ADVERTISEMENT

ഹാപ്പി ബര്‍ത്‌ഡേ, മാക്! ആപ്പിള്‍ കമ്പനി 40 വര്‍ഷം മുമ്പ് 1984ല്‍ അവതരിപ്പിച്ച മക്കിന്റോഷ് കംപ്യൂട്ടര്‍ ഇപ്പോള്‍ അതിന്റെ നാൽപ്പതാം പിറന്നാള്‍ ആഘോഷങ്ങളിലാണ്. മറ്റൊരു കമ്പനിക്കും സാധിക്കാത്ത രീതിയില്‍ പേഴ്‌സണല്‍ കംപ്യൂട്ടിങില്‍ ചരിത്രം രചിച്ചും, വിജയം രുചിച്ചുമാണ് മാക് ഇപ്പോഴും അതിന്റെ ജൈത്രയാത്ര തുടരുന്നത്. നാലു പതിറ്റാണ്ടിനിടയില്‍ ശക്തവും കാലോചിതവുമായ ഒട്ടനവധി മാറ്റങ്ങളിലൂടെ മാക് കടന്നുപോയിട്ടുണ്ട്. മാക്കിന്റെ ചരിത്രത്തിലെ ഏതാനും നാഴികക്കല്ലുകള്‍ പരിശോധിക്കാം:

128 കെബി മെമ്മറിയില്‍ നിന്ന് 192ജിബി റാമിലേക്ക്!

മാക്കിന്റെ വളര്‍ച്ചയുടെ നാള്‍ വഴിയെ ഒരു വരിയില്‍ വിവരിക്കണമെന്ന് ആവശ്യപ്പെട്ടാന്‍ ഏറ്റവും എളുപ്പത്തില്‍ പറയാവുന്നത്, 128കെബി മെമ്മറിയില്‍ നിന്ന് 192ജിബി റാമിലേക്ക് എന്നായിരിക്കാം! ആദ്യ മാക് കംപ്യൂട്ടറിന് കേവലം 128കെബി മെമ്മറി ആയിരുന്നു ഉണ്ടായിരുന്നത് എന്നത് ആശ്ചര്യത്തോടെ മാത്രമെ മിക്കവര്‍ക്കും കേള്‍ക്കാനാകൂ. എന്നാല്‍, ഇന്ന് വാങ്ങാന്‍ ലഭിക്കുന്ന ഏറ്റവും മികച്ച മാക് പ്രോ മോഡലിന് 192ജിബി റാം വരെ കോണ്‍ഫിഗര്‍ചെയ്യാം! (ഇത് ആപ്പിള്‍ സിലിക്കന്റെ കാര്യത്തിലാണ്. ഇന്റല്‍ പ്രൊസസറുകളുടെ കാര്യത്തില്‍ ഇതു വ്യത്യസ്തമാണ്. അവയ്ക്ക് തത്വത്തില്‍ 256ടിബി റാം വരെ സ്വീകരിക്കാമത്രെ. എന്നാല്‍, പ്രായോഗികമായി ഇത് പരമാവധി 250ജിബിയില്‍ ഒതുങ്ങുമെന്നും വിദഗ്ധര്‍ പറയുന്നു. എന്തായാലും, ഇരു കമ്പനികളും വഴി പിരിഞ്ഞതിനാലും, 256ടിബി എന്നത് ഒരു സാങ്കേതിക കണക്ക് മാത്രം ആയതിനാലും ആപ്പിളിന്റെ എം പ്രൊസസറുകളില്‍ മാത്രം ഇനി ശ്രദ്ധിക്കാം.)

Image Credit: Apple
Image Credit: Apple

അറിയപ്പെടാത്ത ജെഫ്

മാക് കംപ്യൂട്ടറുകള്‍ ജനഹൃദയങ്ങളിലേക്ക് എത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു പ്രമുഖ വ്യക്തിയെക്കുറിച്ച് അധികമാരും കേട്ടിട്ടില്ല എന്നതും വളരെ വിചിത്രമായകാര്യങ്ങളിലൊന്നാണ്. ആപ്പിളിന്റെയും മാക്കിന്റെയും ചരിത്രത്തില്‍ സ്റ്റീവ് ജോബ്‌സ് ചിരപരിചിതനാണെങ്കില്‍, മിക്ക ടെക്‌നോളജി പ്രേമികള്‍ക്കും സ്റ്റീവ് വോസ്‌നിയാക്കിനെയും അറിയാം. എന്നാല്‍, മക്കിന്റോഷ് എന്ന ആശയം ആപ്പിളിന്റെ ഒരു ജോലിക്കാരനായിരുന്ന ജെഫ് റസ്‌കിന്റേതായിരുന്നുഎന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. 

Apple chief executive Steve Jobs unveils a new mobile phone that can also be used as a digital music player and a camera, a long-anticipated device dubbed an "iPhone." at the Macworld Conference 09 January 2007 in San Francisco, California. The "iPhone" will be ultra-slim -- less than half-an-inch (1,3 centimeters) thick -- boasting a phone, Internet capability and an MP3 player as well as featuring a two megapixel digital camera, Jobs said. (Photo by TONY AVELAR / AFP)
Apple chief executive Steve Jobs unveils a new mobile phone that can also be used as a digital music player and a camera, a long-anticipated device dubbed an "iPhone." at the Macworld Conference 09 January 2007 in San Francisco, California. The "iPhone" will be ultra-slim -- less than half-an-inch (1,3 centimeters) thick -- boasting a phone, Internet capability and an MP3 player as well as featuring a two megapixel digital camera, Jobs said. (Photo by TONY AVELAR / AFP)

ആപ്പിളിന്റെ 31-ാമത്തെ ജോലിക്കാരനായിരുന്നു ജെഫ്. ഇദ്ദേഹം ഒരു ഹ്യൂമന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് വിദഗ്ധന്‍ ആയിരുന്നു. ഇദ്ദേഹം ആയിരുന്നു 70കളുടെ അവസാനം മാക് പ്രൊജക്ട് ശ്രദ്ധിക്കപ്പെടാനുള്ള കാരണം. അന്നു വരെ ഉണ്ടായിരുന്ന കംപ്യൂട്ടറുകളെക്കാള്‍ മനുഷ്യനോട് സൗഹൃദം പുലര്‍ത്താന്‍ കെല്‍പ്പുള്ള ഒരു മെഷീന്‍ എന്ന ആശയമാണ് അദ്ദേഹം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത്. ന്യൂ യോര്‍ക് സിറ്റിയിലെ ഒരു സെക്യുലര്‍ യഹൂദ കുടുംബത്തിലായിരുന്നു ജെഫിന്റെ ജനനം. തന്റെ 61-ാമത്തെ വയസില്‍ അദ്ദേഹം 26, 2005ന് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ വന്നു മരിച്ചു. 

മക്കിന്റോഷ് 128കെ

ഇതാണ് 1984ല്‍ രണ്ടു സ്റ്റീവുമാര്‍, ജോബ്‌സും, വോസ്‌നിയാക്കും ചേര്‍ന്ന് ആദ്യംഅവതരിപ്പിച്ച കംപ്യൂട്ടര്‍. ജനുവരി 24ന്. ഇങ്ങനെയൊരു മോഡല്‍ തങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്ന കാര്യം കമ്പനി പത്രങ്ങളെ അറിയിച്ചത് 1983 ഓക്ടോബറിലായിരുന്നു.  മക്കിന്റോഷ് 128കെ മോഡലിന് 2,495 ഡോളറായിരുന്നു വില. (പണപ്പെരുപ്പം കണക്കിലെടുത്താല്‍ ഇന്ന് അതിന് 7,300 ഡോളറിലേറെ വില വരുമത്രെ.)

പേഴ്‌സണല്‍ കംപ്യൂട്ടിങിന്റെ ചരിത്രത്തിലെഏറ്റവും വലിയ നാഴികക്കല്ലുകളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. ഉപയോഗിക്കാന്‍ എളുപ്പമായതും, അന്നു വരെ നിലവിലുണ്ടായിരുന്ന ടെക്സ്റ്റ്-കേന്ദ്രീകൃതമായ സിസ്റ്റങ്ങളെ വെല്ലുവിളിക്കുന്നതുമായിരുന്നു അത്. അതേസമയം, മക്കിന്റോഷിന്റെ ചരിത്രം അതിനു മുമ്പ് ആരംഭിച്ചിരുന്നു-1970കളുടെഅവസാനം മുതല്‍ ഇത് ഉരുത്തിരിഞ്ഞു വരികയായിരുന്നു. 

എഴുത്തും വരയും

ആദ്യ മാക്കിന്റെ രണ്ട് ആകര്‍ഷണങ്ങള്‍ മാക്‌റൈറ്റും, മാക്‌പെയിന്റും ആയിരുന്നു. എന്നാല്‍, ആദ്യ കംപ്യൂട്ടറിന്റെ പരിമിതികള്‍ അതിവേഗം ശ്രദ്ധിക്കപ്പെട്ടു. അതിന്അധികം റാം അല്ലെങ്കില്‍ മെമ്മറി ഉണ്ടായിരുന്നില്ല. അത് അപ്‌ഗ്രേഡ് ചെയ്യലും എളുപ്പമായിരുന്നില്ല.

മക്കിന്റോഷ് II

മക്കിന്റോഷ് II അവതരിപ്പിക്കുന്നത് 1987ല്‍ ആണ്. ഇതിന് ഒറിജിനല്‍ മാക്കിനെക്കാള്‍ കരുത്തുണ്ടായിരുന്നു. കൂടാതെ, ഒരു ഇന്റേണല്‍ ഹാര്‍ഡ് ഡ്രൈവ് സ്വീകരിക്കാന്‍കഴിവും ഉണ്ടായിരുന്നു. 

മക്കിന്റോഷ് പോര്‍ട്ടബ്ള്‍

കൊണ്ടു നടക്കാവുന്ന ഒരു മെഷീനായി 1989ല്‍ അവതരിപ്പിച്ച മക്കിന്റോഷ് പോര്‍ട്ടബ്‌ളും ചരിത്രം കുറിച്ചു. അതുവരെ കാണാത്ത തരത്തിലുള്ള ഒന്നായിരുന്നു അത്. മക്കിന്റോഷ്കംപ്യൂട്ടറുകളുടെ ഉരുത്തിരിയലില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചതാണ് ഈ മോഡല്‍. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

മക്കിന്റോഷ് ക്ലാസിക്

മക്കിന്റോഷ് ക്ലാസിക് അവതരിപ്പിച്ചത് ആപ്പിളിന്റെ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷങ്ങളിലൊന്നായി ആണ് പരിഗണിക്കപ്പെടുന്നത്. ഇത് 1990ല്‍ ആയിരുന്നു. പേഴ്‌സണ്‍കംപ്യൂട്ടര്‍ എന്ന ആശയം മറ്റൊരു തലത്തിലേക്ക് എത്തുന്നത് ഇതോടെയാണ്. കെട്ടിലും മട്ടിലും മാറ്റവുമായി ആണ് മക്കിന്റോഷ് ക്ലാസിക് എത്തിയത്. കംപ്യൂട്ടര്‍ ഉപയോഗിക്കുക എന്നത് ഒന്നുകൂടെ എളുപ്പമാക്കുന്ന യൂസര്‍ ഇന്റര്‍ഫെയസ് ആ കാലത്ത് വളരെ ആകര്‍ഷകമായിരുന്നു. കാലത്തിന് അനുസരിച്ച്ഏറ്റവും മികച്ച സാങ്കേതികവിദ്യയും ഇതില്‍ ഉണ്ടായിരുന്നു. 

ഐമാക്

മാക് കംപ്യൂട്ടറുകളുടെ ചരിത്രത്തെ വഴിമാറ്റിവിട്ട മാറ്റമാണ് ഐമാക് കൊണ്ടുവന്നത്. ഇത് 1998ല്‍ ആയിരുന്നു അവതരിപ്പിച്ചത്. ഇതോടെയാണ് മക്കിന്റോഷ് ഗൗരവത്തിലുള്ളഒരു ബിസിനസായി പരിണമിച്ചത് എന്നു വാദിക്കുന്നവരും ഉണ്ട്. എന്തായാലും, ഇതാണ് മാക്ബുക്ക് എയര്‍ പോലെയുളള ലാപ്‌ടോപ്പുകളുടെ നിര്‍മ്മാണത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. 

ഓഎസ്എക്‌സ്

മാക് ഓഎസ് പുതിയ തലത്തലേക്ക് എത്തുന്നത് ഓഎസ്എക്‌സ് എത്തുമ്പോഴാണ്. ഇത് 2001ല്‍ ആയിരുന്നു. ആപ്പിളിന്റെ ലാപ്‌ടോപ്പുകളായ മാക്ബുക്കുകള്‍ക്ക് വഴിയൊരുക്കിയഓപ്പറേറ്റിങ് സിസ്റ്റം ആയും ഇതിനെ കാണുന്നു.

ഇന്റല്‍-കേന്ദ്രീകൃത മക്കിന്റോഷ്

ഇന്റലിന്റെ പ്രൊസസറുകളെ ഉപയോഗിച്ചുള്ള മക്കിന്റോഷ് കംപ്യൂട്ടറുകള്‍ അവതരിപ്പിച്ചത് 2006ല്‍ ആയിരുന്നു. ഇത് വന്നതോടെ മാക്കുകളും, മറ്റു കമ്പനികളുടെ കംപ്യൂട്ടറുകളുമായികൂടുതല്‍ പൊരുത്തം കൈവരുത്താനായി. 

imac

ആപ്പിള്‍ സിലിക്കന്‍

ഇന്റലില്‍ ഉള്ള ആശ്രിതത്വം കുറച്ച് സ്വന്തം പ്രൊസസറുകള്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടറുകള്‍ ആപ്പിള്‍ ഇറക്കി തുടങ്ങിയത് 2020ല്‍ ആണ്. ഇതോടെ മക് കംപ്യൂട്ടറുകള്‍പ്രകടനത്തിലും അടുത്ത തലത്തിലേക്ക് ഉയര്‍ന്നു തുടങ്ങിയെന്നും വിശ്വസിക്കുന്നവരുണ്ട്. പുതിയ ടെക്‌നോളജി ഉള്‍ക്കൊള്ളിച്ച് സദാ നവീകരിച്ചുകൊണ്ടിരിക്കുന്ന മക്കിന്റോഷിന് പ്രായമേറുകയല്ല, മറിച്ച് നൂതന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിച്ച് സദാ യുവത്വമാര്‍ജ്ജിക്കുകയാണ് എന്നുംപറയാം. 

കുക്ക്

ആപ്പിള്‍ കമ്പനിയുടെ ഇപ്പോഴത്തെ മേധാവിയായ ടിം കുക്ക് പറയുന്നത് ഇന്ന് ലഭ്യമായ മാക്കുകള്‍, പേഴ്‌സണല്‍ കംപ്യൂട്ടിങിന്റെ ചരിത്രത്തില്‍ ലഭ്യമാക്കപ്പെട്ടതില്‍ഏറ്റവും മികച്ചവയാണെന്നാണ്. അതേസമയം, ആപ്പിള്‍ ഇപ്പോള്‍ പുറത്തിറക്കുന്ന ഏറ്റവും മികച്ച പ്രൊഡക്ട് മാക് ആകണമെന്നില്ലെന്നും പറയുന്നു. ഐഫോണ്‍ മുതല്‍ ആപ്പിള്‍ വിഷന്‍ പ്രോ വരെയുള്ള മികച്ച ഉപകരണങ്ങള്‍ക്ക് ഒക്കെ തുടക്കമിട്ടത് മാക് ആയിരുന്നു.  

English Summary:

Global tech giant Apple’s Mac, previously called Macintosh, has marked its 40th anniversary since the introduction of the first model — Macintosh 128K — on January 24, 1984

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com