ലോകത്തെ ആദ്യത്തെ എഐ ശേഷിയുള്ള സമൂഹ മാധ്യമം റിയലി; ഫെയ്സ്ബുക്കിനെ വെല്ലുമോ?
Mail This Article
നിര്‍മിത ബുദ്ധിയുടെ (എഐ) ശേഷിയുള്ള ലോകത്തെ ആദ്യത്തെ സമൂഹ മാധ്യമം എന്ന വിശേഷണം റിയലി (Rili) എന്ന സ്പാനിഷ് കമ്പനിയ്ക്ക്. റിയലി.എഐ (Rili.ai) എന്ന പേരിലാണ് പുതിയ പരീക്ഷണം. ഇതിപ്പോള്‍ ആല്‍ഫാ ഘട്ടത്തിലാണ് (https://alpha.rili.ai/). ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ അപരനെ സൃഷ്ടിക്കാനുള്ള പുതിയ ഫീച്ചറുകളുമായാണ് കമ്പനി എത്തുന്നത്. സമൂഹ മാധ്യമ രംഗത്ത് തങ്ങള്‍ക്കെതിരെ ഒരു വെല്ലുവിളിയും വച്ചുപൊറുപ്പിക്കാത്ത കമ്പനി എന്ന ആരോപണം നേരിടുന്ന ഫെയ്‌സ്ബുക്ക് റിയലിക്കെതിരെ എങ്ങനെ പ്രതികരിക്കുമെന്നതും ടെക് പ്രേമികളില്‍ ജിജ്ഞാസ ഉണ്ടാക്കുന്നു.
ഇന്ത്യയിലെ പ്രതികരണം നിര്‍ണായകം
ആറു രാജ്യങ്ങളിലാണ് റിയലി സോഫ്റ്റ് ലോഞ്ച് നടത്തിയിരിക്കുന്നത്. ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ബ്രസില്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് ഈ ഘട്ടത്തില്‍ റിയലി പ്രവര്‍ത്തിക്കുക. ആല്‍ഫാ ഘട്ടത്തില്‍ ഉപയോക്താക്കള്‍ നടത്തുന്ന പ്രതികരണം കൂടെ പരിഗണിച്ചായിരിക്കും ആപ് പൂര്‍ണസജ്ജമായി അവതരിപ്പിക്കുക. ഏകദേശം 4000 പേരെക്കൊണ്ട് പരീക്ഷിപ്പിച്ച ശേഷമാണ് ആല്‍ഫാ ആരംഭിച്ചിരിക്കുന്നതെന്ന് റിയലിയുടെ സ്ഥാപകരായ ഹോസെ കുഎര്‍വോ, അന്റോണിയോ കമാചോ എന്നിവര്‍ പറഞ്ഞു. ഇരുവരും ബെല്‍ജിയം സ്വദേശികളാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രതികരണം നിര്‍ണായകമാണെന്നും ഹോസെ പറഞ്ഞു. ഇന്ത്യ എന്നു പറഞ്ഞാല്‍ ഒറ്റ മാര്‍ക്കറ്റ് അല്ല നിരവധി മാര്‍ക്കറ്റുകളുടെ സമ്മേളനമാണ് എന്ന് തങ്ങള്‍ കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ശരിക്കും എന്താണ് റിയലി?
മനുഷ്യര്‍ തമ്മില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ബന്ധം സ്ഥാപിക്കാനുള്ള ശ്രമമാണ് തങ്ങളുടെ ഉദ്യമം എന്ന് കമ്പനി പറയുന്നു. ഓരോരുത്തര്‍ക്കും തങ്ങളുടെ അറിവുകളും മറ്റും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ പുതിയ സാഹചര്യം ഒരുക്കാനാണ് റിയലി ശ്രമിക്കുന്നത്. അതിനായി ഉപയോക്താക്കള്‍ക്ക് റിയലി ആപ്പില്‍ അവരുടെ ഡിജിറ്റല്‍ ഇരട്ടയെ സൃഷ്ടിക്കാം. രണ്ടു പേര്‍ സമൂഹ മാധ്യമങ്ങള്‍ വഴി സംവാദിക്കുന്ന രീതി പുനര്‍നിര്‍വചിക്കുകയാണ് തങ്ങള്‍ എന്ന് കമ്പനി പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍, വോയിസ് ക്ലിപ്പുകള്‍, വിഡിയോകള്‍ തുടങ്ങിയവയെ പോലെയല്ലാതെ, റിയലി യൂസര്‍മാര്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ അപരനെ സൃഷ്ടിക്കാം.
ഇതിനായി വോയിസ് ക്ലോണിങ്, ലിപ്-സിങ്കിങ് തുടങ്ങിയവ നടത്തും. ഇങ്ങനെ സൃഷ്ടിച്ചെടുക്കുന്ന ഡിജിറ്റല്‍ അപരനെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സാമ്യതകള്‍ കൊണ്ടുവരാന്‍ പരിശീലിപ്പിക്കാം. മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളിലുള്ള കണ്ടെന്റും റിയലിയില്‍ പ്രവേശിപ്പിക്കാം. ഇന്റര്‍നെറ്റില്‍ പ്രതിനിധീകരിക്കാനുള്ള ഡിജിറ്റല്‍ അപരന്, അത് നേരത്തെ പറഞ്ഞത് എന്താണെന്ന് ഓര്‍ത്തെടുക്കാന്‍ സാധിക്കും. നൂറിലേറെ ഭാഷകളില്‍ കണ്ടെന്റ് കൈകാര്യം ചെയ്യാനാകും. അതുവഴി ലോകമെമ്പാടുമുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കാനും, ആശയങ്ങള്‍ പങ്കുവയ്ക്കാനും സാധിക്കും.
മറ്റുള്ളവരുടെ ഉള്‍ക്കാഴ്ചകള്‍ റിയലി അക്കൗണ്ടുള്ളവര്‍ക്കും ലഭിക്കും. നിലവിലുള്ള യൂട്യൂബ്, ട്വിച്, എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാനും സാധിക്കും. ഇതെല്ലാം വഴി റിയലിയിൽ പ്രവര്‍ത്തിക്കുന്ന എഐയ്ക്ക് അക്കൗണ്ട് ഉടമയുടെ വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിയാം. നിലവിലുള്ള ഒരു സമൂഹ മാധ്യമവും നല്‍കാത്ത തരത്തില്‍, ഭാഷാദേശഭേദമന്യേ ആഴത്തിലുള്ള ബന്ധങ്ങള്‍ രണ്ടു പേര്‍ തമ്മില്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്നതാണ് റിയലി എന്നാണ് അവകാശവാദം.
ഇത്തരത്തിലൊരു സംവിധാനം ഇപ്പോള്‍ ഇല്ലെങ്കിലും ടെക്‌നോളജി ഭീമന്‍ ഫെയ്‌സ്ബുക്കിന് ഇത് വികസിപ്പിക്കാന്‍ സാധിച്ചേക്കും. റിയലിക്കെതിരെ മെറ്റായുടെ പ്രതികരണം എന്തായിരിക്കും എന്നു കാണാൻ കാത്തിരിക്കുകയാണ് ടെക് പ്രേമികള്‍.
ബേസോസ് വീണ്ടും ലോകത്തെ ഏറ്റവും വലിയ ധനികന്‍
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസ് വീണ്ടും ലോകത്തെ ഏറ്റവും വലിയ ധനികനായെന്ന് ബ്ലൂംബര്‍ഗ്. ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് അടക്കമുള്ളവരെ പിന്തള്ളിയാണ് ബേസോസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ബ്ലൂംബര്‍ഗ് ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സില്‍ അദ്ദേഹത്തിന്റെ ആസ്തി ഇപ്പോള്‍ 200 ബില്ല്യന്‍ ഡോളറാണ്. മസ്‌കിന്റെ ആസ്തി 198 ബില്ല്യന്‍ ഡോളറായി കുറഞ്ഞു. മസ്‌കിന്റെ കമ്പനിയായ ടെസ്‌ലയുടെ ഓഹരി വില 7.16 ശതമാനം ഇടിഞ്ഞതാണ് അദ്ദേഹം പിന്നോട്ടുപോകാനുള്ള കാരണം.
മസ്‌കിനെതിരെ ഓപ്പണ്‍എഐ
ഇലോൺ മസ്‌കും ഓപ്പണ്‍എഐയും തമ്മിലുള്ള പോര് മുറുകുന്നു. ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഓപ്പണ്‍എഐ താനുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചു എന്നു കാണിച്ച് മസ്‌ക് കേസു കൊടുത്തിന്നിരുന്നു. ഓപ്പണ്‍എഐ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായി നിലനിര്‍ത്താം എന്നായിരുന്നു കരാര്‍ എന്ന് മസ്‌ക് പറയുന്നു. അതേസമയം, ലാഭേച്ഛയോടെ പ്രവര്‍ത്തിക്കാനുള്ള അനുമതി മസ്‌ക് തന്നിരുന്നു എന്ന് കോടതിയില്‍ തെളിയിക്കാന്‍ ഒരുങ്ങുകയാണ് ഓപ്പണ്‍എഐ. ഇതൊക്കെയാണെങ്കിലും തങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് വികസിപ്പിക്കാനായാല്‍, അതിന്റെ ഗുണം എല്ലാ മനുഷ്യര്‍ക്കും ലഭ്യമാക്കുമെന്നും കമ്പനിയുടെ മേധാവി സാം ഓള്‍ട്ട്മാന്‍ പറഞ്ഞു.
ടെസ്‌ലയുടെ ഭാഗമാക്കാന്‍ ശ്രമിച്ചെന്നും ഓപ്പണ്‍എഐ
മസ്‌ക്-ഓപ്പണ്‍എഐ വാക്‌പോരിനിടയില്‍ പുതിയ ആരോപണം. കമ്പനിയെ ടെസ്‌ലയുടെ ഭാഗമാക്കാന്‍ മസ്‌ക് ശ്രമിച്ചെന്നാണ് പുതിയ ബ്ലോഗ് പോസ്റ്റില്‍ ഓപ്പണ്‍എഐ ആരോപിച്ചിരിക്കുന്നതെന്ന് ന്യൂ യോര്‍ക്ടൈംസ്. ഓപ്പണ്‍എഐ വിടുന്നതിനു മുമ്പ് മസ്‌ക് തന്നെ ലാഭേച്ഛയുള്ള കമ്പനിയായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഐ വികസിപ്പിച്ചുവന്ന ടെക് ഭീമന്‍ ഗൂഗിളിനെതിരെ ചെറിയൊരു വെല്ലുവിളിയെങ്കിലും ഉയര്‍ത്തണമെങ്കില്‍ ടെസ്‌ലയുടെ ഭാഗമായി ഓപ്പണ്‍എഐ പ്രവര്‍ത്തിക്കണം എന്നു പറഞ്ഞ് മസ്‌ക് അയച്ച ഇമെയിലിലെ വരികള്‍ അടക്കമാണ് ഓപ്പണ്‍എഐ പുറത്തുവിട്ടിരിക്കുന്നത്.
മസ്‌കിനെതിരെ കേസുകൊടുത്ത് മുന്‍ ട്വിറ്റര്‍ മേധാവി പരാഗ്
തന്നെ ട്വിറ്റര്‍ മേധാവി സ്ഥാനത്തുനിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കമ്പനി തനിക്കു തരാനുള്ള 128 ദശലക്ഷം ഡോളര്‍ ഇതുവരെ തന്നിട്ടില്ലെന്നു മുന്‍ ട്വിറ്റര്‍ മേധാവി പരാഗ് അഗ്രവാള്‍. കമ്പനി മേധാവി മസ്‌കിനെതിരെ അദ്ദേഹം കോടതിയെ സമീപിച്ചു. മൂന്നു മുന്‍ ട്വിറ്റര്‍ എക്‌സിക്യൂട്ടിവ് മാരും മസ്‌കിനെതിരെ കേസു കൊടുത്തിട്ടുണ്ട്.
ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിപ്പിക്കുന്നത് അവസാനിപ്പിക്കുന്നു
ജനപ്രീതി കുറയ്ക്കുന്ന പല തീരുമാനങ്ങളുമെടുക്കുന്നു എന്ന് ആരോപണമുള്ള മൈക്രോസോഫ്റ്റ് കമ്പനി പുതിയൊരു നീക്കം നടത്തുന്നു. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തങ്ങളുടെ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ്സിസ്റ്റമായ വിന്‍ഡോസ് 11ല്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. ഇനി അത് അനുവദിക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നവരുടെ ആപ്പുകള്‍ നീക്കംചെയ്യുമോ എന്ന് കമ്പനി പറഞ്ഞിട്ടില്ല. തത്കാലം പ്രവര്‍ത്തിപ്പിക്കാം.
ഐഓഎസ് 17.4 എത്തി
യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് (ഡിഎംഎ) അനുസരിക്കാനായി മാറ്റങ്ങളുമായി ഐഓഎസ് 17.4. ആപ്പ് സ്റ്റോറിന്റെ പ്രവര്‍ത്തനത്തെയായിരിക്കും ഇത് ബാധിക്കുക. മാറ്റം ഇയുവിന്റെ പരിധിയില്‍ മാത്രമേ ഉണ്ടാകൂ. ഇയുവില്‍ ഉള്ളവര്‍ക്ക് ഇനി മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്നുള്ള ആപ്പുകള്‍ ഐഓഎസിലും ഐപാഡ്ഓഎസ് 17.4ലും ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.
ആപ്പിളിനെതിരെ ആരോപണവുമായി എപ്പിക്
തങ്ങളുടെ ഡെവലപ്പര്‍ അക്കൗണ്ട് ആപ്പിള്‍ നീക്കംചെയ്‌തെന്ന ആരോപണവുമായി ഗെയിം നിര്‍മാതാവ് എപ്പിക്. ഇത് ഡിഎംഎയുടെ നഗ്നമായ ലംഘനമാണെന്ന് എപ്പിക് പ്രതികരിച്ചു. തങ്ങള്‍ക്കെതിരെ ആരും മത്സരിക്കുന്നത് ആപ്പിളിന് ഇഷ്ടമല്ലെന്ന് ഇതു കാണിച്ചു തരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തെക്കുറിച്ച് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരു കമ്പനികളും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാദം നടന്നിരുന്നു.
അമേരിക്ക ഉടനെ ടിക്‌ടോക് നിരോധിച്ചേക്കും
ഷോർട്ട് വിഡിയോ പങ്കുവയ്ക്കുന്ന പ്ലാറ്റ്‌ഫോം ടിക്‌ടോക് അമേരിക്ക ഉടനെ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ കരടു ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. ടിക്‌ടോക്കിന്റെ ചൈന ബന്ധം എടുത്തു കാണിച്ചാണ് അത് നിരോധിക്കുക. എന്നാല്‍, ആപ്പ് നിരോധിക്കുക ആകില്ല, മറിച്ച് ഇത് ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ്പ് സ്റ്റോറുകള്‍ വഴി ഡൗണ്‍ലോഡ് ചെയ്യുന്നതിന് പിഴയിടാനായിരിക്കും പോകുന്നത്. ഈ നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തിയേക്കുമെന്നും വാദമുണ്ട്. ടിക്‌ടോക് ഉപയോഗിക്കുന്ന 170 ദശലക്ഷം ഉപയോക്താക്കളുടെ അവകാശങ്ങളെ ലംഘിക്കുകയായിരിക്കുമിത്. ടിക്‌ടോക്കിലൂടെ കച്ചവടം നടത്തുന്ന 50 ലക്ഷം ചെറുകിട കടക്കാര്‍ക്കും ഇത് തിരിച്ചടിയായിരിക്കും.