ADVERTISEMENT

ലോക രാഷ്ട്രങ്ങളുടെ നിയമങ്ങള്‍  ബാധകമാകാതിരിക്കാനും ടാക്‌സ് വെട്ടിക്കാനുമായി സമുദ്രത്തില്‍ ഒഴുകുന്ന നഗരങ്ങള്‍ സൃഷ്ടിക്കാന്‍ പണമിറക്കാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം നിക്ഷേപകര്‍. ‘ജലയുഗം തുറക്കുകയാണ്’ എന്നിങ്ങനെയുള്ള വാചക കസര്‍ത്തുകളും ഇതിനു മുന്നോടിയായി ആരംഭിച്ചിട്ടുണ്ട്. 

floating-cities-1 - 1
Image Credit:Canva AI

ആണവ യുദ്ധമുണ്ടായാല്‍ വേഗം രക്ഷപ്പെടാൻ ഭൂമിക്കടിയില്‍ പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കിയിടുക, വിജനമായി കിടക്കുന്ന ഭൂമി വാങ്ങിക്കൂട്ടുക തുടങ്ങിയവയായിരുന്നു ഇതുവരെ കാശുകാരുടെ വിനോദങ്ങള്‍. കടല്‍ നഗരങ്ങള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാനും ഇനി പണക്കാരായ നിക്ഷേപകര്‍ കാശെറിയും. ടെക്‌നോളജിയുടെ ഈറ്റില്ലമായ സിലിക്കന്‍ വാലിയിലെ ഏറ്റവും വലിയ നിക്ഷേപകരിലൊരാളായ പീറ്റര്‍ തിയല്‍(Peter Thiel) അടക്കമുള്ളവരാണ് ഒഴുകും നഗരങ്ങള്‍ ഉണ്ടാക്കാനായി മുന്നിട്ടിറങ്ങുന്നത്.

15 വർഷത്തെ ഗവേഷണം

കരയില്‍ താമസിക്കുന്നവര്‍ നേരിടേണ്ടി വന്നേക്കാവുന്ന പല അത്യാഹിതങ്ങളും ഒഴിവാക്കാനും കടലിലെ ഒഴുകും നഗരങ്ങള്‍ക്ക് സാധിക്കുമെന്ന വാദവും ഉണ്ട്. ഇതിനെല്ലാമായി ‘സീസ്‌റ്റെഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട്’ നേതൃത്വം നല്‍കുന്ന പഠനം കഴിഞ്ഞ 15 വര്‍ഷമായി നടക്കുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള പ്രാഥമിക നിക്ഷേപം നടത്തിയത് തിയല്‍ ആണ്. സ്ഥിരമായി സ്വതന്ത്ര സമുദ്ര മേഖലയിൽ താമസിക്കാൻ സാധിക്കുന്ന നഗരങ്ങള്‍ എന്ന ആശയമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതുവഴി, വിവിധ രാജ്യങ്ങളുടെ നിയമ പരിധിയില്‍ പെടാതിരിക്കാനും ഒഴുകും നഗരവാസികള്‍ക്ക് സാധിക്കും.

സീപോഡ് എന്ന ഒഴുകും കെട്ടിടങ്ങൾ

ഓഷന്‍ ബില്‍ഡേഴ്‌സ് എന്ന കമ്പനി 2022ല്‍ ആരംഭിച്ച പദ്ധതിയാണ് ദ് സീപോഡ്. ഇത് ഒരു ഒഴുകും കെട്ടിടമാണ്. സീപോഡില്‍ 733 ചതുരശ്ര അടി ലിവിങ് സ്‌പേസ് ഉണ്ട്. എന്നാല്‍, ആദ്യ ഓഷന്‍ പോഡ് 2022 സെപ്റ്റംബറില്‍തന്നെ തകര്‍ന്നുപോയിരുന്നു. ബില്‍ജ് പമ്പിന്റെ പ്രവര്‍ത്തനം നേരാംവണ്ണം നടക്കാത്തതാണ് കാരണമത്രെ. സീപോഡ് എന്ന ആശയത്തിനു പിന്നില്‍ ബിറ്റ്‌കോയിന്‍ വില്‍പനക്കാരന്‍ ചാഡ് എല്‍വര്‍ടോസ്‌കി (Elwartowski) ആണ്. 

രാജ്യങ്ങളുടെ നിയമം ലംഘിച്ചാല്‍ വധശിക്ഷ വരെ ലഭിക്കാം

എല്‍വര്‍ടോസ്‌കി തായ്‌ലൻഡിനു സമീപം ഒരു ഒഴുകും ഫൈബര്‍ഗ്ലാസ് വീട് 2019ല്‍ നിര്‍മിച്ച്, ഭാര്യയുമൊത്ത് താമസിച്ചിരുന്നു. ഇതിലിരുന്ന് ഷാംപെയ്ന്‍ കഴിക്കുന്നതിന്റെ വിഡിയോ പോസ്റ്റു ചെയ്തതോടെ പൊലീസ് റെയ്ഡ് ഉണ്ടായി. ഇരുവര്‍ക്കും നാടുവിടേണ്ടതായും വന്നു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുകയാണ് ഇരുവരും ചെയ്തത് എന്നാണ് തായ്‌ലൻഡ് പറഞ്ഞത്. ഇവര്‍ക്കെതിരെ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത പോലും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കിയുള്ള താമസത്തിനാണ് ഇനി മുതലാളിമാര്‍ ശ്രമിക്കുക. 

(Representative image by: iStock/ Dragon Claws)
(Representative image by: iStock/ Dragon Claws)

സ്റ്റാര്‍ട്ട്അപ് ഗവണ്‍മെന്റുകള്‍

സീസ്റ്റെഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ജോ ക്വിര്‍ക് പറഞ്ഞത്, സ്റ്റാര്‍ട്ട്അപ് ഗവണ്‍മെന്റുകളുടെ കാലം ആഗതമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ എന്നാണ്. അത് എത്രയും വേഗം നടപ്പാക്കാന്‍  ഉത്സാഹിക്കുകയാണെന്നും ക്വിര്‍ക് പറഞ്ഞു. 

നടക്കാത്ത സ്വപ്‌നങ്ങളോ?

ഒഴുകും നഗരം എന്ന സങ്കല്‍പം യാഥാർഥ്യമാക്കാന്‍ നടക്കുന്നവരുടെ സ്വപ്‌നങ്ങളും വ്യത്യസ്തമാണ്.  സാന്‍ ഫ്രാന്‍സിസ്‌കോ നഗരത്തില്‍ ജീവിക്കുന്നയാള്‍ ആണെന്നും നഗരവാസികള്‍ അസംതൃപ്തരാണെന്നും ക്വിര്‍ക് പറഞ്ഞു. അതേസമയം, നഗരത്തെ നിരവധി കൊച്ചുകൊച്ചു കഷണങ്ങളായി മുറിച്ച് ഒഴുകും നഗരമാക്കിയാല്‍ അവിടെയുള്ള ജനങ്ങള്‍ക്ക് അയല്‍വാസികളെ പോലും തിരഞ്ഞെടുക്കാന്‍ സാധിക്കും. 

ഇത്തരത്തിലുള്ള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി പരിശോധിച്ചാല്‍ ജീവിക്കാനുള്ള ഉത്തമമായ രീതി കണ്ടെത്താനാകുമെന്നും ക്വിര്‍ക് പറഞ്ഞു. ഒഴുകും നഗരങ്ങള്‍ക്ക് വലിയ രീതിയില്‍ തന്നെ രാഷ്ട്രീയസ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും സീറ്റെഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കരുതുന്നു. ലോകത്തെ സമുദ്രമേഖലയുടെ പകുതിയും ഒരു രാജ്യത്തിന്റെയും നിയന്ത്രണത്തിലല്ല എന്നതും സ്വതന്ത്ര സമുദ്ര വാസം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ഊര്‍ജം പകരുന്നു. അതേസമയം, ഇതൊക്കെ നടക്കുന്ന കാര്യങ്ങളാണോ എന്ന് ആലോചിക്കുന്നവരും ഉണ്ട്. 

തന്റെ കമ്പനി ആദ്യമായി ഒരാളുടെ തലയോട്ടിക്കുള്ളില്‍ കംപ്യൂട്ടര്‍ ചിപ് വച്ചെന്ന് മസ്‌ക്

Image Credit: kovop/Shuttestock
Image Credit: kovop/Shuttestock

തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയായ ന്യൂറാലിങ്ക് അതിന്റെ ഉല്‍പന്നമായ ബ്രെയിന്‍ ചിപ് ആദ്യമായി ഒരു മനുഷ്യനില്‍ പിടിപ്പിച്ചെന്ന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. ചിപ് പിടിപ്പിച്ചയാള്‍ സുഖപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ നിരീക്ഷണങ്ങള്‍ പ്രകാരം, ചിപ് സ്വീകരിച്ചയാളില്‍ ന്യൂറോണ്‍ പ്രവര്‍ത്തനം വര്‍ദ്ധിച്ചെന്നും മസ്‌ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഒരാളിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുക എന്നു പറയുന്നത് ഇല്ക്ട്രിക്കല്‍ സിഗ്നലുകളും കെമിക്കല്‍ സിഗ്നലുകളും ഉപയോഗിച്ച് കോശങ്ങള്‍ക്ക് തലച്ചോറിലേക്കും ശരീരത്തിലെമ്പാടുമായും വിവരങ്ങള്‍ അയക്കാന്‍ സാധിക്കുന്നു എന്നതിന്റെ സൂചനയാണ് എന്ന് അമേരിക്കയുടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് നിരീക്ഷിച്ചിട്ടുണ്ട്. 

ന്യൂറാലിങ്കിന് മനുഷ്യരുടെ തലയോട്ടിക്കുള്ളില്‍ കംപ്യൂട്ടര്‍ ചിപ് വയ്ക്കാനുളള പരീക്ഷണത്തിന് അനുമതി നല്‍കിയത് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആണ്. ശരീരം തളര്‍ന്നുപോയ ആളുകളിലാണ് ഇവ ആദ്യം പരീക്ഷിക്കുന്നത്.

റോബട്ടിക് സര്‍ജറി ഉപയോഗിച്ചാണ് ന്യൂറാലിങ്ക് കമ്പനിയുടെ ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് ഒരു വ്യക്തിയുടെ തലയോട്ടിക്കുള്ളില്‍ പിടിപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. തങ്ങളുടെ ആദ്യ ലക്ഷ്യം മനുഷ്യര്‍ക്ക് ചിന്ത മാത്രം ഉപയോഗിച്ച് ഒരു കംപ്യൂട്ടറിലെ കഴ്‌സറോ കീബോർഡോ നിയന്ത്രിക്കാനാകുമോ എന്നതാണെന്നാണ് ന്യൂറാലിങ്ക് പറഞ്ഞിരിക്കുന്നത്.

ടെലിപതി എന്ന് മസ്‌ക്

ന്യൂറാലിങ്കിന്റെ ആദ്യ ഉല്‍പന്നത്തെ ടെലിപതി എന്നാണ് വിളിക്കുന്നത് എന്ന് മസ്‌ക് പറഞ്ഞു. ചിപ് പിടിപ്പിച്ചതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ന്യൂറാലിങ്ക് വിസമ്മതിച്ചു എന്നും റോയിട്ടേഴ്‌സ് പറയുന്നു. ഇത്തരം ഗൗരവമുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന ന്യൂറാലിങ്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് പലരും രംഗത്തുവന്നിരുന്നു. 

neuralink - 1

ടെക്‌നോളജി സുരക്ഷിതമോ?

ന്യൂറാലിങ്കിന് ഇപ്പോള്‍ ഏകദേശം 5 ബില്യന്‍ ഡോളറിന്റെ മൂല്ല്യമുണ്ടെന്നാണ് പറയുന്നത്. അതേസമയം, അമേരിക്കയിലെ നാലു ജനപ്രതിനിധികള്‍ ഈ സാങ്കേതികവിദ്യയെക്കുറിച്ചു പറഞ്ഞ് മസ്‌ക് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നു കണ്ടെത്തണമെന്ന് സെക്യുരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന് പരാതി നല്‍കിയിരുന്നു. ന്യൂറാലിങ്ക് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ പ്രശ്‌നങ്ങളിലേക്കു നയിച്ചിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com