തടി ഉപയോഗിച്ചു നിര്‍മിച്ച സാറ്റലൈറ്റ്, ലോകം ഭയക്കുന്ന 'ക്യുഡേ' ഭീഷണി; ടെക് ലോകത്തെ രസമുള്ള വാർത്തകള്‍
Mail This Article
ശാസ്ത്രലോകത്തിനു രസം പകര്‍ന്ന് പുതിയ വാര്‍ത്ത. ഭാവിയില്‍ ബഹിരാകാശ വാഹനങ്ങള്‍ നിര്‍മിക്കാന്‍, എൻജിനീയര്‍മാർക്കൊപ്പം തടിപ്പണിക്കാരും വേണ്ടിവരുമോ എന്ന കൗതുകസംശയം. അലുമിനിയത്തിനു പകരം തടി ഉപയോഗിച്ച് നിര്‍മിക്കുന്ന ഒരു ഉപഗ്രഹത്തിന്റെ ഡിസൈന്‍ ജപ്പാൻ പുറത്തുവിട്ടു. ഈ വര്‍ഷം വിക്ഷേപിക്കാനാണ് പദ്ധതി. ലിഗ്‌നോസാറ്റ് എന്നു പേരിട്ടിരിക്കുന്ന ഉപഗ്രഹം നിര്‍മിക്കുക മംഗോളിയ വുഡ് ഉപയോഗിച്ചായിരിക്കുമത്രേ. ഉപഗ്രഹ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ബഹിരാകാശത്ത് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടാന്‍ ഇടവരുത്തുന്നതിനാലാണ്, പരീക്ഷണാര്‍ഥം പുതിയ സാറ്റലൈറ്റ് വിക്ഷേപിക്കുന്നത്.
ഈ റിസ്റ്റ്ബാന്‍ഡ് അണിഞ്ഞാല്‍ ചിന്ത ഉപയോഗിച്ച് ടൈപ് ചെയ്യാം!
ചിന്ത ഉപയോഗിച്ച് ടൈപ് ചെയ്യാന്‍ സാധിക്കുന്ന ഒരു റിസ്റ്റ്ബാന്‍ഡ് താമസിയാതെ വിപണിയിലെത്തിയേക്കുമെന്ന് സൂചന. മാര്‍ക് സക്കര്‍ബര്‍ഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെറ്റാകമ്പനി 2021 മുതല്‍ വികസിപ്പിച്ചു വരുന്നതാണ് ഇത്. തലച്ചോറില്‍ ന്യൂറാലിങ്ക് ചിപ് അണിഞ്ഞയാള്‍ ചിന്ത ഉപയോഗിച്ച് മൗസ് ചലിപ്പിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. ന്യൂറാലിങ്കിനെ പോലെ തലയോട്ടി തുരന്നു പിടിപ്പിക്കേണ്ടതല്ല റിസ്റ്റ്ബാന്‍ഡ് എന്നതിനാല്‍ പുതിയ ഉപകരണം പരീക്ഷിക്കാന്‍ ടെക്‌നോളജി പ്രേമികള്‍ ഇഷ്ടപ്പെട്ടേക്കും.
റിസ്റ്റ്ബന്‍ഡിനെക്കുറിച്ച് വമ്പന്‍ പ്രതീക്ഷകള്‍
ഇലക്ട്രോമയോഗ്രാഫി (electromyography) എന്ന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ് റിസ്റ്റ്ബാന്‍ഡ്. റിസ്റ്റ്ബാന്‍ഡ് കൺട്രോളർ അണിഞ്ഞാല്‍ ചിന്ത ഉപയോഗിച്ച് ടൈപ് ചെയ്യാമത്രെ. മോണിങ് ബ്രൂഡെയ്‌ലി പോഡ്കാസ്റ്റില്‍ സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, വെറുതെ മൗസ് ചലിപ്പിക്കാനോ കീബോഡ് പ്രവര്‍ത്തിപ്പിക്കാനോ മാത്രമുള്ള ഒന്നായിരിക്കില്ല റിസ്റ്റ്ബാന്‍ഡ് എന്നും കരുതുന്നു. ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യകള്‍ക്ക് അപ്രതീക്ഷിത കുതിപ്പ് നല്‍കാനുള്ള ശേഷിയും ഇതിന് കണ്ടേക്കും. തലച്ചോറില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ സിഗ്നലുകളെ ഇലക്ട്രോമയോഗ്രാഫി ഉപയോഗിച്ച് പരിവര്‍ത്തനം ചെയ്താണ് റിസ്റ്റ്ബാന്‍ഡ് അതിന്റെ മാജിക് കാണിക്കുക.
ഐഫോണില്‍ ഫ്രീ ആപ്പിള്‍ സ്പോര്‍ട്സ് ആപ്!
കായിക പ്രേമികളെ ആകര്‍ഷിക്കാന്‍ ഐഫോണില്‍ പുതിയ ആപ്പുമായി ആപ്പിള്‍ കമ്പനി. ആപ്പിള്‍ സ്പോര്‍ട്സ് എന്നു പേരിട്ടിരിക്കുന്ന ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഏകദേശം 17എംബി മാത്രമാണ് സൈസ്. കായിക മത്സരങ്ങളുടെ സ്‌കോറുകളും സ്ഥിതിവിവരക്കണക്കുകളും അതിവേഗം എത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് എഡി ക്യൂ പറഞ്ഞു. തുടക്കത്തില്‍ ഇത് അമേരിക്ക, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളില്‍ മാത്രമായിരിക്കും ലഭ്യമാക്കുക.
പുതിയ ഐഫോണുകളില്‍ മാത്രം
ഐഎസ് 17.2, അല്ലെങ്കില്‍ അതിനു ശേഷമിറക്കിയ അപ്ഡേറ്റ് പ്രവര്‍ത്തിക്കുന്ന, താരതമ്യേന പുതിയ ഐഫോണുകളില്‍ മാത്രമായിരിക്കും ആപ്പിള്‍ സ്പോര്‍ട്സ് ആപ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുക. തുടക്കത്തില്‍ എന്‍ബിഎ, പ്രിമിയര്‍ ലീഗ്, മേജര്‍ ലീഗ് സോക്കര്‍ തുടങ്ങിയ ലീഗുകളുടെയും ടൂര്‍ണമെന്റുകളുടെയും സ്‌കോറുകളും സ്റ്റാറ്റിസ്റ്റിക്സുമായിരിക്കും നല്‍കുക. നാലു വയസ്സിനു മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാമെന്നു പറയുന്ന ആപ്പില്‍, ഇപ്പോള്‍ ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളാണ് ഉള്ളത്. ആപ് ഉപയോഗിച്ച്, നടക്കുന്ന കളികളെക്കുറിച്ച് തത്സമയം അറിയാനും ഇനി വരാനിരിക്കുന്ന ഗെയിമുകളെക്കുറിച്ച് അറിയാനും സാധിക്കും.
തത്സമയം കളികാണാം
ആപ്പിള്‍ ടിവി സബ്സ്‌ക്രൈബറാണെങ്കില്‍, സ്‌കോര്‍ നോക്കുന്ന സമയത്ത് ആവേശകരമായ ഒരു മുഹൂര്‍ത്തമാണ് എന്നു തോന്നിയാല്‍ കളി ലൈവായി കാണാം. ആപ്പിള്‍ ടിവിയിലൂടെ ലൈവ് സംപ്രേഷണമുണ്ടെങ്കില്‍ മാത്രമെ ഇതു നടക്കൂ. ആപ്പിള്‍ ടിവിക്കു പുറമെ, ആപ്പിള്‍ ന്യൂസുമായും സിങ്ക് ചെയ്യാന്‍ ആപ്പിള്‍ സ്പോര്‍ട്സിന് സാധിക്കും. സ്പോര്‍ട്സ് മേഖലയില്‍ മറ്റു കമ്പനികളുമായി ആപ്പിള്‍ ഇപ്പോള്‍ സഹകരണ കരാറുകളില്‍ ഏര്‍പ്പെടുന്നുമുണ്ട്. ഇതിന്റെ ഗുണം ഇന്ത്യയിലും കിട്ടുക എന്നത് അതിവിദൂരമായിരിക്കില്ലെന്നാണ് സംസാരം.
ക്വാണ്ടം കംപ്യൂട്ടറുകള്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത സുരക്ഷയിലേക്ക് ഐമെസേജ്
ആപ്പിളിന്റെ സന്ദേശക്കൈമാറ്റ ആപ്പായ ഐമെസേജിന് ഗംഭീര സംരക്ഷണ കവചമൊരുക്കി. പിക്യൂ3 എന്ന പേരിലുള്ള പുതിയ എന്‍ക്രിപ്ഷന്‍ പ്രോട്ടോക്കോള്‍ ആണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിശക്തമായ ക്വാണ്ടം കംപ്യൂട്ടറുകള്‍ ഉപയോഗിച്ചുള്ള ആക്രമണം ഇപ്പോഴുള്ള എന്‍ക്രിപ്ഷനെ തകര്‍ക്കുമെന്നു കണ്ടതോടെയാണ് പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. ക്യൂ-ഡേ ഭീതി മൂലം ഇത്തരം സംരക്ഷണം താമസിയാതെ മറ്റ് അമേരിക്കന്‍ കമ്പനികളും ഉപയോഗിച്ചേക്കും.
എന്താണ് ക്യൂ-ഡേ ഭീതി?
അമേരിക്കയിലേയും ചൈനയിലേയും ടെക്നോളജി സ്ഥാപനങ്ങള്‍ ക്യൂ-ഡേ ഭീതിയിലാണ്. ക്വാണ്ടം കംപ്യൂട്ടറുകള്‍ ഉപയോഗിച്ചുള്ള ആക്രമണം സംഭവിക്കുന്ന നിമിഷത്തിനാണ് ക്യൂ-ഡേ എന്നു വിളിക്കുന്നത്. അതിശക്തമായ ക്വാണ്ടം കംപ്യൂട്ടറുകളുടെ വികസിപ്പിക്കലിന് വിവിധ കമ്പനികളും രാജ്യങ്ങളും കാശെറിഞ്ഞു തുടങ്ങിയതോടെയാണ് ഇവ ഉപയോഗിച്ചു നടത്തിയേക്കാവുന്ന ആക്രമണങ്ങള്‍ ഒരു ദിവസം ഉണ്ടാകുമെന്ന ചിന്ത വന്നത്. അത്തരം ആക്രമണങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ നിലവിലുള്ള സാങ്കേതികവിദ്യയ്ക്ക് സാധിച്ചേക്കില്ല എന്ന തോന്നലാണ് അതിനെതിരെ പ്രതിരോധം ചമയ്ക്കാനായി കമ്പനികള്‍ പരക്കംപായാന്‍ ഇടവരുത്തിയത്.
ചൈനയുടെ ചിപ് നിര്‍മാണ ശാലയ്ക്കെതിരെ അമേരിക്ക
വാവെയ് മെയ്റ്റ് 60 പ്രോ സ്മാര്‍ട്ഫോണിൽ പ്രവര്‍ത്തിക്കുന്ന അതിനൂതന സാങ്കേതികവിദ്യ കണ്ണിൽപ്പെട്ട അമേരിക്ക, അത് നിര്‍മിച്ച ചൈനീസ് ഫാക്ടറിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായി റോയിട്ടേഴ്സ്. അമേരിക്കയില്‍നിന്ന് സാങ്കേതികവിദ്യ ഇറക്കുമതി ചെയ്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഈ ഫാക്ടറിയിലേക്ക് ടെക്നോളജിയോ ചിപ് നിര്‍മാണ വസ്തുക്കളോ അയയ്ക്കുന്നതിനായിരിക്കും വിലക്ക്. ഇത് അമേരിക്കന്‍ കമ്പനികള്‍ക്ക് ദശലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടം വരുത്തിവച്ചേക്കും..
പുതിയ വിലക്ക് ബാധിക്കുന്ന കമ്പനികളിലൊന്ന് എന്റെഗ്രിസ് (Entegris) ആണ്. അതേസമയം, ഈ കമ്പനി നിയമവിരുദ്ധമായി ഒന്നും ചെയ്തതായി കണ്ടെത്താന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് പറയുന്നു. അമേരിക്ക അടിച്ചമര്‍ത്തിയ വാവെയ് കമ്പനിയുടെ തിരിച്ചുവരവും രാജ്യത്തിന്റെ ടെക്നോളജി കരുത്ത് വിളംബരം ചെയ്യുന്നതുമാണ് വാവെയ് മെയ്റ്റ് 60 പ്രോയില്‍ കണ്ടത്. ഈ ഫോണിന്റെ പ്രകടനം പാശ്ചാത്യ ലോകത്തെ ഞെട്ടിച്ചു എന്നും അത് അമേരിക്ക സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
സിഗ്‌നലില്‍ ഇനി യൂസര്‍നെയിം യുഗം
അതിശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഉള്ള സന്ദേശക്കൈമാറ്റ ആപ്പായ സിഗ്‌നലില്‍ ഇനി യൂസര്‍ നെയിം ഉപയോഗിക്കാം. ഇത്തരത്തില്‍ ഒരാള്‍ ഒരു പ്രൊഫൈല്‍ സൃഷ്ടിച്ചാല്‍ അയാളുടെ ഫോണ്‍ നമ്പര്‍ മറ്റ് ഉപയോക്താക്കള്‍ക്ക് കാണാനാവില്ല. പ്രൊഫൈല്‍ ഫോട്ടോയും യൂസര്‍നെയിമും മാത്രമായിരിക്കും മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുക. വ്യക്തികളുമായുള്ള ചാറ്റിലും ഗ്രൂപ്പ് ചാറ്റിലും ഇത് പ്രവര്‍ത്തിക്കും.
അതേസമയം, ഇപ്പോള്‍ ഒരാളുടെ നമ്പര്‍ ആരെങ്കിലും സേവ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അങ്ങനെ തന്നെ നിലനില്‍ക്കും. സിഗ്‌നലില്‍ പുതിയ പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. ഫോണ്‍ നമ്പര്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത ആളുകളുടെ കയ്യില്‍ എത്തില്ല എന്നതാണ് ഇതിന്റെ ഗുണം.
എടിആന്‍ഡ്ടി നെറ്റ്വർക് മുടങ്ങി; സൈബര്‍ ആക്രമണമോ എന്ന് അന്വേഷണം
അമേരിക്കയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എടിആന്‍ഡ്ടി, വൈറൈസണ്‍, ടി-മൊബൈല്‍ തുടങ്ങിയ കമ്പനികളുടെ സേവനങ്ങള്‍ക്ക് മുടക്കം നേരിട്ടു. ആയിരക്കണക്കിന് ഉപയോക്താക്കളെ ഇത് ബാധിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സൈബര്‍ ആക്രമണമാണോ എന്നു കണ്ടെത്താൻ ശ്രമിക്കുകയാണ് അമേരിക്കയുടെ എഫ്ബിഐയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റീസും.
ഇന്ത്യന്‍ ഡവലപ്പര്‍മാരുടെ വീരാ ബ്രൗസര്‍ ആന്‍ഡ്രോയിഡില്‍
വീരാ (Veera) എന്ന പേരില്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പുതിയ വെബ് ബ്രൗസര്‍ ആന്‍ഡ്രോയിഡില്‍. താമസിയാതെ ഐഎസ്, വിന്‍ഡോസ് വേര്‍ഷനുകള്‍ പുറത്തിറക്കിയേക്കും. ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ്എജ്, ബ്രേവ് തുടങ്ങിയ ബ്രൗസറുകള്‍ക്ക് ആധാരമായ ക്രോമിയം പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ചതാണ് ഇത്. ബ്രേവിന്റെ പ്രവര്‍ത്തനത്തോട് സാമ്യമുണ്ട് ഇതിന്.
ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വില്‍പനശാലകളുടെ കൂപ്പണുകളും നല്‍കുന്നുണ്ട്. കൂടുതല്‍ പേരെക്കൊണ്ട് ഉപയോഗിപ്പിക്കാനായി പലതരം പ്രോത്സാഹനങ്ങളും നല്‍കുന്നു. ഉദാഹരണത്തിന്, ഡിഫോള്‍ട്ട് ബ്രൗസർ ആക്കുന്നവര്‍ക്ക് 1150 പോയിന്റ് നല്‍കുന്നു.
എഐ പ്രൊസസറുമായി ഗ്യാലക്സി ബുക് 4 ലാപ്ടോപ്
നിര്‍മിത ബുദ്ധി (എഐ) ശക്തിപകരുന്ന ഇന്റല്‍ കോര്‍ അള്‍ട്രാ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഗ്യാലക്സി ബുക് 4 ലാപ്ടോപ് വില്‍പനയ്ക്കെത്തി. അമോലെഡ് ഡിസ്പ്ലേയാണ് ഇതിന്റെ മറ്റൊരു സവിശേഷത. മൂന്നു വേരിയന്റുകളാണ് വില്‍പനയ്ക്കെത്തിയിരിക്കുന്നത്. ഇവയ്ക്ക് 32 ജിബി വരെ റാമും 1 ടിബി വരെ സംഭരണശേഷിയുമുള്ള വേരിയന്റുകള്‍ ഉണ്ട്.
ഗ്യാലക്സി ബുക്ക്4 360, ഗ്യാലക്സി ബുക്ക്4 പ്രോ, ഗ്യാലക്സി ബുക്ക്4 പ്രോ 360 എന്നീ പേരുകളിലാണ് ഇവ വില്‍ക്കുന്നത്. ഇന്റല്‍ കോര്‍ 5 പ്രൊസസറുള്ള ഗ്യാലക്സി ബുക്ക്4 360 തുടക്ക വേരിയന്റിന് വില 1,14,990 രൂപ. ഏറ്റവും കൂടിയ വേരിയന്റായ ഗ്യാലക്സി ബുക് 4 പ്രോ 360 ലാപ്ടോപ്പിന്റെ പ്രൊസസര്‍ ഇന്റല്‍ കോര്‍ അള്‍ട്രാ 7 ആണ്. ഇതിന്റെ 16ജിബി/ടിബി വേരിയന്റിന് വില 1,79,990 രൂപ.
സ്ത്രീകളുടെയും പുരുഷന്മാരുടെയും തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായി ആണെന്നു പഠനം
സ്ത്രീകളും പുരുഷന്മാരും ഒരു രീതിയില്‍ ചിന്തിക്കുന്നവരല്ലെന്നുള്ള വാദത്തിന് പിന്‍ബലം നല്‍കുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. എഐ-അധിഷ്ഠിത മോഡല്‍ വച്ച് നടത്തിയ പഠനങ്ങളാണ് ഈ അനുമാനത്തിലെത്താല്‍ സ്റ്റാന്‍ഫെഡ് മെഡിസിന്‍ സ്ഥാപനത്തിലെ ഗവേഷകരെ സഹായിച്ചത്. ആണോ പെണ്ണോ എന്നത് ഒരാളുടെ തലച്ചോറിനെ ബാധിക്കുന്നു എന്നാണ് സ്റ്റാന്‍ഫഡ് സൈക്യാട്രി പ്രഫസര്‍ വിനോദ് മേനോന്‍ പ്രധാന രചയിതാവായ പ്രബന്ധം പറയുന്നത്.