ADVERTISEMENT

ബഹിരാകാശ രംഗത്ത് മറ്റൊരു ചരിത്രം കൂടി കുറിച്ച് ഇസ്രോ! എസ്‌യുവിയുടെ വലുപ്പവും ഒരു ചിറകുമുള്ള റോക്കറ്റ് ‘പുഷ്പക്’ പരീക്ഷിച്ചു വിജയിപ്പിച്ചു. സ്വദേശി സ്‌പെയ്‌സ് ഷട്ടില്‍ എന്ന വിവരണത്തോടെയാണ് ഇത് കന്നിപ്പറക്കല്‍ നടത്തിയത്. കർണാടകയിലായിരുന്നു പരീക്ഷണപ്പറക്കല്‍. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററില്‍നിന്നു റിലീസ് ചെയ്ത പുഷ്പക് കൃത്യതയോടെ റണ്‍വെയില്‍ എത്തിയതാണ് ഇസ്രോയ്ക്ക് ആഹ്ലാദം നല്‍കിയത്. ‘പുനരുപയോഗിക്കാവുന്ന റോക്കറ്റ്’ മേഖലയില്‍ ഒരു ശക്തിയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിനാണ് ഇത് കരുത്താകുന്നത്.

പുഷ്പക് പരീക്ഷണം വിജയിച്ചതില്‍ ഇസ്രോ ചെയര്‍മാന്‍ എസ്.സോമനാഥ് സംതൃപ്തി പ്രകടിപ്പിച്ചു. മികവും കൃത്യതയും കാണാനായ പരീക്ഷണമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ രംഗത്ത് ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണിത്. ഒരു റീയൂസബിൾ ലോഞ്ച് വെഹിക്കിളിന് (ആര്‍എല്‍വി) ഹൈ-സ്പീഡ് ലാന്‍ഡിങ് നടത്താന്‍ സാധിക്കുമെന്നാണ് ഇതുവഴി തെളിയിച്ചത്. പുഷ്പകിന്റെ ഓട്ടോണമസ് ലാന്‍ഡിങ് ശേഷിയാണ് ഇസ്രോ പ്രദര്‍ശിപ്പിച്ചത്. റോബട്ടിക് ലാന്‍ഡിങ് ശേഷി പ്രദര്‍ശിപ്പിച്ച് പുഷ്പകിന്റെ മൂന്നാമത്തെ പരീക്ഷണപ്പറക്കലായിരുന്നു ഇത്. 

Indian Air Force/X
Indian Air Force/X

പുഷ്പകിനെ ദൗത്യങ്ങൾക്ക് ഉപയോഗിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കും. എന്നിരിക്കിലും ബഹിരാകാശ മേഖലയിലെ പരീക്ഷണങ്ങളുടെ ചെലവു കുറയ്ക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഇന്ത്യ നടത്തിയ പരീക്ഷണമാണ് ഇതെന്നാണ് വിലയിരുത്തല്‍. പുഷ്പകിന്റെ മുകളിലെ ഭാഗമാണ് പുനരുപയോഗിക്കാന്‍ ഇസ്രോ ഉദ്ദേശിക്കുന്നത്. അതുവഴി ചെലവു കുറയ്ക്കുക എന്നതിനു പുറമെ ബഹിരാകാശത്ത് റോക്കറ്റുകളുടെയും മറ്റും ഭാഗങ്ങള്‍ പാറിനടന്ന് മലിനമാക്കുന്നതു കുറയ്ക്കാനുളള പരിശ്രമത്തിന്റെ ഭാഗവുമാണിത്. തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ അഭിമാന നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. വിമാനത്തിന്റെ രീതിയില്‍ ഉണ്ടാക്കിയ 6.5 മീറ്റര്‍ നീളമുള്ള ക്രാഫ്റ്റിന് 1.75 ടണ്‍ ഭാരമാണ് ഉള്ളത്. 100 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കുന്നത്.

ഇന്ത്യന്‍ അസ്‌ട്രോഫിസിസിറ്റിന് രാജ്യാന്തര ബഹുമതി

ഇന്ത്യന്‍ അസ്‌ട്രോഫിസിസിറ്റ് പ്രഫ. ജയന്ത് മൂര്‍ത്തിയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേര് ഒരു ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുകയാണ് ഇന്റര്‍നാഷനല്‍ അസ്ട്രണോമിക്കല്‍ യൂണിയന്‍ (ഐഎയു). നേരത്തെ 2005 ഇഎക്‌സ്296 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അസ്റ്റെറോയിഡിന്റെ പേരാണ് ''(215884) ജയന്ത്മൂര്‍ത്തി'' എന്നാക്കിയതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് (ഐഎഎ) പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. 

അസ്റ്റെറോയിഡ് (215884) ജയന്ത്മൂര്‍ത്തിയുടെ സ്ഥാനം ചൊവ്വായ്ക്കും വ്യാഴത്തിനുമിടയിലാണ്. ഇതിന് ഒരു വട്ടം സൂര്യനെ വലംവച്ചെത്താന്‍ 3.3 വര്‍ഷം എടുക്കും. ഐഎഎയില്‍ നിന്ന് 2021ല്‍ റിട്ടയര്‍ ചെയ്ത പ്രെഫ. മൂര്‍ത്തി ഇപ്പോള്‍ അവിടെ  ഓണററി പ്രഫസറാണ്. നാസ ന്യൂ ഹൊറൈസണ്‍സ് സയന്‍സ് ടീമുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളാണ് പ്രൊ. മൂര്‍ത്തിയെ പ്രശസ്തനാക്കിയത്. അതില്‍ തന്നെ പ്രപഞ്ചത്തിലെ അള്‍ട്രാവയലറ്റ് ബാക്ഗ്രൗണ്ട് റേഡിയേഷനുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ എടുത്തു പറയപ്പെടുന്നു. 

Image credit: NASA/Goddard/SwRI/Johns Hopkins APL/NOIRLab)
Image credit: NASA/Goddard/SwRI/Johns Hopkins APL/NOIRLab)

എഐ സാങ്കേതികവിദ്യയില്‍ ആപ്പിള്‍ 'വര്‍ഷങ്ങള്‍ പിന്നില്‍'

നിര്‍മിത ബുദ്ധിയുടെ (എഐ) കാര്യത്തില്‍ ആപ്പിള്‍ വര്‍ഷങ്ങള്‍ പിന്നിലാണെന്ന് ബ്ലൂംബര്‍ഗ്. ഇതു മറികടക്കാനാകാത്തതിനാല്‍ കമ്പനി ചൈനീസ് ഭീമന്‍ ബായിഡുവുമായി പോലും ചര്‍ച്ച തുടങ്ങിയെന്ന് ദ് വോള്‍സ്ട്രീറ്റ്‌ജേണല്‍. ചൈനയില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ബായിഡുവിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്. 

അതേസമയം, എഐയുടെ കാര്യത്തില്‍ ഈ വര്‍ഷം ജൂണോടെ തങ്ങള്‍ക്ക് തിരിച്ചുവരവു നടത്താന്‍ സാധിച്ചേക്കുമെന്നുള്ള ശുഭാപ്തിവിശ്വാസവും കമ്പനി പ്രകടിപ്പിക്കുന്നു. അതേസമയം, ജനറേറ്റിവ് എഐ പരിസ്ഥിതിയില്‍ ഏറ്റവും വലിയ ടെക് ഭീമന്മാര്‍ക്കു പോലും ഒറ്റയ്ക്ക് ഒന്നുംചെയ്യാന്‍ സാധിക്കില്ലെന്നുള്ള തിരിച്ചറിവിലേക്ക് എത്തുകയാണ് കമ്പനികള്‍ എന്ന് ഗ്ലോബല്‍ എക്‌സ് ഇടിഎഫ്‌സ് (Global X ETFs) ഗവേഷകന്‍ ഇഡോ കാസ്പി പറഞ്ഞു. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

ഐഒഎസ് 17.4.1 പുറത്തിറക്കി

ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് പുതിയ പതിപ്പ്. ഐഒഎസ്/ഐപാഡ്ഒഎസ് 17.4.1 ഇപ്പോള്‍ ലഭ്യമാണ്. 

artificial-intelligence

എഐ ഫോട്ടോ റീമാസ്റ്ററിങ് ശേഷിയുമായി ഗ്യാലക്‌സി നോട്ട്ബുക്ക്4 അവതരിപ്പിച്ചു വില 74,990 രൂപ മുതല്‍

സാംസങ് ഗ്യാലക്‌സി നോട്ട്ബുക്ക്4 ഇന്ത്യയില്‍ അവതരിപ്പിച്ചു. എഐ ഫോട്ടോ റീമാസ്റ്ററിങ്, ഗ്യാലക്‌സി സ്മാര്‍ട്ഫോണ്‍ വെബ്ക്യാമായി ഉപയോഗിക്കാനുള്ള ശേഷി തുടങ്ങിയവ അടക്കമുള്ള ഫീച്ചറുകളാണ് പുതിയ ലാപ്‌ടോപ്പിന് ഉള്ളത്. ലാപ്‌ടോപ്പിന് 15.6-ഇഞ്ച് ഫുള്‍എച്ഡി സ്‌ക്രീനാണ്. ഇന്റല്‍ കോര്‍ 5, 7 പ്രൊസസറുകളില്‍ പ്രവര്‍ത്തിക്കുന്ന വേരിയന്റുകള്‍ ഉണ്ട്. സ്പീക്കറുകള്‍ക്ക് ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടും ഉണ്ട്. നിലവില്‍ സാംസങഅങിന്റെ വെബ്‌സൈറ്റിലാണ് ഇത് ലഭ്യം.  ക്യാഷ്ബാക്ക് 5,000 രൂപവരെ. അപ്‌ഗ്രേ്ഡ് ബോണസ് 4,000 രൂപവരെ. വിദ്യാര്‍ത്ഥികള്‍ക്ക് 10 ശതമാനം കിഴിവ് എന്നീ ഓഫറുകളും ഉണ്ട്. 

Representative image Credit: X/Shutthiphong Chandaeng
Representative image Credit: X/Shutthiphong Chandaeng

ഇന്ത്യയാണ് എഐയുടെ അടുത്ത ഗ്രൗണ്ടെന്ന് സാംസങ്

ടെക്‌നോളജി പരിചയിച്ച യുവ കണ്‍സ്യൂമര്‍മാരുള്ള ഇന്ത്യയെക്കുറിച്ച് വാചാലനായി സാംസങ് കമ്പനിയുടെ ഡിവൈസ് എക്‌സ്പീരിയന്‍സ് വിഭാഗം മേധാവി ജോങ്-ഹീ ഹാന്‍. സാംസങിന്റെ പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ മുംബൈയില്‍ ഉത്ഘാടനം ചെയ്യാന്‍ എത്തിയ ഹാന്‍ പറഞ്ഞത്, ഈ യുവജനതയുടെ ടെക് ഇഷ്ടാനിഷ്ടങ്ങള്‍ ഉപകരണങ്ങളില്‍ പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള പരിശ്രമമാണ് തങ്ങളുടെ എൻജിനീയര്‍മാര്‍ നടത്തുന്നതെന്നാണ്. ഇനി എഐ, ഹൈപ്പര്‍ കണക്ടിവിറ്റി എന്നീ മേഖലകളില്‍ പുതുമയുള്ള ഉപകരണങ്ങള്‍ നിര്‍മിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കാരണം ഇന്ത്യയാണ് എഐയുടെ അടുത്ത പ്ലേഗ്രൗണ്ട് എന്ന് അദ്ദേഹം പറഞ്ഞു.  

Representative Image. Photo Credit : Metamorworks / iStockPhoto.com
Representative Image. Photo Credit : Metamorworks / iStockPhoto.com

ഫൂജിഫിലിം ഇന്‍സ്റ്റാക്‌സ് മിനി 99 വില്‍പ്പനയ്ക്ക്

ഫൂജിഫിലിം കമ്പനിയുടെ ഇന്‍സ്റ്റാക്‌സ് മിനി 99 ഇന്‍സ്റ്റന്റ് ക്യാമറ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. വില 20,999 രൂപ. എപ്രില്‍ 4 മുതല്‍ ഇന്‍സ്റ്റാക്‌സ്.കോം, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വില്‍പ്പനശാലകളില്‍ നിന്നും കടകളില്‍ നിന്നും വാങ്ങാം. എടുക്കുന്ന ഫോട്ടോകള്‍ തത്സമയം പ്രിന്റ് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഇത്തരം ക്യാമറകളുടെ സവിശേഷത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com