മേക് ഇൻ ഇന്ത്യ ഉപകരണങ്ങൾക്കു പ്രോത്സാഹനം: പക്ഷേ ചൈനീസ് ടെക് കമ്പനികള്‍ ഇന്ത്യയില്‍ സമ്മര്‍ദ്ദത്തില്‍?
Mail This Article
രാജ്യത്ത് സ്മാര്‍ട്ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിർമിക്കാന്‍ പ്രോത്സാഹനം നല്‍കുന്നുണ്ട് കേന്ദ്ര സർക്കാർ. എന്നാല്‍, ചൈനീസ് കമ്പനികളുടെ ഇറക്കുമതികള്‍ കര്‍ശനമായി പരിശോധിച്ചു തുടങ്ങിയിരിക്കുന്നതിനാല്‍ പല വിതരണക്കാർക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ ആശങ്ക്യുണ്ടെന്ന് സർക്കാരിനെ അറിയച്ചിരിക്കുകയാണ് ചൈനീസ് കമ്പനി ഷഓമി എന്ന് റോയിട്ടേഴ്‌സ്. രാജ്യത്ത് എങ്ങനെ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്നത് വർധിപ്പിക്കാം എന്ന കാര്യത്തെക്കുറിച്ചറിയാന്‍ ഐടി മന്ത്രാലയം അയച്ച കത്തിനു മറുപടിയാണ് ഷഓമി നല്‍കിയത്.
ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്ഫോണുകളില്‍ 18 ശതമാനവും ഷഓമിയുടേതോ സബ് ബ്രാന്‍ഡുകളുടേതോ ആണ്. കമ്പനി ഫെബ്രുവരി 6ന് കേന്ദ്രത്തിനു നല്‍കിയ കത്തിൽ രാജ്യത്ത് ഫോണുകള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന കാര്യവും ഘടകഭാഗങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കുന്ന കാര്യവും പരിഗണിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. ഷഓമി ഇന്ത്യയില്‍ ഉണ്ടാക്കുന്ന ഫോണുകളുടെ ഘടകഭാഗങ്ങള്‍ ഏറെയും ഇന്ത്യയില്‍നിന്നു തന്നെ ശേഖരിക്കുന്നവയാണ്. പോരാതെയുള്ളവ ചൈന അടക്കമുള്ള രാജ്യങ്ങളിലെ കമ്പനികളില്‍ നിന്ന് വാങ്ങുന്നു.
ചൈനയുമായുള്ള സംഘര്‍ഷം കൂടിയതോടെ, 2020 മുതലാണ് ഇറക്കുമതി ചെയ്യുന്ന ഘടകഭാഗങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ഇന്ത്യ ആരംഭിച്ചത്. ഇതോടെ, ഇന്ത്യയില്‍ മൂലധന നിക്ഷേപത്തിന് ഒരുങ്ങിയ പല ചൈനീസ് കമ്പനികളും പിന്മാറി. ഇന്ത്യ ഇപ്പോള്‍ നടത്തുന്ന സൂക്ഷ്മ പരിശോധനയെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ കമ്പനികൾ തയാറല്ല. സ്മാര്‍ട്ഫോണ്‍ നിര്‍മാണത്തില്‍ പല പ്രധാന ഭാഗങ്ങളും ചൈനയില്‍ നിന്നാണ് വരുന്നത്. പ്രാദേശികമായി ഘടകഭാഗങ്ങള്‍ നിര്‍മിക്കാനുള്ള പരസ്പരവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള ശ്രമം നടക്കണമെന്നാണ് ഷഓമി ഇന്ത്യയുടെ പ്രസിഡന്റ് മുരളികൃഷ്ണന്‍ ബി കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത്.
പിച്ചൈ യൂട്യൂബ് കാണുന്നത് ഏതു സ്പീഡില്‍?
യൂട്യൂബ് വിഡിയോകള്‍ നോര്‍മല്‍ സ്പീഡില്‍ കാണുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍, ഇത് പതുക്കെയാക്കുകയോ വേഗത്തിലാക്കുകയോ ചെയ്യാം. പല വിദ്യാർഥികളും പഠനവിഡിയോകള്‍ അതിവേഗം കണ്ടുപോകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. പ്രശസ്ത യൂട്യൂബര്‍ മാര്‍കസ് ബ്രൗണ്‍ലീ ആണ് തന്റെ ഫോളോവര്‍മാര്‍ ഏതു സ്പീഡിലാണ് യൂട്യൂബ് വിഡിയോ കാണുന്നത് എന്നതിനെക്കുറിച്ച് ഒരു വോട്ടെടുപ്പു നടത്തിയത്.
നോര്‍മല്‍ സ്പീഡിനു (1x) പുറമെ വേഗം കൂട്ടാനുള്ള ഓപ്ഷനുകള്‍ 1.25x, 1.5x, 2x എന്നിങ്ങനെയാണല്ലോ. സ്പീഡ് കുറയ്‌ക്കേണ്ടവര്‍ക്ക് 0.25, 0.5, 0.75 എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ഇതിനു പുറമെ കസ്റ്റം സ്പീഡുകളും ഉപയോഗിക്കാം. (ഉദാ. 1.1x)
ബ്രൗണ്‍ലീയുടെ പോള്‍ റീപോസ്റ്റ് ചെയ്ത ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞത്, താന്‍ നോര്‍മല്‍ സ്പീഡിലാണ് പ്രധാനപ്പെട്ടതെന്നു തോന്നുന്ന വിഡിയോകൾ .യൂട്യൂബില്‍ കാണുന്നതെന്നാണ്. അതേസമയം, അത്ര പ്രാധാന്യമില്ലെങ്കില്‍ സ്പീഡു കൂട്ടുമെന്നും പിച്ചൈ പറഞ്ഞു.
മസ്‌കിന് ഇരട്ട പ്രഹരം
സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന് ഇരട്ട പ്രഹരം. അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ ഓഹരിവില താഴേക്കുപോകുന്നു എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. മറ്റു കമ്പനികളുടെ ഓഹരികള്‍ക്ക് മുന്നേറ്റം ലഭിക്കുമ്പോഴാണ് ഇത് എന്നതാണ് മസ്‌കിന് തലവേദനയാകുന്നത്. ഈ വര്‍ഷം ടെസ്‌ലയുടെ ഓഹരി വില 22 ശതമാനമാണ് കൂപ്പുകുത്തിയത്. എന്‍വിഡിയയ്ക്ക് 46 ശതമാനവും മെറ്റാ കമ്പനിക്ക് 32 ഉയര്‍ച്ച രേഖപ്പെടുത്താനായപ്പോഴാണ് ഇതെന്ന് ബ്ലൂംബര്‍ഗ് ചൂണ്ടിക്കാണിക്കുന്നു. അതു പോരെങ്കില്‍ മസ്‌ക് നിര്‍മിത ബുദ്ധിയുടെ കാര്യത്തില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വേണ്ടത്ര ശോഭിക്കുന്നില്ലെന്നുള്ളതും അദ്ദേഹത്തിന് വിനയാകുകയാണ് എന്ന് റിപ്പോര്‍ട് പറയുന്നു.