ഊബര്‍ ഓട്ടോ വിളിക്കുന്നവർക്ക് കോടികളുടെ ബില്‍! ആദ്യം ഞെട്ടിച്ചു പിന്നീടു ചിരിപ്പിച്ച കഥകൾ അറിയാം
Mail This Article
ഊബര്‍ ബില്ലുകളാണ് ഇപ്പോള്‍ താരം! ചിരിയും ചിന്തയും കൗതുകവുമുണര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ബില്ലുകൾ. 62 രൂപയ്ക്ക് ബുക്ക് ചെയ്ത് നടത്തിയ ഓട്ടോ യാത്രയ്‌ക്കൊടുവില്‍ 7.66 കോടി രൂപയുടെ ബില്‍ ലഭിച്ചത് ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഒരു വ്ലോഗർക്കും സമാന അനുഭവം ഉണ്ടായി. 207 രൂപയുടെ യാത്രയ്ക്കു 1,03,11,055 രൂപയുടെ ബിൽ . ഇക്കാര്യം പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അനിഷ് മിശ്ര എന്ന ഉപയോക്താവും വ്ലോഗർ ശ്രീരാജ് നിലേഷും ഇത് എക്‌സ് പ്ലാറ്റ്‌ഫോമിലും പോസ്റ്റ് ചെയ്തതോടെ വാര്‍ത്ത വിവിധ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
പുറത്തുവിട്ട വിഡിയോ പ്രകാരം മനസിലാകുന്ന കാര്യങ്ങള്‍ ഇതാണ്: ആ ഊബര്‍ യാത്രക്കാരന്റെ പേര് ദീപക് എന്നാണ്. അദ്ദേഹം സ്ഥിരമായി ഊബര്‍ വിളിക്കുന്നയാളുമാണ്. ജിഎസ്ടി പുറമേ നല്‍കേണ്ട ബില്ലില്‍ അടിച്ചു വന്നിരിക്കുന്ന തുക 7,66,83,762 രൂപയാണ്. ഇതില്‍ യാത്രക്കൂലി 1,67,74,647 രൂപയാണ്. വെയിറ്റിങ് ചാര്‍ജ് 5,99,09189 രൂപയും. ഊബര്‍ ഒരു പ്രമോഷനല്‍ കിഴിവ് ബില്ലില്‍ വരുത്തിയിട്ടുമുണ്ട്-75 രൂപ!
ഈ ബില്‍ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ പല വിധ പ്രതികരണങ്ങള്‍ ഉണ്ടാക്കി. ഈ ബില്ല് മസ്‌കിന്റെ പേടകത്തില്‍ ചൊവ്വായില്‍ പോയി മടങ്ങാന്‍ നല്‍കേണ്ട തുകയ്ക്കും അപ്പുറമാണോ? ഒരു ചന്ദ്രയാന്‍ ദൗത്യത്തിന്റെ ചെലവെത്രയാണ് തുടങ്ങിയ പ്രതികരണങ്ങളാണ്ചിരി പടര്‍ത്തിയത്. അഴിമതി കേസുകളില്‍ പോലും പലപ്പോഴും ഇത്ര തുക കാണാറില്ലല്ലോ എന്ന് മറ്റൊരാളും പ്രതികരിച്ചു.
ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ വലിയൊരു പ്രശ്‌നമായി തീരാമെന്ന കാര്യമാണ് വേറെ ചില ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയത്. ഉദാഹരണത്തിന് ഒരു അത്യാവശ്യ കാര്യത്തിനു പോകന്ന സമയത്താണ് ഇത് ഉണ്ടാകുന്നതെന്നു കരുതുക. ‘താന്‍ ബില്‍ അടച്ചിട്ടു പോയാല്‍ മതി’ എന്നു പറഞ്ഞ് യാത്രക്കാരനെ ഒട്ടോക്കാരന്‍ തടഞ്ഞുവയ്ക്കാനുള്ള സാധ്യത പോലുമുണ്ട് എന്ന് ചില പ്രതികരണങ്ങളില്‍ കാണാം.
ഊബര്‍ പോലെയുള്ള സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ട കാര്യം എടുത്തുകാണിച്ചിട്ടുണ്ട് വേറെ ചിലര്‍. ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തങ്ങളുടെ സിസ്റ്റങ്ങളില്‍ കമ്പനി വേണ്ട പരിഷ്‌കരണം നടത്തണമെന്ന് വേറെ ചിലര്‍ പ്രതികരിച്ചു. ഊബറിന്റെ 7.66 കോടി രൂപയുടെ ബില്ലിന്റെ വിഡിയോ പ്രചരിക്കുമ്പോള്‍ അത് പല പാഠങ്ങളും നല്‍കുന്നു. യാത്രക്കാരന്‍ യാത്രക്കൂലി ഉറപ്പിച്ചിട്ടു യാത്രചെയ്യണമെന്ന് ചിലര്‍ നിര്‍ദ്ദേശിക്കുന്നു. അതുപോലെ, ഇങ്ങനെ ഒരു ബില്‍ വരാനുണ്ടായ സാഹചര്യമെന്താണെന്ന് ഊബര്‍ വ്യക്തമായി വിശദീകരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.
മൈക്രോസോഫ്റ്റ് വേഡ്പാഡ് യുഗം അസ്തമിക്കുന്നു
വിന്‍ഡോസ് 11 ഒഎസില്‍ വേഡ്പാഡ് ആപ്പിനെ ഒഴിവാക്കുകയാണെന്ന് മൈക്രോസോഫ്റ്റ്. വിന്‍ഡോസിന്റെ ഭാഗമായി 1995 മുതല്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണിത്. വിന്‍ഡോസ് 11 24എച്2, വിന്‍ഡോസ് സേര്‍വര്‍ 2025 പതിപ്പുകള്‍ മുതല്‍ ഇത് ലഭ്യമാവില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വേഡ്പാഡ് പ്രേമികള്‍ക്ക് മൈക്രോസോഫ്റ്റിന്റെ തന്നെ നോട്ട്പാഡ് ഉപയോഗിക്കാം. അല്ലെങ്കില്‍ തേഡ്പാര്‍ട്ടി ആപ്പുകളായ ടൈപോറാ, എഡിറ്റ്പാഡ്, 1റൈറ്റര്‍ (1Writer) തുടങ്ങിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ടീംസ് ഓഫിസ് വിഭാഗങ്ങളെ വേര്‍പെടുത്താന്‍ മൈക്രോസോഫ്റ്റ്
അമേരിക്കയിലും യൂറോപ്പിലും ടെക്‌നോളജി കമ്പനികളുടെ കുത്തകയ്‌ക്കെതിരെ ആന്റിട്രസ്റ്റ് നീക്കങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലുമായി മൈക്രോസോഫ്റ്റ്. തങ്ങളുടെ ടീംസ്, ഓഫിസ് വിഭാഗങ്ങളെ വേര്‍പെടുത്തി രണ്ടു കമ്പനികളായി പ്രവര്‍ത്തിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്ഉദ്ദേശിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റോയിട്ടേഴ്‌സ്.
ആപ്പിള്‍ വിഷന്‍ പ്രോയ്ക്ക് പുതിയ ഇന്‍പുട്ട് ഡിവൈസ് ലഭിച്ചേക്കാം
ആപ്പിള്‍ കമ്പനി അടുത്തിടെ ഫയല്‍ ചെയ്ത ഒരു പേറ്റന്റ് പ്രകാരം തങ്ങളുടെ എആര്‍/വിആര്‍ ഹെഡ്‌സെറ്റ് ആയ വിഷന്‍ പ്രോയ്ക്ക് പുതിയൊരു ഇന്‍പുട്ട് ഉപകരണം ഉണ്ടാക്കാന്‍ ശ്രമിച്ചേക്കാം. പേറ്റന്റ്‌ലി ആപ്പിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ആപ്പിള്‍-പെന്‍സിലിന്റെ രീതിയിലുള്ള ഒന്നായിരിക്കാം ഇതെന്നാണ്.
ശേഖരിച്ച ബ്രൗസിങ് ഡേറ്റ നശിപ്പിക്കാമെന്ന് ഗൂഗിള്‍
ഗൂഗിള്‍ ക്രോമിന്റെ ഇന്‍കോഗ്നിറ്റോ മോഡില്‍ പോലും തങ്ങളുടെ ബ്രൗസിങ് വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ച ഗൂഗിളിനെതിരെ കലിഫോര്‍ണിയ ഫെഡറല്‍ കോര്‍ട്ടില്‍ ക്ലാസ്-ആക്‌ഷന്‍ കേസ് നല്‍കുകയായിരുന്നു നിരവധി ഉപയോക്താക്കള്‍. ഈ കേസ് തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി, ഇങ്ങനെ ശേഖരിച്ച ബ്രൗസിങ് വിവരങ്ങള്‍ നശിപ്പിക്കാമെന്ന് ഗൂഗിള്‍ സമ്മതിച്ചെന്ന് റോയിട്ടേഴ്‌സ്.
കേസില്‍ വിധി എതിരായാല്‍ ഗൂഗിള്‍ പരാതിക്കാര്‍ക്ക് 5 മുതല്‍ 7.8 ബില്യന്‍ ഡോളര്‍ വരെ നഷ്ടപരിഹാരമായി വീതിച്ചു നല്‍കേണ്ടതായും വന്നേക്കാം. സ്വകാര്യ ഡേറ്റ ശേഖരിക്കലിന്റെ കാര്യത്തില്‍ കുപ്രസിദ്ധിയുള്ള കമ്പനിയാണ് ഗൂഗിള്‍ എന്നും ആരോപണമുണ്ട്.
എഐ സാങ്കേതികവിദ്യയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഗ്രാഫിക്‌സ് നോവല്‍
ഫ്രഞ്ച്-ഇന്ത്യന്‍ വ്യക്തികള്‍ സഹകരിച്ചു പുറത്തിറക്കിയ പുതിയ ഗ്രാഫിക്‌സ് നോവല്‍ ശ്രദ്ധേയമാകുന്നു. നിര്‍മിത ബുദ്ധി (എഐ) സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. ഫിസിക്‌സ് പ്രഫസറായ ഫ്രഞ്ചുകാരന്‍ ലോറെന്റ് ഡോഡെ (Laurent Daudet), ഗ്രാഫിക് ഡിസൈനറും ആര്‍ട്ടിസ്റ്റുമായ അപുപെന്‍ (Appupen) എന്നിവര്‍ സഹകരിച്ചാണ് 'ഡ്രീം മെഷീന്‍' എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
എഐയെപ്പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അടക്കം വ്യക്തതയോടെ പ്രതിപാദിക്കുന്നതാണ് പുസ്തകം. എഐയെക്കുറിച്ചുള്ള അവബോധം വേണ്ടത്ര വളര്‍ത്തിയെടുക്കുന്നില്ലെങ്കില്‍ അധികാരം ചുരുക്കം ചില കരങ്ങളില്‍ അമര്‍ന്നേക്കാം എന്ന പേടി അടക്കമുളള കാരണങ്ങളാണ്പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചത്.
ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയ്ക്ക് കൂട്ടുനിന്ന ഡാനിയല്‍ ഓര്‍മയായി
ഇന്റര്‍നെറ്റിന്റെ തുടക്കകാല വളര്‍ച്ചയ്ക്ക് കനത്ത സംഭാവനകള്‍ നല്‍കിയ ഡാനിയല്‍ സി ലിഞ്ച് (82) കലിഫോര്‍ണിയയില്‍ അന്തരിച്ചു. ഇന്റര്‍നെറ്റിലേക്ക് വഴിതെളിച്ച അര്‍പാനെറ്റ് (ARPANET) നോഡ്‌സിലെ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ സംഭാവനകളിലൊന്നാണ്. പിന്നീട് ഒട്ടനവധി വര്‍ക്‌ഷോപ്പുകള്‍സംഘടിപ്പിച്ച് ഇന്റര്‍നെറ്റിന്റെ ബിസിനസ് സാധ്യതകള്‍ ലോകത്തെ ധരിപ്പിക്കുന്നതിലും ഡാനിയല്‍ വിജയിച്ചു.
ബിക്‌സ്ബിക്ക് ജെന്‍ എഐ ശേഷി നല്‍കാന്‍ സാംസങ്
ബിക്‌സ്ബി എഐ അസിസ്റ്റന്റിന് ജനറേറ്റിവ് എഐയുടെ ശേഷി പകരാന്‍ ശ്രമിക്കുകയാണെന്ന് സാംസങ്. സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് സാംസങ്ങിന്റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് വോന്‍-ജൂന്‍ ചോയി ഇക്കാര്യം അറിയിച്ചത്. ബിക്‌സ്ബിയുടെ പുതിയ ശേഷികള്‍അനുഭവിച്ചറിയാന്‍ എത്രാകലം കാത്തിരിക്കേണ്ടി വരും എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും, ആന്‍ഡ്രോയിഡ് 15നൊപ്പം അത് എത്തിയേക്കുമെന്നാണ് സൂചന.