ 5ജി കൊണ്ടുവരുന്നത് അതിവേഗ ഇന്റർനെറ്റ് എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിൽകണ്ടാണോ? അല്ല. 5ജിയിൽ ഇന്റർനെറ്റ് വേഗം കൂടുതലാണെന്നത് ഒരു വസ്തുതയാണ്. സെക്കൻഡിൽ 10 ജിഗാബിറ്റുകൾ വരെ വേഗം ഒരു ശരാശരി നെറ്റ്‌വർക്കിൽ നിന്നു കിട്ടിയേക്കും.ഒന്നോ രണ്ടോ സെക്കൻഡിൽ ഒരു പടം മുഴുവൻ ഡൗൺലോഡ് ചെയ്യാം. യഥാർഥ ഇൻഫർമേഷൻ സൂപ്പർഹൈവേ!

ഇതിനുമപ്പുറം മറ്റൊരു സവിശേഷത 5ജിക്കുണ്ട്. ലേറ്റൻസി കുറവാണെന്നതാണ് അത്.ഒരു ശ്രോതസ്സി‍ൽ നിന്നു സ്വീകർത്താവിലേക്കും തിരിച്ചും ഒരു സിഗ്‌നൽ പോകാനെടുക്കുന്ന സമയമാണ് ലേറ്റൻസി. ഇതു കുറയുന്തോറും നെറ്റ്വർക്ക് എണ്ണയിട്ട യന്ത്രം പോലെ സുഗമമാകും.

ഇങ്ങനെ സിഗ്നൽ കൈമാറ്റത്തിൽ വരുന്ന താമസക്കുറവ് ഇന്റർനെറ്റ് ഓഫ് തിങ്സ് വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകൾക്ക് ശക്തമായ ഒരു നട്ടെല്ലൊരുക്കും. വരുംലോക സാങ്കേതികവിദ്യയുടെ മുഖമുദ്രയാകാൻ പോകുന്ന വിദൂരനിയന്ത്രണ സംവിധാനങ്ങൾക്കും 5ജിയാകും ശരിയായ ഇന്ധനം. 

ആരോഗ്യരംഗത്തും 5ജി ഉപയോഗപ്രദമാണ്. ഒരിക്കൽ ബെയ്ജിങ്ങിലെ ഒരു പാർക്കിൻസൺസ് രോഗിക്ക് അടിയന്തരമായി തലച്ചോർ ശസ്ത്രക്രിയ വേണ്ടിവന്നു. ചൈനയിലെ പ്രശസ്ത ന്യൂറോവിദഗ്ധൻ ഡോ. ലിങ് സീപേയ് അപ്പോൾ ബെയ്ജിങ്ങിൽനിന്നു 3000 കിലോമീറ്റർ അകലെ ഹൈനാൻ എന്ന സ്ഥലത്തായിരുന്നു. എന്നിട്ടും സീപേയ് ആ ശസ്ത്രക്രിയ നടത്തി; ബെയ്ജിങ്ങിൽ പോകാതെ തന്നെ. 

മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കു സഹായകരമായത് 5ജി. പാർക്കിൻസൺസ് രോഗത്തെ ഒരുപരിധി വരെ പിടിച്ചുകെട്ടാനുള്ള മാർഗമായ ഡീപ് ബ്രെയിൻ സ്റ്റിമുലേഷനുള്ള ഉപകരണമാണു രോഗിയുടെ തലച്ചോറുമായി ബന്ധിപ്പിച്ചത്. ചൈനയിലെ ടെലികോം വമ്പൻമാരായ വാവെയുടെ സഹായത്തോടെയായിരുന്നു 5ജി ശസ്ത്രക്രിയ. സീപേയുടെ നിർദേശങ്ങൾ അനുസരിച്ച് ഒരു റോബട്ടാണു  ശസ്ത്രക്രിയ നടത്തിയത്. നിർദേശങ്ങളും പ്രവൃത്തിയും തമ്മിലുള്ള ഇടവേള 0.1 സെക്കൻഡ് മാത്രം. 4ജി സാങ്കേതികവിദ്യയിൽ അനുഭവപ്പെടുന്ന താമസങ്ങളും തടസ്സങ്ങളും 5ജിയിൽ ഇല്ലെന്നു സീപേയ് സാക്ഷ്യപ്പെടുത്തുന്നു. 

ചൈനയിൽ മുൻപു പന്നിയിലും ഇതേ ശസ്ത്രക്രിയാരീതി പരീക്ഷിച്ചിരുന്നു. 5ജി ഉപയോഗിച്ച് ലോകത്തു നടന്ന ആദ്യ മൃഗശസ്ത്രക്രിയായിരുന്നു അത്. 

'ഇന്റർനെറ്റ് ഓഫ് മെഡിസിൻ ഇന്നു ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നു. ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) സാങ്കേതികവിദ്യയുടെ വൈദ്യശാസ്ത്രപരമായ പ്രയോഗമാണിത്.'

രോഗിയുടെ ശരീരത്തിൽ സ്ഥാപിച്ച ഉപകരണങ്ങൾ വഴി കൃത്യമായ രോഗനിർണയം, ചികിത്സാ പുരോഗതി വിലയിരുത്തൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഐഒടി വഴി സാധ്യമാക്കും. ഐഒടിയെ ഊർജിതപ്പെടുത്തുന്ന സാങ്കേതികവിദ്യയാണു 5ജ

പ്രതീകാത്മക ചിത്രം (Photo - Tatiana Shepeleva/Shutterstock)
പ്രതീകാത്മക ചിത്രം (Photo - Tatiana Shepeleva/Shutterstock)

ഡോക്ടറും രോഗിയും തമ്മിൽ നേരിട്ടു ബന്ധം പുലർത്താതെയുള്ള റോബട്ടിക് സർജറി ഇന്നു പ്രചാരത്തിലുണ്ട്. എന്നാൽ ഇവയിലെല്ലാം തന്നെ ഡോക്ടർ തിയറ്ററിൽ തന്നെ വേണം എന്ന പരിമിതിയുണ്ട്. ഇതു പരിഹരിക്കാൻ 5ജി വഴിയൊരുക്കും. ന്യൂയോർക്കിലുള്ള ഡോക്ടർക്കും തൃശൂരിലുള്ള രോഗിയുടെ ശസ്ത്രക്രിയ നടത്താൻ കഴിയും. ഗ്രാമീണമേഖലകളിൽ വരെ ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്താൻ 5ജി സഹായകരമാകുമെന്നു ചുരുക്കം; സാങ്കേതികവിദ്യാ ഉപയോഗത്തിൽ സാമൂഹികപ്രതിബദ്ധതയോടെയുള്ള കാഴ്ചപ്പാട് കൂടി നമുക്കു വേണമെന്നു മാത്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com