ADVERTISEMENT

ആപ്പിള്‍ കമ്പനിയുടെ ആദ്യ എആര്‍-വിആര്‍ ഹെഡ്‌സെറ്റായ വിഷന്‍ പ്രോ അമേരിക്കയില്‍ തരംഗമായിക്കഴിഞ്ഞു. പല നഗരങ്ങളിലും വിഷന്‍ പ്രോ അണിഞ്ഞ ആളുകള്‍ നിരത്തുകളിലൂടെ നടക്കുന്നതും ആഹാരം കഴിക്കുന്നതും കാര്‍ ഓടിച്ചു പോകുന്നതും ഒക്കെ സ്ഥിരം കാഴ്ചയാകുകയാണ്. പുതിയ ഒരു കംപ്യൂട്ടർ സംസ്കാരം വരുമെന്ന് ആപ്പിൾ പറഞ്ഞതു സംഭവിക്കുന്നതാണ് കാണുന്നത്. പക്ഷേ ഇതിന്റെ അനന്തരഫലങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ.

അതിനിടയില്‍, ഈ 3500 ഡോളര്‍ (2.90 ലക്ഷത്തോളം രൂപ) വിലയുള്ള ഹെഡ്‌സെറ്റ് താഴെ വീണാലോ അതണിഞ്ഞ ഒരാള്‍ ഭിത്തിയില്‍ പോയി ഇടിച്ചാലോ എന്തു സംഭവിക്കുമെന്നു പരിശോധിച്ചിരിക്കുകയാണ് ഒരു യൂട്യൂബര്‍. 

വിഷന്‍ പ്രോ തകരാറിന് 2,399 ഡോളര്‍ (1.99 ലക്ഷത്തോളം രൂപ) വരെ നഷ്ടം

ആപ്പിൾ ട്രാക് യൂട്യൂബ് ചാനലിന്റെ സാം കോള്‍ ആണ് വിഷന്‍ പ്രോയുടെ കരുത്ത് പരീക്ഷിച്ചത്. ഹെഡ്‌സെറ്റിന്റെ ഭാരം 600-650 ഗ്രാം ആണ്. ഇത്രയും ഭാരമുള്ള ഹെഡ്‌സെറ്റ് താഴെ വീണാല്‍  3500 ഡോളര്‍ (2.90 ലക്ഷത്തോളം രൂപ) ‘വെള്ളത്തി’ലാകുമോ? ഇതിന്റെ സ്‌ക്രീനിനു കേടു സംഭവിച്ചാല്‍ മാറ്റിവയ്ക്കണമെങ്കില്‍ 799 ഡോളര്‍ (66,341രൂപ) വേണം. മറ്റു കേടുപാടുകള്‍ നന്നാക്കണമെങ്കില്‍ 2,399 ഡോളര്‍ വരെ നല്‍കേണ്ടി വരും എന്നും ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്.(ആപ്പിള്‍കെയര്‍ സേവനം എടുത്താൽ രണ്ടു വര്‍ഷം വരെ തകരാറുകൾ കമ്പനി  നന്നാക്കി നല്‍കും.) 

എന്തായാലും, നല്ല ഉറപ്പുള്ളതാണ് വിഷന്‍ പ്രോ എന്നാണ് യൂട്യൂബറുടെ കണ്ടെത്തല്‍. സാമാന്യം ഉയരത്തില്‍ നിന്ന് എട്ടു തവണ താഴെ വീണ ശേഷമാണ് വിഷന്‍ പ്രോയുടെ മുന്നിലെ ഗ്ലാസ് പൊട്ടിയത്. അതേസമയം, ഐഫോണുകള്‍ക്ക് അടക്കം നടത്തുന്ന ഇത്തരം ഡ്രോപ് ടെസ്റ്റുകളെ വിശ്വസിക്കരുത് എന്ന് വാദിക്കുന്നവരും ഉണ്ട്. കാരണം, ഉപകരണം താഴെ വീണശേഷം ഉടനെ എടുത്തു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അത് പ്രവര്‍ത്തിക്കും. പക്ഷേ ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം അവ തകരാറിലാവില്ലെന്നതിനു തെളിവൊന്നുമല്ലെന്ന് അവര്‍ വാദിക്കുന്നു. പലപ്പോഴും, താഴെ വീഴുന്ന ഉപകരണങ്ങള്‍ പ്രശ്‌നം കാണിച്ചു തുടങ്ങുന്നത് കുറച്ചു നാളുകള്‍ക്കു ശേഷമായിരിക്കാം.

കോളിന്റെ ഡ്രോപ് വിഡിയോ കാണാം

വേഡും എക്‌സലും പവര്‍പോയിന്റും വിഷന്‍ പ്രോയില്‍

വിഷന്‍ പ്രോയ്ക്ക് അനുയോജ്യമായി ആപ്പുകളിൽ മാറ്റം വരുത്താന്‍ നെറ്റ്ഫ്‌ളിക്‌സ്, സ്‌പോട്ടിഫൈ, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ വിസമ്മതിച്ചു. എന്നാല്‍, മൈക്രോസോഫ്റ്റിന്റെ ഓഫിസ് സൂട്ടിലെ ആപ്പുകളായ വേഡ്, എക്‌സല്‍, പവര്‍പോയിന്റ് തുടങ്ങിയവ ആപ്പിളിന്റെ ഹെഡ്‌സെറ്റില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയില്‍ മാറ്റം വരുത്തി പുറത്തിറക്കി. ഫെബ്രുവരി 2 മുതല്‍ ഇവ ലഭ്യമാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. 

വിഷന്‍ പ്രോ ആപ്പിള്‍ സ്റ്റോറുകളില്‍ വില്‍പനയ്‌ക്കെത്തി 

പ്രീ ഓര്‍ഡര്‍ സമയത്ത് വില്‍പനയ്ക്ക് വച്ചിരുന്ന വിഷന്‍ പ്രോ മുഴുവന്‍ പെട്ടെന്നുതന്നെ വിറ്റു തീര്‍ന്നിരുന്നു. ഇപ്പോള്‍ അമേരിക്കയിലെ ആപ്പിള്‍ സ്റ്റോറുകളില്‍ അവ വില്‍പനയ്‌ക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആപ്പിളിന്റെ എഐ ഈ വര്‍ഷം?

ഗൂഗിളും സാംസങ്ങും ഫോണുകളില്‍ എഐ ഇന്ദ്രജാലങ്ങള്‍ കാണിച്ചു തുടങ്ങിയെങ്കിലും, ഐഫോണുകളില്‍ അതിന് ഇതുവരെ അമിത പ്രാധാന്യം ലഭിച്ചു തുടങ്ങിയിട്ടില്ല. എന്നാല്‍, ഈ വര്‍ഷം പുറത്തിറക്കാന്‍ ഒരുങ്ങുന്ന ഐഒഎസ് 18 ല്‍ എഐ ധാരാളിത്തം കണ്ടേക്കാമെന്ന് സൂചന.

‘എഐ വികസിപ്പിക്കാന്‍ സമയവും അധ്വാനവും ചെലവിടുകയാണിപ്പോള്‍’ എന്ന കമ്പനിയുടെ മേധാവി ടിം കുക്കിന്റെ വാചകമാണ് വരുന്ന മാറ്റങ്ങളുടെ സൂചനയായി ഉയര്‍ത്തിക്കാണിക്കുന്നത്. ബ്ലൂംബര്‍ഗിന്റെ ആപ്പിള്‍ സ്‌പെഷലിസ്റ്റ് മാര്‍ക് ഗുര്‍മന്‍ അടക്കമുള്ളവര്‍ കരുതുന്നത് ഐഒഎസ് 18 ആയിരിക്കും ആപ്പിളിന്റെ മൊബൈല്‍ ഒഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്‌ഡേറ്റെന്നാണ്.

ഗൂഗിളിന്റെ സര്‍ക്കിൾ ടു സേര്‍ച് മറ്റു ഫോണുകളിലേക്ക് എത്താന്‍ വൈകും

ഗൂഗിളിന്റെ പുതിയ ഫീച്ചറായ ‘വട്ടംവരച്ചുളള സേര്‍ച്ച്’ മറ്റ് പല ആന്‍ഡ്രോയിഡ് ഫോണുകളിലേക്കും ഉടന്‍ എത്തുമെന്നായിരുന്നു സൂചന. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സേര്‍ച്ച് ഗൂഗിള്‍ പിക്‌സല്‍ 8 സീരിസിലും സാംസങ് ഗ്യാലക്‌സി എസ്24 സീരിസിലും മാത്രമായിരിക്കും ലഭിക്കുക. ഒക്ടോബര്‍ 2024 മുതലാകും മറ്റു ഫോണുകളിലേക്ക് എത്തുക. 

Google Circle to Searc: Image: Google Blog
Google Circle to Searc: Image: Google Blog

ഗ്യാലക്‌സി, പിക്‌സല്‍ ഫോണുകളിലേക്ക് എയര്‍ഡ്രോപിനു സമാനമായി ഫീച്ചര്‍

ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മില്‍ ഫയലുകളും കോണ്ടാക്ട്‌സും മറ്റും കൈമാറാനുള്ള ഫീച്ചറാണ് എയര്‍ഡ്രോപ്. ഇതിനു സമാനമായ ഒരു ഫീച്ചര്‍ പിക്‌സല്‍ ഫോണുകളില്‍ എത്തിച്ചിരിക്കുകയാണ് ഗൂഗിളും സാംസങ്ങും. ക്വിക് ഷെയര്‍ എന്ന പേരിലാണ് ഇത് പ്രവര്‍ത്തിക്കുക.  ഇരു കമ്പനികളും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഇതിപ്പോള്‍ സാംസങ് ഗ്യാലക്‌സി എസ്24 സീരിസില്‍ ലഭ്യമാക്കിയെന്ന് ടോംസ് ഹാര്‍ഡ്‌വെയര്‍ പറയുന്നു. അതേസമയം, ആന്‍ഡ്രോയിഡ് ഫോണുകളില്‍ കുറച്ചുകാലമായി ലഭ്യമായ നിയര്‍ബൈ ഷെയറിനോട് സമാനമായിരിക്കും ക്വിക് ഷെയര്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗൂഗിള്‍ ബാര്‍ഡിന്റെ പേര് ഉടനെ മാറ്റിയേക്കും

ഗൂഗിളിന്റെ എഐ ചാറ്റ് സേവനമായ ബാര്‍ഡിന് താമസിയാതെ പുതിയ പേരും അധിക കരുത്തും ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജെമിനി എന്ന പേരിലായിരിക്കും പുതിയ എഐ വേര്‍ഷന്‍എത്തുക എന്നാണ് 9ടു5 ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ജെമിനിക്ക് മാസവരി നല്‍കേണ്ട വേര്‍ഷനും കണ്ടേക്കും. ഇതിന് ജെമിനി അള്‍ട്രാ എന്നായിരിക്കാം പേര്. താമസിയാതെ ജെമിനി മറ്റ് പല ഗൂഗിള്‍ സേവനങ്ങളുമായും ബന്ധിപ്പിച്ചേക്കും. ജിമെയില്‍, മാപ്‌സ്, യൂട്യൂബ് തുടങ്ങിയവയിലേക്കൊക്കെ ജെമിനി എത്തുമെന്നു കരുതുന്നു. ഗൂഗിളിന്റെ ഐഒഎസ് ആപ് വഴി, ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ജെമിനി പരീക്ഷിച്ചു നോക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

google-bard-
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com