ഒറ്റ ഇൻജക്ഷൻ; ജന്മനാ ഉള്ള കേള്‍വിപ്രശ്നം പരിഹരിച്ച് ജീന്‍ തെറാപ്പി ചരിത്രം കുറിച്ചു!
Mail This Article
കേള്‍വിപ്രശ്‌നവുമായി ജനിച്ച ആറു കുട്ടികള്‍ക്ക് ഒറ്റ ഇൻജക്‌ഷനിലൂടെ ജീന്‍ തെറാപ്പി വഴി കേള്‍വിശക്തി നൽകി ശാസത്രലോകം. ചരിത്രത്തിലാദ്യമായി പരീക്ഷിച്ചു വിജയിച്ച ഈ പുത്തന്‍ ചികിത്സാ രീതി കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. അമേരിക്കയിലെയും ചൈനയിലേയും കുട്ടികളിലാണ് പരീക്ഷണം നടത്തിയത്. അതിനു നേതൃത്വം നല്‍കിയവരില്‍ ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെയും ചൈനയിലെയും ഗവേഷകരും ഉണ്ടായിരുന്നു. ജന്മനാ കേള്‍വി പ്രശ്‌നം ഉണ്ടായിരുന്ന, ഒന്നു മുതല്‍ 11 വരെ വയസ്സുകാരായ കുട്ടികളില്‍ നടത്തിയ പരീക്ഷണമാണ് വിജയിച്ചത്.
കേള്‍വിക്കു വേണ്ട പ്രോട്ടീന്റെ കുറവ്
പരീക്ഷണം നടത്തിയ കുട്ടികളില്‍ കേള്‍വിക്കു വേണ്ട ഒരു പ്രോട്ടീന്റെ കുറവ് കണ്ടെത്തിയിരുന്നു. ഇത് ജീന്‍ മ്യൂട്ടേഷന്‍ മൂലം സംഭവിച്ചതാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഈ കണ്ടെത്തലിനു ശേഷമായിരുന്നു പരീക്ഷണം. ഓടോഫെര്‍ലിന്‍ (otoferlin, OTOF) എന്നറിയപ്പെടുന്ന ജീനിന്റെ വകഭേദമാണ് കുട്ടികളുടെ ചെവിക്കുള്ളില്‍ കുത്തിവച്ചത്. അതിനു ശേഷം, കുട്ടികള്‍ക്ക് ജന്മനാ ഇല്ലാതിരുന്ന പ്രോട്ടീന്‍ അവരുടെ കോശങ്ങള്‍ ഉൽപാദിപ്പിച്ചു തുടങ്ങുകയായിരുന്നു.
കുത്തിവച്ച കുട്ടികളില്‍ ആദ്യ പ്രതികരണം ആറ് ആഴ്ചയ്ക്കുള്ളില്‍ കണ്ടു തുടങ്ങി. നിലവിൽ ചികിത്സ തുടങ്ങിയിട്ട് 26 ആഴ്ച പിന്നിട്ടു. ആരോഗ്യകരമായ കേള്‍വിയുള്ള കുട്ടികളുടേതിന്റെ 70 ശതമാനം വരെയാണ് ചികിത്സ ലഭിച്ച കുട്ടികള്‍ക്ക് ഇപ്പോള്‍ ലഭിച്ച കേൾവിശക്തി.
‘‘കുട്ടികള്‍ക്ക് കേള്‍വി പ്രശ്‌നം ഉണ്ടെങ്കില്‍ അത് അവരുടെ തലച്ചോറിന്റെ വളര്‍ച്ചയില്‍ ഒരു വൈകല്യമായി തീര്‍ന്നേക്കാം. അതിനാല്‍തന്നെ തങ്ങളുടെ പഠനം ശ്രദ്ധേയമാണെന്നാണ്' ഗവേഷണത്തിനു നേതൃത്വം നല്‍കി ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രഫസറായ സെങ്-യി ചെന്‍ അഭിപ്രായപ്പെട്ടത്. കുട്ടികളില്‍ കാര്യമായ മാറ്റങ്ങളാണ് ആഴ്ചകള്‍ക്കുള്ളില്‍ കണ്ടു തുടങ്ങിയതെന്നു ചെന്‍ പറഞ്ഞു. ലോകമെമ്പാടുമായി 34 ദശലക്ഷത്തോളം കുട്ടികള്‍ ഇത്തരത്തിലുള്ള കേള്‍വി പ്രശ്‌നം നേരിടുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
16 വയസ് സുവരെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി ഫ്ളോറിഡ
16 വയസില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങുകയാണ് അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനം. ഇതിനുള്ള ബില്ലിനെ അനുകൂലിച്ച് 106 ജനപ്രതിനിധികള്‍ വോട്ടു ചെയ്തപ്പോള്‍ എതിര്‍ത്തത് 13 പേര്‍ മാത്രമായിരുന്നു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കുട്ടികള്‍ക്ക് മെറ്റാ കമ്പനിയുടെ കീഴിലുള്ള പ്ലാറ്റ്‌ഫോമുകള്‍, ടിക്‌ടോക് തുടങ്ങിയവ ഉപയോഗിക്കാനാവില്ല. പുതിയ നിയമം ലംഘിച്ച് കുട്ടികള്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ അനുവദിച്ചാല്‍ മാതാപിതാക്കളും മറ്റും നല്‍കുന്ന ഓരോ പരാതിക്കും സമൂഹ മാധ്യമങ്ങള്‍ 10,000 ഡോളര്‍ പിഴ നല്‍കണമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു. കോടതിച്ചെലവ് ഇതിനു പുറമെയായിരിക്കും.
ഗുണകരമായിരിക്കുമോ?
ഫ്‌ളോറിഡയുടെ ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്‌സ് പാസാക്കിയ 'ഹൗസ് ബില്‍ 1' എന്ന് അറിയപ്പെടുന്ന പുതിയ നിയമത്തിനെതിരെ വിമര്‍ശനവും ഉണ്ട്. സമൂഹമാധ്യമങ്ങള്‍ കുട്ടികള്‍ ചിന്തിക്കുന്ന രീതിയെ പോലും സ്വാധീനിക്കുന്നു എന്നാണ് ബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ബില്‍ സെനറ്റിലും പാസായാല്‍ ഗവര്‍ണര്‍ റോണ്‍ സാന്റിസിന്റെ മുന്നിലെത്തും. ബില്‍ കുട്ടികള്‍ക്ക് സുരക്ഷ നല്‍കുമെന്ന് അതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. അതേസമയം, ഈ സ്‌റ്റേറ്റില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ഉപയോഗം കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും എന്നതായിരിക്കും ഫലം എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
മകൾക്ക് ഐഫോണ്‍ 15 പ്രോ മാക്‌സ് വാങ്ങി നല്‍കിയില്ല, സോഷ്യൽ മീഡിയയിൽ ചർച്ച
പുതിയ കാലത്തെ രക്ഷകര്‍ത്താക്കള്‍ നേരിടുന്ന ധര്‍മസങ്കടങ്ങളിലൊന്ന് വരച്ചിട്ടിരിക്കുകയാണ് ഒരു പിതാവ്. അമേരിക്കക്കാരനായ റെഡിറ്റ് യൂസറാണ് (Able_Texas5286) തന്റെ പതിനൊന്നുകാരി മകള്‍ ഒരു ഐഫോണ്‍ 15 പ്രോ മാക്‌സ് വേണമെന്ന് ആവശ്യപ്പെട്ടതായി പോസ്റ്റ് ഇട്ടത്. ഇതിന് 9,500ലേറെ കമന്റുകളും ലഭിച്ചിട്ടുണ്ട്.
തന്റെ കൂട്ടുകാര്‍ക്കെല്ലാം പുതിയ ഫോണുണ്ട് എന്ന കാരണം പറഞ്ഞാണ് തനിക്കു വേണ്ട മോഡലിനെക്കുറിച്ച് മകള്‍ പറഞ്ഞത്. ഐഫോണ്‍ 13 വാങ്ങി നല്‍കാമെന്ന് പിതാവ് പറഞ്ഞു. തന്റെ മകളുടെ ആവശ്യം നടത്തിക്കൊടുക്കാതിരിക്കുന്ന താന്‍ അവളുടെ ജീവിതം നശിപ്പിക്കുകയാണോ എന്ന് പിതാവ് ചോദിക്കുന്നു. വന്‍ തുക മുടക്കി ഉപകരണങ്ങള്‍ വാങ്ങി നല്‍കുക എന്നത് പല മാതാപിതാക്കള്‍ക്കും സാധിക്കാത്ത കാര്യമാണ് എന്നതടക്കമുള്ള കാര്യങ്ങളാണ് റെഡിറ്റിലെ ചര്‍ച്ചയില്‍ വായിക്കാന്‍ സാധിക്കുന്നത്.
പൂര്‍വികര്‍ സസ്യഭുക്കുകളായിരുന്നോ?
ഗവേഷകര്‍ വളരെക്കാലമായി വച്ചുപുലര്‍ത്തിയിരുന്ന വിശ്വാസങ്ങളിലൊന്ന് ആയിരക്കണക്കിനു വര്‍ഷം മുമ്പ് മനുഷ്യര്‍ പൊതുവെ മാംസഭുക്കുകളായിരുന്നു എന്നാണ്. എന്നാല്‍, പ്ലോസ് വണ്‍ (Plos One) എന്ന ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ പ്രകാരം ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് വാദം. പ്രബന്ധത്തിന്റെ പ്രധാന രചയിതാവായ പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ജെനിഫര്‍ ചെന്‍ പറയുന്നത് ചില പ്രദേശങ്ങളില്‍ വസിച്ചിരുന്നവരെങ്കിലും സസ്യഭുക്കുകളായിരുന്നിരിക്കാം എന്നാണ്.
പെറുവിലെ കുഴിമാടങ്ങളില്‍ നിന്നു ലഭിച്ച 24 വ്യക്തികളുടെ എല്ലുകളടക്കമുള്ള അവശിഷ്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ ഈ വാദം മുന്നോട്ടുവച്ചിരിക്കുന്നത്. ഏകദേശം 9,000 - 6,500 വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്നവരാണ് ഇവരെന്ന് ഗവേഷകര്‍ പറയുന്നു. ഇവര്‍ ഏകദേശം 80 ശതമാനം സസ്യാഹാരവും 20 ശതമാനം മാംസാഹാരവും ആയിരിക്കും കഴിച്ചിരുന്നതെന്നാണ് പ്രബന്ധ രചയിതാക്കള്‍ വാദിക്കുന്നത്.
പ്രബന്ധത്തിന്റെ പ്രസക്തികളിലൊന്ന് പുതിയ ഭക്ഷണ രീതികളെക്കുറിച്ച് വീണ്ടുവിചാരം നടത്താനാകും എന്നതാണ്. പേലിയോഡയറ്റ് എന്ന പേരിലൊക്കെ, പഴയ മനുഷ്യര്‍ കഴിച്ചിരുന്ന രീതിയിലുള്ളത് എന്ന അവകാശവാദവുമായി ധാരാളം കാലറിയുള്ള ഭക്ഷണം കഴിക്കുന്ന രീതികൾ പ്രചരിപ്പിക്കപ്പെടുന്ന കാലമാണിത്.
ഏഴു ദിവസത്തെ ബാറ്ററി ലൈഫുമായി നോയിസ്ഫിറ്റ് വോര്‍ടെക്‌സ് പ്ലസ്
നോയിസ്ഫിറ്റ് വോര്‍ടെക്‌സ് പ്ലസ് എന്ന പേരില്‍ 1.46-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയുള്ള സ്മാര്‍ട് വാച്ച് വില്‍പനയ്‌ക്കെത്തി. ബ്ലൂടൂത് കോളിങ്, ഇന്‍-ബില്‍റ്റ് മൈക്, സ്പീക്കര്‍, നൂറിലേറെ കസ്റ്റമൈസബ്ള്‍ വാച്ച് ഫെയ്‌സുകള്‍ തുടങ്ങി ഇത്തരം വാച്ചുകളില്‍ പ്രതീക്ഷിക്കുന്ന മിക്ക ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് ഏഴു ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമമെന്ന് കമ്പനി അവകാശപ്പെട്ടു. വില 1999 രൂപ.
പ്രൊസസര്‍ നിര്‍മാണത്തിന് വന്‍ പ്രോത്സാഹനവുമായി ബൈഡന്‍
അതിനൂതനമായ കംപ്യൂട്ടര്‍-സ്മാര്‍ട്ട്‌ഫോണ്‍ പ്രൊസസറുകള്‍ അമേരിക്കയില്‍ തന്നെ നിര്‍മിച്ചെടുക്കുന്ന കമ്പനികള്‍ വന്‍ പ്രോത്സാഹനം നല്‍കാന്‍ ഒരുങ്ങുകയാണ് ബൈഡന്‍ ഭരണകൂടമെന്ന് ദ് വോള്‍ സ്ട്രീറ്റ് ജേണല്‍. സാംസങ്, ഇന്റല്‍, ടിഎസ്എംസി തുടങ്ങിയ പല ആഗോള ഭീമന്മാരും ഇതിന്റെ ഗുണഭോക്താക്കള്‍ ആയേക്കുമെന്നാണ് സൂചന.
ബില്യന്‍ കണക്കിന് ഡോളറായിരിക്കും അമേരിക്ക കമ്പനികള്‍ക്ക് കൈമാറുക. സ്മാര്‍ട്ട്‌ഫോണുകള്‍, കംപ്യൂട്ടറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവയില്‍ മുതല്‍ അത്യാധുനിക യുദ്ധോപകരണങ്ങളില്‍ വരെ ഉപയോഗിക്കാന്‍ കഴിയുന്നവയായിരിക്കും പുതിയ ചിപ്പുകള്‍.