'ഡോളി കി ചായ' മുതൽ 250 കോടി രൂപയുടെ നോട്ടുപുസ്തകം വരെ! ബിൽ ഗേറ്റ്സ് എന്ന അദ്ഭുതം
Mail This Article
നാഗ്പുരിലെ 'ഡോളി ചായ്‌വാല' പ്രശസ്തനായ ഒരു ചായക്കച്ചവടക്കാരനാണ്. വളരെ സ്റ്റൈലിഷായി ചായയടിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഒരു ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഡോളിക്ക് അറിയില്ലായിരുന്നു തനിക്കരികിൽ വന്ന് ചായ ചോദിച്ചത് സാക്ഷാൽ ബിൽ ഗേറ്റ്സാണെന്ന്. ചായ കൊടുക്കുന്നതിന്റെ വിഡിയോ എടുപ്പിച്ച ബിൽഗേറ്റ്സ് ഇത് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.
ബിൽഗേറ്റ്സ്. ഇലോൺ മസ്കും ജെഫ് ബെസോസുമൊക്കെ അരങ്ങുവാഴുന്നതിനു മുൻപ് വിദേശ ടെക് സംരംഭകൻ എന്നാൽ നമുക്ക് ബിൽ ഗേറ്റ്സായിരുന്നു. ‘നീ ബിൽഗേറ്റ്സാണോടേ’ എന്ന്, ഒരൽപം കൂടുതൽ പണം ചെലവാക്കുന്ന സുഹൃത്തിനോട് നാം ചോദിച്ചിരുന്നു. മൈക്രോസോഫ്റ്റിലൂടെ ലോകത്തെ മാറ്റി മറിച്ച ഈ ധനികൻ വ്യത്യസ്തമായ താൽപര്യങ്ങളുള്ളയാളുമാണ്. 12,740 കോടി യുഎസ് ഡോളർ ആണ് ബിൽഗേറ്റ്സിന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നത്.
ഈ ആസ്തിയിൽ സിംഹഭാഗവും മൈക്രോസോഫ്റ്റ് സിഇഒ ആയിരുന്ന കാലത്ത് സമ്പാദിച്ചതാണ്. മൈക്രോസോഫ്റ്റിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് 2014ൽ ഗേറ്റ്സ് പടിയിറങ്ങിയെങ്കിലും ഇന്നും കമ്പനിയിൽ നിക്ഷേപമുണ്ട്. ഗേറ്റ്സിന്റെ ധനത്തിൽ നല്ലൊരു പങ്കും കാസ്കേഡ് ഇൻവെസ്റ്റ്മെന്റ് എൽഎൽസി എന്ന കമ്പനിയിലാണ്. തന്റെ ധനനിക്ഷേപങ്ങൾ നിയന്ത്രിക്കാനായാണ് ഗേറ്റ്സ് ഈ കമ്പനി സ്ഥാപിച്ചത്. ഓട്ടോനേഷൻ, ബെർക്‌ഷെയർ ഹാത്ത്‌വേ, കൊക്കക്കോള തുടങ്ങിയ വൻ കമ്പനികളിൽ കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ട്.
റിയൽ എസ്റ്റേറ്റിലും ഗേറ്റ്സ് ഒരുകൈ നോക്കിയിട്ടുണ്ട്. യുഎസിലെ സിയാറ്റിലിലുള്ള ഗേറ്റ്സിന്റെ വസതിയായ സാനഡു 20,66000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ്. ആറ് അടുക്കളകളും 24 ബാത്ത്റൂമുകളുമുള്ള ഒരു ആധുനിക സൗധം. ഇവിടത്തെ എല്ലാ സൗകര്യങ്ങളും കംപ്യൂട്ടർ, ആർട്ടിഫിഷൽ ഇന്റലിജൻസ് സഹായത്തോടെ പൂർണമായും ഓട്ടമേറ്റഡാണ്.
ഫ്ലോറിഡയിൽ 6 കോടി യുഎസ് ഡോളർ വിലവരുന്ന ഒരു മാൻഷനും മുപ്പതേക്കർ കുതിര ഫാമും ഗേറ്റ്സിനുണ്ട്. മധ്യഅമേരിക്കൻ രാജ്യം ബെലീസിന്റെ തീരത്തിനു സമീപമുള്ള ഗ്രാൻഡ് ബോഗ് കയേ എന്ന 314 ഏക്കർ വിസ്തീർണമുള്ള ദ്വീപും ഗേറ്റ്സിന്റേതാണെന്ന് അഭ്യൂഹമുണ്ട്. ഇതു കൂടാതെ യുഎസിൽ പലയിടത്തും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ ഗേറ്റ്സ് കുടുംബം നടത്തിയിട്ടുണ്ട്.
ബൊംബാർഡിയർ ബിഡി 700 ഗ്ലോബൽ എക്സ്പ്രസ് വിഭാഗത്തിലെ രണ്ടു ജെറ്റ് വിമാനങ്ങൾ ബിൽ ഗേറ്റ്സിനു സ്വന്തമാണ്. പോർഷെ, ജാഗ്വർ, മെഴ്സിഡീസ്, ഫെരാരി ഉൾപ്പെടെ വമ്പനൊരു കാർ കലക്‌ഷനും ഗേറ്റ്സിനുണ്ട്.കംപ്യൂട്ടർ വൈദഗ്ധ്യത്തിനൊപ്പം കലാപരമായ അഭിരുചികളും സൂക്ഷിക്കുന്ന ഗേറ്റ്സിന് അസൂയാവഹമായ ഒരു കലാവസ്തു ശേഖരമുണ്ട്.
ഇതിലെ പ്രധാനപ്പെട്ട ഐറ്റം വിശ്വവിഖ്യാത ബഹുമുഖ പ്രതിഭ ലിയണാഡോ ഡാവിഞ്ചി സ്വന്തം കൈപ്പടയിലെഴുതിയ കോഡക്സ് ലീസെസ്റ്റർ എന്ന കയ്യെഴുത്തു പ്രതിയാണ്. ഡാവിഞ്ചിയുടെ ശാസ്ത്ര നിരീക്ഷണങ്ങളും നിഗമനങ്ങളുമടങ്ങിയ ഈ നോട്ടുപുസ്തകം ഗേറ്റ്സ് സ്വന്തമാക്കിയത് മൂന്നു കോടി യുഎസ് ഡോളറിനാണ്
കൂടാതെ ആൻഡ്രൂ വ്യെത്തിന്റെ ഡിസ്റ്റന്റ് തണ്ടർ, വില്യം മെറിറ്റ് ചേസിന്റെ നഴ്സറി, ഫ്രെഡറിക് ഹാസാമിന്റെ റൂം ഓഫ് ഫ്ലവേഴ്സ്, ജോർജ് ബെല്ലോയുടെ പോളോ ക്രൗഡ് തുടങ്ങിയ വിലപിടിപ്പുള്ള പെയിന്റിങ്ങുകളും ഈ ശേഖരത്തിനെ സമ്പന്നമാക്കുന്നു.
കോളജ് ഡ്രോപൗട്ടിൽ നിന്നും ടെക് ടൈറ്റാനിലേക്ക്...
ആദ്യകാല ജീവിതം (1955-1973):
∙സ്‌കൂളിലെ മെഷീനുകളിൽ പഠനത്തിനും പ്രോഗ്രാമിങ്ങിനുമായി എണ്ണമറ്റ മണിക്കൂറുകൾ ചെലവഴിക്കുന്നു.
∙13-ാം വയസ്സിൽ, ഗേറ്റ്‌സും സുഹൃത്ത് പോൾ അലനും ട്രാഫിക് പാറ്റേണുകൾ ട്രാക്ക് ചെയ്യുന്ന അവരുടെ ആദ്യത്തെ സോഫ്റ്റ്‌വെയർ, ട്രാഫ്-ഒ-ഡേറ്റ വികസിപ്പിക്കുന്നു.
∙ഗേറ്റ്‌സ് അക്കാദമികമായി മികവ് പുലർത്തുകയും ഹാർവഡ് യൂണിവേഴ്‌സിറ്റിയിൽ നേരത്തേ പ്രവേശനം നേടുകയും ചെയ്യുന്നു, തുടക്കത്തിൽ നിയമ ബിരുദം നേടാൻ പദ്ധതിയിടുന്നു.
മൈക്രോസോഫ്റ്റിൻ്റെ ജനനം (1973-1980):
∙ഡോം റൂം സ്റ്റാർട്ടപ്പ്: ഹാർവഡിൽ ആയിരിക്കുമ്പോൾ തന്നെ, ഗേറ്റ്സും അലനും ചേർന്ന് മൈക്രോസോഫ്റ്റ് സ്ഥാപിച്ചു, ആദ്യത്തെ പിസികളിലൊന്നായ Altair 8800-ന് വേണ്ടി ഒരു ഇന്റർപ്രെറ്റർ വികസിപ്പിച്ചെടുത്തു.
∙ഡ്രോപിങ് ഔട്ട്: പഴ്സനൽ കംപ്യൂട്ടറുകളുടെ സാധ്യതകളിൽ വിശ്വസിച്ച്, മൈക്രോസോഫ്റ്റിൽ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹാർവഡ് വിടാനുള്ള ധീരമായ തീരുമാനം ഗേറ്റ്സ് എടുക്കുന്നു.
∙ആദ്യകാല വിജയം: മൈക്രോസോഫ്റ്റ് അവരുടെ പുതിയ പഴ്സനൽ കംപ്യൂട്ടറിനായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുന്നതിന് ഐബിഎമ്മുമായി ഒരു കരാർ ഉറപ്പിച്ചു, 1981-ൽ MS-DOS സമാരംഭിച്ചു.
വിൻഡോസിന്റെ ഉദയം (1980-1990കൾ):
∙ഗ്രാഫിക്കൽ വിപ്ലവം: പഴ്സനൽ കംപ്യൂട്ടിങ്ങിൽ വിപ്ലവം സൃഷ്ടിക്കുന്ന ഒരു ഉപയോക്തൃ-സൗഹൃദ ഗ്രാഫിക്കൽ ഇന്റർഫേസ് അവതരിപ്പിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് 1985-ൽ വിൻഡോസ് 1.0 പുറത്തിറക്കി.
∙വിപണിയിൽ ആധിപത്യം: Windows 3.0 ഉം തുടർന്നുള്ള പതിപ്പുകളും വളരെയധികം ജനപ്രീതി നേടുന്നു, ഒരു പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയെന്ന നിലയിൽ മൈക്രോസോഫ്റ്റിൻ്റെ സ്ഥാനം ഉറപ്പിക്കുന്നു.
∙ആന്റിട്രസ്റ്റ് വിവാദങ്ങൾ: കമ്പനി അതിന്റെ പ്രബലമായ മാർക്കറ്റ് ഷെയർ കാരണം നിയമപരമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു, ഇത് ടെക് വ്യവസായത്തിലെ ന്യായമായ മത്സരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്നു.
സോഫ്‌റ്റ്‌വെയറിന് അപ്പുറം (1990-2024):
∙ജീവകാരുണ്യ പ്രവർത്തനങ്ങൾ: ആഗോള ആരോഗ്യം, ദാരിദ്ര്യ നിർമാര്‍ജനം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗേറ്റ്‌സും ഭാര്യ മെലിൻഡയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ സ്ഥാപിക്കുന്നു.
∙2000-ൽ ഗേറ്റ്‌സ് മൈക്രോസോഫ്റ്റിൻ്റെ സിഇഒ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ചെയർമാനായി തുടരുകയും തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.