20 വർഷം മുൻപ് കുറച്ചു വിദ്യാർഥികൾ ചേർന്നു ആരംഭിച്ച ഫെയ്സ്ബുക്; പിന്നെ ഉണ്ടായത് ചരിത്രം
Mail This Article
2004 ഫെബ്രുവരി 4 നാണ് വിദ്യാർഥിയായിരുന്ന മാർക്ക് സുക്കർബർഗ് സഹപാഠികളുമായി ചേർന്ന് ദ് ഫെയ്സ്ബുക് ഡോട്ട്കോം എന്ന കമ്പനി തുടങ്ങിയത്. വിവിധ അഭിരുചികളും പ്രായവും ചിന്തകളുമുള്ളവർക്കു സ്വതന്ത്രമായി ചിന്തകളും വിവരങ്ങളും വിനോദവുമെല്ലാം പങ്കുവയ്ക്കാൻ കഴിയുന്ന ഒരു ഇടം. സമൂഹമാധ്യമം എന്ന തലത്തിൽ നിന്ന് സന്ദേശവിനിമയ സംവിധാനം,വെർച്വൽ റിയാലിറ്റി, എഐ തുടങ്ങിയ പുത്തൻ സങ്കേതങ്ങളിലേക്ക് മാറിയ 20 വർഷങ്ങളാണ് കടന്നു പോയത്.
മൈസ്‌പേസ് പോലുള്ള സമൂഹമാധ്യമങ്ങൾ ഫെയ്സ്ബുക്കിന് മുൻപ് നിലവിലുണ്ടായിരുന്നു എന്നാൽ അവർക്കൊന്നും സാധിക്കാത്ത വിധത്തിലുള്ള സ്വീകാര്യത നേടിയെടുത്തു ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനത്തെത്താൻ ഫെയ്സ്ബുക്കിനു സാധിച്ചു. ടാഗ് ചെയ്യുക, പോക്ക് ചെയ്യുക പോലെയുള്ള സംവിധാനങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഫീഡുമായിരുന്നു യുവാക്കളെ ഇതിലേക്കു ആകർഷിച്ചത്.
അതിൻ്റെ രണ്ട് പതിറ്റാണ്ട് നീണ്ട യാത്രയിലെ ചില നാഴികക്കല്ലുകൾ ഇതാ
∙വിപ്ലവകരമായ സാമൂഹിക ഇടപെടൽ: വ്യക്തിപരവും പ്രൊഫഷണലുമായ ബന്ധങ്ങളുണ്ടാക്കലുകളെ പരിപോഷിപ്പിച്ചുകൊണ്ട് ഫെയ്സ്ബുക്ക് സാമൂഹിക ബന്ധങ്ങൾക്കു പുതിയൊരു തലമുണ്ടാക്കി.
∙ആശയവിനിമയ രൂപങ്ങൾ: തൽക്ഷണ സന്ദേശമയയ്‌ക്കൽ മുതൽ ലൈവ് വീിഡിയോ വരെയുള്ള ആശയ വിനിമയ സാധ്യതകൾ അവതരിപ്പിച്ചു.
∙വിവരങ്ങൾ പങ്കിടൽ: ആർക്കും ഒരു പ്രസാധകനാകാമെന്ന സ്ഥിതി വന്നു. ഗുണപരവും അതേസമയം തെറ്റിദ്ധാരണകളും വ്യാജവാർത്തകളും പ്രചരിക്കാനും അനിയന്ത്രിതമായ സാഹചര്യവും വളർന്നു.
∙ലോകമെങ്ങും ഒരു കുടക്കീഴിൽ: ഒരു ഹാർവാർഡ് റൂം പ്രോജക്‌റ്റിൽ നിന്ന് ലോകമെമ്പാടുമുള്ള 3 ബില്യനിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോമായി വളർന്നു.
∙സാമ്പത്തിക ശക്തിയും രാഷ്ട്രീയ ശക്തിയും: പരസ്യത്തിലും ഓൺലൈൻ വാണിജ്യത്തിലും ഒരു പ്രധാന ശക്തിയായി മാറി, വിനോദം, വാർത്തകൾ, രാഷ്ട്രീയം എന്നിവയിൽ അനുകൂലവും പ്രതികൂലവുമായ നിരവധി ഇടപെടലുകൾ.
∙ സ്വകാര്യത ആശങ്കകൾ: ഡാറ്റാ ചോർച്ചകൾ, ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾ, മുഖം തിരിച്ചറിയൽ പോലെയുള്ള സ്വകാര്യത പ്രശ്‌നങ്ങളും സംവാദങ്ങളും ഉയർത്തി.
യുവാക്കൾക്കിടയിൽ ഫെയ്സ്ബുക്കിന്റെ ഭാവി എന്തായിരിക്കുമെന്നതു നിലവിൽ ഒരു ചോദ്യ ചിഹ്നമാണ്. എന്നിരുന്നാലം അനിഷേധ്യമായ രണ്ടുപതിറ്റാണ്ടിന്റെ അനുഭവ പരിചയം ഫെയ്സ്ബുക്കിനു ഗുണം ചെയ്തേക്കാം. 20 വർഷത്തെ ഫെയ്സ്ബുക്കിന്റെ വിഡിയോ പങ്കുവച്ചശേഷശേഷം മാർക്ക് സുക്കർബർഗ് പറഞ്ഞത് ഇനി നല്ലതെല്ലാം വരാനിരിക്കുന്നതേയുള്ളൂ എന്നാണ് .